ഞായര്‍ പ്രസംഗം, നോമ്പുകാലം അഞ്ചാം ഞായര്‍ മാര്‍ച്ച്‌ 14 യോഹ. 7: 37-39; 8: 12-20 മിശിഹാ ജീവജലവും പ്രകാശവും

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

വിശാലമായ ഒരു കോടതിമുറി നിങ്ങളുടെ സങ്കല്‍പത്തിലേയ്ക്ക് ഞാന്‍ കൊണ്ടുവരട്ടെ. കാഴ്ച്ചക്കാരാല്‍ തിങ്ങിനിറഞ്ഞിരിക്കുന്ന കോടതിമുറിയില്‍ വിധിയാളന്റെ കസേരയില്‍ പീലാത്തോസ്. പരാതിക്കാര്‍ യഹൂദര്‍. പരാതിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ ഒന്നല്ല അനേകം വക്കീലന്മാര്‍. യഹൂദനിയമത്തില്‍ അഗ്രഗണ്യരായ പ്രധാന പുരോഹിതന്മാര്‍. പ്രതിക്കൂട്ടില്‍ കുറ്റാരോപിതനായ ക്രിസ്തു. അവനുവേണ്ടി വാദിക്കാന്‍ ആരുമില്ല. അവന്‍, അവനുവേണ്ടിത്തന്നെ വാദിക്കുന്നു. താന്‍ ലോകത്തിന്റെ പ്രകാശമാണെന്നും നിത്യജീവന്‍ നല്‍കുന്ന ജലമാണെന്നും പിതാവിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ടവനാണെന്നും അവരെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ അവര്‍ അവനോട് ഇപ്രകാരം പറയുന്നു: “നീ, നിന്നെക്കുറിച്ചു തന്നെ സാക്ഷ്യം നല്‍കുന്നു. അതിനാല്‍ നിന്റെ സാക്ഷ്യം സത്യമല്ല.”

ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും യഹൂദരെ മോചിപ്പിച്ച് കാനാന്‍ ദേശത്തെത്തിച്ച് സകല സൗഭാഗ്യങ്ങളാലും അവരെ അനുഗ്രഹിച്ച ദൈവത്തെ, ഇസ്രായേല്‍ മറന്നപ്പോഴൊക്കെ പ്രവാചകന്മാരിലൂടെയും നേതാക്കന്മാരിലൂടെയും ദൈവം യഹൂദരോട് സംസാരിച്ചിരുന്നു. വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ച് പലപ്പോഴായി പ്രവാചകന്മാരിലൂടെ മുന്നറിയിപ്പുകളും വെളിപ്പെടുത്തലുകളും നല്‍കിയിട്ടും യഹൂദര്‍ ക്രിസ്തുവിനെ മനസ്സിലാക്കിയില്ല. ക്രിസ്തുവിന് മുന്നേ വന്ന സ്‌നാപകയോഹന്നാനും ക്രിസ്തുവിന് സാക്ഷ്യം നല്‍കി.എന്നിട്ടും അവര്‍ അവനെ മനസ്സിലാക്കിയില്ല. മാമ്മോദീസാവേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് അവന്റെമേല്‍ ഇറങ്ങിവന്നു. “ഇവന്‍ എന്റെ പ്രിയപുത്രന്‍” എന്ന് പിതാവു തന്നെ സാക്ഷ്യം നല്‍കിയിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. അവര്‍ വീണ്ടും ക്രിസ്തുവിനോട് ചോദിക്കുന്നു: “ആരാണ് നിനക്ക് സാക്ഷ്യമായുള്ളത്? നിനക്കുവേണ്ടി സാക്ഷ്യം പറയാന്‍ ആരാണ് നിനക്കുള്ളത്?”

വിശാലമായ കോടതിമുറിയില്‍ നിന്നും തന്നെ നോക്കി അട്ടഹസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന യഹൂദരുടെയും പ്രധാന പുരോഹിതരുടെയും മധ്യത്തില്‍ നിന്ന് അവന്‍ സാക്ഷികള്‍ക്കായുള്ള കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേയ്ക്കു നോക്കി. തനിക്കുവേണ്ടി സാക്ഷ്യം പറയുവാന്‍ അവിടെ ആരെങ്കിലുമുണ്ടോ? ഉറ്റവര്‍ ആരും തന്നെയില്ല; ഓശാന പാടി എതിരേറ്റവരില്ല; അത്ഭുതങ്ങള്‍ കണ്ട് കൂടെക്കൂടിയവരില്ല.

നോമ്പുകാലത്തിന്റെ അഞ്ചാം ഞായറാഴ്ച വിശുദ്ധ ബലിയ്ക്കായി അണഞ്ഞിരിക്കുന്ന നമുക്ക് ധ്യാനിക്കുവാനായി വി. യോഹന്നാന്റെ സുവിശേഷം തുറക്കപ്പെട്ടിരിക്കുമ്പോള്‍ ഈശോ അന്വേഷിക്കുന്നു: “ആരാണ് എനിക്കായി സാക്ഷ്യം നല്‍കുവാനുള്ളത്? കുരിശെടുത്ത് തന്റെ പാത പിന്തുടരാന്‍ ആരാണുള്ളത്? തന്നെ പ്രഘോഷിക്കാന്‍ തന്നെക്കുറിച്ച് ലോകത്തെ അറിയിക്കുവാന്‍ ആരാണുള്ളത്?” എന്ന് അവിടുന്ന് തിരയുന്നു. ക്രിസ്തുവിനുവേണ്ടി സധൈര്യം മുന്നിട്ടറങ്ങി വചനം പ്രഘോഷിച്ച് രക്തസാക്ഷികളായ അപ്പസ്‌തോലന്മാരായ വിശുദ്ധരെപ്പോലെ ഇന്നും അവനുവേണ്ടി ജീവിക്കാനും മരിക്കാനും അവന് സാക്ഷ്യമാകുവാനും ചങ്കുറപ്പുള്ളവരെ അവനു വേണം. അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചിട്ടും പ്രവാചക വെളിപ്പെടുത്തലുകളുണ്ടായിട്ടും വീണ്ടും വീണ്ടും അടയാളങ്ങളും തെളിവുകളും ലഭിക്കാനായി തിരക്കു കൂട്ടിയ യഹൂദജനത്തിനു മുന്നില്‍, താനാണ് ലോകത്തിന്റെ പ്രകാശം, താനാണ് ഭൂമിയുടെ ഉപ്പ്, താനാണ് നിത്യജീവന്‍ നല്‍കുന്ന ജലം എന്ന് അവര്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുവാന്‍ അതിലൂടെ അവരെ പിതാവിന്റെ സ്‌നേഹത്തിലേയ്ക്കും രക്ഷയിലേയ്ക്കും തിരികെ കൊണ്ടുവരാന്‍ അവിടുന്ന് ഒടുവില്‍ കുരിശ് ചുമന്നു; പീഡകളേറ്റു; മരണത്തിന് സ്വയം ഏല്‍പ്പിച്ചു കൊടുത്തു.

ക്രിസ്തു ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു അവന്റെ കുരിശ്. ക്രിസ്തുവാണ് രക്ഷകന്‍ എന്നുള്ളതിന് ഇനിയൊരുവനും സാക്ഷ്യം ചോദിക്കരുത്. ക്രിസ്തു നല്‍കുന്ന രക്ഷയ്ക്ക് – നിത്യജീവന് അവന്റെ കുരിശാണ് സാക്ഷ്യം. തന്റെ പീഡാനുഭവ മരണത്തിലൂടെ അവന്‍ തെളിയിക്കുകയായിരുന്നു സത്യങ്ങളൊക്കെയും. ഗത്സമെനില്‍ പാഞ്ഞടുത്ത ചെന്നായ്ക്കളുടെ പക്കല്‍ നിന്നും തന്റെ ആടുകളെ മുഴുവന്‍ രക്ഷിച്ച് സ്വയം കൊല്ലപ്പെടുവാനായി നിന്നുകൊടുത്ത് അവന്‍ നല്ല ഇടയനാണെന്നു തെളിയിച്ചു. പീഡാനുഭവവേളയിലുടനീളം രക്തവും വിയര്‍പ്പും വാര്‍ന്ന് അവന്‍ ലോകത്തിന്റെ ഉപ്പാണ് എന്ന് തെളിയിച്ചു. തന്റെ മരണവേളയില്‍ ഭൂമി മുഴുവന്‍ അന്ധകാരത്തിലാഴ്ന്നപ്പോള്‍ ലോകത്തിന്റെ പ്രകാശമാണ് അണഞ്ഞതെന്ന് ലോകം അറിഞ്ഞു. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് താനാണ് നിത്യജീവന്‍ എന്ന സത്യം ലോകത്തിന് അവന്‍ വെളിപ്പെടുത്തി.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ക്രിസ്തുവിന്റെ കുരിശാകുന്ന സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. അനുദിന ജീവിതത്തിലെ ദുരിതങ്ങളില്‍, ക്ലേശങ്ങളില്‍ ദുഃഖസങ്കടങ്ങള്‍ കുരിശിനോട് ചേര്‍ത്തുതറച്ച് രക്ഷയുടെ മാര്‍ഗ്ഗമായി അവയെ മാറ്റാന്‍ നമുക്ക് സാധിക്കട്ടെ. അനുദിന ജീവിതത്തിലൂടെ നമുക്ക് ക്രിസ്തുവിനു സാക്ഷ്യം നല്‍കാം. എന്റെ ജീവിതപങ്കാളി, മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍, അയല്‍ക്കാര്‍ ഞാനുമായി ഓരോ ദിനവും കണ്ടുമുട്ടുന്ന ഒരോ വ്യക്തിയിലേയ്ക്കും ക്രിസ്തുവിനെ പകരാന്‍ എനിക്ക് സാധിക്കട്ടെ. അവന്‍ നല്‍കുന്ന സഹനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് സഹനങ്ങള്‍ തരുന്നവരെ കുരിശോടു ചേര്‍ത്തുപ്രാര്‍ത്ഥിച്ച് അവരിലേയ്ക്കും ക്രിസ്തുവിനെ നമുക്ക് പകരാം. ഈ നോമ്പുകാലത്ത് കുരിശാകട്ടെ നമ്മുടെയും ലോകത്തിനു മുന്നിലെ ക്രിസ്തുസാക്ഷ്യം. ആമ്മേന്‍.

ബ്ര. ജിന്‍സ് പുതുശ്ശേരിക്കാലായില്‍ MCBS