ഞായര്‍ പ്രസംഗം ഏലിയാ സ്ലീവാ മൂശാക്കാലം 7-ാം ഞായര്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ, ഏലിയാ സ്ലീവാ മൂശാക്കാലം 7-ാം ഞായറിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് നമ്മുടെ ധ്യാനത്തിനും വിചിന്തനത്തിനുമായി തിരുസഭാമാതാവ് നല്‍കിയിരിക്കുന്ന വചനം, വി. മത്തായിയുടെ സുവിശേഷം 20-ാം അദ്ധ്യായം 1 മുതല്‍ 16 വരെയുള്ള തി രുവചനഭാഗമാണ് ‘മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍’. മത്തായി സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള മനോഹരമായ ഒരു ഉപമയാണിത്. മുന്തിരിത്തോട്ടവും, ഉടമസ്ഥനും, ജോലിക്കാരും, സമയവും, വേതനവുമെല്ലാം ചില യാഥാര്‍ത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളായി സുവിശേഷകന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

ഇന്നത്തെ ഒന്നാം വായനയായ നിയമാവര്‍ത്തനപുസ്തകം 11-ാം അദ്ധ്യായം 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍, ‘സര്‍വ്വശക്തനായ ദൈവം’ എന്ന തലക്കെട്ടോടുകൂടി, ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന് നല്‍കിയ അനുഗ്രഹങ്ങള്‍ വിവരിച്ചിരിക്കുന്നു. ഇത് സ്വര്‍ഗ്ഗരാജ്യത്തിന്റെ പ്രതീകമായ കാനാന്‍ ദേ ശത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ഇന്നത്തെ സുവിശേഷഭാഗത്തിലേക്ക് കടന്നു വരുമ്പോള്‍, മുന്തിരിത്തോട്ടത്തെ ദൈവരാജ്യത്തോട് സുവിശേഷകന്‍ ഉപമിച്ചിരിക്കുന്നു. മുന്തിരത്തോട്ടത്തിലെ ജോലിക്കാരായി അന്നുമിന്നും ദൈവം ചിലരെ പേര് ചൊല്ലി വിളിക്കുന്നു. ഇപ്രകാരം അനേകം ജോലിക്കാരെ വ്യത്യസ്തസമയങ്ങളില്‍ തന്റെ കൃഷിത്തോട്ടത്തിലേയ്ക്ക് വിളിച്ച് നിയോഗിച്ചതിന്റെ ചരിത്രമുണ്ട് സഭയ്ക്ക്. ഡാന്‍സ് ഹാളില്‍ നിന്ന് പുണ്യപദത്തിലേയ്ക്ക് ദൈവം വിളിച്ചു നിയോഗിച്ച ഹെലന്‍ എന്ന പെണ്‍കുട്ടി വി. ഫൗസ്റ്റീനയായി മാറിയ ചരിത്രം, ഭൂമിശാസ്ത്രഗവേഷണത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ചാള്‍സ് ഡീ ഫൂആള്‍ഡിനെ വലിയ മിഷനറിയായി വിളിച്ചു നിയോഗിച്ചതിന്റെ ചരിത്രം, ‘ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്ത് പ്രയോജനം’ എന്ന വചനത്താല്‍ മാനസാന്തരപ്പെട്ട് വലിയ പ്രേഷിതനായ വി. ഫ്രാന്‍സിസ് സേവ്യര്‍! ഇങ്ങനെ അനേകം വിശുദ്ധര്‍ വിവിധ സമയങ്ങളില്‍ വിളിക്കപ്പെട്ട് വിശ്വസ്തതാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ച മുന്തിരിത്തോട്ടമാണ് സഭ.

ഈ ഉപമ അതിന്റെ തനിമയോടെ മനസ്സിലാക്കണമെങ്കില്‍ അന്നത്തെ യഹൂദാപശ്ചാത്തലം നാം മനസ്സിലാക്കേണ്ടതുണ്ട്. ധാരാളം മുന്തിരിത്തോട്ടങ്ങളാല്‍ അനുഗ്രഹീതമായിരുന്നു പാലസ്തീന്‍. ഉടമസ്ഥര്‍ ഏറെ ശ്രദ്ധയോടും കരുതലോടും കൂടെ അവയെ പരിപാലിച്ചിരുന്നു. മുന്തിരിച്ചെടികള്‍ നടുമ്പോള്‍ ചുറ്റും വേലികെട്ടി സുരക്ഷിതമാക്കി. മുന്തിരിക്കുലകള്‍ പാകമായി വിളവെടുപ്പിന് കാലമാകുമ്പോള്‍ ഉടമസ്ഥന് സന്തോഷത്തോടൊപ്പം ആശങ്കയും ഉടലെടുക്കും. കാരണം, മഴയ്ക്കു മുമ്പ് മുന്തിരിക്കുലകള്‍ ശേഖരിക്കുക എന്നത് വലിയ കഷ്ടപ്പാട് തന്നെയായിരുന്നു. പലപ്പോഴും ജോലിക്കാരെ തികയാതെ വരുമെന്നതിനാല്‍ ഉടമസ്ഥന്‍ കഴിവതും നേരത്തെ തന്നെ തെരുവില്‍ ചെന്ന് ജോലിക്കാരെ വിളിച്ചുകൊണ്ടു വരുന്ന പതിവ് സര്‍വ്വസാധാരണമായിരുന്നു.

യഹൂദാപാരമ്പര്യത്തില്‍ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയത്തോടെയാണ്. എങ്കിലും മണിക്കൂറുകള്‍ കണക്കു കൂട്ടിയിരുന്നത് സൂര്യോദയം മുതലാണ്. ഇന്നത്തെ സമയക്രമമനുസരിച്ച് 3-ാം മണിക്കൂറില്‍ ജോലിക്കെത്തിയവര്‍ 9 മണിക്കൂറും, 6-ാം മണിക്കൂറില്‍ ജോലിക്കെത്തയവര്‍ 12 മണിക്കും, 9-ാം മണിക്കൂറും 11-ാം മണിക്കൂറും യഥാക്രമം 3 മണിക്കും 5 മണിക്കും ജോലിയാരംഭിച്ചവരാണ്. അതിനാല്‍ അവസാനം ജോലിക്കെത്തിയവരെക്കാള്‍ വെയിലിന്റെ ചൂടും കാഠിന്യവും സഹിച്ച് അദ്ധ്വാനിച്ചവര്‍ ന്യായമായും കൂടുതല്‍ വേതനം പ്രതീക്ഷിച്ചു.
ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നും കൊണ്ടുവരുവാന്‍ ദൈവം തിരഞ്ഞെടുത്ത നേതാവായിരുന്നു മോശ. ദൈവത്തിന്റെ കല്‍പനകള്‍ വിശ്വസ്തതാപൂര്‍വ്വം പാലിച്ച് നീതിയോടെ ഇസ്രേയേല്‍ ജനത്തെ വാഗ്ദത്തനാട്ടിലേക്ക് മോശ നയിക്കുന്നു. പക്ഷെ, ദൈവമായ കര്‍ത്താവ് മോശയോട് ഇപ്രകാരം അരുള്‍ചെയ്യുന്നു: ‘നീയല്ലാ, മറിച്ച് നിന്റെ പിന്‍ഗാമിയായ ജോഷ്വായായിരിക്കും വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുക’. മാ നുഷികമായി ചിന്തിക്കുകയാണെങ്കില്‍ ദൈവം മോശയോട് നീതിരഹിതമായി പെരുമാറുന്നതായി തോന്നാം. പക്ഷെ, ദൈവത്തിന്റെ നീതിയെ മാനുഷീകനീതി കൊണ്ട് അളക്കുവാന്‍ നമുക്ക് സാധ്യമല്ല.

മത്തായിയുടെ സുവിശേഷം 6-ാം അധ്യായം 33-ാം തിരുവചനം പറയുന്നു: ‘നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും’. മാനുഷികനീതി ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് നല്‍കുമ്പോള്‍, സുവിശേഷത്തിന്റെ കാഴ്ച്ചപ്പാടില്‍ ദൈവനീതി എന്നത് അര്‍ഹിക്കാത്തവന് പോലും സംതൃപ്തമായി നല്‍കുന്നതില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് പലസമയത്ത് ജോലിക്കെത്തിയവര്‍ക്ക് ഉടമസ്ഥന്‍ തുല്യവേതനം നല്‍കുന്നത്. ഇവിടെയാണ് ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം. ആദ്യം വന്നവനെയും അവസാനം വന്നവനെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ദൈവികഭാവം. ഇത് മനുഷ്യന് അവകാശപ്പെടാനാവില്ല. സത്രത്തില്‍ ഇടം ലഭിക്കാതെ പോയവന്‍ ആദ്യം വന്നവനെയും അവസാനം വന്നവനെയും സ്വന്തം ഹൃദയത്തില്‍ ഇടം നല്‍കി ക്ഷണിക്കുന്നുണ്ട്. സുവിശേഷത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ മറ്റൊരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ആദ്യം വന്നവര്‍ക്ക് നീതി ലഭിച്ചില്ലെന്നല്ല അവരുടെ പരാതി, പിന്നെയോ; അവസാനം വന്നവരുമായി അവരെ തുലനം ചെയ്തു എന്നുള്ളതാണ്. അവര്‍ക്കു കിട്ടിയ വേതനത്തില്‍ അല്ലെങ്കില്‍ നന്മയില്‍ അസൂയപ്പെടുന്ന ഒരു മാനുഷികഭാവം. ഉടമസ്ഥന്‍ ഈ ഉപമയില്‍ അവരോടു ചോദിക്കുന്നുണ്ട്. ‘ഞാന്‍ നല്ലവനായതു കൊണ്ട് നിങ്ങള്‍ എന്തിന് അസൂയപ്പെടുന്നു’. ദൈവത്തിന്റെ കരുണ ഒന്നു മാത്രമാണ് അവസാനം വന്നവരെ ആദ്യം വന്നവരുമായി തുലനം ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം ഇവിടെ മനസ്സിലാക്കാന്‍ മനുഷ്യന്‍ പരാജയപ്പെടുന്നു.

ആരാണ് ആദ്യം വന്നവന്‍..? ആരാണ് അവസാനം വന്നവന്‍..? ചുങ്കക്കാര്‍ക്കും പാപികള്‍ക്കും രക്ഷയുടെ വാതില്‍ തുറന്നുകൊടുത്ത യേശുവിലൂടെ ദൈവത്തിന്റെ കാരുണ്യം വെളിപ്പെട്ടു. അവസാനമായി വന്ന ജോലിക്കാര്‍ സമൂഹത്തില്‍ നിന്ന് അവഗണിക്കപ്പെട്ടവരുടെ പ്രതീകമാണ്. അവര്‍ക്ക് ദൈവത്തിന്റെ കൃപവഴി രക്ഷ ലഭിച്ചു. ഫരിസേയര്‍ മോശയുടെ നിയമാനുഷ്ഠാനത്തിലൂടെ രക്ഷ നേടാന്‍ പ്രയത്‌നിക്കുമ്പോള്‍, ചുങ്കക്കാരും പാപികളും നിയമത്തിന്റെ പൂര്‍ത്തീകരണമായ യേശുവിലൂടെ രക്ഷ കണ്ടെത്തി. ദൈവതിരുമുമ്പില്‍ നീതീകരിക്കുവാനോ അവകാശവാദങ്ങള്‍ ഉന്നയിക്കുവാനോ നമുക്ക് കാരണങ്ങളില്ല. ദൈവം മുമ്പനാക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ മുമ്പനാകുന്നത്. വലുതാകാന്‍ പരിശ്രമിക്കുന്നവര്‍ ചെറുതാവുകയേ ഉള്ളൂ. സാവൂളും യൂദാസുമൊക്കെ നമ്മുടെ മുമ്പില്‍ ഉദാഹരണങ്ങളായി നിലനില്‍ക്കുന്നു. ദൈവം കരം പിടിച്ചുയര്‍ത്തിയ മോശയും അബ്രഹാമുമെല്ലാം മറുവശത്തും നിലനില്‍ക്കുന്നു. എല്ലാവരെയും ദൈവരാജ്യമാകുന്ന മുന്തിരിത്തോപ്പിലേയ്ക്ക് കരം പിടിച്ച് സ്വീകരിക്കാന്‍ ദൈവം കാത്തിരിക്കുന്നു.

ഒരു നിമിഷം നമുക്ക് കണ്ണുകളടക്കാം. ദൈവമെ, കുറവുകളിലും പോരായ്മകളിലും നിന്റെ കരം പിടിച്ച് സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ. അതിനായി ഈ വിശുദ്ധബലിയില്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോബി തെക്കേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.