ഞായര്‍ പ്രസംഗം 2 മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 01 കാത്തിരിപ്പിന്റെ കൃപ സ്വന്തമാക്കിയവര്‍

ഇന്ന് മംഗളവാര്‍ത്താക്കാലം ആരംഭിക്കുകയാണല്ലോ. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായി ലോകം മുഴുവന്‍ രക്ഷ നല്‍കുവാന്‍ തന്റെ പുത്രനെ അയച്ചു എന്നുള്ള സദ്വാര്‍ത്തയാണ് ഈ കാലഘട്ടത്തിന്റെ ആധാരബിന്ദു. ദൈവം മാനവരാശിയെ അതിന്റെ തകര്‍ച്ചയില്‍ കൈവിടില്ല എന്ന സത്യമാണ് മംഗളവാര്‍ത്താക്കാലം നമുക്ക് നല്‍കുന്ന സന്ദേശം.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ദൈവത്തിന്റെ പരിപാലനയുടെ തുടര്‍ച്ചയാണെന്നും നമുക്കുവേണ്ടി അവിടുന്ന് കരുതിവച്ചിരിക്കുന്നത് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനമാണെന്നും ഇന്ന് തിരുസഭ വചനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ അസാധ്യതകളെ സാധ്യതകളാക്കി മാറ്റുന്ന ദൈവത്തിന്റെ കൃപയുടെ പ്രവൃത്തിയാണ് സഖറിയായുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ നാം കാണുക. മനുഷ്യരക്ഷ ഒരിക്കലും മനുഷ്യന്റെ പ്രവര്‍ത്തികളുടെ ഫലമല്ല. മറിച്ച്, ദൈവത്തിന്റെ കരുണയുടെ പ്രവര്‍ത്തിയാണെന്ന് തെളിയിക്കുന്നതാണ് സ്‌നാപകന്റെ ജനനം. ദൈവത്തോട് സഹകരിക്കുമ്പോഴേ മനുഷ്യന് രക്ഷ നേടാന്‍ സാധിക്കൂ എന്ന് വചനം വ്യക്തമാക്കുന്നു.

കാത്തിരിപ്പിന്റെ ജീവിതമാണ് ക്രൈസ്തവന്റെ ജീവിതം എന്ന് ഇന്നത്തെ വചനഭാഗം അടിവരയിട്ടു പറയുന്നു. മനുഷ്യന്റെ സഹകരണത്തിനായി കാത്തുനില്‍ക്കുന്ന ഒരു നല്ല ദൈവത്തിന്റെ ചിത്രവും ദൈവത്തിനായി കാത്തിരിക്കുന്ന ഒരു ജനതയുടെ ചിത്രവും നാം വചനത്തിലൂടെ കാണുന്നു.

നൂറ്റാണ്ടുകളായി രക്ഷ കാത്തിരുന്ന പഴയനിയമ ജനതയുടെ പ്രിതിനിധികളായിട്ടാണ് സഖറിയായെയും എലിസബത്തിനെയും വി. ലൂക്കാ അവതരിപ്പിക്കുക. കുറ്റമറ്റവരും നീതിനിഷ്ഠരുമായിരുന്നിട്ടും മക്കളില്ലാത്തതിന്റെ അപമാനം പേറുന്ന ഈ ദമ്പതികളുടെ ജീവിതത്തോടു കൂടിയാണ് രക്ഷാകരചരിത്രം ആരംഭിക്കുക. സഖറിയ എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവം ഓര്‍ക്കുന്നു’, ‘ദൈവം അനുസ്മരിച്ചു’ എന്നൊക്കെയാണ്. തന്റെ പുത്രന് വഴിയൊരുക്കാന്‍ ദൈവം ഒരുവനെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചപ്പോള്‍, ദൈവം ഓര്‍ത്ത അപ്പനാണ് സഖറിയ; കൂടെ ദൈവം ഓര്‍ത്ത അമ്മയാണ് എലിസബത്ത്. വിശ്വാസത്തിന്റെ പ്രാര്‍ത്ഥനകളും വിശുദ്ധിയുടെ സമര്‍പ്പണങ്ങളും ദൈവം മറക്കില്ലെന്ന് ഈ ദമ്പതികള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.

കുഞ്ഞുങ്ങളില്ലാത്തത് ഒരു ശാപമായി കരുതിയിരുന്ന കാലഘട്ടത്തില്‍ ദൈവത്തോട് പരാതി പറയാതെ ദൈവത്തിന്റെ പദ്ധതിക്കും സമയത്തിനും വേണ്ടി കാത്തിരിക്കുന്നവരാണ് സഖറിയായും എലിസബത്തും. ദൈവത്തിന്റെ വഴിയേ നടക്കുന്നതിനാല്‍ നമുക്ക് ഒരു കുറവും വന്നൂകൂടാ എന്ന് ശാഠ്യം പിടിക്കാന്‍ നമുക്ക് അവകാശമില്ല. കാരണം, അവിടുത്തെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നമ്മുടെ കുറവുകള്‍ക്കും പങ്കുണ്ട്. അതിനാല്‍, നമ്മുടെ കുറവുകളെക്കുറിച്ച് നിരാശപ്പെടാതെ, അവയെ ദൈവീകപദ്ധതിയുടെ ഭാഗമായിക്കാണാന്‍ സാധിക്കുമ്പോള്‍ നാമും അനുഗ്രഹീതരാവും. അതിനാല്‍, വാര്‍ദ്ധക്യത്തിലും, വന്ധ്യതയിലും ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഈ ദമ്പതികള്‍ എല്ലാ കുടുംബങ്ങള്‍ക്കും മാതൃകയായി നിലകൊള്ളുന്നു. കാത്തിരിപ്പില്‍ ഓരോരുത്തരും എടുക്കുന്ന നിലപാടുകളും, മനോഭാവങ്ങളുമാണ് ഓരോ കാത്തിരിപ്പിനെയും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. ഈ അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്താവ് അവരെ ഒരുക്കുകയായിരുന്നു; ഇതാണ് ദൈവത്തിന്റെ പദ്ധതി. എനിക്കിഷ്ടപ്പെട്ടത് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കുന്ന ഷോപ്പിംഗ് മാള്‍ അല്ല ദൈവം. എനിക്കും എന്നെക്കുറിച്ചുള്ള ദൈവീകപദ്ധതിക്കും ഉചിതമായ നന്മകള്‍ കരുതലോടെ തക്കസമയത്ത് നല്‍കുന്ന വത്സലപിതാവാണ് ദൈവം. സ്‌നാപകന്റെ ദൗത്യത്തെക്കുറിച്ച് വചനം പറയുക രണ്ടു കാര്യങ്ങളാണ്. ഒന്ന്, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന് വഴിയൊരുക്കുക, രണ്ട് അവിടുന്നിലേയ്ക്ക് ജനങ്ങളെ അടുപ്പിക്കുക. ഇതു തന്നെയാണ് ക്രിസ്ത്യാനികളായ നമ്മുടെ ദൗത്യവും.

ഒരിക്കല്‍ കല്‍ക്കട്ടയിലെ തെരുവില്‍ വിശന്നുതളര്‍ന്ന ബാലന് ഭക്ഷണം നല്‍കി, നെഞ്ചോടു ചേര്‍ത്തപ്പോള്‍ വി. മദര്‍ തെരേസയുടെ കണ്ണുകളില്‍ നോക്കി അവന്‍ ചോദിച്ചു: ‘അമ്മയാണോ ക്രിസ്തു’ എന്ന്. മൊളോക്കായിലെ കുഷ്ഠരോഗികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് തന്റെ എളിയജീവിതം കൊണ്ട് അവരെ മുഴുവന്‍ ക്രിസ്തുവിനായി നേടിയ ഡാമിയന്‍ അച്ചനും, ഒന്നുമില്ലാത്തവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഉയര്‍ച്ചയ്ക്കുവേണ്ടി അദ്ധ്വാനിച്ച് രക്തസാക്ഷിത്വം ചൂടിയ സിസ്റ്റര്‍ റാണി മരിയയും മറ്റൊരു സ്‌നാപകനായി തീര്‍ന്നവരാണ്. വാക്കുകളേക്കാളുപരി ജീവിതം കൊണ്ട് ക്രിസ്തുവിന് വഴിയൊരുക്കേണ്ടവരാണ് നാം (മത്തായി 5:48). നമ്മുടെ കുടുംബത്തില്‍, സമൂഹത്തില്‍, ഇടവകയില്‍, നാം ആയിരിക്കുന്ന ഇടങ്ങളിലെല്ലാം അനേകര്‍ക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുന്ന നക്ഷത്രമായിത്തീരാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കാരുണ്യം നിറഞ്ഞ സ്‌നേഹം, ഒരു വിളി, ഒരു പുഞ്ചിരി അതുമതി ക്രിസ്തു ആരെന്ന് അനേകര്‍ക്ക് മനസ്സിലാകാന്‍.

ടി. പത്മനാഭന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്ന വളരെ ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. ജോലി കഴിഞ്ഞ് ഏറെ താമസിച്ച് വീട്ടില്‍ വരുന്ന തന്റെ മകന്, യാതൊരു ആപത്തും വരാതിരിക്കാന്‍ വീട്ടിലേയ്ക്കുള്ള വഴിയുടെ ഇരുവശത്തും മണ്‍ചിരാതുകള്‍ കത്തിച്ച് മകന് വീട്ടിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന ഒരമ്മയുടെ ചിത്രം. ആ കത്തിച്ച മണ്‍ചിരാതുകളിലെ വെളിച്ചത്താല്‍ തന്റെ പ്രിയമകനെ ലക്ഷ്യത്തിലെത്തിക്കുന്നതുപോലെ നമുക്ക് നമ്മുടെ എളിയജീവിതമാകുന്ന മണ്‍ചിരാതുകള്‍ കത്തിച്ച് സ്‌നാപകനെപ്പോലെ അനേകരെ ക്രിസ്തുവാകുന്ന ലക്ഷ്യത്തിലേയ്ക്ക് വഴി നടത്തണം.

ഖലീല്‍ ജിബ്രാന്റെ ‘പ്രവാചകന്‍’ അമ്മയ്ക്ക് കൊടുക്കുന്ന ഉപദേശം ഇപ്രകാരമാണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ വന്നു. എന്നാല്‍, അവര്‍ നിങ്ങളുടെ സ്വന്തമല്ല. അവര്‍ക്ക് നിങ്ങളുടെ സനേഹം നല്‍കൂ. എന്നാല്‍, അവരെ ഒരിക്കലും മറ്റൊരു നിങ്ങളാക്കരുത്. സഖറിയായും എലിസബത്തും തങ്ങള്‍ക്കു ലഭിച്ച മകനെ തങ്ങളുടേതിനെക്കാള്‍ ദൈവത്തിന്റേതായി വളര്‍ത്തി. ഇതു തന്നെയാണ് നമ്മുടെ കുടുംബങ്ങളിലും സംഭവിക്കേണ്ടത്. നമ്മുടെ കുഞ്ഞുങ്ങളെ യേശുവാകുന്ന വഴി കണ്ടെത്താനും അവനിലൂടെ ചരിക്കാനുമാണ് നാം പരിശീലിപ്പിക്കേണ്ടത്. ദൈവം നല്‍കിയ മക്കള്‍ക്ക് ദൈവത്തെ അറിഞ്ഞ് വളരാനുള്ള സാഹചര്യം നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടായിരിക്കട്ടെ. കുട്ടികള്‍ക്ക് ആത്മീയമൂല്യങ്ങള്‍ പകരുന്നതില്‍ നാം പരാജയപ്പെടുമ്പോള്‍, ആത്മീയവളര്‍ ച്ച ഉറപ്പു വരുത്തേണ്ട കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ഇല്ലാതായി വരുമ്പോള്‍ സഖറിയായും എലിസബത്തും നമ്മുടെ മുന്നില്‍ വെല്ലുവിളികളായി ഉയരുകയാണ്.

അതിനാല്‍, സഖറിയായെയും എലിസബത്തിനെയും പോലെ ദൈവസന്നിധിയില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാനും, സ്‌നാപകനെപ്പോലെ അനേകരെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കാനും ഞങ്ങളുടെ ജീവിതങ്ങളെ കൃപ നിറഞ്ഞതാക്കണമേ എന്ന പ്രാര്‍ത്ഥനയോടെ ഈ ബലിയില്‍ നമുക്ക് പങ്കുകൊള്ളാം. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.

ബ്ര. ജോര്‍ജ്ജ് കൈതപ്പറമ്പില്‍ MCBS