ഞായര്‍ പ്രസംഗം ഒക്ടോബര്‍ 27 മത്തായി 22: 23-33 ജീവനുള്ള ദൈവം

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയില്‍ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. മത്തായിയുടെ സുവിശേഷം 22: 23-33 വരെയുള്ള വാക്യങ്ങളാണ്.

ഇവിടെ പുനരുദ്ധാനമില്ലെന്നു പറയുന്ന സദ്ദുക്കായര്‍, ഈശോയെ സമീപിച്ച് പുനരുത്ഥാനത്തിനു ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ ചോദിക്കുന്നു. യേശുവിന്റെ ഉത്തരം മൂന്ന് ചോദ്യങ്ങളിലൂടെയും മൂന്ന് ഉത്തരങ്ങളിലൂടെയുമായിരുന്നു.

1. എന്തുകൊണ്ട് നീ ഈ ചോദ്യം ചോദിച്ചു?

മോശയുടെ നിയമമല്ല, മോശയുടെ ജീവിതം പഠിച്ചിരുന്നെങ്കില്‍ അവര്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു എന്ന് യേശു പറയുന്നു. പുറപ്പാട് പുസ്തകം 3:6-ല്‍ പറയുന്നു: ‘ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരെ നോക്കാന്‍ അവനു ഭയമായിരുന്നു.’ ഇവിടെ ദൈവഭയം നഷ്ടപ്പെട്ട മനുഷ്യന്‍ ദൈവത്തോട് ചോദ്യം ചോദിക്കുന്നു. ദൈവഭയം നഷ്ടപ്പെടുമ്പോള്‍ സഭയോടു പോലും എതിര്‍ത്തു നില്‍ക്കുന്ന മനോഭാവത്തിലേയ്ക്ക് സഭാമക്കള്‍ തരംതാഴുന്നു. ഇവിടെ വികൃതമാകുന്നത് ദൈവത്തിന്റെ മുഖമാണ്.

2. നിന്റെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്

അവര്‍ ദൈവദൂതന്മാരെപ്പോലെയാണ്. ദൈവദൂതന്മാര്‍ക്ക്, ദൈവം ഏല്‍പ്പിച്ച കാര്യം നിര്‍വ്വഹിച്ചതിനു ശേഷം ദൈവസന്നിധിയിലേയ്ക്ക് മടങ്ങുക എന്നതിലൊഴികെ ഒരു കടപ്പാടും ആരോടുമില്ല. തോബിത്ത് 12: 19,20 വാക്യങ്ങളില്‍ നാം കാണുന്നു: ‘ഈ നാളുകളിലെല്ലാം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയത് ഛായാദര്‍ശനമായിരുന്നു. ഞാന്‍ ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ല. നിങ്ങള്‍ കണ്ടത് ഒരു ദര്‍ശനം മാത്രം. ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുക. ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേയ്ക്ക് മടങ്ങുകയാണ്.’

ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ രോഗപീഡയായിരുന്നു നിപാ വൈറസ് മൂലമുള്ള നിപാ പനി. ഈ പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കിടയില്‍ മാസ്‌ക്ധാരികളായ ഡോക്‌ടേഴ്‌സും നഴ്‌സുമാരും ഓടിമറയുമ്പോള്‍, അവര്‍ക്കിടയില്‍ മാസ്‌ക്ധാരിയായ ഒരു നഴ്‌സ് മാത്രം ഓടിമറയാതെ അവര്‍ക്കിടയിലൂടെ, അവരു ടെ കാര്യങ്ങള്‍ അന്വേഷിച്ച് നടന്നിരുന്നു. ഈ മാലാഖയുടെ പേര് ലിനി എന്നാണ്.

കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ താനും അവരിലൊരാളായി നിപാ വൈറസ് ബാധിതയാകുമെന്ന് ഇവള്‍ക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. എങ്കിലും, അവള്‍ ദൈവദൂതനെപ്പോലെ അവര്‍ക്കിടയിലൂടെ പാറിനടന്നു. അപ്പോള്‍ വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് രോഗബാധിതയായ ലിനിയെ കാണുവാനായി ആശുപത്രിയിലെത്തുമ്പോള്‍ കണ്ണാടിക്കൂടിനുള്ളില്‍ കിടക്കുന്ന ലിനിയുടെ ചുണ്ടുകള്‍ ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും മന്ത്രിച്ചു: ‘അച്ചായനും കുഞ്ഞുങ്ങളും സുഖമായി ജീവിക്കണം. ഞാന്‍ ഇവരോടൊപ്പം യാത്രയാവുകയാണ്.’
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ലോകാരോഗ്യ സംഘടന ഈ നഴ്‌സ്‌കുട്ടിയെക്കുറിച്ചു പറഞ്ഞത് ‘Lini is a really human being’ എന്നായിരുന്നു.

ഇപ്പോഴും മരിക്കാത്ത മാലാഖയായി, ദൈവകരങ്ങളിലും ലോകമനസ്സുകളിലും അവള്‍ ജീവിക്കുന്നു. ഈശോ പറഞ്ഞു: ‘മരിച്ചവര്‍ ദൈവദൂതന്മാരെപ്പോലെയാണ്, അവര്‍ക്ക് മരണമില്ല.’

3. ഇനിയൊരിക്കലും ഈ ചോദ്യം നീ ചോദിക്കരുത്.

അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഉത്ഥാനമില്ലാത്തവര്‍ക്ക് ഉത്ഥിതന്റെ മുമ്പില്‍ എന്തു പ്രസക്തി. അവര്‍ പത്തിയടക്കി പിന്തിരിഞ്ഞു. ഈ കഴിഞ്ഞ നാളുകളില്‍ കേരളസഭയില്‍ സദ്ദുക്കായരുടെ കടന്നാക്രമണം മാധ്യമരൂപത്തില്‍ ആഞ്ഞടിച്ചപ്പോള്‍, എറണാകുളം – കാക്കനാട് വച്ചു നടന്ന സന്യാസ-സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍ ബഹു. റോയി കണ്ണഞ്ചിറ CMI അച്ചന്റെ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു.

2018-ല്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ വച്ചു നടന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ ഒളിമ്പിക്‌സില്‍ അതിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന അച്ചന്‍ കാര്യങ്ങള്‍ പരിശോധിക്കാനായി അതിരാവിലെ സ്റ്റേഡിയത്തിലേയ്ക്ക് വരുമ്പോള്‍, തനിക്ക് എതിരെ വരുന്ന സിസ്റ്റര്‍ തന്നെ കണ്ട് പിന്നോട്ട് ഓടുന്നതാണ് കണ്ടത്. ഓടിപ്പോകുന്ന സിസ്റ്ററിനെ അച്ചന്‍ കൈകൊട്ടി വിളിച്ചു. കേള്‍ക്കാത്ത ഭാവത്തില്‍ സിസ്റ്റര്‍ മുമ്പോട്ടോടുകയാണ്. തന്റെ വിളി കേട്ട് ഒടുവില്‍ സിസ്റ്റര്‍ നിന്നു. അച്ചന്‍ സിസ്റ്ററിനോട് ചോദിച്ചു: ‘എന്താണ് സിസ്റ്റര്‍, ഞാന്‍ വിളിച്ചിട്ടും സിസ്റ്റര്‍ കേള്‍ക്കാത്ത ഭാവത്തില്‍ ഓടിയത്?’ തന്റെ രണ്ടു കരങ്ങളും പുറകോട്ടു പിടിച്ചു നില്‍ക്കുന്ന സിസ്റ്ററിനോട് അച്ചന്‍ വീണ്ടും ചോദിച്ചു: ‘എന്താണ് കൈയ്യില്‍ മറച്ചുവച്ചിരിക്കുന്നത്?’ അപ്പോള്‍ സിസ്റ്റര്‍ മറുപടി പറഞ്ഞു: ‘അച്ചാ, രണ്ടു കാലുകളുമില്ലാത്ത കുട്ടികളുടെ വീല്‍ചെയറിലുള്ള ഓട്ടമത്സരത്തിനു വേണ്ടി എന്റെ സ്‌കൂളിലെ കുട്ടിയെ എടുത്ത് വീല്‍ചെയറില്‍ വച്ചപ്പോള്‍ അവന്‍ അറിയാതെ മോഷന്‍ പോയി. അത് എന്റെ തൂവാലയില്‍ പൊതിഞ്ഞ് ടോയ്‌ലറ്റില്‍ കളയുവാനായിട്ട് പോവുകയായിരുന്നു. അതാണ് അച്ചന്‍ വിളിച്ചപ്പോള്‍ ഞാന്‍ നില്‍ക്കാഞ്ഞത്.’

അച്ചന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്; സന്യാസത്തിന്റെ ഈ രഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. പക്ഷെ, സദ്ദുക്കായ മനോഭാവത്തോടെ ഞങ്ങളെ ക്രൂശിക്കുമ്പോള്‍ ക്രിസ്തു ക്രൂശിക്കപ്പെടുന്നു. അപ്പോള്‍, സന്യാസത്തില്‍ ഉത്ഥാനമുണ്ടെന്നും ഉത്ഥിതനാണ് ഞങ്ങളുടെ ശക്തികേന്ദ്രമെന്നും വെളിപ്പെടുത്തേണ്ടതില്ലേ?

ഏലിയാ സ്ലീവാ മൂശാക്കാലം പറയും; ജീവനുള്ളവനെ നിന്റെ ജീവിതത്തിലൂടെ നീ വെളിപ്പെടുത്തണം, ജീവന്‍ പിരിയുവോളം അത് നീ തുടരണം.

റവ.ഫാ. ജോമി വറവുങ്കല്‍ MCBS