ഞായര്‍ പ്രസംഗം 2 ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ജൂണ്‍ 16 പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍

ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്, ‘വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്; എന്നാല്‍, അവ ഉള്‍ക്കൊള്ളുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല’ എന്ന യേശുവചനത്തോടയാണ്.

തന്റെ അന്ത്യത്താഴ സമയത്ത് വി. കുര്‍ബാന സ്ഥാപിച്ചതിനുശേഷം ഈശോ ശിഷ്യന്മാരോട് പറയുന്ന വാക്യങ്ങളില്‍ ഉള്‍പ്പെടുന്ന ഈ ഭാഗത്തിന്റെ ഏറ്റവും അടുത്ത പശ്ചാത്തലം യോഹന്നാന്റെ സുവിശേഷം 16-ാം അദ്ധ്യായം മുതലുള്ള വാക്യങ്ങളിലാണ് കാണുക, ത്രീത്വൈക ദൈവത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ് ഈ വചനങ്ങളിലൂടെ നാം കേള്‍ക്കുന്നത്. തന്നെ അയച്ച തന്റെ പിതാവിന്റെ പക്കലേയ്ക്ക് തിരികെ പോവുകയാണ് താനെന്ന് യേശു ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു. ശിഷ്യന്മാരുടെ നന്മയ്ക്കു വേണ്ടിയാണ് യേശു പിതാവിന്റെ പക്കലേയ്ക്ക് പോകുന്നത്. കാരണം, പിതാവിന്റെ പക്കലേയ്ക്ക് പോയിക്കഴിയുമ്പോള്‍ സഹായകനായ പരിശുദ്ധാത്മാവ് ശിഷ്യരുടെ അടുത്തേയ്ക്ക് വരും. പരിശുദ്ധ ത്രിത്വത്തിലെ വ്യക്തികളായ പിതാവിനെക്കുറിച്ചും പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും പറഞ്ഞതിനുശേഷമാണ് ഈശോ പറയുന്നത്, ഇത് ഉള്‍ക്കൊള്ളുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല എന്ന്. തിരുസഭയിലെ ആദ്യത്തെ സൂനഹദോസുകളായ നിഖ്യായിലെയും കോണ്‍സ്റ്റാന്റിനോപ്പിളിലെയും സൂനഹദോസ് രൂപീകരിച്ച വിശ്വാസപ്രഖ്യാപനം ആരംഭിക്കുന്നത് സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ആദിമസഭയുടെ അടിസ്ഥാനമായിരുന്ന ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം ഈ സൂനഹദോസുകള്‍ അടിവരയിട്ട് ആവര്‍ത്തിക്കുന്നു.

ത്രിത്വൈക രഹസ്യത്തിന്റെ, മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ‘എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയുകയില്ല’ എന്ന് സൂചിപ്പിക്കു ന്നതിന് സുവിശേഷകന്‍ ഉപയോഗിക്കുന്ന പദം. ബസ്താക്‌സൊ (Bastakso) എന്ന ഗ്രീക്ക് പദമാണത്. കഠിനമായ, ബുദ്ധിമുട്ടേറിയ, ഭാരം വഹിക്കുക എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. യേശു കുരിശ് വഹിച്ചുകൊണ്ട് തലയോടിടം എന്നര്‍ത്ഥമുള്ള ഗാഗുല്‍ത്തായിലേയ്ക്ക് പോയി എന്ന് സൂചിപ്പിക്കുവാന്‍ സുവിശേഷകന്‍ ഇതേ ക്രിയ തന്നെയാണ് ഉപയോഗിക്കുന്നത് (യോഹ. 19:17). സ്വന്തം കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരാത്തവന് എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല എന്ന ലൂക്കാ സുവിശേഷത്തിലെ കുരിശെടുക്കുക എന്നുള്ള ക്രിയയും ഇതു തന്നെയാണ് (ലൂക്കാ 14:27). ഇതേ ക്രിയ തന്നെ യോഹ. 16:12-ല്‍ സുവിശേഷകന്‍ ഉപയോഗിക്കുമ്പോള്‍ ത്രിത്വൈക രഹസ്യവും മനസ്സിലാക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ത്രിത്വൈക രഹസ്യം മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട് സഭയുടെ ചരിത്രത്തിലുടനീളം പല ശീശ്മകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അതിനുള്ള ചില ഉദാഹരണങ്ങളാണ് ആദിമസഭയിലുണ്ടായിട്ടുള്ള സബല്ല്യനിസം, ആര്യനിസം തുടങ്ങിയ ശീശ്മകള്‍. എന്നാല്‍ സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കും എന്ന യേശുവചനങ്ങള്‍ പ്രത്യാശ ജനിപ്പിക്കുന്നവയാണ്. ത്രിത്വൈക രഹസ്യം ഗ്രഹിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അതിന് സാധിക്കുമെന്ന് യേശു ഉറപ്പിച്ച് പറയുകയാണ്.

ഇന്നത്തെ സുവിശേഷം ത്രിത്വൈക രഹസ്യം എന്ന മഹാരഹസ്യത്തെ അതിലളിതമായി അവതരിപ്പിക്കുന്നു. അതിന് ഈശോ ഉപയോഗിക്കുന്നത് കൊടുക്കല്‍വാങ്ങലുകളുടെ ഭാഷയാണ്. പരിശുദ്ധാത്മാവ് സംസാരിക്കുന്നത് യേശുവിനുള്ളവയില്‍ നിന്ന് സ്വീകരിച്ചുകൊണ്ടായിരിക്കും. എന്നാല്‍, പുത്രന്റേതായിട്ടുള്ളതൊന്നും പുത്രന്റേതല്ല. അതെല്ലാം പിതാവില്‍ നിന്ന് പുത്രന്‍ സ്വീകരിച്ചിട്ടുള്ളവയാണ്. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ് എന്ന ക്രിസ്തുവചനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ത്രിയേക ദൈവത്തെക്കുറിച്ചുള്ള യേശുവിന്റെ ഈ വെളിപ്പെടുത്തല്‍ പഴയനിയമത്തിലാരംഭിച്ച് തലമുറകളോട് ദൈവം നടത്തിയ വെളിപ്പെടുത്തലിന്റെ പൂര്‍ത്തീകരണമാണ്. പഴയനിയമത്തില്‍ ദൈവത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ഉണ്ടെങ്കിലും അതിന്റെയൊക്കെ ഏറ്റവും ഉദാത്തമായി നില്‍ക്കുന്ന ദൈവിക വെളിപാട് പുറ. 30:14-ല്‍ ദൈവം തന്നെക്കുറിച്ചു തന്നെ പറയുന്നതാണ്; ‘ഞാന്‍ ആകുന്നവന്‍ ആകുന്നു.’

പഴയനിയമ ചരിത്രപശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ ദൈവം തന്നെത്തന്നെ ആദ്യമായി വെളിപ്പെടുത്തുന്നത് അബ്രഹാമിനാണ്. എന്നാല്‍, പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ദൈവം ആദ്യമായി തന്റെ പേര് വെളിപ്പെടുത്തിക്കൊടുക്കുന്നത്. പിന്നെയും നൂറ്റാണ്ടുകളെടുത്ത് ദൈവിക രഹസ്യങ്ങള്‍ സ്വീകരിക്കുന്നതിന്, മനുഷ്യകുലത്തെ ഒരുക്കിയതിനുശേഷം മിശിഹായായ യേശുവിലാണ് ത്രിത്വൈക ദൈവരഹസ്യം ദൈവം വെളിപ്പെടുത്തി തന്നത്.

ത്രിയേക ദൈവത്തെ മനസ്സിലാക്കണമെങ്കില്‍ ത്രിയേക ദൈവത്തിലുള്ള പ്രവര്‍ത്തനത്തെ മനസ്സിലാക്കണം. ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്ന ത്രിയേക ദൈവത്തിലെ പ്രവര്‍ത്തനം കൊടുക്കലാണ്. പിതാവ് തനിക്കുള്ളതെല്ലാം പുത്രന് കൊടുക്കുന്നു. പരിശുദ്ധാത്മാവ് അത് വിശ്വാസികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നു. ത്രിയേക ദൈവത്തിലെ പ്രവര്‍ത്തനം പങ്കുവയ്പ്പാണെങ്കില്‍ അതിന്റെ അടിസ്ഥാനം സ്‌നേഹമാണ്. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു എന്ന് പറഞ്ഞുകൊണ്ട് യോഹന്നാന്‍ ഈ സുവിശേഷത്തിന്റെ ആഴം വെളിവാക്കുന്നു (യോഹ. 3:1-6).

ഒന്നാമത് യോഹ. 4:8-ല്‍ ദൈവം സ്‌നേഹം തന്നെയാണെന്ന് യോഹന്നാന്‍ ശ്ലീഹാ നിര്‍വ്വചിക്കുന്നു. ദൈവത്തിന്റെ സ്‌നേഹം നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ചൊരിയപ്പെട്ടിരിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവജീവിതത്തെ നിര്‍വ്വചിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് നാം മാമ്മോദീസാ സ്വീകരിക്കുന്നത്. ഓരോ പ്രാവശ്യവും കുരിശ് വരയ്ക്കുമ്പോഴും ത്രിത്വസ്തുതി ചൊല്ലുമ്പോഴും ത്രിത്വത്തിലുള്ള നമ്മുടെ വിശ്വാസം ആവര്‍ത്തിച്ചു പറയുകയാണ് നമ്മള്‍ ചെയ്യുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ‘നാമങ്ങളില്‍’ എന്നല്ല, നാമത്തില്‍ എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. മൂന്ന് വ്യക്തികളുണ്ടെങ്കിലും ഏകദൈവം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ത്രിയേക ദൈവത്തിന്റെ നിര്‍ണ്ണായകമായ മൂന്ന് പ്രവര്‍ത്തനങ്ങളെ നാമൊരിക്കലും വിസ്മരിക്കരുത്. അതില്‍ ആദ്യത്തേത് സൃഷ്ടിയാണ്. ഉണ്ടായിട്ടുള്ളതെല്ലാം ദൈവത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സ്‌നേഹം പരസ്പരം കരകവിഞ്ഞൊഴുകിയതാണ് സൃഷ്ടികര്‍മ്മം. നാമോരോരുത്തരും നമുക്കുള്ളതും നമുക്കുള്ളവരുമെല്ലാം ദൈവത്തില്‍ നിന്നാണ് ഉരുവായിരിക്കുന്നത്.

രണ്ടാമത്തേത് പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരം. സ്‌നേഹത്തില്‍ നിന്ന് അകന്നുപോയ മനുഷ്യവംശത്തെ മുഴുവന്‍ വീണ്ടെടുക്കുവാന്‍ വേണ്ടി ദൈവം നടത്തിയ സ്വയം ശൂന്യവത്ക്കരണമാണ് മനുഷ്യാവതാരത്തില്‍ കാണുന്നത്.

മൂന്നാമത്തേത് ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. പുനരുത്ഥാനത്തിലൂടെ ക്രിസ്തുവിന്റെ മനുഷ്യപ്രകൃതി ത്രിയേകദൈവത്തിന്റെ രഹസ്യത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതുവഴി മനുഷ്യവംശത്തിന് മുഴുവന്‍ മൃതിയുടെ അടിമത്വത്തില്‍ നിന്ന് മോചനവും നിത്യജീവിനിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയും തുറന്നുകിട്ടി.

ത്രിയേക ദൈവത്തിലുള്ള വിശ്വാസം 5 കാര്യങ്ങള്‍ നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു.

1. ദൈവത്തിന്റെ മഹത്വവും അപരിമേയത്വവും അറിയുകയും അംഗീകരിക്കുകയും ചെയ്യുക നമുക്ക് ഗ്രഹിക്കാനാവാത്തവിധം ദൈവം മഹോന്നതനാണ് എന്ന് ജോബിന്റെ പുസ്തകം 36-ാം അദ്ധ്യായം 26-ാം വാക്യം സാക്ഷ്യപ്പെടുത്തുന്നു.

2. ദൈവത്തോടുള്ള കൃതജ്ഞതയില്‍ ജീവിക്കുക – നാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്ന് വരുന്നതാണെന്നും ദൈവം തിരുമനസ്സാകുന്നില്ലെങ്കില്‍ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കുകയില്ല എന്നുമുള്ള ബോധ്യം ദൈവത്തോടുള്ള കൃതജ്ഞതയാല്‍ നമ്മുടെ ജീവിതത്തെ നിറയ്ക്കും.

3. മനുഷ്യരുടെ മഹത്വവും ഐക്യവും അംഗീകരിക്കുക – നാമോരോരുത്തരും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ്. ജാതി-മത ഭേദമന്യെ എല്ലാവരും ദൈവത്തിന്റെ ഛായയും സാദൃശ്യവും പേറുന്നവരാണ്. പരസ്പരം നിസ്വാര്‍ത്ഥമായി സ് നേഹിക്കമ്പോള്‍ ത്രിയേക ദൈവത്തിലുള്ള സ്‌നേഹപ്രവൃത്തയിലേയ്ക്ക് നാം നടന്നടുക്കുകയാണ്.

4. സൃഷ്ടവസ്തുക്കളെ ശരിയായി ഉപയോഗിക്കുക – ത്രിയേക ദൈവത്തിലുള്ള വിശ്വാസം പ്രകൃതിയിലേയ്ക്ക് നമ്മെ അടുപ്പിക്കും. എല്ലാ സൃഷ്ടവസ്തുക്കളെയും ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുവാനും ദൈവത്തില്‍ നിന്നകറ്റുന്ന എല്ലാറ്റിലും നിന്ന് അകലം പാലിക്കുവാനും ത്രിയേക ദൈവത്തിലുള്ള വിശ്വാസം നമ്മെ നിര്‍ബന്ധിക്കുന്നു.

5. എല്ലാ സാഹചര്യങ്ങളിലും ദൈവത്തില്‍ ആശ്രയിക്കുക – മുല കുടിക്കുന്ന കുഞ്ഞിന് അമ്മയെ മറക്കാനായാലും, പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരുന്നാലും ദൈവം നമ്മെ മറക്കുകയില്ല. തന്റെ ഉള്ളംകയ്യില്‍ നമ്മെ രേഖപ്പെടുത്തി വച്ച് അവിടുന്ന് നമ്മെ സംരക്ഷിക്കുന്നു (ഏശ. 49: 15-16).

ആ ദൈവം ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എത് പ്രതിസന്ധികളിലും നമ്മെ സഹായിക്കും. ഈ വിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ദൈവത്തില്‍ ആശ്രയിക്കാന്‍ നമുക്കായെങ്കില്‍ ത്രിയേക ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ശരിയായ അടിസ്ഥാനപ്പെട്ടതാണെന്ന് നമുക്ക് പറയാന്‍ സാധിക്കും.

റവ. ഡോ. പോള്‍ കുഞ്ഞാനയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ