ഞായര്‍ പ്രസംഗം ശ്ലീഹാക്കാലം അഞ്ചാം ഞായര്‍ ജൂണ്‍ 20 ലൂക്കാ 12: 16-34 ദൈവപരിപാലനയില്‍ ആശ്രയിക്കുക

ഈശോയുടെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും ഉപമകള്‍ക്ക് നല്ലൊരു സ്ഥാനമുണ്ട്. ദൈവികരഹസ്യങ്ങളെക്കുറിച്ചും ദൈവികരാജ്യത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അനുദിന സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും മനസ്സിലാക്കിത്തരുവാന്‍ ഈശോ ഉപമകളെയാണ് കൂട്ടുപിടിച്ചത്.

ഇന്ന് നാം വായിച്ചുകേട്ട സുവിശേഷത്തിന് പിന്‍ബലമായി നില്‍ക്കുന്നതും ഇത്തരമൊരു ഉപമായിരുന്നു. ദൈവത്തിന്റെ പരിപാലനയിലും സ്‌നേഹത്തിലും വിശ്വസിക്കാതെ സ്വന്തം കഴിവിലും നേട്ടത്തിലും മതിമറന്ന് അഹങ്കാരത്തോടെ ജീവിതം ക്രമപ്പെടുത്താനാഗ്രഹിച്ച ഭോഷനായ ധനികന്റെ ഉപമ. അപ്രതീക്ഷിതമായി തന്റെ കൃഷിസ്ഥലം സമൃദ്ധമായി വിളവ് നല്‍കിയപ്പോള്‍ അതില്‍ ദൈവകരം ദര്‍ശിക്കാനാവാതെ സ്വന്തം കഴിവിലും ശക്തിയിലും മതിമറന്നങ്ങനെയിരിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ നിന്നും ദൈവസ്വരം ഇപ്രകാരം മന്ത്രിച്ചു: “ഭോഷനായ മനുഷ്യാ, ഈ രാത്രി നിന്റെ ജീവന്‍ നിന്നില്‍ നിന്നാവശ്യപ്പെട്ടാല്‍ നീ ഒരുക്കിവച്ചിരിക്കുന്ന ഈ സമ്പാദ്യങ്ങളത്രയും ആരുടേതാകും?” ലൗകികസമ്പത്തിന്റെ സമൃദ്ധിയില്‍ മതിമറന്ന ആ മനുഷ്യന്റെ ആഹ്ലാദം അവസാനിക്കുവാന്‍ ഒരുപാട് സമയം വേണ്ടിയിരുന്നില്ല.

ഇന്ത്യയിലെ എക്കാലത്തെയും വലിയ കോര്‍പ്പറേറ്റ് മുതലാളിയും അതിസമ്പന്നനുമായ മനുഷ്യനായിരുന്നു ഇന്ന് നാം കാണുന്ന റിലയന്‍സ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ ധീരുഭായ് അംബാനി. അദ്ദേഹം തന്റെ അന്ത്യനിമിഷങ്ങളിലൂടെ കടന്നുപോവുകയാണ്. മാരകമായ രോഗം അദ്ദേഹത്തെ ബാധിച്ചിരിക്കുന്നു. യൂറോപ്പില്‍ നിന്നും 10 ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ സുഖപ്പെടുത്താനും ആയുസ് അല്‍പം കൂടി നീട്ടിയെടുക്കാനും വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ്. പക്ഷേ, ബന്ധുക്കളും വേണ്ടപ്പെട്ടവരും വൈദ്യശാസ്ത്രവുമൊക്കെ നോക്കിനില്‍ക്കെ ആ അതിസമ്പന്നനായ മനുഷ്യന്‍ മിഴിയടച്ച് ആരോടും ഒന്നും ഉരിയാടാതെ തന്റെ സാമ്രാജ്യങ്ങള്‍ കൈവിട്ട് മടങ്ങിപ്പോവുകയാണ്.

“വീണ്ടും അവിടുന്ന് ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, എന്തു ഭക്ഷിക്കും എന്ന് ജീവനെപ്പറ്റിയോ, എന്ത് ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകുന്നതു കൊണ്ട് ആയുസ്സിന്റെ ദൈര്‍ഘ്യം ഒരുമുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കും സാധിക്കും” (ലൂക്കാ 12:22-25). മുമ്പ് നാം കണ്ട ഭോഷനായ ധനികന്റെ ഉപമയില്‍ ദൈവം ആ മനുഷ്യന്റെ ആത്മാവിനോട് ചോദിച്ച ചോദ്യം വിവരിച്ച ശേഷം ഉത്തരത്തിനു കാത്തുനില്‍ക്കാതെ നമ്മോട് പറഞ്ഞുതരുന്ന മനോഹരമായ പാഠമാണ് ‘ഉത്കണ്ഠാകുലരാവേണ്ട’ ഭക്ഷണത്തെപ്പറ്റിയോ, വസ്ത്രത്തെപ്പറ്റിയോ, ജീവനെപ്പറ്റിയോ ഒന്നും ഉത്കണ്ഠ വേണ്ട എന്നത്. കാരണം, ഒരു വീട്ടില്‍ തന്റെ മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റുന്ന ഒരു അപ്പനെയും അമ്മയെയും പോലെ സ്വര്‍ഗ്ഗസ്ഥനായ പിതാവും അവിടുത്തെ മക്കളായ നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റി തരുന്നതില്‍ സദാ തല്പരനാണ് എന്ന സത്യമാണ് ഈശോ ഇവിടെ നമ്മോട് പങ്കുവയ്ക്കുന്നത്.

കൂടുതല്‍ വ്യക്തമാക്കി തരുവാനായി പ്രകൃതിയില്‍ നിന്നും നമുക്ക് ഏറെ സുപരിചിതമായ കാഴ്ചകള്‍ എടുത്തുവയ്ക്കുന്നു. അതെ, ഇത്തവണ ഈശോയുടെ പഠനത്തിന് ഉപാധിയായിത്തീര്‍ന്നത് ആകാശത്തിലെ പക്ഷികളും വയലിലെ പൂക്കളുമാണ്. ആകാശത്തിലെ പക്ഷികളെ ചൂണ്ടിക്കാട്ടി അവിടുന്ന് പറയുന്നു. ശ്രമകരമായ രീതിയില്‍ അദ്ധ്വാനിക്കുകയോ ഭാവിയെക്കുറിച്ച് ചിന്തിച്ച് ക്ലേശിക്കുകയോ ചെയ്യാത്ത ഈ പക്ഷികള്‍ അനുദിനജീവിതത്തില്‍ ഒന്നിനും കുറവില്ലാത്തവിധം പരിപാലിക്കപ്പെടുന്നു. ഇനി, വയലിലെ പൂക്കളാവട്ടെ സ്വയം ഉടുത്തൊരുങ്ങുവാന്‍ വസ്ത്രങ്ങളോ, ശരീരത്തെ മനോഹരമാക്കുവാന്‍ കോസ്റ്റ്യൂംസോ ഒന്നും ഉപയോഗിക്കാതെ തന്നെ മഹത്വപ്രതാപവാനും സൗന്ദര്യത്തിനും പ്രശസ്തിക്കും പേരുകേട്ടവനുമായ സോളമന്‍ രാജാവിനേക്കാള്‍ അവ അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പഠിപ്പിക്കുന്നു. ഈശോ തുടര്‍ന്നു പറയുന്ന വചനം ശ്രദ്ധേയമാണ്. “ഇന്നുള്ളതും നാളെ തീയിലെറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍ അല്‍പവിശ്വാസികളെ, നിങ്ങളെ അത്രയധികം അണിയിക്കുകയില്ലേ. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍, ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും” (12:28-31).

നമ്മുടെ ജീവിതത്തിന്റെ ആരംഭനാളുകളിലേക്ക് നമ്മുടെ ഓര്‍മ്മകളെ ഒന്നു കൊണ്ടുപോകാം. കുഞ്ഞുങ്ങളായിരുന്നപ്പോള്‍ നമ്മുടെ അപ്പന്റെയും അമ്മയുടെയും സംരക്ഷണയില്‍ കഴിഞ്ഞിരുന്ന നാളുകള്‍ എത്ര മനോഹരമായിരുന്നു. അപ്പനും അമ്മയും സഹോദരങ്ങളും കൂടെയുണ്ടെങ്കില്‍ എവിടെയായിരുന്നാലും ആരൊക്കെ നമ്മെ ഭയപ്പെടുത്തിയാലും എവിടെ പോകുവാനും നമുക്ക് ഭയമില്ല. പിന്നീട് ബാല്യകാലവും പിന്നിട്ട് വളരുന്തോറും മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് പതിപ്പതിയെ അകലാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ യൗവനത്തിന്റെ ചോരത്തിളപ്പില്‍ ഞാന്‍ എന്റെ സ്വന്തം ശക്തിയെ പ്രദര്‍ശിപ്പിക്കുവാനും ആ ശക്തിയില്‍ അഹങ്കരിക്കുവാനും ആരംഭിച്ചു. ഇപ്രകാരം സ്വന്തം ശക്തിയില്‍ ആശ്രയിക്കുവാന്‍ പ്രാപ്തരായപ്പോള്‍ മുതല്‍ അതുവരെ സ്‌നേഹിച്ചും ശാസിച്ചും ത്യാഗങ്ങള്‍ സഹിച്ചും തോളിലേറ്റി വളര്‍ത്തിയ മാതാപിതാക്കളെ അവഗണിച്ച് അവരെ നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന അവസ്ഥയെ ഇന്ന് ദൈവപരിപാലനയില്‍ ആശ്രയിക്കാത്ത മനുഷ്യന്റെ ജീവിതത്തോട് ഉപമിക്കാം എന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു.

ഒരു നിമിഷം നമ്മുടെ ജീവിതത്തെ ഒന്നു വിശകലനം ചെയ്തുനോക്കാം. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് നാം അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ടോ? എന്റെ ജീവിതത്തിന്റെ നിസ്സഹായാവസ്ഥകളില്‍ എനിക്ക് എത്രമാത്രം സ്‌നേഹമായിരുന്നു എന്റെ ദൈവത്തോട്? സഹായിക്കാന്‍ ആരുമില്ലാതിരുന്ന അവസ്ഥകളില്‍ ദൈവതിരുമുമ്പില്‍ ഞാന്‍ താഴ്മയോടെ കരങ്ങളുയര്‍ത്തി. എന്നാല്‍ ഇന്ന് എനിക്ക് എല്ലാ വിധത്തിലും എല്ലാവരുടേയും മുമ്പില്‍ അഭിമാനത്തോടെ തലയുര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നു. അതിന്റെ കാരണം എനിക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരിത്തന്ന എന്റെ ദൈവമാണെന്ന് ഉറച്ച വിശ്വാസത്തോടെ ഏറ്റുപറയുവാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കുന്നുണ്ടോ?

അതെ. രണ്ട് കാര്യങ്ങള്‍ ഇന്നിന്റെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി ദൈവത്തിന്റെ മുമ്പില്‍ ഏറെ വിലയുള്ളവരാണ് നാമോരോരുത്തരും (12:24). പക്ഷികളേക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍ – സ്വന്തം വിലയെപ്പറ്റിയുള്ള അവബോധം ഒരാളെ ഏറെ ശക്തനാക്കും. അതിനാല്‍ സ്വന്തം വില തിരിച്ചറിയുക. അപ്പോള്‍ ഭയം അകലും ആകുലതകള്‍ കുറയും ശരീരത്തിനും മനസിനും ബലം വര്‍ദ്ധിക്കും.

രണ്ടാമതായി വചനം നല്‍കുന്ന പാഠം എന്തിലാണ് നമ്മുടെ വില അടങ്ങിയിരിക്കുന്നത് എന്നതിലാണ്. അത് മറ്റൊന്നിലുമല്ല, ദൈവം നമ്മുടെ പിതാവാണ് എന്നതിലാണ്. ദൈവത്തിന്റെ മക്കളെന്ന നിലയില്‍ ദൈവരാജ്യത്തിന്റെ അവകാശികളെന്ന നിലയില്‍ അരൂപിയാല്‍ നയിക്കപ്പെടുന്ന ശക്തനായ ഒരു പിതാവ് എനിക്കുണ്ടെന്ന വിശ്വാസത്താല്‍ കരുത്തുറ്റ ഒരു മുന്നേറ്റമാണ് ദൈവം നാം ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്നത്. അവിടെ എന്റെ സ്വകാര്യ സമ്പാദ്യത്തിനോ, സ്വന്തം നേട്ടങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ല. ഞാന്‍ ആശ്രയമില്ലാത്തവനാണ്, സ്വന്തമായി ഒന്നുമില്ലാത്തവനാണ് എന്ന വ്യര്‍ത്ഥമായ നഷ്ടബോധത്തിന് സ്ഥാനമില്ല.

തലയില്‍ ചുമടുമായി നടന്നുപോകുന്ന ഒരു കുട്ടിയോട് ഒരാള്‍ ചോദിച്ചു: “ഇത്രയും ഭാരം ചുമക്കാന്‍ കുട്ടിക്കു കഴിയുമോ? അല്‍പം ഭാരം കുറച്ചു തരാന്‍ പറയൂ.” കുട്ടി മറുപടി പറഞ്ഞു: “ഇത് എന്റെ തലയില്‍ വച്ചുതന്നത് എന്റെ അപ്പനാണ്. എനിക്ക് എത്ര ഭാരം ചുമക്കാന്‍ പറ്റുമെന്ന് അപ്പന് നന്നായറിയാം. അതില്‍ കൂടുതല്‍ ഒരിക്കലും അപ്പന്‍ എനിക്ക് തരില്ല.” നമ്മുടെ ദുഃഖദുരിതങ്ങളില്‍ വേദനകളിലും പ്രതിസന്ധിഘട്ടങ്ങളിലും ഇങ്ങനെയുള്ള ചിന്തകള്‍ വച്ചുപുലര്‍ത്താന്‍ സാധിച്ചാല്‍ നാം വിജയിച്ചു.

പിതാവില്‍ വിശ്വസിച്ച്, പിതാവ് തനിക്കുവേണ്ടി ഒരുക്കിയതെല്ലാം സന്തോഷത്തോടെ സ്വീകരിച്ച ഈശോയുടെ ജീവിതം നമുക്ക് ഒരു ഉത്തമ മാതൃകയാണ്. ഈശോ തനിക്ക് പിറക്കാന്‍ ഇടവും താമസിക്കാന്‍ വീടും മരിക്കാന്‍ കിടക്കയും സംസ്‌കരിക്കപ്പെടാന്‍ കല്ലറയും അന്വേഷിച്ചില്ല. എങ്കിലും അവിടുത്തേയ്ക്ക് പിറക്കാന്‍ കാലിത്തൊഴുത്തും താമസിക്കാന്‍ നസ്രേത്തിലെ കുടിലും മരിക്കാന്‍ ശത്രുക്കളുടെ കുരിശും സംസ്‌കരിക്കപ്പെടാന്‍ അന്യന്റെ കല്ലറയും ദൈവം ഒരുക്കി. പൂര്‍വ്വപിതാവായ അബ്രഹാമിനോട് സ്വന്തമായുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് താന്‍ കാണിച്ചുതരുന്ന നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പറഞ്ഞപ്പോള്‍ ദൈവസ്വരത്തിന് കാതോര്‍ത്ത് ഇറങ്ങിത്തിരിച്ച അബ്രഹാമിനെ ദൈവം അനന്തമായി കാത്തുപരിപാലിച്ചില്ലേ. ഈ മരമണ്ടന് ദൈവശാസ്ത്രം പഠിക്കാനോ വൈദികനാകാനോ സാധിക്കയില്ലെന്ന് അധികാരികള്‍ വിധിയെഴുതിയിട്ടും ദൈവപരിപാലനയില്‍ ആശ്രയിച്ച ജോണ്‍ വിയാനിയെ ഈശോ തന്റെ പൗരോഹിത്യപദവയില്‍ പങ്കുചേര്‍ത്തു.

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താം. ഇപ്രകാരം വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം നമ്മെയും സഹായിക്കും. ജീവിതം സുഖസമൃദ്ധിയില്‍ നിറയുമ്പോഴും ദുഃഖത്തിന്റെയും വേദനയുടെയും നേരത്തും കാരുണ്യവാനായ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും എന്ന ഉത്തമ ബോധ്യത്തില്‍ വളരുവാന്‍ നല്ലദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

“അനുനിമിഷം എന്നെ പിന്തുടര്‍ന്നിരുന്ന ദുഃഖങ്ങളുടെ വികൃതമായ കരിനിഴല്‍ എന്നെ രക്ഷിക്കുവാന്‍ ദൈവം ഉയര്‍ത്തിയ കരങ്ങളായിരുന്നു” – വി. ഫ്രാന്‍സീസ് തോംസണ്‍

ബ്ര. സുരേഷ് പട്ടേട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.