ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായര്‍ സെപ്റ്റംബര്‍ 20 മത്തായി 17: 14-21 വിശ്വസിക്കുന്നവന് സര്‍വ്വതും സാധ്യം

ബ്ര. ജോഷി കണ്ണമ്പുഴ

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ, മിശിഹായുടെ പുനരാഗമനത്തെയും അന്ത്യവിധിയെയും ധ്യാനിച്ചുകൊണ്ട് ജീവിതത്തെ ക്രമീകരിക്കാന്‍ സഭ തന്റെ മക്കളെ ഉദ്‌ബോധിപ്പിക്കുന്ന കാലമാണ് ഏലിയാ സ്ലീവാ മൂശാക്കാലങ്ങള്‍. ഇവിടെ പ്രായശ്ചിത്തപ്രവൃത്തികളിലൂടെ ജീവിതത്തെ വിശുദ്ധീകരിക്കാനും അങ്ങനെ അന്ത്യവിധിക്ക് ഒരുങ്ങാനും സഭ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഈശോയുടെ രൂപാന്തരീകരണത്തിനുശേഷം തന്റെ മൂന്ന് അപ്പസ്‌തോലന്മാരോടു കൂടെ താഴ്‌വരയിലേയ്ക്ക് ഇറങ്ങിവരുമ്പോള്‍ അപസ്മാര രോഗിയായ ഒരു ബാലനെ സുഖപ്പെടുത്താന്‍ സാധിക്കാത്ത ശിഷ്യരുടെ അല്‍പവിശ്വാസത്തെ ശാസിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തില്‍ നാം വായിച്ചുകേട്ടത്. സമാന്തരസുവിശേഷങ്ങള്‍ മൂന്നിലും ഒരുപോലെ ഈ സംഭവം വിവരിച്ചിരിക്കുന്നു.

വി. മത്തായി 10:8-ല്‍, ഈശോ തന്റെ ശിഷ്യന്മാര്‍ക്ക് പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതിന് അധികാരം നല്‍കുന്നതായി കാണുന്നുണ്ട്. പക്ഷേ, ഈ അധികാരത്തെ വിനിയോഗിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ശിഷ്യന്മാരെയാണ് നാം കാണുക. തങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇതിന് കഴിയാതെ പോയത് എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന്, ‘നിങ്ങളുടെ അല്‍പവിശ്വാസമാണ് ഇതിനു കാരണമെന്നാണ്’ ഈശോ പറയുന്നത്.

ഇവിടെ അല്‍പവിശ്വാസം എന്നത് വിശ്വാസം തീര്‍ത്തുമില്ലാത്ത അവസ്ഥയല്ല. മറിച്ച്, ബലഹീനമായ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. എങ്കിലും അല്‍പവിശ്വാസം വിശ്വാസമില്ലായ്മയുടെ ഫലം തന്നെയാണ് ഇവിടെ കൊണ്ടുവരുന്നത്. നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോട് കല്‍പിച്ചാല്‍ അവ മാറിപ്പോകുമെന്ന് ഈശോ പറയുന്നുണ്ട്. അതിന്റെ പൊരുള്‍ ഇതാണ്. ഏതു മണ്ണിലും പൊട്ടി തഴച്ചുവളര്‍ന്ന് ഫലം പുറപ്പെടുവിക്കുന്ന വിത്താണ് കടുകുമണി. വിശ്വാസവും അതുപോലെ തന്നെയാണ്. ദൈവത്തെയും ദൈവശക്തിയെയും കേന്ദ്രീകരിച്ചു ജീവിക്കുന്ന ഒരുവനിലുള്ള വിശ്വാസം അത് ഏത് അവസ്ഥയിലും ഫലം ചൂടുന്നു. എന്നാല്‍, ദൈവത്തെയോ അവിടുത്തെ ശക്തിയെയോ വിശ്വസിക്കാത്തവനിലും അവിടുത്തെ ആശ്രയിക്കാത്തവനിലും ദൈവം ചെയ്യാനിരിക്കുന്ന കാര്യം പോലും സംഭവിക്കാതെ വരുന്നു.

നിയമാ. 9:3-ല്‍ ഇസ്രായേല്‍ ജനങ്ങളോട് ദൈവം അരുളിചെയ്യുന്നുണ്ട്: “നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്നിയായി നിങ്ങളുടെ മുമ്പില്‍ പോകുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.” അതായത്, പൂര്‍വ്വപിതാവായ അബ്രാഹത്തോട് വാഗ്ദാനം ചെയ്ത ഭൂമിയിലേയ്ക്ക് തങ്ങളെ നയിക്കുന്നതും തങ്ങളുടെ യാത്രയില്‍ വന്നുചേരുന്ന പ്രതിസന്ധികളെല്ലാം മാറ്റിക്കളഞ്ഞ് തങ്ങളെ സംരക്ഷിക്കുന്നതും ദൈവമാണെന്ന് വിശ്വസിക്കാന്‍ പലപ്പോഴും ഇസ്രായേല്‍ ജനത്തിന് കഴിയാതെ പോയി. ചില സമയങ്ങളിലെ പ്രതിസന്ധികള്‍ വരുന്നത് സര്‍വ്വശക്തനായ ദൈവത്തില്‍ ആശ്രയിക്കാനും അവിടുന്നിലുള്ള വിശ്വാസം ആഴപ്പെടുത്താനുമുള്ള സമയമാണെന്നുള്ളതും അവര്‍ വിസ്മരിച്ചു കളഞ്ഞു.

യേശുവിലുള്ള വിശ്വാസമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനവും ശക്തിയും. ചിലപ്പോഴൊക്കെ മല പോലുള്ള പ്രതിബന്ധങ്ങള്‍ വഴിമുടക്കികളായി ജീവിതയാത്രയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നാമെല്ലാം പതറിപ്പോകാറുണ്ട്. കാരണം, വിശ്വാസത്തില്‍ നാം ആഴപ്പെട്ടിട്ടില്ല എന്നുള്ളതു തന്നെ. ഏശയ്യാ 26:4-ല്‍ പറയുന്നു: “അങ്ങ് പാവപ്പെട്ടവര്‍ക്ക് കോട്ടയും ദരിദ്രന്റെ കഷ്ടതകളില്‍ അവന് ഉറപ്പുള്ള അഭയവുമാണ്.” എവിടെയെല്ലാം സഹായം ആവശ്യമുണ്ടോ, എവിടെയെല്ലാം ബുദ്ധിമുട്ടുകളുണ്ടോ അവിടെയെല്ലാം സഹായകനായി കടന്നുവരാന്‍ തയ്യാറായി നില്‍ക്കുന്നവനാണ് നമ്മുടെ ദൈവം. ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്: “നമ്മുടെ ജീവിതത്തില്‍ സഹായമായിട്ട് ഒരിക്കലും നേരത്തെ വരുന്നവനല്ല ദൈവം. അവനൊരിക്കലും നേരം വൈകിയും വരില്ല. പിന്നെയോ, നമ്മുടെ ജീവിതത്തിന്റെ ആവശ്യങ്ങളില്‍ തക്കസമയത്ത് ഇടപെടുന്നവനാണ് അവിടുന്ന്.” ഇത് നമ്മള്‍ വിശ്വസിക്കണം. ഹെബ്രാ. 11:4-ല്‍ കാണുന്നു “വിശ്വാസം മൂലം ആബേല്‍, കയേനെക്കാള്‍ ശ്രേഷ്ഠമായ ബലി ദൈവത്തിനര്‍പ്പിച്ചു. അതിനാല്‍ അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു.” ഈ വിശ്വസത്തെ പൗലോസ് ശ്ലീഹാ ഏറ്റുപറയുന്നത് ഇങ്ങനെയാണ്: “എനിക്ക് നിയമത്തില്‍ നിന്നുള്ള നീതിയല്ല ഉള്ളത്. പിന്നെയോ, ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്ന നീതിയാണ്” (ഫിലി. 3:9). കര്‍ത്താവിലുള്ള ഉറച്ച വിശ്വാസമാണ് അനുഗ്രഹത്തിന് നമ്മെ അര്‍ഹരാക്കി മാറ്റുന്നത്. ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കും.

തെരുവില്‍ അലഞ്ഞുനടക്കുന്ന, ആകാശപ്പറവകളുടെ കൂട്ടുകാരനായ ജോര്‍ജ്ജ് കുറ്റിക്കലച്ചന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്. ഒരു ദിവസം അടുക്കളയില്‍ ജോലി ചെയ്യുന്ന ചേട്ടന്‍ ഓടിവന്ന് പറഞ്ഞു: “അച്ചാ, അരി തീര്‍ന്നുപോയി. കുറച്ച് അരി വാങ്ങിക്കണം” (അന്ന് അച്ചന്റെ കയ്യില്‍ ഒരു പൈസ പോലും ഉണ്ടായിരുന്നില്ല).

ഈ ചേട്ടന്‍ അരിയിടാനുള്ള വെള്ളം തിളച്ച് കഴിഞ്ഞ് അരിയെടുക്കാന്‍ ചെന്നപ്പോഴാണ് അരിയില്ലെന്നുള്ള കാര്യം അറിഞ്ഞത്. ഒരു നേരത്തെ ഭക്ഷണത്തിന് അന്ന് 25 കിലോ അരി വേണമായിരുന്നു. 6 കിലോ അരി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അയാള്‍ സങ്കടപ്പെട്ട് കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു: “മോന്‍ അവിടെയുള്ള അരിയെടുത്ത് പ്രാര്‍ത്ഥിച്ച് പാത്രത്തിലിട്ടോ, ബാക്കി കാര്യം കര്‍ത്താവ് നോക്കിക്കൊള്ളും.”

അയാള്‍ അടുക്കളയില്‍ ചെന്ന് അച്ചന്‍ പറഞ്ഞതു പോലെ ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് ആ ചേട്ടന്‍ ഓടിവന്നു പറഞ്ഞു: “അച്ചാ അത്ഭുതം നടക്കുന്നത് കാണണമെങ്കില്‍ വാ… കാരണം, വെറും 6 കിലോ അരി, 25 കിലോ അരിയിടാവുന്ന ചെമ്പില്‍ വെന്ത് നിറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. മാത്രവുമല്ല, ഒരു ചെമ്പ് ചോറ് കോരി മാറ്റിയിട്ടും മറ്റൊരു നേരത്തേയ്ക്കും കൂടിയുള്ള ചോറ് അതില്‍ നിറഞ്ഞുവരികയും ചെയ്തു.”

പ്രിയമുള്ള സഹോദരങ്ങളേ, യഥാര്‍ത്ഥ വിശ്വാസം എന്നത് ദൈവത്തിലുള്ള ആശ്രയത്വത്തിലാണ് അടങ്ങിയിരിക്കുന്നത്. അവിടെയാണ് ദൈവം അത്ഭുതം പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും നമ്മുടെ വിശ്വാസം ദൈവത്തില്‍ ആശ്രയിക്കാതെ അല്‍പവിശ്വാസത്തിന്റെ തലത്തിലേയ്ക്ക് മാറിപ്പോകാറുണ്ട്. ഈ അവസ്ഥയില്‍ നിന്ന് ആഴമേറിയ വിശ്വാസത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് ദൈവം പ്രതീക്ഷിക്കുക. അപ്പോള്‍ ലോകം അത്ഭുതമെന്നു പറയുന്ന പല കാര്യങ്ങളും നമ്മിലൂടെ ദൈവം പ്രവര്‍ത്തിക്കും. യോഹ 14:2-ല്‍ ഈശോ പറയുന്നുണ്ട്: “എന്നില്‍ വിശ്വസിക്കുന്ന ഏവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും.” അങ്ങനെ ദൈവത്തില്‍ വിശ്വസിക്കുന്നവരായി മാറാം. അതിനായി ഈശോ നമ്മെ ഓരോരുത്തരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജോഷി കണ്ണമ്പുഴ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.