ഞായര്‍ പ്രസംഗം 2, നോമ്പുകാലം ആറാം ഞായര്‍ മാര്‍ച്ച്‌ 21 നല്ല ഇടയനാവുക

ഈശോമിശിഹായില്‍ എത്രയും സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍ MCBS

നോമ്പിന്റെ ആറാമത്തെ ആഴ്ചയില്‍ തിരുസഭാ മാതാവ് വിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി നമുക്ക് നല്‍കിയ വചനഭാഗമാണ് നാം ഇപ്പോള്‍ കേട്ടത്. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ നല്ല ഇടയനാകാനുള്ള ക്ഷണം.

കൈയ്യില്‍ കത്തിച്ച വിളക്കുമായി കാണാതായ കുഞ്ഞാടിനെ തേടിയിറങ്ങുന്ന, ആടിനെ കൈയ്യിലെടുക്കുന്ന, ആടുകള്‍ക്കു മുമ്പേ നടക്കുന്ന വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ നല്ലിടയനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തെളിഞ്ഞുവരും, ഇങ്ങനെ തന്റെ ആടുകളെ സ്‌നേഹിക്കുന്ന, ലാളിക്കുന്ന നല്ല ഇടയനെ യോഹന്നാന്റെ സുവിശേഷത്തിലും സമാന്തരസുവിശേഷത്തിലും നാം കണ്ടുമുട്ടുന്നു.

അന്നത്തെ കാലഘട്ടത്തില്‍ യൂദയായും അതിന്റെ സമീപപ്രദേശങ്ങളും വളരെ വിശാലമായ മേച്ചില്‍സ്ഥലങ്ങളുള്ളവയായിരുന്നു. ധാരാളം ആട്ടിന്‍പറ്റങ്ങളും അവയെ നയിക്കുന്ന ഇടയന്മാരും ഒരു പതിവുകാഴ്ചയായിരുന്നു. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്ന് ആടുകളെ സംരക്ഷിക്കാനായി നാല് അതിരുകളിലും കല്‍മതില്‍ കെട്ടിയ സങ്കേതസ്ഥലങ്ങളുണ്ടായിരുന്നു. ഇങ്ങനെയുള്ള സങ്കേതസ്ഥലങ്ങള്‍ക്കൊക്കെ ഒരു കാവല്‍ക്കാരനും ഉണ്ടായിരിക്കും. ഒരു സങ്കേതത്തില്‍ തന്നെ പല ഇടയന്മാരുടെ ആടുകള്‍ രാത്രി ചിലവഴിച്ചിരുന്നു. ഈ സങ്കേതസ്ഥലങ്ങളിലേയ്ക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വാതില്‍ മാത്രമേ ഉള്ളൂ. പ്രഭാതമാകുമ്പോള്‍ ഓരോ ഇടയനും തങ്ങളുടെ ആടുകളെ പരിശീലിപ്പിച്ച പ്രത്യേകസ്വരം പുറപ്പെടുവിക്കും. ഈ സ്വരം തിരിച്ചറിയുന്ന ആട്ടിന്‍പറ്റം തങ്ങളുടെ ഇടയനരികിലേയ്ക്ക് ഓടിയെത്തും. പിന്നെ അവര്‍ ഒരുമിച്ച് പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടി യാത്രയാകും. അന്നത്തെ ജനങ്ങള്‍ക്ക് ഇത് വളരെ സുപരിചിതമായ കാഴ്ചയാണ്. ഇങ്ങനെ ആളുകള്‍ക്ക് സുപരിചിതമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി യോഹന്നാന്‍ ഈശോയെ ഇടയനായി അവതരിപ്പിക്കുന്നു.

ഇന്നത്തെ സുവിശേഷത്തില്‍ രണ്ട് വ്യക്തികളെയാണ് നാം പരിചയപ്പെടുക. 11-ാം വാക്യത്തില്‍ ജീവന്‍ പോലും ആടുകള്‍ക്കായി ത്യജിക്കാന്‍ തയ്യാറാകുന്ന നല്ല ഇടയനെയും 12,13 വാക്യങ്ങളില്‍, അപകടം വരുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന കൂലിക്കാരനായ ഇടയനെയും. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവം നമുക്കു മുമ്പില്‍ വച്ചുനീട്ടുന്ന രണ്ട് ജീവിതശൈലികളാണിവ. ഏത് തിരഞ്ഞെടുക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.

10-ാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്താണ് ഇടയന്റെയും ആടുകളുടെയും ഉപമയിലൂടെ ഈശോ തന്റെ ശുശ്രൂഷ എപ്രകാരമുള്ളതാകണമെന്ന് വ്യക്തമാക്കുന്നത്. ‘ഞാനാണ് വാതില്‍’ എന്ന ഈശോയുടെ പ്രഖ്യാപനം നാം കാണുന്നത് ഈ ഭാഗത്താണ്. തുടര്‍ന്നു വായിക്കുമ്പോള്‍ ഈശോ പറഞ്ഞുവയ്ക്കുന്ന മറ്റൊരു കാര്യം നാം കാണുന്നു – ‘ഞാന്‍ നല്ല ഇടയനാണ്.’ നാം ചിന്തിച്ചേക്കാം, എങ്ങനെയാണ് ഒരേ സമയം ഒരാള്‍ക്ക് വാതിലും ഇടയനുമായിരിക്കാന്‍ സാധിക്കുക? വി. ക്രിസോസ്‌തോം പറഞ്ഞുവയ്ക്കുന്നു: “പിതാവിന്റെ പക്കല്‍ നമ്മെ കൊണ്ടുവരുമ്പോള്‍ അവിടുന്ന് തന്നെത്തന്നെ വാതില്‍ എന്നു വിളിക്കുന്നു. എന്നാല്‍, അവിടുന്ന് നമ്മെ പരിപാലിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഇടയനുമായിരിക്കുകയും ചെയ്യും.”

പ്രിയമുള്ള സഹോദരങ്ങളേ, സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ യാത്രയില്‍ ഇന്നത്തെ ഈ തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഈശോ നല്ല ഇടയന്‍ ആയിരുന്നതുപോലെ നമ്മളും നല്ല ഇടയന്മാരായിരിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന ബോധ്യം. ഇങ്ങനെ നല്ല ഇടയന്മാരായിരിക്കാന്‍ വിളിക്കപ്പെട്ട നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ട്.

ഒന്നാമതായി ഇടയനാവുക എന്നതാണ്; സഹോദരങ്ങളോടും സഹജീവികളോടും കരുണ കാണിക്കുക. ഇന്നത്തെ ആദ്യവായനയില്‍ ലോത്തിനും കുടുംബത്തിനും സംഭവിക്കുന്ന കാര്യങ്ങള്‍ നാം വായിച്ചുകേട്ടു. പാപവും മ്ലേച്ഛതയും നിറഞ്ഞ സോദോമിനെ ദൈവം നശിപ്പിക്കാനായി കടന്നുവരുമ്പോള്‍ ലോത്തിനോടും കുടുംബത്തോടും കരുണ കാണിക്കുന്ന ദൈവം. തുടര്‍ന്ന് നഗരത്തിനു പുറത്തേയ്ക്കും അവിടുന്ന് ചെറിയൊരു പട്ടണത്തിലേയ്ക്കും അവരെ നയിക്കുന്ന ദൈവം. പാപവും മ്ലേച്ഛതയും നിറഞ്ഞ സോദോമില്‍ ലോത്ത് താമസിച്ചപ്പോള്‍ ലോകത്തിന്റെ സുഖങ്ങളില്‍ മുഴുകി അവനും കുടുംബത്തിനും വേണമെങ്കില്‍ ജീവിക്കാമായിരുന്നു. പക്ഷേ, ലോത്തിന്റെ കുടുംബമെടുത്ത തീരുമാനം മറിച്ചായിരുന്നു.

രണ്ടാമത്തെ കാര്യം, വാക്കുകളില്‍ വിശ്വസ്തനായിരിക്കുക എന്നതാണ്. ഇസ്രായേലിനു നല്‍കുമെന്ന് പിതാക്കന്മാരോട് ദൈവം ചെയ്ത വാഗ്ദാനം അക്ഷരംപ്രതി നിറവേറുന്നത് ജോഷ്വായുടെ പുസ്തകത്തില്‍ രണ്ടാം വായനയിലൂടെ നാം കണ്ടു. നാം ഏറ്റെടുക്കുന്ന പല കാര്യങ്ങളും വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയും അതിനൊക്കെ ലൈക്കുകളും ഷെയറുകളും കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ പലരും. ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ആരൊക്കെയോ കാണാന്‍ വേണ്ടി എന്തൊക്കെയോ ചെയ്തുകൂട്ടുന്നതിലല്ല മറിച്ച്, എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ എത്രമാത്രം വിശ്വസ്തതയോടെയാണ് ഞാന്‍ ചെയ്യുന്നത് എന്നതാണ് കാര്യം.

മാമ്മോദീസാ എന്ന കൂദാശയിലൂടെ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നാം വായിച്ചുകേട്ടു: “നിന്റെ പെരുമാറ്റം മറ്റൊരുവനെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേഹത്തിനു ചേര്‍ന്നതല്ല.” നമ്മള്‍ പറയുന്ന, ചെയ്യുന്ന കാര്യങ്ങളില്‍ സ്‌നേഹവും നീതിയും വിശ്വസ്തതയുമില്ലെങ്കില്‍ നല്ലൊരു ഇടയനായി മാറുന്നതില്‍ നാം പരാജയപ്പെടും.

അതിനാല്‍ പ്രിയമുള്ള സഹോദരങ്ങളേ, ജീവദായകമായ ഈ ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുള്ള നമ്മുടെ യാത്രയെക്കുറിച്ച് നമുക്ക് ചിന്തയുള്ളവരാകാം. എന്റെ ചിന്തകളും പ്രവര്‍ത്തികളുമാണ് എന്നെ ഇടയനാക്കി മാറ്റുന്നത്. കൂലിക്കാരനായ ഇടയനില്‍ നിന്ന് നല്ല ഇടയനിലേയ്ക്കുള്ള അന്തരം കുറയുന്നത് എന്റെ സഹോദരങ്ങളോടും സഹജീവികളോടും കരുണയോടെയും വിശ്വസ്തതയോടെയും പെരുമാറുമ്പോഴാണ്. നമുക്കും പ്രാര്‍ത്ഥിക്കാം, കൈയ്യില്‍ കത്തിച്ച വിളക്കുമായി ആടിനെ തേടിയിറങ്ങുന്ന, ആടിനെ കൈയ്യിലെടുക്കുന്ന നല്ല ഒരു ഇടയനാകുവാന്‍ കര്‍ത്താവേ, ഞങ്ങളെയും അനുഗ്രഹിക്കേണമേ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ആല്‍ബിന്‍ ചെറുപ്ലാവില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.