ഞായര്‍ പ്രസംഗം 2 നോമ്പുകാലം മൂന്നാം ഞായര്‍ ക്രിസ്തുശിഷ്യത്വം – ക്രൂശിക്കപ്പെടാനുള്ള വിളി

ഇന്ന് നോമ്പുകാലം മൂന്നാം ഞായര്‍. യേശുവിന്റെ പീഡാനുഭവ മരണോത്ഥാനത്തെക്കുറിച്ചുള്ള മൂന്നാം പ്രവചനവും അതിനോടുള്ള ശിഷ്യന്മാരുടെ പ്രതികരണവുമാണ് ഇന്നത്തെ വിചിന്തനത്തിനായി സഭാമാതാവ് വചനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്. തന്റെ സഹനവഴികള്‍ ശിഷ്യരുടെ മുമ്പില്‍ അനാവരണം ചെയ്യുന്ന ഗുരു. അവ ചെന്നവസാനിക്കുന്നത് സഹനത്തിലും മരണത്തിലും അതിനുശേഷമുള്ള ഉയിര്‍പ്പിലുമാണെന്ന് അവരെ പഠിപ്പിക്കുന്നു. വേദനകളിലൂടെ മാത്രമേ മഹത്വത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ആ മഹത്വം സ്വന്തമാക്കുവാന്‍ തന്റെ പാത പിന്തുടരണമെന്നും ഈശോ അവരെ ഉദ്‌ബോധിപ്പിക്കുന്നു. എന്നാല്‍, തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുന്ന രണ്ട് ശിഷ്യന്മാരെ സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ നിര്‍ത്തുന്നു. സഹനവും മരണവും മഹത്വവും സ്വയം നഷ്ടമാക്കലുമെല്ലാം ഇവിടെ ഗുരുമൊഴികളാകുമ്പോള്‍ തങ്ങള്‍ക്കുണ്ടാകേണ്ട നേട്ടത്തെ ഗുരുസമക്ഷം അവതരിപ്പിക്കുന്ന പരാജിത ശിഷ്യത്വത്തിന്റെ അടയാളങ്ങളായി യാക്കോബും യോഹന്നാനും നില്‍ക്കുന്നു.

മഹത്വമാര്‍ജ്ജിക്കുവാനുള്ള ആഗ്രഹമാണ് സെബദിപുത്രന്മാര്‍ യേശുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നുണ്ട്; സെബദിപുത്രന്മാരുടെ അഭ്യര്‍ത്ഥന അവതരിപ്പിക്കുന്നത് ജറുസലേമിന്റെ പടിവാതില്‍ക്കല്‍ വച്ചാണ്. ജറുസലേമിലെത്തുമ്പോള്‍ യേശു രാജാവായി അഭിഷേകം ചെയ്യപ്പെടും എന്ന മിഥ്യാധാരണയുടെ പുറത്തു നിന്നാണ് അവര്‍ ചോദിക്കുന്നത്. എന്നിരുന്നാലും യഥാര്‍ത്ഥ ശിഷ്യവഴിയെക്കുറിച്ച് ഗുരു അവര്‍ക്ക് തിരിച്ചറിവ് പകര്‍ന്നു കൊടുക്കുകയാണ്. യേശുരാജ്യത്തില്‍ ഒന്നാമതാകണമെങ്കില്‍ അതിന്റെ മാനദണ്ഡം ഈ ലോകത്തിന്റെ – പണത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും സ്വാധീനത്തിന്റെയും മാനദണ്ഡങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അത് എളിമയോടെയുള്ള സ്വാര്‍ത്ഥരഹിതമായ ശുശ്രൂഷയാണ്. ഏറ്റവും ഒടുവിലിരിക്കുന്ന വ്യക്തിയുടെ പോലും പാദങ്ങള്‍ കഴുകുവാനുള്ള ദാസ്യമനോഭാവത്തോടെ യേശുസന്നിധിയില്‍ നില്‍ക്കാനുള്ള സന്നദ്ധതയാണ്. ആരില്‍ ഈ ത്യാഗത്തിന്റെയും മരണത്തിന്റെയും ഇല്ലായ്മയുടെയും അവസാനമെത്താനുള്ള സന്നദ്ധതയുടെയും കരുത്ത് കാണുന്നുവോ അവനാണ് യേശുവഴികളില്‍ അവിടുത്തെ അനുധാവനം ചെയ്യുന്ന യഥാര്‍ത്ഥ ശിഷ്യന്‍. ലോകചരിത്രത്തിന്റെ ആരംഭം മുതല്‍ നാം കാണുന്ന അധികാരത്തോടും, സ്ഥാനമാനങ്ങളോടുമുള്ള ആസക്തിയുടെ പിന്‍മുറക്കാരാകാനുള്ളതല്ല യേശുശിഷ്യന്റെ നിയോഗം. അത് ഗുരുവിനെപ്പോലെ കൂടെ ജീവിക്കുന്നവര്‍ക്കു വേണ്ടി ശുശ്രൂഷയിലൂടെ മോചനദ്രവ്യമാകാനുള്ള വിളിയാണ്. അവിടെയാണ് ശിഷ്യജീവിതത്തില്‍ ഗുരുസ്വപ്നം പൂവണിയുന്നത്.

ദൈവശാസ്ത്രജ്ഞനായ ഡീട്രിച്ച് ബോന്‍ഹോഫര്‍ തന്റെ, ‘വരിക ക്രൂശിക്കപ്പെടുക’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ, യേശു ഒരുവനെ ശിഷ്യത്വത്തിലേയ്ക്ക് വിളിക്കുമ്പോള്‍ തന്നോടൊപ്പം ക്രൂശിക്കപ്പെടാനാണ് അവനെ വിളിക്കുന്നത്. ഇങ്ങനെ അവിടുത്തോടൊപ്പം ക്രൂശിക്കപ്പെടുന്ന യേശുശിഷ്യനാണ് വ്യക്തിത്വത്തിന്റെ തനിമയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അധികാരമോഹത്തിന്റെ ഇത്തിള്‍ക്കണ്ണികള്‍ തീര്‍ക്കുന്ന ലൗകീകാടിമത്വത്തിന്റെ ക്ഷുദ്രഘടകങ്ങളില്‍ നിന്നും സമഗ്രവിമോചനം പ്രാപിച്ച് സ്വര്‍ഗ്ഗരാജ്യത്തിന്റെ യേശുശിഷ്യത്വത്തിന്റെ സ്‌നേഹവിപ്ലവത്തിന്റെ നിതാന്ത സ്വാതന്ത്ര്യത്തില്‍ ജീവിക്കാനാവുന്നത്. അപ്പോള്‍, ദൈവശാസ്ത്രജ്ഞനായ പാസ്‌ക്കല്‍ പറയുന്നതുപോലെ, വേദന അല്ലെങ്കില്‍ സഹനം ദൈവത്തിന്റെ മകന് തന്റെ ഹൃദയത്തിലേയ്ക്ക് പിതാവായ ദൈവം നല്‍കുന്ന ഒരു ക്ഷണമായി മാറും.

കുരുശില്‍ തൂങ്ങിമരിക്കുന്നിടത്താണ് താന്‍ രക്ഷകനാകുന്നത് എന്ന് വ്യക്തമാക്കിയ ഈശോ, ശിഷ്യത്വം ഈ കുരിശിന്റെ വഴിയെ നടന്ന് ശുശ്രൂഷയിലൂടെ ഒന്നുമല്ലാതായിത്തീരലിന്റെ വഴിയാണെന്ന് നമ്മുടെ മുമ്പില്‍ വ്യക്തമാക്കുന്നു. അതിന് ജീവിതത്തില്‍ അപരനെ എന്റെ ശുശ്രൂഷകന്‍ എന്നതിനെക്കാളുപരിയായി അവന്റെ ജീവന്റെ സമൃദ്ധിയ്ക്കായി എന്റെ ശക്തിയും സാധ്യതകളും ഉപയോഗിക്കാന്‍ ജീവിതം വച്ചുനീട്ടുന്ന സഹനങ്ങളുടെ മുമ്പില്‍ ധീരനായി നില്‍ക്കാന്‍, തോറ്റുമടങ്ങുന്ന സഹോദരജീവിതങ്ങള്‍ക്കു മുമ്പില്‍ സ്‌നേഹത്തിന്റെ സാന്ത്വനമായിത്തീരാന്‍ ഗുരു ആഹ്വാനം ചെയ്യുന്നു.

ശിഷ്യര്‍, ശുശ്രൂഷയുടെ പാതയിലാണ് ചരിക്കേണ്ടത്. സ്വാര്‍ത്ഥത, ശക്തിപ്രയോഗം, സ്വാധീനിക്കാനുള്ള പ്രവണത എന്നിവയൊക്കെ മനുഷ്യജീവിതത്തിലുണ്ടാവും. പക്ഷെ, അത് ജീവിതലക്ഷ്യമാക്കരുത്. പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവന്റെ ജീവിതശൈലിക്ക് മറ്റൊന്നും പകരം വയ്ക്കുന്നില്ല. അര്‍പ്പണമനഃസ്ഥിതിയില്‍ സ്വജീവിതം എരിഞ്ഞുതീരുമ്പോഴാണ് ശിഷ്യന്റെ ജീവിതം സഫലമാകുന്നത്. എല്ലാം സ്വന്തമാക്കി വലിയവനാകുക എളുപ്പവും, സ്‌നേഹിതനു വേണ്ടി ജീവനര്‍പ്പിക്കുക പ്രയാസകരവുമാണ്. പക്ഷെ, ജീവനര്‍പ്പിക്കുക – അപരനായി നല്‍കുക എന്നതാണ് രക്ഷയുടെ തീര്‍ച്ചയുള്ള മാര്‍ഗ്ഗം. കുരിശിന്റെ വഴി തന്നെയാണ് ശിഷ്യര്‍ക്ക് മഹത്വത്തിലേയ്ക്കുള്ള വഴി. അതുകൊണ്ട്, ശിഷ്യര്‍ ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിച്ചവനും അനേകര്‍ക്കായി മോചനദ്രവ്യവുമായവനെ – യേശുവിന്റെ പാതയെ അനുഗമിക്കാം.

ബ്ര. അഭിഷേക് ജോഷി mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.