ഞായര്‍ പ്രസംഗം ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായര്‍ സെപ്റ്റംബര്‍ 27 മത്തായി 17: 14-21 വിശ്വസിക്കുന്നവന് സര്‍വ്വതും സാധ്യം

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ നാലാമത്തെ ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുമ്പോള്‍ തിരുസഭാ മാതാവ് വി. മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കി നമ്മുടെ വിശ്വാസജീവിതത്തെപ്പറ്റി ആഴമായി ചിന്തിക്കാന്‍ ഒരു അവസരം നല്‍കുകയാണ്. ഹെബ്രായര്‍ക്കെഴുതിയ ലേഖനം 11:1-ാം വാക്യം വിശ്വാസത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ‘വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്നുള്ള ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.’ ഏറ്റവും ലളിതമായി വിശ്വാസത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഇത് സര്‍വ്വശക്തനായ ദൈവത്തിലുള്ള അചഞ്ചലമായ ശരണവും സ്‌നേഹവുമാണ്. സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസത്തെ പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘വിശ്വാസം എന്നത് ഈശോമിശിഹായിലൂടെ തന്നെത്തന്നെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയ ദൈവത്തിന്, മനുഷ്യന്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് നല്‍കുന്ന പ്രത്യുത്തരമാണ്.’

നമ്മുടെ വ്യക്തിജീവിതത്തില്‍ നമുക്ക് ഏങ്ങനെ വിശ്വാസം ജീവിക്കാമെന്നതിന് ഒരു ഉത്തമ മാതൃകയാണ് വിശ്വപ്രസിദ്ധനായ ഊര്‍ജ്ജശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. 1921-ല്‍ ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ അദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസി ആയിരുന്നു. തന്റെ തിരക്കേറിയ ഗവേഷണങ്ങള്‍ക്കിടയിലും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ കാര്യങ്ങളെപ്പറ്റി തലപുകയ്ക്കുമ്പോഴും അദ്ദേഹം അതിനുള്ള ശക്തി പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള ആഴമായ ബന്ധത്തിലൂടെ കണ്ടെത്താന്‍ പരിശ്രമിച്ചു. ഒരിക്കല്‍ ഐന്‍സ്റ്റീന്‍, സ്വിസ് ഫെഡറല്‍ പോളിടെക്‌നിക്കില്‍ പ്രൊഫസറായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളെ, കോളേജ് സമയത്തിനു ശേഷവും തന്റെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സ് മുറിയില്‍ പഠിപ്പിക്കുമായിരുന്നു. ഒരു വൈകുന്നേരം അദ്ദേഹത്തെ കാണാന്‍ വിദ്യാര്‍ത്ഥികള്‍ വന്നപ്പോള്‍ അദ്ദേഹം ബൈബിള്‍ വായിക്കുകയായിരുന്നു.

അതില്‍ ആശ്ചര്യവും അത്ഭുതവും തോന്നിയ ഒരു വിദ്യാര്‍ത്ഥി, ബോര്‍ഡില്‍ ഇപ്രകാരം കുറിച്ചു: God is nowhere. ഐന്‍സ്റ്റീന്‍ ക്ലാസ്സിലേയ്ക്ക് വന്നപ്പോള്‍ ഈ വരികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തികച്ചും ശാന്തനും അക്ഷോഭ്യനുമായി അദ്ദേഹം ഒരു ചോക്ക് എടുത്ത് ബോര്‍ഡിലെ nowhere എന്ന വാക്കിന്റെ മൂന്നാമത്തെ അക്ഷരത്തിനു ശേഷം ഒരു വര വരച്ചു. അപ്പോള്‍ പ്രസ്തുത ഭാഗം God is now here എന്നായി മാറി. എന്നിട്ട് അതിനെക്കുറിച്ച് ഒരു വാക്കു പോലും പറയാതെ അദ്ദേഹം തന്റെ ക്ലാസ്സ് തുടങ്ങി. പക്ഷേ, ആ ഒരു വിശ്വാസപ്രഘോഷണം വിദ്യാര്‍ത്ഥികളെ ആഴമായി സ്പര്‍ശിച്ചു. മാനുഷികബുദ്ധിയിലും പ്രശസ്തിയിലും ഉയര്‍ന്ന ശ്രേണിയിലുള്ള ഐന്‍സ്റ്റീന്റെ ആഴമായ ദൈവാശ്രയവും വിശ്വാസവും നമുക്കും മാതൃകാപരമാണ്.

ഇന്നത്തെ വചനഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍, നമുക്ക് രണ്ടു തരത്തിലുള്ള വിശ്വാസജീവിതത്തെ കണ്ടുമുട്ടാനാകും. അതില്‍ ആദ്യത്തേത്, ഒരു അപസ്മാര രോഗിയുടെ പിതാവിന്റെ ആഴമേറിയ വിശ്വാസപ്രഘോഷണമാണ്. തന്റെ മകനെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്ക് കഴിഞ്ഞില്ല എന്ന നെടുവീര്‍പ്പുമായി ഈ പിതാവ് ഈശോയെ സമീപിക്കുകയാണ്. ആ പിതാവിന്റെ അഭ്യര്‍ത്ഥനയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്നാമതായി അയാള്‍, യേശുവിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് തന്റെ പുത്രനില്‍ കനിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. സാധാരണ, ഒരു മനുഷ്യന്‍ താന്‍ ആരാധിക്കുന്ന ദൈവത്തിന്റെ മുന്നിലല്ലാതെ ഒരിടത്തും തന്റെ നടുവ് കുനിക്കാന്‍ തയ്യാറല്ല. എന്നാല്‍ ഇവിടെ, ഈ മനുഷ്യന്‍ ക്രിസ്തുവിന്റെ മുന്നില്‍ പ്രണമിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ക്രിസ്തുവിന്റെ ദൈവീകസ്വഭാവത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ശ്ലീഹന്മാരെപ്പോലെയും ക്രിസ്തുവിന്റെ മറ്റ് അനുചരന്മാരെപ്പോലെ ആഴമായ ക്രിസ്ത്വാനുഭവം സ്വന്തമാക്കാന്‍ ഒരവസരവും ഇതിനു മുമ്പ് ലഭിക്കാത്തയാള്‍ ഈശോയോട് അപേക്ഷിക്കുകയാണ് അപസ്മാര രോഗിയായ തന്റെ മകനില്‍ കനിയണമെന്ന്. ഇവിടെ ആ മനുഷ്യനില്‍ നിന്നുയര്‍ന്ന ആഴമായ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ ചെവികളില്‍ ഉയര്‍ന്നു നിന്നു. സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതുപോലുള്ള ഒരുപാട് സന്ദര്‍ഭങ്ങളില്‍ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന കേട്ട് ക്രിസ്തു അവര്‍ക്ക് സൗഖ്യം നല്‍കുന്നതായി നാം കാണുന്നുണ്ട്. ആ വിധം ഇവിടെയും ഈശോനാഥന്‍ കുട്ടിക്ക് സൗഖ്യത്തിന്റെ അനുഭവം പകര്‍ന്നു നല്‍കുകയാണ്.

ഇവിടെ വിശ്വാസജീവിതത്തിന്റെ ഉയര്‍ന്ന നിലയില്‍ ഈ പിതാവ് നില്‍ക്കുമ്പോള്‍ ക്രിസ്തുവിന്റെ ഉറ്റസഹചരന്മാരായ ശിഷ്യന്മാര്‍ ഒരു വിശ്വാസ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. യേശു, തന്റെ ശിഷ്യന്മാര്‍ക്ക് പിശാചുക്കളെ പുറത്താക്കുവാന്‍ അധികാരം നല്‍കിയിരുന്നെങ്കിലും (മത്തായി 10:1) അവര്‍ക്കത് ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല. ഇതിന് കാരണാവുന്നത് അവരുടെ മനോഭാവത്തില്‍ രൂപം കൊണ്ട ഒരു ആത്മീയ അന്ധതയാണ്. പിശാചിനെ പുറത്താക്കാന്‍ തങ്ങള്‍ക്കു ലഭിച്ച അധികാരം എന്നും തങ്ങളുടേതായിരിക്കുമെന്നും, ദൈവത്തെ ആശ്രയിക്കാതെ തങ്ങളില്‍ തന്നെ ആശ്രയിച്ചുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പിശാചുക്കളെ പുറത്താക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ശിഷ്യന്മാര്‍ തെറ്റിദ്ധരിച്ചു. ഇവിടെ അവരുടെ പരാജയം ആരംഭിക്കുന്നു. അപസ്മാര രോഗിയായ മകന്റെ പിതാവ് തന്റെ വിശ്വാസം പ്രഘോഷിച്ചത് ദൈവത്തിലുള്ള ആഴമായ ആശ്രയത്വം വഴിയാണ്. എന്നാല്‍, ശിഷ്യന്മാര്‍ ദൈവത്തില്‍ ആശ്രയിക്കാതെ സ്വന്തം കഴിവിനെ ആശ്രയിക്കാന്‍ തുടങ്ങി.

പലപ്പോഴും നമ്മുടെ ആത്മീയജീവിത വഴിത്താരയിലേയ്ക്കും ഇത്തരത്തിലുള്ള വിശ്വാസജീര്‍ണ്ണതകള്‍ കടന്നുവരാം. പലപ്പോഴും അന്യമതസ്ഥര്‍ നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളില്‍ ദൈവത്തോട് പ്രകടിപ്പിക്കുന്ന ഭക്തിയും ആദരവും പ്രകടിപ്പിക്കാന്‍ ക്രിസ്ത്യാനികളായ നമുക്ക് കഴിയാറുണ്ടോ? ശിഷ്യന്മാരെപ്പോലെ അനുദിനം ക്രിസ്തുവിന്റെ കൂടെ നടന്നിട്ട് പലപ്പോഴും അവനെ തിരിച്ചറിയാതെ പോകുന്നുവെന്നത് നമ്മുടെ അവിശ്വാസം നിമിത്തമാണ്. Familiarity breeds Contempt എന്ന ആംഗലേയ പഴഞ്ചൊല്ല് നമ്മുടെയൊക്കെ വിശ്വാസജീവിതത്തില്‍ എത്ര സാര്‍ത്ഥകമാണ്. വിശ്വസിക്കുന്നു എന്ന് വിളിച്ചുപറയാന്‍ എളുപ്പമാണ്. വിശ്വാസപ്രമാണം ആവര്‍ത്തിക്കുവാനും വിഷമമില്ല. എന്നാല്‍, വിശ്വാസം അര്‍പ്പിച്ചിരിക്കുന്നവന്റെ കൂടെ ഹൃദയം ചേര്‍ത്തുവച്ച് ജിവിതം നയിക്കാന്‍ നാം മറന്നുപോകുന്നു. ഏശയ്യാ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തെ കുറ്റപ്പെടുത്തുന്നതു പോലെ ‘ഈ ജനം അധരം കൊണ്ട് എന്നെ ആരാധിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്ന് അകലെയാണ്’ എന്ന വചനം ഇന്ന് നമ്മുടെ വിശ്വാസ ജീവിതത്തെ നോക്കി വെല്ലുവിളിക്കുന്നു.

ഈ വചനത്തോട് ചേര്‍ത്തുവച്ച് നാം മനസ്സിലാക്കേണ്ട മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. വിശ്വാസം എന്നത് വലിയ അത്ഭുതങ്ങളും രോഗശാന്തിയും പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള കൃപയല്ല. മറിച്ച്, ജീവിതപ്രതിസന്ധികള്‍ മാമല തീര്‍ത്ത് നമ്മെ വെല്ലുവിളിക്കുമ്പോള്‍ ക്രിസ്തുവാകുന്ന അഭയശിലയില്‍ അഭയം തേടിയാല്‍, തീര്‍ച്ചയായും ആ പ്രതിസന്ധികളുടെ മാമല തകര്‍ന്നു തരിപ്പണമാവും എന്ന സത്യം നാം മറന്നുപോകരുത്. ഈയൊരു അചഞ്ചലമായ വിശ്വാസദൃഢതയാണ് പരിശുദ്ധ അമ്മയിലും നാം കണ്ടുമുട്ടുന്നത്. ആയതിനാല്‍, വിശ്വാസമാകുന്ന ആഴങ്ങളില്‍ ക്രിസ്തുവില്‍ ജീവിതം കെട്ടിപ്പടുക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.
സര്‍വ്വേശ്വരന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്ര. ബിനു കുളങ്ങര, MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.