ഞായർ പ്രസംഗം 2, മംഗളവാർത്താക്കാലം രണ്ടാം ഞായർ ഡിസംബർ 05, കര്‍ത്താവിന്റെ ദാസിയായ മറിയം

ബ്ര. സഖറിയ മാലിയില്‍ MCBS

പരിശുദ്ധ ത്രീതൈ്വക ദൈവത്താല്‍ അനുഗ്രഹീതരേ,

റോമിലെ സാന്താ മാര്‍ത്തായിലെ പള്ളിപ്രസംഗങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ പലതവണ ആവര്‍ത്തിച്ചു പറയുകയുണ്ടായി, ആദിമാതാപിതാക്കള്‍ പാപം ചെയ്തപ്പോള്‍ ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി. എന്നിട്ട് ദൈവം എന്തായിരിക്കും ചെയ്തത്? ദൈവവും തോട്ടത്തിനു വെളിയില്‍ കടന്ന് ആദത്തോടും ഹവ്വായോടുമൊപ്പം യാത്ര തിരിച്ചു. കാരണം, മനുഷ്യനെ കൈവിടാന്‍ ദൈവത്തിന് കഴിയുമായിരുന്നില്ല. അവരോടു കൂടെ ആയിരിക്കാനാണ് ദൈവം ആഗ്രഹിച്ചത്. ആ യാത്ര ഒരു നിര്‍ണ്ണായകഘട്ടത്തില്‍എത്തിയപ്പോള്‍ ദൈവം തീരുമാനിച്ചു, മനുഷ്യനാകാന്‍. ദൈവത്തിന് മനുഷ്യാവതാരമെടുക്കാന്‍ വേണ്ടി ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു; ആ സ്ത്രീയാണ് മറിയം. പ്രിയമുള്ളവരേ, ദൈവത്തിന്റെ ആ തിരഞ്ഞെടുപ്പിനെയാണ് നാം ഇന്ന് അനുസ്മരിക്കുക. വചനത്തിന് അവതരിക്കാന്‍ വഴിയൊരുക്കുകയും വചനമായി അവതരിച്ചവനോടൊപ്പം നിഴലായി സഞ്ചരിക്കുകയും അവസാനം വചനം തന്നെ ജീവിതമാക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയത്തെയും മംഗളവാര്‍ത്താ അറിയിപ്പിനെയുമാണ് ഇന്ന് നാം ധ്യാനിക്കുക.

മാനവരക്ഷാകര ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ സദ്വാര്‍ത്തയാണ് മംഗളവാര്‍ത്ത. നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചു കാത്തിരുന്ന ആ പൊന്‍പുലരിയുടെ ഉദയം. ദൈവം മനുഷ്യനോടൊത്ത്, മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചു എന്ന സത്യം അറിയിച്ച ദിനം. ദിവ്യപൈതലിനെ സ്വീകരിക്കാന്‍ ഹൃദയമൊരുക്കാനും സഭയോട് ചേര്‍ന്ന് രക്ഷകന്റെ ജനനത്തില്‍ ആരാധനാഗീതം ആലപിക്കാനും സഭ നമ്മെ ക്ഷണിക്കുന്ന ഈ മംഗളവാര്‍ത്താക്കാലത്തിലെ രണ്ടാം ഞായറാഴ്ചയിലെ തിരുവചന വായനകളെല്ലാം ക്രിസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഉല്‍പത്തി പുസ്തകത്തില്‍ ദൈവഹിതം ലംഘിച്ച് ശിക്ഷയും വാഗ്ദാനവും ദൈവത്തില്‍ നിന്നും സ്വീകരിക്കുന്ന ആദിമാതാപിതാക്കളെയും ഈ വാഗ്ദാന അനുസ്മരണം വീണ്ടും ജെറമിയാ പ്രവാചകനിലൂടെയും ദൈവഹിതത്തിന് സമ്മതം മൂളുന്ന മറിയത്തെ ലൂക്കാ സുവിശേഷകനും ദൈവത്തിന്റെ കുഞ്ഞാടിനെ വെളിപാട് പുസ്തകവും ഇന്ന് നമ്മുടെ വിചിന്തനത്തിനും പ്രാര്‍ത്ഥനക്കുമായി വെളിപ്പെടുത്തി തരുന്നു.

ലോകം സ്വീകരിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാഗ്യപ്പെട്ടതും മംഗളകരവുമായ വാര്‍ത്ത ഗബ്രിയേല്‍ ദൂതന്‍ കന്യകാമറിയത്തെ അറിയിച്ചതു തന്നെയാണ്. വി. എഫ്രേം പറയുന്നു: “ഹവ്വായുടെ കാതുകളാകുന്ന ഉദരത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചെങ്കില്‍ മറിയത്തിന്റെ കാതുകളിലൂടെ ജീവന്‍ ലോകത്തിലേക്ക് പ്രവേശിച്ചു.” നാം ഇതിനെ സന്തോഷകരമായ സദ്വാര്‍ത്ത എന്നു വിശേഷിപ്പിച്ചാലും മറിയം എന്ന പതിമൂന്നു വയസുകാരിയെ സംബന്ധിച്ചിടത്തോളം ഇത് യഥാര്‍ത്ഥത്തില്‍ ‘സങ്കടകരമായ സദ്വാര്‍ത്ത’ തന്നെയായിരുന്നു. കാരണം വിവാഹത്തിനു മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാവുക എന്നത് എക്കാലവും വച്ചുപൊറുപ്പിക്കാവുന്ന ഒന്നായിരുന്നില്ല. എന്നാല്‍ ഇവിടെയാണ് മറിയത്തിന്റെ മഹത്വം. ‘സങ്കടകരമായ സദ്വാര്‍ത്ത’യ്ക്കു വേണ്ടി മറിയം തല കുനിച്ചപ്പോള്‍ അത് മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കു കാരണമായി.

എപ്രകാരമാണ് മറിയത്തിന് എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ ദൈവത്തിന് തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ സാധിച്ചത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമതായി, ദൈവഹിതത്തിന് സമ്മതം മൂളുകയും അതിനോട് പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തവളാണ് മറിയം – സമുദ്രതീരത്തിന്റെ പച്ച കെടാത്ത ഓര്‍മ്മയായ ടൈറ്റാനിക് എന്ന ആഡംബരക്കപ്പലിന്റെ നാശത്തിന്റെ കാരണം, നല്‍കപ്പെട്ട മുന്നറിയിപ്പുകളെ അവഗണിച്ചു എന്നതായാണ് പറയപ്പെടുക. ഈ സംഭവത്തിലെ അറിയിപ്പിനോടുള്ള അവഗണന അനേകരുടെ ജീവനെടുത്തെങ്കില്‍ ജീവനുണ്ടാകാനും അത് സമൃദ്ധിയായി ഉണ്ടാകാനും (യോഹ. 10:10) കടന്നുവന്നവന് ജീവനേകാനുള്ള അറിയിപ്പിനോട് മറിയം കാണിച്ച അനുഭാവം മനുഷ്യകുലം മുഴുവനും പുതുജീവന്‍ നല്‍കുന്നു. ‘കര്‍ത്താവിന്റെ വചനം’ എന്ന അപ്പസ്‌തോലിക ഉദ്‌ബോധനത്തിലൂടെ ബനഡിക്ട് 16-ാമന്‍ പാപ്പാ ഇപ്രകാരം പറയുന്നു: “ഉടമ്പടിയുടെ വചനത്തോടും തന്റെ ദൗത്യത്തോടും സമ്മതം മൂളിയ മറിയം മനുഷ്യവര്‍ഗ്ഗത്തിന്റെ ദൈവവിളി പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയവളാണ്.” വചനത്തിന്റെ ദാസിയായി തന്നെത്തന്നെ പ്രതിഷ്ഠിച്ച മറിയത്തെ അനുകരിച്ചാല്‍ ദൈവിക ഇടപെടല്‍ – മനുഷ്യാവതാരം – നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകും. ഇതിനുള്ള വ്യവസ്ഥ ഒന്നു മാത്രം, ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവഹിതത്തിന് സമ്മതം മൂളുക. ഇപ്രകാരം ദൈവഹിതത്തോട് സമ്മതം മൂളാന്‍ നാം ശ്രമിക്കാറുണ്ടോ എന്നു ചിന്തിക്കാം.

സമ്മതം മൂളിയ വചനത്തോട് പൂര്‍ണ്ണമായി സഹകരിച്ചവള്‍ കൂടിയാണ് മറിയം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയിലെ തിരുസഭയെ പ്രതിപാദിക്കുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ 56 -ല്‍ ഇപ്രകാരം പറയുന്നു: “മരണം ഒരു സ്ത്രീയുടെ സഹകരണത്താല്‍ ലോകത്തില്‍ ആവിര്‍ഭവിച്ചതു പോലെ ജീവന്റെ പുനഃപ്രാപ്തിയിലും ഒരു സ്ത്രീ സഹകരിക്കുക ഉചിതമായിരുന്നു.” ഈ ഒരു ലക്ഷ്യത്തിനായി സ്വര്‍ഗം മറിയത്തെ തിരഞ്ഞെടുക്കുകയും ആ തിരഞ്ഞെടുപ്പിനോട് മറിയം പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തു. അതിനാല്‍ തന്നെ വി. അഗസ്റ്റിന്‍ പറയുന്നു: “നിന്നെക്കൂടാതെ സൃഷ്ടിച്ച ദൈവം നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുകയില്ല.” ദൈവികപദ്ധതി എത്ര വലുതും മഹത്തരവുമായിക്കൊള്ളട്ടെ അത് നിറവേറാന്‍ മനുഷ്യന്‍ കൂടെ സഹകരിക്കണമെന്ന സന്ദേശമാണ് മംഗളവാര്‍ത്തയും മറിയവും നമുക്ക് നല്‍കുന്നത്. സക്കേവൂസ് മരത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിവന്നെങ്കിലേ അവനും കുടുംബവും രക്ഷ പ്രാപിക്കൂ. അന്ധന്‍ സീലോഹയില്‍ പോയി കഴുകിയെങ്കിലേ അവന് സൗഖ്യം ലഭിക്കൂ. കുഴിമാടത്തിന്റെ മുന്നിലെ കല്ല് നീക്കപ്പെട്ടാലേ ലാസര്‍ പുറത്തുവരൂ. പത്രോസും കൂട്ടരും ഉറങ്ങാതിരുന്നു പ്രാര്‍ത്ഥിച്ചെങ്കിലേ പരീക്ഷകളില്‍ ജയിക്കൂ. നമുക്ക് ആത്മാര്‍ത്ഥമായി നമ്മോടു തന്നെ ചോദിക്കാം; ദൈവഹിതത്തോട് സഹകരിക്കാനാണോ അതോ സഹകരിക്കാതിരിക്കാനാണോ ഞാന്‍ ശ്രമിക്കുന്നത്?

രണ്ടാമതായി, ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെ ന്ന് മറിയം വിശ്വസിച്ചു. മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് വിശ്വസിച്ച് ലോകം കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് വാട്ടര്‍ലൂവില്‍ നിലംപൊത്തി. മനുഷ്യന് അസാധ്യമായവ സാധ്യമായവയേ ക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് മാലാഖ മറിയത്തോടു പറഞ്ഞ വചനം ലോകത്തിനു മുഴുവനുമുള്ള മംഗളവാര്‍ത്തയാണ്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് പഴയനിയമവും പുതിയനിയമവും ഒന്നുപോലെ സമര്‍ത്ഥിക്കുന്നു. വന്ധ്യയും പ്രായം കവിഞ്ഞവളുമായ സാറായുടെയും എലിസബത്തിന്റെയും ഉദരങ്ങളില്‍ ജീവന്റെ പുതുനാമ്പ് ഉണര്‍ത്താനും, കന്യകയെ മാതാവാക്കാനും, കരിമ്പാറക്കെട്ടില്‍ നിന്ന് ജീവജലമൊഴുക്കാനും, മരിച്ച് നാലു ദിവസം കഴിഞ്ഞവനെ ജീവന്റെ തീരത്തേക്ക് തിരികെ വിളിക്കാനും, എതിരാളികള്‍ അടച്ചു മുദ്ര വച്ച കല്ലറയില്‍ നിന്ന് മഹിമപ്രതാപങ്ങളോടെ ഇറങ്ങിവരാനും ദൈവത്തിനു കഴിയും. മനുഷ്യന്‍ തങ്ങളുടെ അസാധ്യതകള്‍ ഏറ്റുപറയുന്നിടത്താണ് ദൈവത്തിന്റെ സാധ്യതകള്‍ നിരതമാകുന്നത്. ഇപ്രകാരം മറിയം തന്റെ അസാധ്യതകള്‍ ഏറ്റുപറയുകയും ദൈവികസാധ്യതകളില്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്തപ്പോള്‍ അവളില്‍ അനന്തസാധ്യതയുടെ വാതായനം ദൈവം തുറന്നു.

പ്രിയമുള്ളവരേ, ഇന്ന് ലോകം മുഴുവന്‍ ഭയത്തോടും ആകുലതയോടും കൂടെ നേരിടുന്ന മഹാമാരി പോലും നമ്മെക്കൊണ്ട് ചിന്തിപ്പിക്കേണ്ടത് ഇതേ വസ്തുത തന്നെയാണ്. നമുക്കും മറിയത്തപ്പോലെ ഉറച്ചുവിശ്വസിക്കാന്‍ സാധിക്കണം. ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ലെന്ന്. ഈ ഒരു ബോധ്യത്തിലേക്ക് വളരാന്‍ നാം തയ്യാറാകുന്നുണ്ടോ എന്നും ആത്മപരിശോധന ചെയ്യാം.

ശുശ്രൂഷിക്കാനും അനേകര്‍ക്ക് മോചനദ്രവ്യമാകാനും തന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച കര്‍ത്താവിന്റെ കാല്‍വരിയിലെ ബലിയെ അനുസ്മരിക്കുന്ന ഈ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന് നമുക്കും തികഞ്ഞ ബോധ്യത്തോടും അതിലുപരി അടിയുറച്ച വിശ്വാസത്തോടും കൂടി പറയാന്‍ സാധിക്കട്ടെ. ‘ഇതാ കര്‍ത്താവിന്റെ ദാസി/ ദാസന്‍. അങ്ങയുടെ ഹിതം എന്നില്‍ നിറവേറട്ടെ.’ കര്‍ത്താവിന്റെ ദാസരായി മാറിക്കൊണ്ട് അവിടുത്തെ ഹിതം മാത്രം നിറവേറ്റി ജീവിക്കാനുള്ള കൃപയ്ക്കായി ഈ പരിശുദ്ധ ബലിയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. ഈ മംഗളവാര്‍ത്ത ഒരു മെച്ചപ്പെട്ട, നവീകരിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കട്ടെ.

പരിശുദ്ധ ത്രീതൈ്വക ദൈവം നമ്മ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. സഖറിയ മാലിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.