ഞായറാഴ്ച പ്രസംഗം -2 നന്ദി പ്രകാശിപ്പിക്കുന്ന സമരിയാക്കാരന്‍

സമവീക്ഷണസുവിശേഷകന്മാര്‍ മൂന്നുപേരും ജറുസലേമിലേക്കുള്ള ഈശോയുടെ യാത്ര വലിയ പ്രാധാന്യത്തോടയാണ് അവതരിപ്പിക്കുന്നത്. വിശുദ്ധ ലൂക്കായുടെ വിവരണത്തില്‍ ഇതു വളരെ പ്രകടമാണ്. രൂപാന്തരീകരണമലയില്‍വച്ച് മഹത്വത്തില്‍ പ്രത്യക്ഷപ്പെട്ട മോശയും ഏലിയായും ഈശോയോടു സംസാരിച്ച അവിടുത്തെ പുറപ്പാട് അഥവാ വേര്‍പാട് പൂര്‍ത്തിയാക്കാനാണ് അവിടുന്നു ജറുസലേമിലേക്കു പോയത് (ലൂക്കാ 9,31). പിതാവിന്റെ പക്കലേക്കുള്ള തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ, അവിടുന്നു നിശ്ചയദാര്‍ഢ്യത്തോടെയാണ് ജറുസലേമിലേക്കുള്ള യാത്ര ആരംഭിച്ചത് (9,51). താന്‍ വിളിച്ചു പരിശീലിപ്പിച്ചുകൊണ്ടിരുന്ന തന്റെ ശിഷ്യന്മാരോടൊപ്പമായിരുന്നു അവിടുത്തെ യാത്ര. തന്റെ പുറപ്പാടിനുശേഷം ലോകാതിര്‍ത്തികള്‍വരെ തനിക്കു സാക്ഷികളാകേണ്ട ശിഷ്യരെ പരിശീലിപ്പിക്കുന്ന തിനന്റെ ഭാഗമായാണ് അവിടുന്ന് ഇതു നിര്‍വഹിച്ചത്. യാത്രയ്ക്കിടയിലെ ഓരോ സംഭവത്തില്‍നിന്നും ശിഷ്യര്‍ ഓരോ പാഠങ്ങള്‍ പഠിക്കേണ്ടിയിരുന്നു. ഈ യാത്ര അവരെ സംബന്ധിച്ച് ശിഷ്യത്വത്തിന്റെ കളരിയായിരുന്നു. ഇന്നത്തെ സുവിശേഷഭാഗത്തു വിവരിക്കപ്പെടുന്ന സംഭവം അരങ്ങേറുന്നതും ജറുസലേമിലേക്കുള്ള യാത്രയിലാണ്.

ഈശോയും ശിഷ്യരും സമരിയായ്ക്കും ഗലീലിയ്ക്കും മദ്ധ്യേയുള്ള ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ പത്തു കുഷ്ഠരോഗികളെ കണ്ടുമുട്ടി. യഹൂദര്‍ കുഷ്ഠത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തി കണ്ടിരുന്നതുകൊണ്ട്, പരിശുദ്ധിയെ സംബന്ധിച്ച നിയമം പാലിക്കുന്നതിന്റെ ഭാഗമായി അവര്‍ കുഷ്ഠരോഗികളെ സമൂഹത്തില്‍നിന്ന് പുറത്താക്കിയിരുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍ എന്നു ദൈവംതന്നെ കല്പ്പിക്കുന്നത് ആദ്യവായനയില്‍ നമ്മള്‍ കേട്ടതാണല്ലോ. മറ്റുള്ളവര്‍ക്കു കുഷ്ഠം പകരാതിരിക്കാനും ഇപ്രകാരമൂള്ള പുറത്താക്കല്‍ സഹായിക്കുമായിരുന്നു. ഇവിടെ ശ്രദ്ധേയമായ സംഗതി യഹൂദരും സമരിയാക്കാരനും ഒന്നിച്ചു കാണപ്പെടുന്നു എന്നതാണ്. സമരിയാ പ്രദേശത്തു വസിച്ചിരുന്ന യഹൂദരെ അവര്‍ക്കുണ്ടായ വിജാതീയ ബന്ധംമൂലം മറ്റു യഹൂദര്‍ അവജ്ഞയോടെയാണു വീക്ഷിച്ചിരുന്നത്. സാധാരണ ജീവിതത്തില്‍ ഇരുകൂട്ടരും പരസ്പര സമ്പര്‍ക്കം ഒഴിവാക്കിയിരുന്നെങ്കിലും കുഷ്ടരോഗം അവരെ ഒന്നിച്ചാക്കി. രോഗത്തിലും മരണത്തിലുമൊക്കെ മനുഷ്യകല്പിതമായ വേര്‍തിരിവുകള്‍ ഇല്ലാതാകുന്നതും മനുഷ്യര്‍ ഒന്നിച്ചുവരുന്നതും സാധാരണമാണല്ലോ.
അവര്‍ ഒരേ സ്വരത്തില്‍ അവിടുത്തോട് വിളിച്ചുപറഞ്ഞു: ഗുരുവായ ഈശോയേ, ഞങ്ങളില്‍ കനിയണമേ. ഈശോയെക്കുറിച്ചു കേട്ടുകേള്‍വിയില്‍ നിന്നുള്ള അറിവായിരിക്കണം ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ അവരെ പ്രാപ്തരാക്കിയത്.

അധികാരത്തോടുകൂടിയ അവിടുത്തെ പ്രബോധനങ്ങളെക്കുറിച്ചും ദൈവികശക്തി യോടെയുള്ള അത്ഭുതപ്രവൃത്തികളെക്കുറിച്ചും കേട്ടറിഞ്ഞിരുന്ന അവരും ഈശോയെ ഗുരുവായി അഭിസംബോധന ചെയ്യുന്നു. അവിടുന്നു കനിഞ്ഞാല്‍ തങ്ങള്‍ക്കു കുഷ്ഠത്തില്‍നിന്നു മോചനം ലഭിക്കുമെന്ന പ്രത്യാശയാണ് അവരുടെ ഈ പ്രാര്‍ത്ഥനയില്‍ പ്രതിഫലിക്കുന്നത്. തങ്ങളെ ശുദ്ധരാക്കണേ എന്നല്ല, തങ്ങളോടു കരുണ തോന്നണേ എന്നാണവര്‍ പ്രാര്‍ത്ഥിക്കുന്നത്. തങ്ങള്‍ക്ക് അവിടുത്ത കരുണ മാത്രമേ ആവശ്യമായിരുന്നുള്ളു എന്നവര്‍ ഗ്രഹിച്ചിരുന്നു.

അവരുടെ വിശ്വാസത്തിന്റെ ആഴം പരീക്ഷിക്കാനാവണം, ഈശോ അവരെ സുഖപ്പെടുത്തുന്നതിനു മുമ്പേ, അവരെ പുരോഹിതരുടെ പക്കലേക്ക് അയയ്ക്കുന്നത്. വിശ്വാസത്തില്‍ പ്രതികരിക്കാനായിരുന്നു ക്ഷണം. കുഷ്ഠരോഗം നിര്‍ണയിക്കുന്നതും സമൂഹത്തില്‍നിന്നു പുറത്താക്കുന്നതും അതില്‍നിന്നു സൗഖ്യംപ്രാപിച്ചാല്‍, സമൂഹത്തിലേക്കു പുനഃപ്രവേശിപ്പിക്കുന്നതുമെല്ലാം പുരോഹിതരായിരുന്നു. മാത്രവുമല്ല, സൗഖ്യംപ്രാപിക്കുന്നവര്‍ ശുദ്ധീകരണത്തിനായി ബലി സമര്‍പ്പിക്കണം എന്നും മോശ കല്പിച്ചിട്ടുണ്ട്. സുഖം പ്രാപിച്ചാലെന്നതുപോലെ അവര്‍ക്ക് പുരോഹിതരെ സമീപിക്കാം എന്നായിരുന്നു ആ അയയ്ക്കലിന്റെ അര്‍ത്ഥം. അവര്‍ക്ക് ഈശോയിലുണ്ടായിരുന്ന വിശ്വാസത്തിന്റെ ആഴം അവിടുന്നു പരീക്ഷിച്ചറിയുകയായി രുന്നു. ഈശോയുടെ മഹത്വത്തെക്കുറിച്ച് അസൂയാലുക്കളായിരുന്ന പുരോഹിതരുടെ മുമ്പില്‍ അവരെ സാക്ഷികളാക്കുക എന്ന ലക്ഷ്യവും അവിടുത്തേക്കുണ്ടായിരുന്നിരിക്കണം. ഈശോയിലുള്ള വിശ്വാസംമൂലം അവര്‍ പോയി. പോകുംവഴി അവര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

പത്തുപേരും സുഖം പ്രാപിച്ചുവെങ്കിലും ഒരാള്‍മാത്രമേ അതു തിരിച്ചറിഞ്ഞുള്ളു. താന്‍ സുഖംപ്രാപിച്ചു എന്ന് അവന്‍ കണ്ടു എന്നാണു വിശുദ്ധ ലൂക്കാ എഴുതുന്നത്. ആ കാഴ്ച വിശ്വാസദൃഷ്ട്യായുള്ള തിരിച്ചറിവായിരുന്നു. ദൈവം തന്നെയാണ് ഈശോയില്‍ സന്നിഹിതനായി തനിക്കു സൗഖ്യം നല്കിയത് എന്ന് അവന്‍ തിരിച്ചറിഞ്ഞു. ഈ അവബോധംമൂലമാണ് ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്‍ ഈശോയുടെ പക്കലേക്കു തിരിച്ചുവരുന്നത്. ഈ തിരിച്ചുവരവ് ഈശോയിലേക്കാണ്; അത്ഭുതകരമായ സൗഖ്യത്തേക്കാള്‍ സൗഖ്യദാതാവിനെ തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥവിശ്വാസം.
മാത്രമല്ല, അവന്‍ ഈശോയുടെ കാല്ക്കല്‍ കമിഴ്ന്നുവീണ് അവിടുത്തോടു നന്ദി പറയുകയും ചെയ്തു. അയാള്‍ ഒരു സമരിയാക്കാരന്‍ ആയിരുന്നു എന്ന് ലൂക്കാ എടുത്തുപറയുന്നത് നന്ദിഹീനരായ യഹൂദരോട് അവനെ താരതമ്യപ്പെടുത്തി അവതരിപ്പിക്കുന്നതിനു വേണ്ടിയാണ്. സകലര്‍ക്കും സൗഖ്യവും രക്ഷയും നല്കുന്നതിനായി മനുഷ്യനായവതരിച്ച ഈശോയെ യഹൂദര്‍ പൊതുവേ തിരസ്‌ക്കരിക്കുകയാണല്ലോ ഉണ്ടായത്. വിജാതീയരാകട്ടെ, ഈശോയെയും അവിടുത്തെ സുവിശേഷത്തെയും സസന്തോഷം സ്വീകരിക്കുകയും ചെയ്തു.

ദൈവം ഏശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്യുന്നതായി ഇന്നു നമ്മള്‍ വായിച്ചുകേട്ട വചനം ഇവരില്‍ നിറവേറുകയായിരുന്നു: ഞാന്‍ ജനത്തിന്റെ മദ്ധ്യേ ചെയ്ത പ്രവൃത്തികള്‍ കാണുമ്പോള്‍ അവന്റെ സന്തതി എന്റെ നാമത്തെ മഹത്വപ്പെടുത്തും. അവര്‍ യാക്കോബിന്റെ പരിശുദ്ധനെ മഹത്വപ്പെടുത്തും. ഇസ്രായേലിന്റെ പരിശുദ്ധനു മുമ്പില്‍ ഭക്തിയോടെ അവര്‍ നിലകൊള്ളും.
ഈശോ ചോദിച്ചു: സുഖം പ്രാപിച്ചവര്‍ പത്തു പേരായിരുന്നില്ലേ? ഒമ്പതു പേര്‍ എവിടെ? മടങ്ങിവന്നു ദൈവത്തെ സ്തുതിക്കാന്‍ ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തോന്നിയില്ലേ? സഭാപിതാവായ അത്തനാസിയൂസ് ഇതെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: നന്ദി പറയുന്നവര്‍ക്കും മഹത്വമര്‍പ്പിക്കുന്നവര്‍ക്കും ഒരേ വികാരമാണുള്ളത്. തങ്ങള്‍ സ്വീകരിച്ച സൗഭാഗ്യങ്ങള്‍ക്കായി അവര്‍ സഹായകനെ സ്തുതിക്കുന്നു.. നന്ദി പ്രകാശിപ്പിക്കുന്നവനെ അവിടുന്നു സ്‌നേഹിച്ചു. എന്നാല്‍ നന്ദിഹീനരോട് അവിടുന്നു കുപിതനായി. കാരണം, അവര്‍ തങ്ങളുടെ വിമോചകനെ അനുസ്മരിച്ചില്ല. തങ്ങളെ സുഖപ്പെടുത്തിയവനെക്കുറിച്ച് എന്നതിനേക്കാള്‍ തങ്ങളുടെ സൗഖ്യത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്ത. അലക്‌സാണ്ട്രിയായിലെ സിറിളിന്റെ അഭിപ്രായത്തില്‍, നന്ദിഹീനമായ മറവിയിലേക്ക് വഴുതിവീണതുകൊണ്ട് യഹൂദരായ ഒമ്പതു കുഷ്ടരോഗികള്‍ ദൈവത്തിനു മഹത്വമര്‍പ്പിക്കാനായി മടങ്ങിവന്നില്ല. ഇസ്രായേല്‍ കഠിനഹൃദയരും തീര്‍ത്തും നന്ദിഹീനരുമാണെന്ന് ഇതുവഴി അവിടുന്നു കാണിക്കുന്നു.

ഈശോ ആ സമരിയാക്കാരനോട് അരുളിച്ചെയ്തു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. അത്തനാസിയൂസിന്റെ വീക്ഷണത്തില്‍, യഥാര്‍ത്ഥത്തില്‍ തിരിച്ചുവന്നു ദൈവത്തെ സ്തുതിച്ചവന് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നല്കപ്പെട്ടു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നതിലും ഈശോയ്ക്കു നന്ദിപറയുന്നതിലുംകൂടെ സമരിയാക്കാരന്‍ പ്രകാശിപ്പിച്ച വിശ്വാസം അവന്റെ രക്ഷയ്ക്കു കാരണമായി. ശാരീരിക സൗഖ്യത്തേക്കാള്‍ ആത്മീയ സൗഖ്യം അവനു ലഭിച്ചു. ഈശോ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെല്ലാം തന്നെ ഈ ലക്ഷ്യത്തോടെയുള്ളവയായിരുന്നു. അവിടുന്ന് രക്ഷയുടെ ഉറവിടമാണ് എന്നു വ്യക്തമാക്കാനായുള്ള അടയാളങ്ങളായിരുന്നു അവിടുത്തെ അത്ഭുതങ്ങള്‍. ഉദാഹരണത്തിന്, അവിടുന്നു മരിച്ചവരെ ഉയിര്‍പ്പിച്ചത് താന്‍ നിത്യജീവന്റെ സ്രോതസ്സാണ് എന്നു വെളിവാക്കാനായിരുന്നു. താനാണ് മനുഷ്യരുടെ ആന്തരിക നയനങ്ങളെ പ്രകാശിപ്പിക്കുന്ന ലോകത്തിന്റെ വെളിച്ചം എന്നു വെളിപ്പെടുത്താനായി അന്ധര്‍ക്ക് അവിടുന്നു കാഴ്ച നല്കി. സമാനമായ ലക്ഷ്യമാണ് കുഷ്ഠരോഗികള്‍ക്കു നല്കിയ സൗഖ്യത്തിനുമുണ്ടായിരുന്നത്. പക്ഷേ, അതു തിരിച്ചറിഞ്ഞത് ഒരുവന്‍ മാത്രം. അതും ഒരു സമരായന്‍.

യഹൂദരായ ഒമ്പതുപേരും സൗഖ്യം പ്രാപിച്ചെങ്കിലും രക്ഷയുടെ തലത്തിലേക്ക് അവര്‍ വളര്‍ന്നില്ല. പൗലോസ്ശ്ലീഹാ തന്റെ പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം വിശ്വാസിസമൂഹത്തിനു മാതൃകയായി നിര്‍ദ്ദേശിച്ചുനല്കുന്നത് നമ്മള്‍ ശ്രവിച്ചതാണല്ലോ. തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമാംവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണത്. പൗലോസ്ശ്ലീഹായുടേതെന്നതുപോലെ, ഈ സമരിയാക്കാരന്റെയും മാതൃക നമുക്ക് അനുകരണീയമാണ്.

ഇവിടെ സമരിയാക്കാരന്‍ ഈശോയ്ക്കു നന്ദിപറഞ്ഞതു വര്‍ണിക്കാന്‍ ഉപയോഗിക്കുന്ന ക്രിയ യൂക്കരിസ്റ്റൈന്‍ എന്നതാണ്. പരിശുദ്ധകുര്‍ബാനയെ സൂചിപ്പിക്കുന്ന യൂക്കരിസ്റ്റ് എന്ന പദം ഈ ക്രിയയില്‍നിന്നാണു വരുന്നത്. കൃതജ്ഞതാപ്രകാശനം നന്ദിയര്‍പ്പിക്കല്‍ എന്നൊക്കെയാണ് യൂക്കരിസ്റ്റിന്റെ അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ഒരു നിഴല്‍രൂപം സമരിയാക്കാരന്റെ ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. ഈശോയെ കണ്ടുമുട്ടുന്ന കുഷ്ഠരോഗികള്‍ പറുദീസായില്‍നിന്നു പുറത്താക്കപ്പെട്ടി രുന്ന മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധികളാണ്. ജറുസലേമില്‍ പൂര്‍ത്തിയാക്കിയ സഹനമരണോത്ഥാനങ്ങളി ലൂടെ മനുഷ്യനായവതരിച്ച ഈശോ അവര്‍ക്കു രക്ഷ ലഭ്യമാക്കി. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കു ന്നവര്‍ക്ക്, അവിടുത്തെ കരുണ യാചിക്കുന്നവര്‍ക്ക് ആത്മീയസൗഖ്യം നല്കി അവിടുന്ന് പുരോഹിതരുടെ പക്കലേക്ക് ശുദ്ധീകരണ കാഴ്ചയ്ക്കായുള്ള ബലികള്‍ അര്‍പ്പിക്കുന്നതിനായി പറഞ്ഞുവിടുന്നു.

ഈശോയിലൂടെ ലഭിച്ച സൗഖ്യമായ പാപമോചനത്തിനും രക്ഷയ്ക്കുമായി ദൈവത്തെ സ്തുതിച്ചുകൊണ്ടു ഈശോയ്ക്കു നന്ദിപറയുന്നതാണു യൂക്കരിസ്റ്റ് അഥവാ പരിശുദ്ധകുര്‍ബാന. ഈശോയിലൂടെ നമുക്കു ലഭിച്ച രക്ഷയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തുകയും ഈശോയ്ക്കു നന്ദിപറയുകയും ചെയ്യുന്ന ദിവ്യകര്‍മ്മം.
നമ്മുടെ പരിശുദ്ധ കുര്‍ബാനയില്‍ ഈ ആശയം വ്യക്തമാക്കുന്ന നിരവധി പ്രാര്‍ത്ഥനകളുണ്ട്. ഉദാഹരണത്തിന്, മനുഷ്യാവതാരംവഴി മനുഷ്യവര്‍ഗത്തിനുണ്ടായ അനുഗ്രഹങ്ങള്‍ ഓരോന്നായി ഏറ്റുപറഞ്ഞശേഷം കാര്‍മ്മികന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: നീ ഞങ്ങള്‍ക്കു നല്കിയ എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ നിനക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു.

റൂഹാക്ഷണപ്രാര്‍ത്ഥനയ്ക്കുശേഷം കാര്‍മ്മികന്‍ ഇപ്രകാരം തുടരുന്നു: കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ക്കുവേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാപദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങള്‍ നിരന്തരം പ്രകീര്‍ത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യരക്തത്താല്‍ രക്ഷിക്കപ്പെട്ട സഭയില്‍ സന്തോഷത്തോടും പ്രത്യാശയോടുംകൂടെ ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്നു. അവര്‍ണനീയമായ ഈ ദാനത്തെപ്രതി ദൈവത്തിനു സ്തുതിയര്‍പ്പിച്ചുകൊണ്ട് നമുക്ക് ഈ കുര്‍ബാനയര്‍പ്പിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.