ഞായര്‍ പ്രസംഗം 2 ഉയിര്‍പ്പുകാലം എഴാം ഞായര്‍ ജൂണ്‍ 02 മര്‍ക്കോ. 16: 14-20; ഫിലി. 2: 1-11 സ്‌നേഹം സുവിശേഷമാകുമ്പോള്‍

ബഹു. ആബേലച്ചനിലൂടെ എഴുതപ്പെട്ട കുരിശിന്റെ വഴിയിലെ 11-ാം സ്ഥലത്ത് നാം ഇങ്ങനെ ധ്യാനിക്കുന്നുണ്ട്: ‘ലോകരക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങ് ലോകത്തില്‍ നിന്നും അല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു.’ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപ പരിഹാരത്തിനായി തന്നെത്തന്നെ കുരിശുമരണത്തിന് ഏല്‍പ്പിച്ചുകൊടുത്ത ഈശോ, ഉത്ഥാനം ചെയ്തതിനു ശേഷം തന്റെ 11 ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന സംഭവമാണ് തിരുസഭ ഇന്ന് നമുക്ക് ധ്യാനവിഷയമായി തന്നിരിക്കുന്നത്.

തന്റെ ശിഷ്യന്മാരുടെ മുമ്പിലേയ്ക്ക് ഈശോ കടന്നുവരുമ്പോള്‍ അവിടുന്ന് അവരെ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നത് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം തന്നെ കണ്ടവര്‍, തന്നെ വിശ്വസിക്കാത്തതു മൂലം അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി (16:14). ഈശോ, തന്റെ ഉത്ഥാനത്തിനു ശേഷം പലതവണ പലര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരാരും വിശ്വസിച്ചില്ല.

യേശു ആദ്യം മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെട്ടു. അവള്‍ ചെന്ന് ശിഷ്യന്മാരെ വിവരമറിയിച്ചു. എന്നാല്‍, അവര്‍ വിശ്വസിച്ചില്ല (16:10). അതുപോലെ തന്നെ അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേയ്ക്ക് നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തില്‍ അവര്‍ക്ക് പ്രത്യക്ഷനായി. അവര്‍ ശിഷ്യന്മാരെ വിവരമറിയിച്ചെങ്കിലും അവരെയും അവര്‍ വിശ്വസിച്ചില്ല (16: 12-13). എന്നാല്‍, ഈശോ ശിഷ്യന്മാരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും അവരെ ശക്തിപ്പെടുത്തുവാനുമായിട്ട് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയാണ്. അവിടെ ഈശോ, അവരുടെ വിശ്വാസക്കുറവിനെ കുറ്റപ്പെടുത്തുന്നുവെങ്കിലും അവരോടുള്ള തന്റെ സ്‌നേഹം അവിടുന്ന് മറച്ചുവയ്ക്കുന്നില്ല. ലോകം മുഴുവന്‍ ദൈവത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ തന്റെ ശിഷ്യന്മാരെ ഭരമേല്‍പ്പിച്ചുകൊണ്ട് അവരോടുള്ള തന്റെ സ്‌നേഹവും അവരിലുള്ള പ്രതീക്ഷയും അവിടുന്ന് വ്യക്തമാക്കുന്നു. ഇന്ന് ഈ കാലഘട്ടത്തില്‍ ഈശോ, തന്റെ പ്രതീക്ഷകള്‍ മുഴുവന്‍ നമ്മില്‍ അര്‍പ്പിച്ചുകൊണ്ട് ദൈവത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവരും ജീവിക്കുന്നവരുമാകുവാന്‍ നമ്മെയും അയച്ചിരിക്കുന്നു.

ദൈവരാജ്യത്തിന്റെ സുവിശേഷം, അത് സ്‌നേഹത്തിന്റെ സുവിശേഷമാണ്. വി. ലൂക്കാ 10: 3-ല്‍ പറയുന്നു: ‘ഇതാ, ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് കുഞ്ഞാടുകളെയെന്ന പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.’ പകയുടെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയുമെല്ലാം വിത്ത് മുളച്ച് തഴച്ചുവളരുന്ന ഈ ലോകത്തില്‍ സ്‌നേഹത്തിന്റെ വിത്ത് വിതച്ച് ദൈവരാജ്യത്തിന്റെ സുവിശേഷമാകാന്‍ അവിടുന്ന് നമ്മെയും അയച്ചിരിക്കുന്നു. അത്, ലോകം പെരുമാറുന്നതുപോലെ പെരുമാറാനോ ലോകം പ്രതികരിക്കുന്നതു പോലെ പ്രതികരിക്കാനോ അല്ല; ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനാണ് നമ്മള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ജീവിക്കുമ്പോള്‍ ഈശോയുടെ സുവിശേഷമാകാന്‍ നമുക്ക് കഴിയും.

ഫിലി. 2: 3-4 ല്‍ പൗലോസ് ശ്ലീഹാ ഇങ്ങനെ പറയുന്നു: ‘മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത് മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.’ ഈശോ ആരുടെയും അധികാരിയായിരുന്നില്ല. ആരില്‍ നിന്നും ബഹുമാനം ആഗ്രഹിച്ചുമില്ല. ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന് നല്‍കുവാന്‍ അവിടുന്ന് എല്ലാവര്‍ക്കും എല്ലാമായി, എല്ലാവരുടെയും ദാസനും സ്‌നേഹിതനുമായി. അതുകൊണ്ടു തന്നെ അവിടുന്ന് ഒത്തിരിയേറെ സ്‌നേഹിച്ചു. സ്‌നേഹത്തോടെ സഹിച്ചു. ഇതുതന്നെയാണ് നമുക്കും നല്‍കപ്പെട്ടിരിക്കുന്ന സുവിശേഷത്തിന്റെ ജീവിതവഴി. ഈ വഴിയിലൂടെയാണ് ആദിമക്രൈസ്തവരും ശിഷ്യന്മാരുമെല്ലാം സുവിശേഷമായി മുന്നേറിയത്.

അഗ്നിയിലേയ്ക്കും തിളച്ച എണ്ണയിലേയ്ക്കും വലിച്ചെറിയാന്‍ വിധിക്കപ്പെടുമ്പോള്‍ ക്രിസ്ത്യാനി വേദനിച്ചില്ല. കൊളോസിയത്തില്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി എറിയപ്പെടുമ്പോള്‍ അവര്‍ സ്വയം പഴിച്ചില്ല. തങ്ങള്‍ ക്രിസ്തുശിഷ്യരാണെന്ന ബോധ്യം അവര്‍ക്ക് അഭിമാനമായിരുന്നു. അതുപോലെ തന്നെ ആദിമസഭയില്‍ റോമാ സാമ്രാജ്യത്തിലും പേര്‍ഷ്യയിലും പിന്നീട് ജപ്പാനിലും ചൈനയിലും വിയറ്റ്‌നാമിലും കൊറിയയിലും ഈ ആധുനികയുഗത്തില്‍ സിറിയയിലും ഇറാഖിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ലക്ഷോപലക്ഷം ക്രിസ്തു ശിഷ്യര്‍ വിശ്വാസത്തെപ്രതി ദൈവരാജ്യത്തിന്റെ സുവിശേഷത്തെപ്രതി വേട്ടയാടപ്പെട്ടപ്പോഴും തങ്ങള്‍ ക്രിസ്തുശിഷ്യരാണെന്നുള്ള കാര്യം ഒന്നു മാത്രമാണ് അവരെ ആശ്വസിപ്പിച്ചത്.

സഹിച്ചും ക്ഷമിച്ചും സ്‌നേഹിച്ചും അവര്‍ ക്രിസ് തുവിന്റെ സുവിശേഷമായി. സുഭാ. 10:12- ല്‍ പറയുന്നു: ‘സ്‌നേഹം എല്ലാ അപരാധങ്ങളും പൊറുക്കുന്നു.’ 1 യോഹ. 4:12ല്‍ വായിക്കുന്നതിങ്ങനെയാണ്: ‘നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. സ്‌നേഹിക്കാത്തവര്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്.’ ലോകത്തില്‍ സുവിശേഷം പ്രഘോഷിക്കുവാനും ജീവിക്കാനുമായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ ആദ്യം നമ്മുടെ കുടുംബത്തിലും സമൂഹത്തിലും കൂട്ടായ്മകളിലുമെല്ലാം സ്‌നേഹത്തിന്റെ സുവിശേഷമാകണം. കാരണം, ദൈവം സ്‌നേഹമാണ്.

ആകാശപ്പറവകളുടെ കൂട്ടുകാരന്‍ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകപിതാവായ ബഹു. ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍ ഒരിക്കല്‍, കുടുംബത്തില്‍ എങ്ങനെ സ്‌നേഹത്തിന്റെ സുവിശേഷമാകാം എന്നു പറഞ്ഞത് ഇപ്രകാരമാണ്: ‘കുടുംബജീവിതത്തില്‍ ഭാര്യയ്ക്ക് ഇഷ്ടമുള്ളതുപോലെ ഭര്‍ത്താവിനെ സ്‌നേഹിച്ചാല്‍ ഭര്‍ത്താവിന് അത് സ്വീകാര്യമായെന്നു വരില്ല. അതുപോലെ ഭര്‍ത്താവിന് ഇഷ്ടമുള്ളതു പോലെ ഭാര്യയെ സ്‌നേഹിച്ചാല്‍ ഭാര്യയ്ക്കും അത് സ്വീകാര്യമാകണമെന്നില്ല. ഇനി മാതാപിതാക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ മക്കളെ സനേഹിക്കുന്നതും സ്വീകാര്യമാകണമെന്നില്ല. അതുപോലെ മക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ മാതാപിതാക്കളെ സ്‌നേഹിക്കുമ്പോഴും അതിനൊരു പൂര്‍ണ്ണത വരുമെന്ന് തോന്നുന്നില്ല. എന്നാല്‍, ഭാര്യയ്ക്കിഷ്ടമുള്ളതുപോലെ ഭര്‍ത്താവ് ഭാര്യയെയും, ഭര്‍ത്താവിനിഷ്ടമുള്ളതുപോലെ ഭാര്യ ഭര്‍ത്താവിനെയും, മക്കള്‍ക്കിഷ്ടപ്പെട്ടതുപോലെ മാതാപിതാക്കള്‍ മക്കളെയും, മാതാപിതാക്കള്‍ക്കിഷ്ടമുള്ളതു പോലെ മക്കള്‍ മാതാപിതാക്കളെയും സ്‌നേഹിക്കുമ്പോള്‍ അവിടെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ജീവിതം കാണുവാന്‍ കഴിയും. അവിടെ എല്ലാവരും സ്‌നേഹത്തില്‍ ഒന്നാകുന്നു. പരിഭവത്തിനോ പരാതിക്കോ അവിടെ സ്ഥാനമില്ല.

ഫിലി. 2:4-ല്‍ ഇപ്രകാരം വായിക്കുന്നു: ‘ഓരോരുത്തരെയും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താല്‍പര്യം നോക്കിയാല്‍ പോരാ, മറ്റുള്ളവരുടെ താല്‍പര്യവും കൂടി പരിഗണിക്കണം.’ ഇങ്ങനെ സ്‌നേഹത്തിന്റെ പുതിയ സുവിശേഷവുമായി വന്ന ഈശോയെ ആദ്യം നമ്മുടെ കുടുംബങ്ങളില്‍ ജീവിച്ച് കാണിച്ചുകൊടുക്കുകയും അവിടെ നിന്ന് നമ്മുടെ ചുറ്റുമുള്ളവരിലേയ്ക്കും നമ്മുടെ സമൂഹത്തിലേയ്ക്കും ഈ സ്‌നേഹത്തിന്റെ സുവിശേഷത്തെ നമ്മുടെ ജീവിതം വഴി പ്രഘോഷിക്കാന്‍ പരിശ്രമിക്കാം.

ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്, ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്. അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെങ്കിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവരുടെയിടയില്‍ തന്നെയുണ്ടായിരുന്നു. അതുപോലെ തന്നെ നമ്മുടെ സുവിശേഷയാത്രയിലും സ്‌നേഹം വിതറുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും വ്യക്തിജീവിതത്തിലുമെല്ലാം സമാധാനവും സന്തോഷവും ഐക്യവും പ്രദാനം ചെയ്തുകൊണ്ട് ഈശോ കൂടെയുണ്ട് എന്ന സത്യം അനുഭവിച്ചറിയാന്‍ നമുക്കും സാധിക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കാം.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജോഷി കണ്ണമ്പുഴ, MCBS