ഞായർ പ്രസംഗം 2, പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ നവംബർ 14 ശുദ്ധീകരിക്കാം, ശരീരമാകുന്ന ദൈവാലയത്തെ

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ജറുസലേം ദൈവാലയത്തില്‍ പെസഹാ തിരുനാളിന്റെ അനുഷ്ഠാനങ്ങള്‍ നടക്കുകയാണ്. ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച സര്‍വ്വശക്തനായ ദൈവത്തിന് കൃതജ്ഞതകള്‍ അര്‍പ്പിക്കുന്നതിനും ഊനമറ്റ നാല്‍ക്കാലികളുടെ ബലിയര്‍പ്പണത്തിലൂടെ തങ്ങളുടെ തന്നെ പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കാനുമുള്ള തിരക്കിലാണ് ദൈവാലയത്തില്‍ ഇസ്രായേല്‍ ജനം. ദൈവാലയ പരിസരങ്ങളിലെല്ലാം ജനങ്ങള്‍ തിങ്ങിക്കൂടുകയാണ്. പക്ഷേ, തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്ക് തടസമായിട്ടെന്തോ വിജാതീയരുടെ മണ്ഡപത്തില്‍ സംഭവിച്ചിരിക്കുന്നു. അതുവരെയും ജറുസലേം ദൈവാലയത്തില്‍ സംഭവിച്ചിട്ടില്ലാത്തതു പോലെ നാണയമാറ്റക്കാരുടെ നാണയങ്ങളും മേശകളും ചിതറിക്കപ്പെടുകയും തട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രാവുകളെയും ബലിമൃഗങ്ങളെയും വില്‍ക്കുന്നവര്‍ തങ്ങളുടെ കച്ചവടത്തിന്റെ അധാര്‍മ്മികതയുടെ മേല്‍ ശാസിക്കപ്പെട്ടിരിക്കുന്നു. വിജാതീയരുടെ ദൈവാലയമാകേണ്ട ഇടം കൊള്ളലാഭത്തിന്റെ കച്ചവടസ്ഥലമായതില്‍ രോഷാകുലനായി സ്വജാതീയരുടെമേല്‍ ചാട്ട ചുഴറ്റിയെറിഞ്ഞ് അവിടം ശുദ്ധീകരിക്കുന്ന, പിതാവിന്റെ ഭവനത്തിന്റെ ശുദ്ധതയെപ്രതി തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന ഈശോയെയാണ് യോഹന്നാന്റെ സുവിശേഷം 2-ാം അദ്ധ്യായം 13 മുതല്‍ 22 വരെയുള്ള വാക്യങ്ങളില്‍ നാം കാണുക. ഇതു തന്നെയാണ് പള്ളിക്കൂദാശാക്കാലത്തിലെ മൂന്നാം ഞായറാഴ്ചയില്‍ നാം ധ്യാനവിഷയമാക്കുന്നതും.

ബൃഹത്തായ ജറുസലേം ദൈവാലയത്തിന് വ്യത്യസ്തങ്ങളായ മണ്ഡപങ്ങളുണ്ടായിരുന്നു. അതില്‍ വിജാതീയരായ ആളുകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള മണ്ഡപമായിരുന്നു ഏറ്റവും ആദ്യത്തേത്. അതായത് ദൈവാലയത്തിന്റെ പുറംഭാഗത്തോട് ചേര്‍ന്നിരുന്ന മണ്ഡപം. അതിനോടു ചേര്‍ന്ന് സ്ത്രീകള്‍ക്കുള്ള മണ്ഡപവും പുരോഹിതരുടെ മണ്ഡപവും സ്ഥിതി ചെയ്തിരുന്നു. ദൈവാലയത്തിലെ ബലിയര്‍പ്പണത്തിനായി അനേകം ബലിമൃഗങ്ങളെ ആവശ്യമായി വന്നിരുന്നു. അതുകൊണ്ട് ഊനമറ്റ ബലിമൃഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച വ്യാപാരങ്ങള്‍ ഈ ശോയുടെ കാലഘട്ടമായപ്പോഴേക്കും അഴിമതിയുടെയും ചൂഷണത്തിന്റെയും കൊള്ളലാഭത്തിന്റെയും പേക്കൂത്തുകള്‍ അരങ്ങു വാഴുന്ന ഇടമായി മാറി. ഇപ്രകാരം വിജാതീയരുടെ മണ്ഡപത്തില്‍ നടന്നിരുന്ന അനീതിയുടെയും അരാചകത്വങ്ങളുടെയും മേലെയാണ് യേശു ചാട്ട വീശിയത്.

തൊട്ടു സുഖപ്പെടുത്താനും കണ്ണീരൊപ്പാനും മരണത്തില്‍ നിന്ന് ജീവനിലേക്ക് കൂട്ടിക്കൊണ്ടു വരാനും വേണ്ടി ഉയര്‍ത്തപ്പെട്ട കരങ്ങളായിരുന്നു ക്രിസ്തുവിന്റേത്. ദൈവാലയത്തെ കച്ചവടകേന്ദ്രമാക്കുകയും ദൈവത്തെ വില്‍ക്കുകയും ചെയ്യുന്നവരെ കണ്ടപ്പോള്‍, മനുഷ്യര്‍ക്ക് കാരുണ്യം വിതരണം ചെയ്ത അവന്റെ കരങ്ങള്‍ ശിക്ഷയുടെ കരങ്ങളായി മാറി. സ്‌നേഹത്തിന്റെ ശാന്തിപാഠങ്ങള്‍ ഉരുവിട്ട അധരത്തില്‍ നിന്ന് ക്രോധത്തിന്റെ കൊടുങ്കാറ്റ് വീശിയടിച്ചത് ദൈവാലയം അശുദ്ധമായതു കൊണ്ടാണ്. ആരാധനയും കച്ചവടവും, ബലിയര്‍പ്പണവും വിലപേശലും, ദൈവത്തെയും മാമോനെയും ഒരുമിപ്പിച്ച ദൈവാലയനടത്തിപ്പിനെതിരെ ക്രിസ്തു പ്രതികരിച്ചതുപോലെ നാം ഓരോരുത്തരും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരായി പോരാടണമെന്നാണ് തിരുസഭാമാതാവ് നമ്മോട് ആഹ്വാനം ചെയ്യുന്നത്.

ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനത്തില്‍ നാം വായിച്ചുകേട്ടത്, ദൈവാലയത്തിന്റെ വിശുദ്ധിയെക്കുറിച്ചാണ്. ദൈവാലയത്തിന്റെ പരിശുദ്ധിയും പവിത്രതയും, അര്‍പ്പിക്കപ്പെടുന്ന ബലിയുടെയും ബലിമൃഗത്തിന്റെയും ബലിയര്‍പ്പകന്റെയും വിശുദ്ധിയിലാണ് അടങ്ങിയിരിക്കുന്നതെന്നാണ് തിരുവചനഭാഗം നമ്മോടു പറയുക. പ്രധാനമായും രണ്ട് വൈരുദ്ധ്യങ്ങളെയാണ് തിരുവചനത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ദൈവാലയത്തിന്റെ വിശുദ്ധിയും ദൈവാലയത്തിന്റെ അശുദ്ധിയും. ഈ വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കാനാണ് ഈശോ ശ്രമിച്ചത്. വി. പൗലോസ് ശ്ലീഹാ കൊറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനം ആറാം അദ്ധ്യായം 19-ാം വാക്യം: “നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?” തുടര്‍ന്ന് 20-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: “ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.” ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തെയും ഹൃദയത്തെയും പരിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്റെയും ഈ ലോകത്തിന്റേതായ സുഖങ്ങളില്‍ നിന്നു മാറി നിത്യജീവനെപ്രതി വിശുദ്ധമായ ജീവിതം നയിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുമാണ് ഈ തിരുവചനഭാഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എത്രയൊക്കെ തെറ്റു ചെയ്താലും മനസ്താപത്തോടെ അവിടുത്തെ സന്നിധിയിലണഞ്ഞാല്‍ കാരുണ്യത്തോടെ സംരക്ഷിക്കുന്ന ഒരു ദൈവത്തെയാണ് പഴയനിയമ വായനകളില്‍ നമുക്ക് കാണാനാവുക. മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ, നമ്മുടെയൊക്കെ ജീവിതത്തില്‍ കുറവുകളുണ്ടാകുമ്പോള്‍, തെറ്റുകള്‍ സംഭവിക്കുമ്പോള്‍, പാപങ്ങളില്‍ ഇടറിവീഴുമ്പോള്‍, പാപഭാരത്തോടെ, പശ്ചാത്താപത്തോടെ, അനുതാപത്തോടെ നല്ല തമ്പുരാന്റെ സന്നിധിയിലേക്കു ചെല്ലാന്‍ നമുക്ക് സാധിക്കണം.

ദൈവാലയം എന്നത് സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന സ്ഥലം എന്നതിലുപരി ദൈവമായ കര്‍ത്താവ് തന്റെ ജനത്തോടൊപ്പമായിരിക്കാന്‍ വന്നു വസിക്കുന്ന ഇടമായിട്ടു വേണം മനസിലാക്കാന്‍. വി. യോഹന്നാന്റെ സുവിശേഷം രണ്ടാം അദ്ധ്യായം 19-ാം വാക്യത്തില്‍, മൂന്നാം നാള്‍ പുനരുദ്ധരിക്കപ്പെടുന്ന ഒരു ദൈവാലയത്തെപ്പറ്റി നാം വായിച്ചുകേള്‍ക്കുകയുണ്ടായി. അത് ക്രിസ്തുവിന്റെ ഉത്ഥിതശരീരമാണ്. പ്രവാചകദൗത്യമാണ് ഇസ്രായേലില്‍ പുലരുന്ന ദുരാചാരങ്ങളെ അകറ്റുകയെന്നത്. അനുഷ്ഠാനങ്ങളുടെ ശുദ്ധീകരണവും പ്രവാചകദൗത്യമാണ്. പഴയനിയമ ചരിത്രത്തില്‍ പ്രവാചകന്മാരുടെ കടന്നുവരവ് ശ്രദ്ധാര്‍ഹമാണ്. ദൈവഹിതത്തിന് അര്‍പ്പിക്കപ്പെടുന്ന ബലികളും കാഴ്ചകളും ബാഹ്യമായ അനുഷ്ഠാനങ്ങളുടെ തലത്തില്‍ മാത്രം തങ്ങിനില്‍ക്കുകയും അന്തഃസത്ത ശൂന്യമാകുമ്പോഴൊക്കെയും പ്രവാചകന്മാര്‍ തിരുത്തല്‍ശക്തിയായി കടന്നുവരുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് പഴയനിയമ പ്രവാചകന്മാരുടെ സ്വഭാവസവിശേഷതകളോടെ എന്നാല്‍ അതിലേറെ തീക്ഷ്ണതയോടെ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്ന വലിയ പ്രവാചകനായി ഈശോയെ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മൊപ്‌സുവസ്ത്യായിലെ സഭാപിതാവായ തെയഡോര്‍ നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: “ഈശോ ദൈവാലയത്തില്‍ നിന്ന് കാളകളെയും ആടുകളെയും പുറത്താക്കിയത് കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് ദൈവപ്രീതിക്കായി മൃഗരക്തം ഒഴുക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു സൂചിപ്പിക്കാനും പഴയനിയമ ബലികള്‍ മാറ്റപ്പെട്ട് തന്നില്‍ പൂര്‍ത്തീകരിക്കുന്ന യഥാര്‍ത്ഥ ബലിയെ സൂചിപ്പിക്കാനും വേണ്ടിയാണ്.”

ജറുസലേം ദൈവാലയം ബലിയര്‍പ്പണങ്ങളുടെ വേദിയായിരുന്നു. ആടുകളുടെയും കാളകളുടെയും രക്തം ചിന്തിയര്‍പ്പിച്ച ജറുസലേമിലെ ബലികള്‍ പാപമോചനമേകാന്‍ മാത്രം പര്യാപ്തമായിരുന്നില്ല. എന്നേക്കുമായുള്ള പാപപരിഹാരബലി യേശു അര്‍പ്പിച്ചതിനാല്‍ ജറുസലേം മാതൃകയിലുള്ള ബലികള്‍ക്ക് ഇന്ന് പ്രസക്തിയുമില്ല. അതിനാല്‍ ഇനിമേല്‍ ഒരേയൊരു ബലിപീഠമേ ഉള്ളൂ; അതാണ് കാല്‍വരി. ഒരേയൊരു ബലിയേ ഉള്ളൂ; അതാണ് കുരിശിലെ വിശുദ്ധ ബലി. ഇവയുടെ അനുസ്മരണവും അനുഷ്ഠാനവുമായ വിശുദ്ധ കുര്‍ബാനയല്ലാതെ മറ്റെല്ലാ ബലിയും അപ്രസക്തമാണെന്ന സത്യം നാം തിരിച്ചറിയണം.

വി. യോഹന്നാന്റെ സുവിശേഷം 2:21 നമ്മെ പഠിപ്പിക്കുന്നത്, യേശു തന്നെയാണ് ദൈവം ഭൂമിയില്‍ ഇറങ്ങിവസിച്ച നവീന ദൈവാലയം എന്നാണ്. യേശു തന്നെയാണ് യഥാര്‍ത്ഥ ദൈവാരാധനയുടെ കേന്ദ്രമെന്നും യേശുവിലാണ് പൂര്‍ണ്ണമായ ദൈവമഹത്വം കുടികൊള്ളുന്നതുമെന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. പുതിയ ആലയമാകുന്ന ഈശോയില്‍ കേന്ദ്രീകൃതമാകുന്ന ക്രിസ്തീയജീവിതത്തിന് മൂന്നു മാനങ്ങളുള്ളതായി പുതിയനിയമം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതില്‍ ആദ്യത്തേത് സഭയാകുന്ന ആലയവും രണ്ടാമത്തേത് ഓരോ ക്രൈസ്തവനും പരിശുദ്ധാത്മാവിന്റെ ആലയമാകുന്ന അവസ്ഥയും മൂന്നാമത്തേത് സ്വര്‍ഗവും സ്വര്‍ഗീയസഭയാകുന്ന ദൈവാലയവുമാണ്. പുതിയ ആലയമാകുന്ന ക്രിസ്തുവിന്റെ ആത്മാവ് നമ്മില്‍ ഓരോരുത്തരിലും വസിച്ചുകൊണ്ട് നമ്മെ ദൈവമഹത്വത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും അടയാളമാക്കി മാറ്റുന്നതാണ് ഓരോ കുര്‍ബാനയും.

ക്രിസ്തു തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ച് പറഞ്ഞത് തന്നെക്കുറിച്ചു മാത്രമായിരുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ദൈവത്തിന്റെ ആലയമായിത്തീരുന്നു എന്ന് സൂചിപ്പിക്കാനും കൂടിയാണെന്ന് സഭാപിതാവായ ഇരണേവൂസ് പ്രബോധിപ്പിക്കുന്നുണ്ട്. സഭയുടെ സ്വര്‍ഗീയമഹത്വത്തെയും സ്വര്‍ഗീയ ആരാധനയെയും ധ്യാനവിഷയമാക്കുകയും നോക്കിപ്പാര്‍ക്കുകയും ചെയ്യുന്ന ആരാധനാവത്സരത്തിലെ പള്ളിക്കൂദാശാക്കാലത്തിലൂടെയാണല്ലോ നാം കടന്നുപോവുക. ഉത്ഥിതനായ യേശുവിനോടൊപ്പം സ്വര്‍ഗീയ ജറുസലേമില്‍, സ്വര്‍ഗീയസഭയില്‍ പങ്കുചേര്‍ന്നുകൊണ്ട് സ്വര്‍ഗീയ ആരാധനയില്‍ പങ്കുചേരാനാണ് തിരുസഭാമാതാവ് ഈ ആരാധനാവത്സരകാലത്തില്‍ നമ്മെ പ്രത്യേകമായി ക്ഷണിക്കുന്നത്.

സ്വന്തമായതെല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യത്തെ മണവാട്ടിയാക്കി അസീസ്സിയിലെ തെരുവോരങ്ങളില്‍ സ്‌നേഹം പ്രഘോഷിച്ച വി. ഫ്രാന്‍സിസിനെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. ആശ്രമത്തില്‍ സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്നത് ഭക്ഷണം കഴിക്കുന്ന ഒരു കോപ്പ മാത്രമാണ്. ഒരിക്കല്‍ പ്രാര്‍ത്ഥനാവേളയില്‍ ദൈവവുമായി സംസാരിക്കവെ ഈ കോപ്പയെക്കുറിച്ചുള്ള ഓര്‍മ്മ കടന്നുവന്നു. പിന്നീട് ആ കോപ്പയെടുത്ത് ഇടിച്ചുപൊട്ടിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ ഹൃദയം മുഴുവനായും ഈശോയുടേതാണ്. അവിടെ നിസ്സാരമായ ഒരു കോപ്പയ്ക്കു പോലും സ്ഥാനമില്ല.” ഹൃദയം ദൈവാലയമാണെന്ന ബോധ്യം നിറയുമ്പോള്‍ ദൈവമല്ലാത്തതിനെയെല്ലാം ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യാന്‍ നാം തയ്യാറാകണം. വി. ഗബ്രിയേലിനെപ്പോലെ നമ്മുടെ ഹൃദയത്തില്‍ ദൈവത്തിനായി തുടിക്കാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ അത് പറിച്ചെടുത്ത് നശിപ്പിക്കാന്‍ നമുക്ക് സന്നദ്ധരാകാം.

സ്‌നേഹം തന്നെയായ ഈശോയുടെ ഈ സ്‌നേഹബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ദൈവപുത്രാ, എന്റെ ദൈവാലയത്തിലെ അഹങ്കാരത്തിന്റെ വന്യമൃഗങ്ങളെ അടിച്ചിറക്കാന്‍, കോപത്തിന്റെ ക്രൂരജന്തുക്കളെ വിരട്ടിയോടിക്കാന്‍, എന്റെ ഹൃദയാകാശത്തില്‍ ചിറകു വിരിക്കുന്ന ദുഷ്‌പ്രേരണകളുടെ ചങ്ങാലികളെ ആട്ടിയോടിക്കാന്‍, എന്റെ ദ്രവ്യാഗ്രഹങ്ങളുടെ മേശകള്‍ തട്ടിമറിച്ച് പൂട്ടുകള്‍ തച്ചുതകര്‍ക്കാന്‍ ചാട്ടവാറുമായി നീ വരേണമേ.

ബ്ര. ഫ്രാന്‍സിസ് കല്ലുംപുറത്ത് MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.