ഞായര്‍ പ്രസംഗം, പള്ളിക്കൂദാശാക്കാലം ഒന്നാം ഞായര്‍ നവംബര്‍ 01 മത്തായി 16: 13-16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

വിശുദ്ധ മത്തായിയുടെ സുവിശേഷം 16-ാം അദ്ധ്യായം 13 മുതല്‍ 16 വരെയുള്ള തിരുവചനങ്ങളാണ് നമ്മള്‍ വായിച്ചുകേട്ടത്. പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും തുടര്‍ന്നുവരുന്ന സംഭവങ്ങളുമാണ് സുവിശേഷഭാഗം. താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നുള്ള ഈശോയുടെ ചോദ്യത്തിന്, ശിഷ്യരുടെ മറുപടി സ്‌നാപകയോഹന്നാന്‍, ഏലിയ, ജറെമിയ അല്ലെങ്കില്‍ പ്രവാചകരിലൊരുവന്‍ എന്നിങ്ങനെയായിരുന്നു. തുടര്‍ന്ന് പത്രോസിനോട് അതേ ചോദ്യം യേശു ചോദിക്കുമ്പോള്‍ പത്രോസ് പറഞ്ഞു: “നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ്.” മിശിഹായുടെ ദൈവത്വം പൂര്‍ണ്ണമനസ്സോടെ ഏറ്റുപറയുന്ന പത്രോസിനെ കര്‍ത്താവ് സഭയുടെ താക്കോല്‍ ഏല്‍പിക്കുകയാണ്. വിശ്വാസം ഏറ്റുപറയുന്ന പത്രോസിനോട്, സ്വര്‍ഗ്ഗസ്ഥനായ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിയത് എന്ന് ഈശോ പറയുമ്പോള്‍, വിശ്വാസം ദൈവികദാനമാണ് എന്ന് സുവിശേഷകന്‍ നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ട്. പകരുംതോറും വര്‍ദ്ധിക്കുന്ന ദൈവത്തിന്റെ അവര്‍ണ്ണനീയമായ ദാനം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നു: “പൊതുജനത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ദൈവസങ്കല്‍പം തന്റെ ശിഷ്യന്മാര്‍ക്കു വേണമെന്ന് ഈശോ ആഗ്രഹിച്ചിട്ടുണ്ടാവാം. അതാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞതിനുശേഷം അവിടുന്ന് ശിഷ്യന്മാരിലേയ്ക്ക് തിരിഞ്ഞത്. നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന് പത്രോസ് ഏറ്റുപറയുമ്പോള്‍, ഇസ്രായേല്‍ ജനം കാത്തിരുന്ന രക്ഷകനായ മിശിഹാ നീ ആണ് എന്ന് അയാള്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.”

ഈശോമിശിഹാ എനിക്ക് ആരാണെന്നുള്ള ഒരു ചോദ്യം ഓരോ ക്രിസ്ത്യാനിയും അവനവനോടു തന്നെ ചോദിക്കേണ്ടതാണ്. എല്ലാ ദൈവികസങ്കല്‍പങ്ങളെയും പോലെ ഒരു ദൈവം മാത്രമാണ് എനിക്ക് മിശിഹാ എങ്കില്‍ ക്രിസ്തുശിഷ്യന്റെ നിരയിലേയ്ക്ക് ഉയരാന്‍ നമ്മള്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഏകദൈവത്തിലുള്ള വിശ്വാസം സംരക്ഷിക്കേണ്ടവര്‍ അതിനു വിപരീതമായി വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ക്രിസ്തുശിഷ്യന്റെ നിരയില്‍ നിന്ന് നാം അകലുകയാണ്. സഭയുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്, മിശിഹായാണ് ഏകരക്ഷകന്‍ എന്ന് മനുഷ്യര്‍ക്ക് മുമ്പില്‍ നിവര്‍ന്നുനിന്ന് ധൈര്യമായി പറയാന്‍ എനിക്ക് മടിയുണ്ടെങ്കില്‍ ഞാന്‍ നസ്രായന്റെ ശിഷ്യഗണത്തില്‍ നിന്ന് അകലെയാണ്. വിശ്വാസം മുറുകെപ്പിടിക്കേണ്ട സന്ദര്‍ഭങ്ങളിലും വിശ്വാസം സംരക്ഷിക്കേണ്ട നേരത്തും വിശ്വാസത്തില്‍ മതേതരത്വം പറയുന്നവര്‍ അവന്റെ ശിഷ്യഗണത്തില്‍പ്പെടാന്‍ യോഗ്യരല്ല.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം വിരല്‍ചൂണ്ടുന്നത്, അതിനുശേഷം നടക്കാനിരിക്കുന്ന അവന്റെ സഹന-മരണോത്ഥാനങ്ങളിലേയ്ക്കാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നു: “പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ആസന്നമാകുന്ന പീഢാനുഭത്തിനു മുന്നേടിയാണ്.” മിശിഹായിലുള്ള വിശ്വാസം ഏറ്റുപറയുന്നവന്‍ കാണാമറയത്തുള്ള പീഡനങ്ങള്‍ മുന്നില്‍ കണ്ടുവേണം വിശ്വാസത്തിന് സാക്ഷിയാകാന്‍. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയവരൊക്കെ ജീവിതത്തില്‍ പീഡനങ്ങള്‍ നേരിട്ടവരാണ്. തലകീഴായി കുരിശില്‍ തറയ്ക്കപ്പെട്ടപ്പോഴും ക്രൂശിതനെ തള്ളിപ്പറയാതെ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുവാന്‍ പത്രോസിനെ പ്രേരിപ്പിച്ചത് ഈ ആഴമേറിയ വിശ്വാസമായിരുന്നു.

വിശ്വാസം ഏറ്റുപറയുന്നവരെ പീഡനങ്ങളുടെ ഒരു താഴ്‌വാരം കാത്തിരിപ്പുണ്ട്. വിശുദ്ധജനങ്ങള്‍ വിശ്വാസത്തിനുവേണ്ടി നിലകൊണ്ടപ്പോഴൊക്കെ സഹനങ്ങളായിരുന്നു പ്രതിഫലം. ആദിമക്രൈസ്തവര്‍ വിശ്വാസം ഏറ്റുപറഞ്ഞതുകൊണ്ടു മാത്രം രക്തസാക്ഷികളായവരാണ്. ISIS ഭീകരവാദികളാല്‍ കൊല്ലപ്പെടുന്നവരില്‍ പലരും വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ ജീവന്‍ വെടിഞ്ഞവരാണ്. വിശ്വാസത്തിന്റെ വളം സഹനമാണ്. സഹനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന സഭയ്ക്ക് അതിന്റെ വിശ്വാസം മുറുകെപ്പിടിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പീഡനങ്ങള്‍ സഹിക്കേണ്ടതായിവരും.

ഇനി ചിന്ത നമുക്കാണ്. ഞാന്‍ അറിഞ്ഞ വിശ്വാസം മുറുകെപ്പിടിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സഹനങ്ങളെ ഏറ്റെടുക്കുവാന്‍ ഞാന്‍ തയ്യാറാണോ?

ജീവിതത്തിലെ ഏത് പ്രതികൂല സാഹചര്യങ്ങളിലും ഈശോമിശിഹായാണ് ഏകരക്ഷകന്‍ എന്ന് പറയാന്‍ എനിക്ക് മനസ്സുണ്ടോ?

ആരാധനാവത്സരത്തിലെ പള്ളിക്കൂദാശാക്കാലത്തിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. സഭയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയും കുറിച്ച് ധ്യാനിക്കാന്‍ സഭാമാതാവ് നമ്മെ ക്ഷണിക്കുകയാണ്. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ട മിശിഹായുടെ സഭ നമുക്ക് ദൈവഭവനമാണ്. പത്രോസ് ഉദ്ഘോഷിച്ച് ഏറ്റുപറഞ്ഞ വിശ്വാസമാണ് സഭയുടെ ഉറപ്പാര്‍ന്ന അടിത്തറ. ആ വിശ്വാസപ്രഖ്യാപനത്തിന്റെ ആന്തരികത ധ്യാനിക്കുവാനും വിശ്വാസത്തിനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കുവാനും ഏത് പ്രതികൂല സാഹചര്യത്തിലും വിശ്വാസത്തിനുവേണ്ടി നിലകൊള്ളുവാനും സഭ നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ഏറ്റുപറയുന്നവന്റെ കാണാമറയത്ത് പതിയിരിക്കുന്ന പീഡകള്‍ കുരിശിലേയ്ക്ക്, ക്രൂശിതനിലേയ്ക്ക് നമ്മെ അടുപ്പിക്കട്ടെ.

തലമുറകള്‍ കാത്തുസൂക്ഷിച്ച വിശ്വാസം ഇനി എന്നിലൂടെ ലോകം അറിയട്ടെ. ഈശോമിശിഹായാണ് ഏകരക്ഷകന്‍ എന്ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിച്ചുകൊണ്ട് മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടു വരുന്ന തലമുറയ്ക്ക് വിശ്വാസത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നമുക്ക് പള്ളിക്കൂദാശാക്കാലത്തിലേയ്ക്ക് പ്രവേശിക്കാം. കാരുണ്യവാനായ മിശിഹാ നമ്മെ സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ഫാ. ലിന്‍സ് തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.