ഞായര്‍ പ്രസംഗം മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ നവംബര്‍ 28 ലൂക്കാ 1: 1-25 യോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ആരാധനാവത്സരത്തില്‍ പുതിയ ഒരു വര്‍ഷം ആരംഭിക്കുകയാണ്. ആണ്ടുവട്ടം മുഴുവനിലൂടെ മിശിഹാരഹസ്യം അനുസ്മരിക്കാനും അതില്‍ ഉള്‍ച്ചേര്‍ന്ന് ജീവിക്കാനും നമ്മെ സഹായിക്കുന്നത് ആരാധനാവത്സരമാണല്ലോ. വിശ്വാസിയുടെ വര്‍ഷം ആരംഭിക്കുന്നത് മംഗളവാര്‍ത്ത – പിറവിക്കാലത്തോടെയാണ്. അറിയിപ്പ് എന്നര്‍ത്ഥമുള്ള ‘സുബാറ’ എന്ന പേരിലാണ് സുറിയാനി ഭാഷയില്‍ ഈ കാലം അറിയപ്പെടുന്നത്.

നമ്മുടെ കര്‍ത്താവിന്റെ പിറവിത്തിരുനാളിനു മുമ്പ് നാലാഴ്ച്ചകളും അതിനു ശേഷം നാലാഴ്ച്ചകളുമായാണ് ഈ കാലം ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും മംഗളകരമായ അറിയിപ്പ് ദൈവം മനുഷ്യനാകുന്നതിനെക്കുറിച്ചുള്ളതാണല്ലോ. ഈ സുവിശേഷം അഥവാ സദ്‌വാര്‍ത്ത വഴിയാണ് മനുഷ്യന് ദൈവപുത്രത്വം വീണ്ടുലഭിച്ചത്. മിശിഹാരഹസ്യം പരിശുദ്ധ കന്യകാമറിയത്തോടും യോഹന്നാന്‍ മാംദാനയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് ഈ കാലത്തിലെ വായനകളില്‍ ഇവര്‍ ഇരുവരും പല തവണ പ്രത്യക്ഷപ്പെടും.

വി. ലൂക്കായുടെയും വി. മത്തായിയുടെയും സുവിശേഷങ്ങളിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ നിന്നാണ് സുവിശേഷഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനും ലോകത്തിന് അവിടുത്തെ പരിചയപ്പെടുത്താനുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് സ്‌നാപകയോഹന്നാന്‍. ഈ യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച്ചത്തെ നമ്മുടെ ധ്യാനവിഷയം (ലൂക്കാ 1: 5-25).

ജറുസലേം ദൈവാലയത്തില്‍ പുരോഹിതശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സഖറിയാ പുരോഹിതനാണ് ഈ അറിയിപ്പ് ലഭിച്ചത്. സാധിക്കുന്നിടത്തോളം എല്ലാ കാര്യങ്ങളും കൃത്യമായി വിവരിക്കാന്‍ ആഗ്രഹിക്കുന്ന വി. ലൂക്കാ, സഖറിയായെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് ആരംഭിക്കുന്നത്. വിവരിക്കുന്ന വസ്തുതകളുടെ ചരിത്രപരത വ്യക്തമാക്കാനാണ് യഹൂദരുടെ രാജാവായിരുന്ന ഹേറോദേസിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇസ്രായേലിലെ പ്രഥമപ്രധാന പുരോഹിതനായിരുന്ന അഹറോനുമായി സഖറിയാക്കും അദ്ദേഹത്തിന്റെ ഭാര്യയായ ഏലീശ്വാക്കുമുള്ള ബന്ധവും വ്യക്തമാക്കുന്നത്, പഴയനിയമ പൗരോഹിത്യ സംവിധാനം മുഴുവനെയും സഖറിയാ പ്രതിനിധാനം ചെയ്യുന്നുവെന്ന് കാണിക്കാനാണ്.

മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവന്റെ മാതാപിതാക്കളാകുന്നതിനുള്ള യോഗ്യത സഖറിയാ – ഏലീശ്വാ ദമ്പതിമാര്‍ക്ക് നേടിക്കൊടുത്തത് അവരുടെ ധാര്‍മ്മിക ജീവിതരീതിയായിരുന്നു. അവര്‍ ഇരുവരും കര്‍ത്താവിന്റെ എല്ലാ കല്‍പനകളും നീതിമാര്‍ഗ്ഗങ്ങളും അന്യൂനം പാലിച്ചിരുന്നവരും ദൈവസന്നിധിയില്‍ നീതിനിഷ്ഠരുമായിരുന്നു എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് (ലൂക്കാ 1:6). ദൈവത്തിന്റെ രക്ഷാകരമായ ഇടപെടല്‍ നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നമ്മളും അവിടുത്തെ പ്രമാണങ്ങളും കല്‍പനകളും പാലിച്ച് അവിടുത്തെ തിരുമുമ്പില്‍ സ്വീകാര്യമായ ജീവിതം നയിക്കണം. ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ചിരുന്നവരാണ് അവരെങ്കിലും ഒരു സന്താനമില്ലാത്തതിന്റെ ദുഃഖവും പേറിയാണ് അവര്‍ കഴിഞ്ഞിരുന്നത്. എങ്കിലും ദൈവപരിപാലനയില്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ട് അവര്‍ നിരാശരായില്ല; തങ്ങളുടെ ദുഃഖം പ്രാര്‍ത്ഥനയിലൂടെ ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. രക്ഷാകരപദ്ധതിയില്‍ ദൈവത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെടുന്നവരുടെയെല്ലാം ജീവിതത്തില്‍ സഹനം ഒരു അവശ്യഘടകമാണ്.

ജറുസലേം ദൈവാലയത്തില്‍ ദിവസംതോറും വിവിധ തരത്തിലുള്ള ബലിയര്‍പ്പണങ്ങളുണ്ടായിരുന്നു. അതില്‍ ഒരു ബലിയാണ് ധൂപാര്‍പ്പണം. ഇതിനായി കരുവേല മരം കൊണ്ടു നിര്‍മ്മിച്ച ബലിപീഠം സാക്ഷ്യപേടകത്തിനു മുമ്പിലായി വിശുദ്ധ സ്ഥലത്ത് സ്ഥാപിച്ചിരുന്നു (പുറ. 30:6). ഓരോ ദിവസവും പ്രഭാതത്തിലും സായാഹ്നത്തിലും ഈ ബലിപീഠത്തിന്മേല്‍ പരിമളദ്രവ്യം പുകച്ചിരുന്നു. ധൂപം അര്‍പ്പിക്കാനുള്ള പുരോഹിതനെ കുറിയിട്ടാണ് നിശ്ചയിച്ചിരുന്നത്. ഇപ്രകാരം ധൂപമര്‍പ്പിക്കാനായി സഖറിയാ, കര്‍ത്താവിന്റെ സന്നിധിയിലായിരിക്കുമ്പോഴാണ് ധൂപപീഠത്തിന്റെ വലതുവശത്ത് കര്‍ത്താവിന്റെ ദൂതന്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത് ജനം വിശുദ്ധസ്ഥലത്തിനു വെളിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ പ്രാര്‍ത്ഥന, രക്ഷകനായ മിശിഹായുടെ വരവിനു വേണ്ടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രാര്‍ത്ഥനയാണ് പ്രതീകാത്മകമായി ധൂപത്തിലൂടെ ദൈവസന്നിധിയിലേക്ക് പുരോഹിതന്‍ ഉയര്‍ത്തിയിരുന്നത്.

നമ്മുടെ ആരാധനക്രമത്തിലും ധൂപാര്‍പ്പണത്തിന് വലിയ പ്രാധാന്യമുണ്ടല്ലോ. എല്ലാ ദിവസവും റംശാ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം നമ്മള്‍ അനുസ്മരിക്കുന്നുമുണ്ട്: “എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ. പരിമളധൂപം പോലെ അത് അങ്ങേ പക്കലേക്കുയരട്ടെ. കര്‍ത്താവേ, എന്റെ ഈ പ്രാര്‍ത്ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ” (സങ്കീ. 141:2).

നമ്മുടെ കുര്‍ബാനയില്‍ ധൂപാശീര്‍വാദ സമയത്ത് കാര്‍മ്മികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ ഈ ധൂപാര്‍പ്പണത്തിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നവയാണ്. സഖറിയാ അര്‍പ്പിച്ച ധൂപം ദൈവസന്നിധിയില്‍ സ്വീകൃതമായി. ഗബ്രിയേല്‍ മാലാഖ അതാണ് സഖറിയായെ അറിയിച്ചത്: “സഖറിയാ, നീ ഭയപ്പെടേണ്ട; നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ ഏലീശ്വാ ഒരു പുത്രനെ പ്രസവിക്കും” (ലൂക്കാ 1:13). പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്നിരുന്ന ജനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ സഖറിയാ പ്രാര്‍ത്ഥിച്ചിരുന്നതും മിശിഹായ്ക്കു വേണ്ടിയായിരുന്നു. ഒരു കുഞ്ഞിനു വേണ്ടിയുള്ള വ്യക്തിപരമായ പ്രാര്‍ത്ഥനയും സഖറിയാ നിശ്ചയമായും അര്‍പ്പിച്ചിരുന്നു. ദൈവം നല്‍കുന്ന ഉത്തരം ഈ രണ്ട് പ്രാര്‍ത്ഥനകള്‍ക്കും കൂടിയുള്ളതാണ്. അദ്ദേഹത്തിന് ജനിക്കുന്ന കുഞ്ഞ് അനേകം ഇസ്രായേല്‍ വംശജരെ കര്‍ത്താവിന്റെ പക്കലേക്ക് തിരിച്ചുവിട്ടു കൊണ്ട് മിശിഹായെ സ്വീകരിക്കാനായി ഒരു ജനതയെ ഒരുക്കും. ഇപ്രകാരം മുമ്പേ പോയി മിശിഹായ്ക്ക് വഴിയൊരുക്കുവാനാണ് യോഹന്നാനെ ദൈവം അയയ്ക്കുന്നത്.

യോഹന്നാന്‍ മാംദാന ഇന്നും തന്റെ ദൗത്യം തിരുസഭയില്‍ തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഏലിയാ പ്രവാചകന്റെ ശക്തിയോടും ചൈതന്യത്തോടും കൂടെ പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേക്കും തിരിച്ചുവിട്ട് കര്‍ത്താവിനായി പരിപൂര്‍ണ്ണമായ ഒരു ജനതയെ ഒരുക്കുന്നതില്‍ യോഹന്നാന്‍ ഇന്നും വ്യാപൃതനാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ഇല്ലാത്തവരുമായി പങ്കുവച്ചു കൊണ്ടും നീതിയോടെയും സത്യസന്ധതയോടെയും വര്‍ത്തിച്ചു കൊണ്ടും അനുതാപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ യോഹന്നാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. അധാര്‍മ്മിക ജീവിതം നയിച്ച രാജാവിന്റെ മുഖത്തു നോക്കി, സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് തെറ്റാണെന്നു വിളിച്ചുപറയാനുള്ള ധൈര്യം കാണിച്ച യോഹന്നാന്‍ ഇന്നും ധാര്‍മ്മികതയുടെ നിലയ്ക്കാത്ത സ്വരമായി നമുക്കു ചുറ്റും മുഴങ്ങുന്നുണ്ട്.

സഖറിയാക്ക് വിശ്വസിക്കാനാവുന്നതിലും ഉപരിയായിരുന്നു ദൂതന്റെ അറിയിപ്പ്. മാനുഷികമായ ബലഹീനതയില്‍ അദ്ദേഹം ചോദിച്ചു: “ഞാന്‍ ഇത് എങ്ങനെ അറിയും? കാരണം, ഞാന്‍ വൃദ്ധനും എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.” സഖറിയായുടെ ഈ പ്രതികരണം ദൂതനെ ക്ഷോഭിപ്പിച്ചു: “യഥാകാലം നിറവേറാനിരിക്കുന്ന എന്റെ വാക്കുകള്‍ നീ വിശ്വസിക്കായ്കയാല്‍, ഇന്നു മുതല്‍ ഇത് സംഭവിക്കുന്ന ദിവസം വരെ നീ സംസാരിക്കാന്‍ കഴിയാതെ ഊമനായിരിക്കും.”

വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും ദൈവം സന്താനങ്ങളെ നല്‍കിയിട്ടുണ്ട് എന്ന വസ്തുത പുരോഹിതനെന്ന നിലയില്‍ സഖറിയാ ഓര്‍മ്മിക്കേണ്ടതായിരുന്നു. അബ്രാഹം – സാറാ ദമ്പതിമാര്‍ക്കും എല്‍ക്കാന – ഹന്നാ ദമ്പതിമാര്‍ക്കും കുഞ്ഞുങ്ങളെ ലഭിച്ചത് അവരുടെ വാര്‍ദ്ധക്യത്തിലാണല്ലോ. ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ആദ്യ വായന (ഉല്‍. 17:15-22) ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന സത്യം സഖറിയാ അല്‍പനേരത്തേക്ക് വിസ്മരിച്ചു പോയി. അതിനുള്ള ശിക്ഷയെന്നോണം സംസാരശേഷി അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു.

സഖറിയായുടേതിന് സമാനമായ ഒരു ചോദ്യം ഉന്നയിച്ച മറിയത്തിന് ശിക്ഷ ലഭിച്ചില്ലല്ലോ എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അവര്‍ ഇരുവരുടെയും ചോദ്യങ്ങള്‍ തമ്മിലുള്ള വലിയ അന്തരം കാണാതെ പോകുന്നതു കൊണ്ടാണിത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമൊത്ത് വസിക്കാന്‍ ആരംഭിക്കാത്ത ഒരു കന്യക മാത്രമായിരുന്നു മറിയം. പുരുഷബന്ധമില്ലാതെ ഒരു കന്യകയും ഗര്‍ഭിണി ആയതായി ചരിത്രമില്ല. അതുകൊണ്ട്, ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യത്തിന് നീതീകരണമുണ്ട്. പക്ഷേ, സഖറിയായുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ കഴിഞ്ഞിരുന്നവരാണ് സഖറിയായും ഏലീശ്വായും. ദൈവാലയശുശ്രൂഷ കഴിഞ്ഞ് സഖറിയാ സ്വഭവനത്തില്‍ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഏലീശ്വാ ഗര്‍ഭം ധരിച്ചതെന്ന് സുവിശേഷകന്‍ വ്യക്തമായി രേഖപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ പവിത്രതയെയും ദൈവികപദ്ധതിയില്‍ അതിനുള്ള സവിശേഷസ്ഥാനത്തെയും കുറിച്ച് വി. പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നതും നമ്മള്‍ വായിച്ചുകേട്ടല്ലോ (എഫേ. 5: 22-6,4).

സൂക്ഷ്മമായി പരിശോധിച്ചാല്‍ സഖറിയാക്ക് ലഭിച്ചത് ഒരു ശിക്ഷയായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. മാലാഖ അറിയിച്ച കാര്യം നിശ്ചയമായും നിറവേറും എന്നതിന്റെ ഉറപ്പാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. സഖറിയാ നിശബ്ദനായി കഴിയേണ്ടി വരുന്നത് ദൂതന്‍ അറിയിച്ച കാര്യം പൂര്‍ത്തിയാകുന്ന ദിവസം വരെ മാത്രമാണ്. ദൈവം അറിയിച്ച കാര്യം നിറവേറുമെന്നതിന്റെ അടയാളമായിരുന്നു അത്. യോഹന്നാന്റെ ജനനത്തോടനുബന്ധിച്ച് സഖറിയായ്ക്ക് സംസാരശേഷി വീണ്ടുലഭിക്കുകയും ചെയ്തു.

സംസാരശേഷി നഷ്ടപ്പെട്ട് വിശുദ്ധ സ്ഥലത്തു നിന്ന് പുറത്തു വന്ന സഖറിയായ്ക്ക് സാധാരണ പുരോഹിതര്‍ ബലിയര്‍പ്പണശേഷം ചെയ്യാറുള്ളതു പോലെ കാത്തുനിന്ന ജനത്തെ ആശീര്‍വദിക്കാന്‍ സാധിച്ചില്ല. ഇതിന് പ്രതീകാത്മകമായ ഒരര്‍ത്ഥമുണ്ട്. അഹറോനില്‍ ആരംഭിച്ച പഴയനിയമ പൗരോഹിത്യം സഖറിയായില്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഈ പൗരോഹിത്യത്തിനും ബലിയര്‍പ്പണരീതിക്കും സാരമായ മാറ്റം വരാന്‍ പോകുന്നു എന്നതിന്റെ സൂചനായിയിരുന്നു അത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി വര്‍ത്തിക്കുന്ന പുരോഹിതന്‍ ബലിയര്‍പ്പണത്തിലൂടെ ദൈവതിരുമുമ്പില്‍ ജനത്തെ പ്രതിനിധീകരിക്കുകയും പുരോഹിതാശീര്‍വാദത്തിലൂടെ ദൈവത്തിന്റെ അനുഗ്രഹം ജനത്തിന് എത്തിച്ചുനല്‍കുകയും ചെയ്യുന്നവനാണല്ലോ.

സത്യദൈവവും സത്യമനുഷ്യനുമായ ഈശോമിശിഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍. അവിടുന്നാണ് നിത്യപുരോഹിതന്‍. തന്റെ ഏകവും നിത്യവുമായ സ്വയാര്‍പ്പണത്തിലൂടെ അവിടുന്ന് നിത്യപുരോഹിതനായി. ഈ ബലി തന്നെയാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. ദൈവസന്നിധിയില്‍ നിന്നുള്ള സമൃദ്ധമായ അനുഗ്രഹം തന്റെ ജനത്തിന് നല്‍കുന്നതിന്റെ സൂചനയാണ് സുവിശേഷത്തിലെ അവസാന രംഗത്തില്‍ ശിഷ്യന്മാരെ അനുഗ്രഹിച്ചുകൊണ്ട് സ്വര്‍ഗത്തിലേക്കു പോകുന്ന ഉത്ഥിതനായ ഈശോ നല്‍കുന്നത്. പിതാവിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് ഇന്നും അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. തിരുസഭയില്‍ പരിശുദ്ധ കുര്‍ബാനയിലും കൂദാശകളിലും കൂടെ ഈ അനുഗ്രഹം നമുക്കും ലഭ്യമാണ്. ഉറച്ച വിശ്വാസത്തോടെ നമുക്കും മിശിഹായുടെ ഏകവും നിത്യവുമായ ഈ ബലിയില്‍ സജീവമായി പങ്കെടുത്തു കൊണ്ട് അവിടുത്തെ അനുഗ്രഹത്തിനു യോഗ്യരാകാന്‍ പരിശ്രമിക്കാം.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.