ഞായര്‍ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം ഒൻപതാം ഞായര്‍ ഒക്ടോബര്‍ 24 മത്തായി 8: 23-34 വിശ്വാസം – ക്രൈസ്തവ ജീവിതകേന്ദ്രം

മിശിഹായില്‍ പ്രിയപ്പെട്ടവരേ,

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയെക്കുറിച്ചും ക്രിസ്തു വിധിയാളനായി വരുന്ന രണ്ടാം വരവിനെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ അവസാന ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുകയാണല്ലോ. ഈ അവസരത്തില്‍ സഭാമാതാവ് ധ്യാനവിചിന്തനത്തിനായി നല്‍കിയിരിക്കുന്ന സുവിശേഷഭാഗത്ത്, പ്രകൃതിശക്തികളുടെ മേലും പൈശാചികശക്തികളുടെ മേലും അധികാരവും അവയെ നിയന്ത്രിക്കാന്‍ ശക്തനുമായ ഈശോയെ നാം ഇവിടെ കണ്ടുമുട്ടുന്നു.

വി. മത്തായി അറിയിച്ച സുവിശേഷം 8-ാം അദ്ധ്യായം 23 മുതല്‍ 34 വരെയുള്ള വചനഭാഗത്ത് രണ്ട് അത്ഭുതങ്ങളാണ് സുവിശേഷകന്‍ വിവരിക്കുന്നത്. 23 മുതല്‍ 27 വരെയുള്ള വാക്യങ്ങളില്‍, കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന കര്‍ത്താവിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. 8:22-ല്‍ വചനം അവസാനിക്കുന്നത് ഇപ്രകാരമാണ്, “യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.” എല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കാന്‍ പറഞ്ഞ ക്രിസ്തുവിനെ അക്ഷരംപ്രതി അനുസരിക്കാന്‍ സന്നദ്ധരായ ശിഷ്യന്മാരെ ഇവിടെ കാണാം. 23-ാം വാക്യത്തില്‍ ‘ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു’ എന്ന് സുവിശേഷകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ്ത്യാനികളായ നാമോരോരുത്തരും മാമ്മോദീസാജലം തലയില്‍ വീണ് വിശുദ്ധീകരിക്കപ്പെട്ട്, വേര്‍തിരിക്കപ്പെട്ട് പിതാവിന്റെ മക്കളെന്ന നിലയില്‍ ക്രിസ്തുവിനെ അനുഗമിക്കാന്‍ വിളിക്കപ്പെട്ടവരാണ്, നിയോഗിക്കപ്പെട്ടവരാണ്.

മുക്കുവരാണ് ശിഷ്യന്മാര്‍. കടലും കാലാവസ്ഥയും വ്യക്തമായി അറിയാവുന്നവര്‍. കാറ്റ് വീശിയാല്‍ തോണി എങ്ങനെ നിയന്ത്രിക്കണമെന്ന് അമരത്ത് കിടന്നുറങ്ങുന്ന ഗുരുവിനേക്കാള്‍ അറിവുള്ളവര്‍. പക്ഷേ, ഇവിടെ കാര്യങ്ങളെല്ലാം വിപരീതമായി സംഭവിക്കുകയാണ്. കാറ്റിലും കോളിലുംപെട്ട് ആടിയുലയുന്ന തോണിയെ നിയന്ത്രിക്കാന്‍ കഴിയാതെ ആ പന്ത്രണ്ടു ശിഷ്യന്മാരും പേടിച്ചുവിറയ്ക്കുന്ന അവസ്ഥ. തങ്ങളുടെ കൂടെ തോണിയില്‍ ശാന്തമായി കിടന്നുറങ്ങുന്ന ശക്തനായവനുള്ളപ്പോള്‍ ഭയം പൂണ്ടു നിലവിളിക്കുന്ന ശിഷ്യന്മാര്‍. ദൈവസാന്നിധ്യം കൂടെയുണ്ടായിട്ടും ഭയപ്പെടുന്ന ശിഷ്യന്മാര്‍ നമ്മോട് എന്തെക്കെയോ പറഞ്ഞുതരുന്നുണ്ട്. ശിഷ്യന്മാരുടെ വിളി കേട്ട കര്‍ത്താവ് അവരെ അഭിസംബോധന ചെയ്യുന്നത് ‘അല്‍പവിശ്വാസികളേ’ എന്നാണ്.

നമ്മുടെയെല്ലാം ജീവിതമാകുന്ന തോണിയുടെ അമരത്ത് ക്രിസ്തു ശാന്തമായി ഉറങ്ങുന്നുണ്ട് എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാവണം. എത്ര വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നാലും ജീവിതത്തില്‍ പരാജയമടഞ്ഞ് എല്ലാം അവസാനിച്ചു എന്ന അവസ്ഥ സംജാതമായാല്‍പോലും എല്ലാം കാണുന്ന, അറിയുന്ന കര്‍ത്താവ് കൂടെയുണ്ട് എന്ന വിശ്വാസമുണ്ടെങ്കില്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ല, തകരില്ല, തളരില്ല. അവനെ വിളിക്കുകയാണെങ്കില്‍ ജീവിതത്തില്‍ നാം അത്ഭുതങ്ങള്‍ കാണും.

ഒരു കാര്യം മാത്രമാണ് ക്രിസ്തു നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. അവനില്‍ പൂര്‍ണ്ണമായി വിശ്വസിക്കുക. നമ്മുടെ ജീവിതത്തിലെ വേദനകളും കുറവുകളും അവന്‍ കാണുന്നുണ്ട്, അറിയുന്നുണ്ട്. അവിടെയെല്ലാം ക്രിസ്തുവാണ് എന്റെ ജീവിതത്തിന്റെ നാഥന്‍ എന്ന നിലയില്‍ അവന് എല്ലാം സാധ്യമാണ്, അവനിലാണ് രക്ഷ എന്ന ഉറച്ച ബോദ്ധ്യത്തില്‍ വിശ്വസിച്ച് തളരാതെ ജീവിതനൗക മുമ്പോട്ടു നീക്കുക. അവന്‍ തീര്‍ച്ചയായും നമ്മെ രക്ഷിക്കും.

വചനത്തിന്റെ രണ്ടാം ഭാഗത്ത്, കര്‍ത്താവ് പിശാചുബാധിതനെ സുഖപ്പെടുത്തുന്ന രംഗമാണ്. 28-ാം വാക്യം പറയുന്നു: “ശവക്കല്ലറകളില്‍ നിന്നും ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി.” ശവക്കല്ലറ – ജീവനില്ലാത്തതിന്റെ പ്രതീകമാണ്. പിശാചുബാധിതന്‍ മരിച്ചവനെപ്പോലെയാണ്. ക്രിസ്തു കുരിശുമരണത്തിലൂടെ രക്തം ചിന്തി രക്ഷിക്കപ്പെട്ടവരായ നാം പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്ന് ദൈവികജീവന്‍ നഷ്ടപ്പെടുത്തി പിശാചുബാധിതന്റെ അവസ്ഥയിലേയ്ക്ക് അധഃപതിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പാപം ഒരു മരണമാണ്. ദൈവികജീവന്‍ അനുദിനം വളര്‍ന്ന് പുഷ്ടിപ്പെടേണ്ട നമ്മള്‍ ചെറുതും വലുതുമായ പാപപ്രവൃത്തികളിലൂടെ, സ്‌നേഹരഹിതമായ ജീവിതത്തിലൂടെ പാപത്തിനടിമയായി പിശാചുബാധിതനെപ്പോലെ മരിച്ചതിനു തുല്യമായി ജീവിക്കുന്നു.

ഹെബ്രായ ലേഖനം 13:8-ല്‍ നാം ഇപ്രകാരം വായിക്കുന്നു: “യേശുക്രിസ്തു അന്നും ഇന്നും ഒരേ ആള്‍ തന്നെ.” ഇന്നും അവന്‍ നമ്മുടെ മദ്ധ്യേ അത്ഭുതങ്ങള്‍ പെയ്യുന്ന ജീവനുള്ള ദൈവമായി വാഴുന്നു. രക്ഷിക്കാന്‍ സന്നദ്ധനായി ദൈവം ഇന്നും നമ്മോടു കൂടെയുണ്ട്. അവന്‍ കാല്‍വരിയുടെ നെറുകയില്‍ സ്വന്തം മാറു പിളര്‍ന്ന് ദിവ്യകാരുണ്യമായി നമ്മെ രക്ഷിച്ചു. വിശുദ്ധ കുര്‍ബാനയിലൂടെയും മറ്റു കൂദാശകളിലൂടെയും ഇന്നും തന്റെ രക്ഷണീയകൃത്യം അവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വി. പാദ്രേ പിയോ പറയുന്നു: “ദിവസേന നമ്മുടെ ജീവിതത്തില്‍ അനുഭവപ്പെടുന്ന ബലഹീനതകള്‍ക്ക് പരിഹാരമാണ് പരിശു ദ്ധ കുര്‍ബാന.” നിന്നിലെ ബലഹീനതകളും വിശ്വാസക്കുറവുമായി പരിശുദ്ധ കുര്‍ബാനയുടെ സന്നിധിയില്‍ വരാന്‍ തയ്യാറാകണം. മറ്റു കൂദാശകളും ഈ ഒരു ലക്ഷ്യപ്രാപ്തിക്ക് നമ്മെ സന്നദ്ധരാക്കുന്നു.

സഭാപിതാവായ വി. ആഗസ്തീനോസ് ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “ദൈവത്തോടൊപ്പം എന്നെന്നും ആയിരിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ഇടവിടാതെ നല്ലത് വായിക്കുകയും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.” വിശുദ്ധ ഗ്രന്ഥം നമ്മെ ഇതിനായി സഹായിക്കും. നമ്മുടെ പ്രതിസന്ധികളില്‍ വിശ്വാസം തണുത്തുപോകുന്ന വേളകളില്‍ വിശുദ്ധ ഗ്രന്ഥം കൈയ്യിലെടുക്കാം. അതിനുള്ള കൃപയ്ക്കായി ഈ വിശുദ്ധ ബലിയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം.

സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡീ. അരുണ്‍ കതംബയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.