ഞായര്‍ പ്രസംഗം-2 നോമ്പുകാലം ഒന്നാം ഞായർ മത്തായി 4:1-11 പ്രലോഭനത്തെ അതിജീവിച്ചവൻ

ആരാധനാക്രമവത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലത്തിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഉപവാസത്തിന്റെയും പശ്ചാത്താപത്തിന്റെയും പരിത്യാഗത്തിന്റെയും പുണ്യദിനങ്ങളാണ് ഈ നോമ്പുകാലത്തില്‍ നമ്മെ കാത്തിരിക്കുന്നത്. വിഭൂതിക്കുറി അണിഞ്ഞുകൊണ്ട് നാമും ഈ നോമ്പിന്റെ ചൈതന്യത്തിലേയ്ക്ക് കാലെടുത്ത് വച്ചിരിക്കുന്നു. നമുക്കറിയാവുന്നതുപോലെ, നോമ്പുകാലം പ്രലോഭനങ്ങളോട് അല്ലെങ്കില്‍ പ്രലോഭകനായ പിശാചിനോട് പൊരുതാനുള്ള കാലമാണ്.

കത്തോലിക്കാസഭയുടെയും ഉല്‍പത്തി പുസ്തകത്തിന്റെയും വ്യാഖ്യാനമനുസരിച്ച്, ഈ പ്രപഞ്ചത്തെയും ഈ പ്രപഞ്ചത്തിലെ സകലതിനെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും ദൈവമാണ്. എന്നാല്‍, ദൈവം സൃഷ്ടിക്കാതെ തന്നെ ഈ ഭൂമിയില്‍ പിറവികൊണ്ട – ദൈവത്തിന് എതിരായ ശക്തിയാണ് പ്രലോഭകന്‍ അഥവാ തിന്മ. ദൈവം നന്മയുടെ അടയാളമാണെങ്കില്‍ പ്രലോഭകനായ പിശാച് തിന്മയുടെ പ്രതീകമാണ്. ദൈവത്തിന്റെ ലക്ഷ്യം ഈ പ്രപഞ്ചം മുഴുവന്‍ നന്മ കൊണ്ട് നിറയ്ക്കുക എന്നുള്ളതാണെങ്കില്‍ തിന്മയുടെ ലക്ഷ്യം ഈ പ്രപഞ്ചത്തെ തിന്മ കൊണ്ട് നിറയ്ക്കുക എന്നതാണ്. അന്തിമവിജയം ദൈവത്തിന്റേതായിരിക്കുമെങ്കിലും പ്രലോഭകന്‍ എന്നുമെപ്പോഴും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് എവിടെ നോക്കിയാലും പ്രലോഭനങ്ങളുടെ പൂക്കാലമാണ്. പരസ്യങ്ങളൊക്കെയും നമ്മെ പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണ്. വടിവൊത്ത ശരീരഘടനയും സുന്ദരചര്‍മ്മവും കാട്ടി മോഡലുകള്‍, എന്തെല്ലാം വാങ്ങിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നെ പ്രലോഭിപ്പിക്കൂ – seduce me എന്ന എഴുത്തുള്ള ടീ-ഷര്‍ട്ടുകള്‍ക്കാണ് ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെ പ്രലോഭനങ്ങളെ ഇഷ്ടപ്പെടുകയും പ്രലോഭിക്കപ്പെടാന്‍ ആഗ്രഹിക്കുകയും പ്രലോഭനങ്ങള്‍ തേടി അലയുകയും ചെയ്യുന്നവനാണ് ആധുനികമനുഷ്യന്‍. ഇങ്ങനെ ഓരോ മിനുട്ടിലും പ്രലോഭിപ്പിക്കപ്പെടുന്ന മനുഷ്യപ്രകൃതിയുടെ സങ്കടമറിയുന്നവനാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തു എന്ന ആശ്വാസമാണ് ഇന്ന് ന മ്മള്‍ വായിച്ചുകേട്ട യേശുവിന്റെ പ്രലോഭനവിവരണം നമുക്ക് നല്‍കുക.

മനുഷ്യചരിത്രം ആരംഭിക്കുന്നത് തന്നെ ഒരു പ്രലോഭനകഥയിലാണ്. സാത്താന്‍, ആദിമാതാപിതാക്കളെ പ്രലോഭിപ്പിച്ച് പറുദീസായുടെ വെളിയിലേയ്ക്ക് എത്തിച്ചതോടെയാണ് പ്രലോഭനചരിത്രം ആരംഭിക്കുന്നത്. പ്രലോഭനങ്ങളില്‍ ഇടറിയവരും ഇടറാത്തവരും എന്ന രണ്ടു ഗണമായി ബൈബിള്‍ കഥാപാത്രങ്ങളെ നമുക്ക് തിരിക്കാന്‍ സാധിക്കും. ഇതില്‍ സമ്പൂര്‍ണ്ണമായി ഇടറിപ്പോയവരും അല്‍പകാലത്തേയ്ക്ക് ഇടറിയെങ്കിലും തിരുത്തിയവരും പ്രലോഭനങ്ങളുടെ കുത്തൊഴുക്കില്‍ പാറപോലെ ഉറച്ചുനിന്നവരുമുണ്ട്. രക്ഷാകരചരിത്രത്തിലെ ഈ പ്രലോഭനങ്ങളുടെ ശ്രേണിയില്‍ തന്നെയാണ് സുവിശേഷകന്‍ യേശുവിന്റെ പ്രലോഭനത്തെയും അവതരിപ്പിക്കുന്നത്.

നാല്‍പതു നാള്‍ നീണ്ട മരുഭൂമി വാസം, നാല്‍പതു വര്‍ഷം നീണ്ട ഇസ്രായേലിന്റെ മരുഭൂമിയാത്രയെ അനുസ്മരിപ്പിക്കുന്നതാണ്. മരുഭൂമിയിലെ പ്രലോഭനങ്ങളില്‍ നിരന്തരം ഇടറിവീണ ചരിത്രമായിരുന്നു ഇസ്രായേലിനെങ്കില്‍ പുതിയ ഇസ്രായേലായ ക്രിസ്തു, മരുഭൂമിയില്‍ പറുദീസ പണിയാന്‍ കരുത്തുള്ളവനായിരുന്നു. ദൈവം ഇസ്രായേലിനെ മരുഭൂമിയിലേയ്ക്ക് നയിച്ചു എന്ന യഹൂദവിശ്വാസത്തിന്റെ ചുവടുപിടിച്ചാണ് വി. മത്തായിയും മരുഭൂമിയിലേയ്ക്കുള്ള യേശുവിന്റെ പ്രയാണത്തെ അവതരിപ്പിക്കുന്നത്.

യേശുവിന് മുന്നില്‍ മൂന്ന് തരത്തിലുള്ള പ്രലോഭനങ്ങളുമായിട്ടാണ് പിശാച് വരുന്നത്. ഒന്നാമത്തെ പ്രലോഭനം വിശപ്പിന്റെ രൂപത്തിലായിരുന്നു. നമുക്കറിയാം, വിശപ്പിനോളം തീക്ഷ്ണമായ വികാരം മറ്റൊന്നുമില്ല. ആദിമാതാപിതാക്കളെ സാത്താന്‍ വീഴിച്ചതും ഏസാവിന് ജ്യേഷ്ഠസ്ഥാനം നഷ്ടമായതും വിശപ്പിന്റെ മുന്നിലാണ്. എന്നാല്‍, ഇവിടെ നിയമാ. 8:3 ഉദ്ധരിച്ചുകൊണ്ട് യേശു പ്രലോഭനത്തെ അതിജീവിക്കുന്നു. കാരണം, മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ നിന്ന് പുറപ്പെടുന്ന ഓരോ വാക്ക് കൊണ്ടുമാണ് ജീവിക്കുന്നതെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. മനുഷ്യന് തന്റെ വിശപ്പ് മാറ്റാനുള്ള അപ്പം മാത്രം പോരെന്നും അതിലുപരിയായി ദൈവവുമായുള്ള ബന്ധത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്നുമാണ് ഈശോ ഇവിടെ പറഞ്ഞുവയ്ക്കുക.

ഈശോയ്ക്കുണ്ടായ രണ്ടാമത്തെ പ്രലോഭനം, ദൈവാലയത്തിന്റെ മുകളില്‍ നിന്ന് ചാടി കാണിക്കാനുള്ളതായിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവന് ദൈവത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന സംരക്ഷണയെപ്പറ്റിയുള്ള സങ്കീര്‍ത്തനവചനം ഉദ്ധരിച്ചുകൊണ്ടാണ് പിശാച് ഇവിടെ ഈശോയെ പരീക്ഷിക്കുക. എന്നാല്‍, ദൈവത്തെ പരീക്ഷിക്കാനല്ല മറിച്ച്, ദൈവപരിപാനലയില്‍ ആശ്രയിക്കാനാണ് സങ്കീര്‍ത്തകന്‍ ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് ഈശോ രണ്ടാമത്തെ പ്രലോഭനത്തെയും വിജയിക്കുന്നു. കാരണം, അവിടുത്തേയ്ക്ക് ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഒരു സംശയവുമില്ല. അത് പരീക്ഷിച്ച് നോക്കേണ്ട കാര്യവുമില്ല.

പിശാചിന്റെ മൂന്നാമത്തെ പ്രലോഭനം തിന്മകളെയും തിന്മയുടെ ശക്തിയെയും ആരാധിക്കാനുള്ളതായിരുന്നു. ഇവിടെ നാമും വായിക്കും; യേശു കല്‍പ്പിച്ചു: ‘സാത്താനെ, ദൂരെപ്പോവുക.’ തന്റെ അധികാരം ഉപയോഗിച്ച് സാത്താനെ ആട്ടിപ്പുറത്താക്കുന്ന ഈശോ. നാല്‍പ്പതു ദിവസത്തെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായിട്ടാണ് ഈശോയ്ക്ക് പ്രലോഭകനെ തോല്‍പ്പിക്കാന്‍ സാധിച്ചത്. അതിനുള്ള ആഴമായ ആത്മീയത ഈശോ സ്വന്തമാക്കിയിരുന്നു. ഈ പരീക്ഷയിലൂടെ, പ്രലോഭകന്‍ ഒരിക്കലും ദൈവത്തില്‍ നിന്നല്ല വരുന്നതെന്നും ദൈവത്താല്‍ ആരും പരീക്ഷിക്കപ്പെടുന്നില്ല എന്നും യേശു വരച്ചുകാണിക്കുകയാണ്. ഈ ചിന്തയെ ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കുന്നത് യാക്കോബ് ശ്ലീഹായാണ്. യാക്കോബ് 1:13 മുതലുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘പരീക്ഷിക്കപ്പെടുമ്പോള്‍ താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍ ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുരുക്കിലാകുമ്പോഴാണ്. അതിനാല്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടാത്ത ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ തന്നെയാണ്. അതുകൊണ്ട് പ്രലോഭനങ്ങളെക്കുറിച്ച് നമുക്കെപ്പോഴും ജാഗ്രതയുള്ളവരായിരിക്കാം.’

പ്രലോഭനങ്ങള്‍ ഈശോയെ തകര്‍ക്കുകയല്ല മറിച്ച്, തന്റെ വിശ്വസ്തത തെളിയിക്കാനുള്ള അവസരങ്ങളായി മാറ്റുകയാണ് ചെയ്തത്. ദൈവത്തെപ്പോലും അവിടുന്ന് സൃഷ്ടിച്ച വസ്തുക്കള്‍ കാണിച്ച് പിശാച് പരീക്ഷിച്ചെങ്കില്‍ നമ്മെ ഓരോരുത്തരെയും അവന്‍ പരീക്ഷിക്കുമെന്ന് തീര്‍ച്ചയാണ്! അതിനാല്‍ പ്രലോഭനങ്ങളെ നേരിടാനുള്ള ഒരുക്കത്തിന്റെ ദിനങ്ങളായി ഈ നോമ്പുകാലം മാറണം. അതിന് നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുക വിശുദ്ധ കുര്‍ബാനയര്‍പ്പണമാണ്. വിശുദ്ധ കുര്‍ബാന വഴി ഈശോ നമ്മുടെ ഹൃദയത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ നമ്മിലെ പാപത്താല്‍ നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുകളയാനും പുതിയ മനുഷ്യനെ ധരിച്ച് പിശാചിനെ അതിജീവിക്കാനും നമുക്കോരോരുത്തര്‍ക്കും സാധിക്കും. അതിനാല്‍, ഈ നോമ്പുകാലത്തില്‍ ദിവ്യബലിയര്‍പ്പണം നമുക്ക് മുടക്കാതിരിക്കാം. പരീക്ഷിക്കപ്പെടുമ്പോള്‍ ഈ വചനം നമുക്കോര്‍ക്കാം. ‘പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍ അവന്‍ പരീക്ഷകളെ അതിജീവിച്ച് കഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവന് ലഭിക്കും’ (യാക്കോ. 1:12).

ബ്ര. സിബിൻ ജോസഫ് എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.