ഞായര്‍ പ്രസംഗം പിറവിക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 27 മത്തായി 2: 1-23 ജ്ഞാനികളുടെ സന്ദര്‍ശനം

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ, പാരിജാതപുഷ്പങ്ങള്‍ രാക്കിളിയെന്ന പോലെ, പനിനീര്‍ മലരുകള്‍ പൂമ്പാറ്റകളെന്ന പോലെ, സര്‍വ്വജ്ഞാനമായ ഒരു പൈതലിലേയ്ക്ക് ജ്ഞാനികള്‍ ആകൃഷ്ടടരാകുന്ന ചരിത്രസംഭവ വിവരണമാണ് വി. മത്തായിയുടെ സുവിശേഷത്തിലൂടെ നാം ഇന്ന് വായിച്ചുകേട്ടത്. പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികളുടെ കഥ പോലെ ഇത്രമാത്രം മനുഷ്യഭാവനയ്ക്ക് തിരികൊളുത്തിയ വിവരണം ബൈബിളില്‍ വേറെയില്ല എന്നാണ് പോപ്പ് എമരിറ്റസ് ബെനഡിക്ട് 16-ാമന്‍ പറയുന്നത്. ഉദയസൂര്യന്റെ നാട്ടില്‍ നിന്നുള്ള ജ്ഞാനികളുടെ കഥയെ ക്രിസ്തുവിന്റെ ജനനവുമായി ബന്ധിപ്പിച്ചുകൊണ്ട് ഹേറോദോസിന്റെ ഭരണകാലത്ത് യേശുവിന്റെ ജനനസ്ഥലമായ ബെത്‌ലഹേമില്‍ സംഭവിച്ച കഥയാണെന്ന് സൂചന നല്‍കിക്കൊണ്ട് കഥയുടെ ചരിത്രസംഭവം വ്യക്തമായി അവതരിപ്പിക്കുകയാണിവിടെ.

ക്രിസ്തുവിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന സൊവാസ്റ്റര്‍. അദ്ദേഹം സ്ഥാപിച്ച പാഴ്‌സി മതത്തിന്റെ മതഗ്രന്ഥമായ ‘സെന്‍ അവെസ്ത’യില്‍, ഭാവിയില്‍ ജനിക്കാനിരിക്കുന്ന ഒരു രക്ഷകനെക്കുറിച്ച് പ്രവചിക്കുന്നുണ്ട്. ആ പ്രവചനം ഇപ്രകാരമാണ്. ‘ആയിരം വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്‍ മാലാഖാമാരോടു സംസാരിക്കും. അവന്‍ മുപ്പതാം വയസ്സിലെത്തുമ്പോള്‍, സൂര്യന്‍ അസ്തമിക്കാതെ നിശ്ചലമായി നിലകൊള്ളും. അവന്‍ മൂന്ന് വര്‍ഷങ്ങള്‍ ലോകം ഭരിക്കും. അതോടെ തിന്മകളുടെ ശക്തികള്‍ക്കുമേല്‍ അവന്‍ വിജയം വരിക്കും. ‘ഒഷേദാര്‍’ എന്ന് പേരുള്ള ആ രക്ഷകന്‍ ജനിക്കുമ്പോള്‍, ആകാശത്ത് അതിശോഭയേറിയ ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നും’ സൊവാസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്.

അതിശോഭയേറിയ നക്ഷത്രം ആകാശത്തു കണ്ട് യൂദയായില്‍ മഹാനായ ശിശു ജനിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ജ്ഞാനികള്‍ ശിശുവിനെ അന്വേഷിച്ചു വരുന്നത്. മഹാനായവന്റെ ജനനം മണിമാളികയിലാവാമെന്നു കരുതി ഇടയില്‍ വഴിതെറ്റുന്നുണ്ടെങ്കിലും ഒടുവില്‍ അവര്‍ യൂദയായിലെ ബെത്‌ലഹേമില്‍ ഒരു പുല്‍ത്തൊട്ടിയില്‍ തണുത്തുവിറച്ചു കിടക്കുന്ന ശിശുവിനെ കണ്ടെത്തി. പാഴ്‌സികള്‍ നൂറ്റാണ്ടുകളായി കാത്തിരുന്ന രക്ഷകനും വര്‍ഷങ്ങളായി യഹൂദര്‍ കാത്തിരുന്ന രക്ഷകനും ഒരേ രക്ഷകനാണെന്നുള്ള സത്യം അന്ന് വെളിപ്പെടുത്തപ്പെട്ടു. അവന്‍ കേവലം ഒരു സമൂഹത്തിന്റെ മാത്രമല്ല, ലോകം മുഴുവന്റെയും രക്ഷകനാണെന്ന സത്യത്തിന്റെ അംഗീകാരമായിരുന്നു അത്.

ജ്ഞാനത്തിന്റെ പുസ്തകത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “ജ്ഞാനത്തോട് തുലനം ചെയ്യുമ്പോള്‍ ധനം നിസ്സാരമാണെന്ന് ഞാന്‍ കണക്കാക്കി. അനര്‍ഘരത്‌നവും അവള്‍ക്ക് തുല്യമല്ലെന്നു ഞാന്‍ കണ്ടു. അവളുടെ മുന്നില്‍ സ്വര്‍ണ്ണം മണല്‍ത്തരി മാത്രം; വെള്ളി കളിമണ്ണും. അവളോടൊത്ത് എല്ലാ നന്മകളും എണ്ണമറ്റ ധനവും എനിക്ക് ലഭിച്ചു” (ജ്ഞാനം 7). ജ്ഞാനാന്വേഷികളായ ജ്ഞാനികള്‍ സര്‍വ്വജ്ഞാനമായ ദിവ്യപൈതലിനു മുന്നിലെത്തി. ഇവനാണ് യഥാര്‍ത്ഥ സത്യമെന്ന തിരിച്ചറിവില്‍ തങ്ങള്‍ക്കുള്ളതെല്ലാം അവന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് കുമ്പിട്ടുനില്‍ക്കുന്ന മനോഹരമായ ചിത്രം.

വി. മത്തായിയുടെ സുവിശേഷത്തിലൂടെ ഈശോ പറയുന്നുണ്ട്, “സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അത് കണ്ടെത്തുന്നവന്‍ സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ സ്വന്തമാക്കുന്നു.” ദൈവം തിരഞ്ഞെടുത്ത് അനുഗ്രഹിച്ച ഇസ്രായേല്‍ ജനത്തിന് മധ്യേയായിരുന്നു ഈ വയലും നിധിയും ഉണ്ടായിരുന്നതെങ്കിലും നിധി കണ്ടെത്തിയത് വിജാതീയ ജ്ഞാനികളായിരുന്നു. ഇസ്രായേല്‍ ജനത്തിനു പറ്റിയ തെറ്റ് പലപ്പോഴും നാമും ആവര്‍ത്തിക്കുകയല്ലേ. രക്ഷകന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള അവസരങ്ങള്‍ നാമും തിരിച്ചറിയാതെ പോകുന്നു. കിഴക്കുദിച്ച നക്ഷത്രം എല്ലാവര്‍ക്കും കാണാന്‍ പാകത്തിലായിരുന്നെങ്കിലും അത് കണ്ടതും അതിനു പിന്നിലെ ദൈവീകരഹസ്യം മനസ്സിലാക്കിയതും മൂന്നു പേര്‍ മാത്രം.

ജീവിത തിരക്കുകള്‍ക്കിടയില്‍ ദൈവസാന്നിധ്യത്തിന്റെ എത്ര നക്ഷത്രങ്ങളെയാണ് നാം കാണാതെപോകുന്നത്. വെള്ളിത്തിരയിലെയും കായിക മൈതാനങ്ങളിലെയും താരങ്ങളെ മാത്രം ശ്രദ്ധിച്ചു ജീവിക്കുമ്പോള്‍ നാം നഷ്ടമാക്കുന്നത് ജീവിതത്തില്‍ ദൈവികസാന്നിധ്യമായി ഒപ്പമുള്ള യഥാര്‍ത്ഥ താരങ്ങളെയാണ്.

എനിക്ക് ജന്മം നല്‍കി വളര്‍ത്തിവലുതാക്കിയ എന്റെ മാതാപിതാക്കള്‍ – ചെറുപ്പത്തില്‍ അവരായിരുന്നു എന്റെ താരങ്ങള്‍. അപ്പനെ അനുകരിച്ച് മുണ്ടുടുക്കുവാന്‍, മീശ വരയ്ക്കുവാന്‍, അമ്മയെ കണ്ട് സാരി ചുറ്റുവാന്‍, തോര്‍ത്ത് തലയില്‍ കെട്ടി മുടി പിന്നുവാന്‍ അവരെപ്പോലെയാകാന്‍, അവരെ അനുകരിച്ചിരുന്ന എനിക്ക് എപ്പോഴോ അവരുടെ പ്രവൃത്തികളോടുള്ള സ്‌നേഹവും ആരാധനയും മാറി വെറുപ്പായി തുടങ്ങി. അവരെ അംഗീകരിക്കാന്‍ കഴിയാതെയായി. അതിന്റെ ഫലമാണ് നമ്മുടെ മാതാപിതാക്കള്‍ വൃദ്ധസദനങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുന്നത്. സംസാരിക്കാനോ സ്നേഹിക്കാനോ ആരുമില്ലാതെ വാര്‍ദ്ധക്യം ഇഴഞ്ഞുതീര്‍ക്കേണ്ടി വരുന്നത്.

സ്‌കൂളില്‍ പോകുവാന്‍ ചേട്ടനോ ചേച്ചിയോ കൈ പിടിക്കണമെന്ന വാശി. വളര്‍ന്നപ്പോള്‍ സ്വന്തം സഹോദരനെയോ സഹോദരിയെയോ കാണുന്നതുപോലും അസഹനീയമായി മാറുന്നതിനു കാരണവും എന്റെ ജീവിതത്തിന്റെ താരനിരയില്‍ നിന്നും അവരെയൊക്കെ ഞാനെന്നോ വെട്ടിമാറ്റിയതുകൊണ്ടാണ്. “സഹോദരര്‍ ഏകമനസ്സോടെ വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്” എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്.

അമൂല്യമായ അഭിഷേക തൈലത്തോടും ഹെര്‍മോന്‍ തുഷാരത്തോടുമാണ് സങ്കീര്‍ത്തകന്‍ അതിനെ ഉപമിക്കുന്നതും. ക്രിസ്തുവിലേയ്ക്ക് നടക്കാനുള്ള വഴികാട്ടിയാണ് എന്റെ മാതാപിതാക്കളും കൂടപിറപ്പുകളുമൊക്കെ. എന്നെങ്കിലും ആ താരങ്ങള്‍ക്ക് പ്രഭ മങ്ങുന്നതായി തോന്നിയാല്‍ അതിനു കാരണം, എന്റെ കണ്ണുകളിലെവിടെയോ മങ്ങല്‍/ തിമിരം ബാധിക്കുന്നു എന്നതാണ്. മാതാപിതാക്കള സ്‌നേഹിക്കാന്‍ കഴിയാതെ വരുമ്പോള്‍, മരുമക്കള്‍ക്ക് അമ്മായിയമ്മയും അമ്മായിയപ്പയും ഒരു ഭാരമായി മാറുമ്പോള്‍, മരുമകളെ അപ്പനും അമ്മയും ഒരു ഭാരമായി കാണുമ്പോള്‍, ശാരീരിക ആവശ്യങ്ങളില്‍ പരസ്പരം ശുശ്രൂഷിക്കാന്‍ മടി കാണിക്കുമ്പോള്‍ എന്റെ വഴിവിളക്കുകളാണ് ഞാൻ അണയ്ക്കുന്നത്. കുഞ്ഞുമക്കള്‍ക്ക് വല്ല്യപ്പനും വല്ല്യമ്മയും ഒരു പാഴ്‌വസ്തുവാകുമ്പോള്‍, അവരുടെ സാന്നിധ്യവും കുഴമ്പ് മണവും അസ്വസ്ഥതയുണ്ടാക്കുമ്പോള്‍, സഹോദരങ്ങളുടെ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ കഴിയാതെ വരുമ്പോള്‍ എന്റെ ജീവിതത്തിന്റെ നക്ഷത്രങ്ങളെയാണ് – വഴിവിളക്കുകളെയാണ് ഞാൻ ഇല്ലാതാക്കുന്നത്.

ജ്ഞാനികള്‍ തുടങ്ങിവച്ച യേശുവിലേയ്ക്കുള്ള യാത്ര ഇന്നും തുടരേണ്ടിയിരിക്കുന്നു. ജ്ഞാനികള്‍ ഇന്ന് ലോകത്തിന് നല്‍കുന്ന സന്ദേശവും അതു തന്നെയാണ്. രക്ഷ ക്രിസ്തുവിലാണ്. ആ രക്ഷകനിലേയ്ക്കുള്ള പ്രദക്ഷിണം നിങ്ങളും ആരംഭിക്കുക. എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും സുഹൃത്തുക്കളുമാകുന്ന നക്ഷത്രങ്ങളെ നോക്കി സഭ നല്‍കുന്ന കൗദാശികജീവിതത്തിന്റെയും കുടുംബപ്രാര്‍ത്ഥനയുടെയും ഭക്താനുഷ്ഠാനങ്ങളുടെയും വഴിയിലൂടെ നമുക്കും ദൈവസന്നിധിയിലേയ്ക്ക് നടക്കാം. ദൈവസാന്നിധ്യത്തിന്റെ അത്ഭുതമായ ഈ വിശുദ്ധ ബലിയില്‍ ദൈവാനുഭവം നമുക്ക് ആസ്വദിക്കാം.

ഇരുട്ടില്‍ യാത്ര ചെയ്ത പ്രഭാതനക്ഷത്രമായ ക്രിസ്തുവിലേയ്ക്കുള്ള യാത്രയില്‍ പുതുപ്പിറവി തരാന്‍ നമ്മുടെ ജീവിതത്തിലേയ്ക്കിറങ്ങി വന്ന നക്ഷത്രങ്ങളെ നമുക്ക് മറക്കാതിരിക്കാം. അവരെ ഓര്‍ക്കാനുള്ള ദിവസമായി ഈ നാളുകള്‍ മാറട്ടെ. യേശുവിനെ അന്വേഷിക്കേണ്ട ജ്ഞാനികള്‍ ഇനി നമ്മളാണ്. ഒരു നക്ഷത്രമായി മാറാന്‍ നമുക്കും ശ്രമിക്കാം. പുതിയൊരു നക്ഷത്രത്തിന്റെ ആഗമനത്തിനായി ഒരുപാട് പേര്‍ ഇരുട്ടില്‍ കാത്തിരിക്കുന്നുണ്ടെന്നോര്‍ക്കുക. പുല്‍ക്കൂട്ടിലെ ഉണ്ണിയേശു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍.

ബ്ര. അഭിഷേക് ഒറവനാംതടത്തില്‍, MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.