ഞായർ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ സെപ്റ്റംബർ 19 മാനസാന്തരപ്പെടുവിന്‍

ബ്ര. മാത്യു കുരിശുമ്മൂട്ടില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന വൈദികരേ, പ്രിയ സഹോദരങ്ങളേ,

ഏലിയാ ശ്ലീവാ മൂശാക്കാലം 4-ാം ഞായറാഴ്ചയില്‍ തിരുസഭാമാതാവിന്റെ കരം പിടിച്ചുകൊണ്ട് സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ മത്തായി ശ്ലീഹാ ആഹ്വാനം ചെയ്യുന്നത് ഇപ്രകാരമാണ്: “മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.” ക്രിസ്തുവിന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് പ്രഘോഷിക്കുവാന്‍ തുടങ്ങിയ വചനമായിട്ട് സുവിശേഷകന്‍ ഈ വചനത്തെ എടുത്തുകാണിക്കുന്നു. ക്രിസ്തുവിന്റെ ജീവിതലക്ഷ്യവും പ്രവര്‍ത്തിയും പ്രഘോഷണവുമെല്ലാം മത്തായി ശ്ലീഹാ ഒറ്റവാക്യത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.

സ്വര്‍ഗത്തിന്റെ ഔന്നത്യം വെടിഞ്ഞ് ക്രിസ്തു മനുഷ്യനായി അവതരിക്കാനുള്ള കാരണം വിശുദ്ധ ഗ്രന്ഥം വിശദീകരിക്കുക ഇപ്രകാരമാണ്: “മനുഷ്യനെ തന്റെ പിതാവായ ദൈവത്തിന്റെ സന്ദേശം അറിയിക്കുക.” ഈ സന്ദേശം തന്നെയാണ് തന്റെ ദൗത്യം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഈശോ പ്രഘോഷിക്കുവാന്‍ തുടങ്ങിയത്.

പറുദീസയില്‍ മനുഷ്യന്റെ കൂടെ ഉലാത്തുവാനും സഹവസിക്കാനും എപ്പോഴും അവന്റെ കൂടെ ആയിരിക്കുവാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ മനസിനോട് മനുഷ്യന്‍ കാണിക്കുന്ന പ്രത്യുത്തരമാണ് മാനസാന്തരം. മാനസാന്തരം എന്നതുകൊണ്ട് പിന്തിരിയല്‍, തിരിഞ്ഞുനോക്കല്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിലും ഒരു തിരിഞ്ഞുനോക്കല്‍ അല്ലെങ്കില്‍ മാനസാന്തരം ആവശ്യമാണെന്ന് നമ്മെ പറഞ്ഞുപഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥമാണ് സുവിശേഷം.

സുവിശേഷത്തിന്റെ ആരംഭത്തില്‍ തന്നെ മാനസാന്തരത്തിനുള്ള സ്‌നാപകന്റെ ആഹ്വാനവും നാം വായിക്കുന്നുണ്ട്. സുവിശേഷത്തിന്റെ അവസാനഭാഗത്ത് നല്ല കള്ളന്റെ മാനസാന്തരമുണ്ട്. അനേകം പാപങ്ങളിലൂടെ കടന്നുപോയ ആ നല്ല കള്ളന്‍ അവസാന നിമിഷം മാനസാന്തരപ്പെട്ട് അതിന്റെ ഫലവും സ്വീകരിച്ചാണ് കടന്നുപോയത്. തന്റെ പാപത്തിന്റെ താഴ്‌വരയില്‍ നട്ടുവളര്‍ത്തിയ സിക്കമൂര്‍ മരത്തിന്റെ മുകളിലിരുന്ന് ക്രിസ്തുവിനെ കണ്ട് മടങ്ങിപ്പോകുവാന്‍ കൊതിച്ച സക്കേവൂസിന്റെ മാനസാന്തരവും, പാപത്തിന്റെ കുടം കിണറ്റിന്‍കരയില്‍ വച്ച് മടങ്ങിപ്പോയ സമരിയാക്കാരി സ്ത്രീയും, നിരവധിയായ പാപങ്ങള്‍ക്ക് മോചനം കിട്ടി സന്തോഷത്തോടെ മടങ്ങിപ്പോയ പാപിനിയായ സ്ത്രീയും നമ്മെ പഠിപ്പിക്കുക മാനസാന്തരത്തിന്റെ സുവിശേഷമാണ്. തിരിച്ചുവരാന്‍ മനസു കാണിക്കുന്നെങ്കില്‍ പാപം ക്ഷമിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ദൈവം നിനക്കുണ്ട്. ധൂര്‍ത്തപുത്രന്റെ കഥയിലെ സ്‌നേഹനിധിയായ പിതാവിനെപ്പോലെ തന്നെ. സഭയുടെ മതബോധനഗ്രന്ഥം 1849-ാം ഖണ്ഡിക പാപത്തെക്കുറിച്ചു പറയുക ഇപ്രകാരമാണ്: “ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹത്തില്‍ ഉണ്ടാകുന്ന വീഴ്ചയാണ് പാപം. അതേസമയം ആ സ്‌നേഹബന്ധം പുനഃസ്ഥാപിക്കലാണ് മാനസാന്തരം.” ഇന്ന് വായിച്ചുകേട്ട വായനകളെല്ലാം തന്നെ നമ്മെ ക്ഷണിക്കുന്നത് മാനസാന്തരത്തിലേക്കാണ് – ദൈവത്തോടും സഹോദരനോടുമുള്ള മാനസാന്തരം.

ആദ്യമായി, ദൈവസ്‌നേഹത്തിലേക്ക് തിരികെ നടക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഒന്നാം വായനയായ നിയമാവര്‍ത്തന പുസ്തകം നമ്മോട് ആഹ്വാനം ചെയ്യുക. ജീവിതം സന്തോഷം കൊണ്ടും സമൃദ്ധി കൊണ്ടും ആറാടുമ്പോള്‍ ദൈവത്തെ വിസ്മരിച്ച് പാപത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ചരിക്കാതെ ദൈവത്തോട് ചേര്‍ന്നിരിക്കണമെന്ന് ഇസ്രായേല്‍ ജനത്തെ ദൈവം പഠിപ്പിക്കുന്നു. ഏതവസ്ഥയിലും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ നാം കടപ്പെട്ടവരാണ് എന്ന വലിയ സത്യമാണ് ഈ വചനഭാഗത്തിലൂടെ പുതിയ ഇസ്രായേലായ നമ്മോടും ദൈവം പറഞ്ഞുതരിക. ജീവിതങ്ങളെ കാത്തുപരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവത്തോടുള്ള സ്‌നേഹബന്ധത്തിലേക്ക് പിന്തിരിഞ്ഞു നടക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ നാം മാനസാന്തരത്തിന് യോജിച്ച ഫലങ്ങളല്ല പുറപ്പെടുവിക്കുന്നത്. ദൈവത്തോട് മാനസാന്തരപ്പെട്ട് സ്‌നേഹത്തിലായിരിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ജീവിതങ്ങളെ ശക്തിപ്പെടുത്തുമെന്നുള്ള ഒരു ഉറപ്പും ഈ വചനഭാഗം നമുക്ക് നല്‍കുന്നുണ്ട്. വി. അഗസ്റ്റിന്‍ പറയുന്നു: “ദൈവമേ, അങ്ങില്‍ നിന്ന് അകലുക എന്നത് എഴുന്നേല്‍ക്കലാണ്; അങ്ങില്‍ നിലകൊള്ളുക എന്നത് തീര്‍ച്ചയായും പിന്‍ബലമാണ്.” ഇതാണ് യഥാര്‍ത്ഥ മാനസാന്തരം.

രണ്ടാമതായി, മനുഷ്യനുമായുള്ള ബന്ധത്തില്‍ എപ്രകാരം തിരിച്ചുവരണമെന്നാണ് പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ പഠിപ്പിക്കുക. നമ്മുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് സാഹോദര്യത്തിലേക്ക് വളരാന്‍, കാണപ്പെട്ട സഹോദരന്റെ ജീവിതാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്നതാണ്. അര്‍ത്ഥരഹിതമായിട്ടും ഉപയോഗശൂന്യമായിട്ടും ആരുമില്ലെന്നും ഒന്നുമില്ലെന്നുമുള്ള കാഴ്ച്ചപ്പാടില്‍ ജീവിച്ചുകൊണ്ട് എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുവാനും സ്വീകരിക്കുവാനും നമുക്ക് സാധിക്കണം. സഹോദരന്റെ ജീവിതലക്ഷ്യത്തിന് കാവലാളാകാനുള്ള കടമ ദൈവം നമുക്ക് നല്‍കുന്നുണ്ട്. അല്ലാതെ അവന്റെ ജീവിതലക്ഷ്യത്തിന് ആരാച്ചാരാകാനുള്ള അവകാശമല്ല. കഴിഞ്ഞകാല പരാജയങ്ങളെ ഓര്‍ത്ത് കരഞ്ഞുകലങ്ങിയ കണ്ണുമായി ജീവിക്കാനല്ല മറിച്ച്, ആ പരാജയങ്ങള്‍ വീണ്ടും നമ്മുടെ ജീവിതഭാഗമായിത്തീരില്ല എന്ന ഉറച്ച തീരുമാനമെടുക്കാന്‍ സാധിക്കണം.

ദൈവസ്‌നേഹത്തിലേക്കും സഹോദരസ്‌നേഹത്തിലേക്കും തിരിച്ചുവരാനുള്ള മാര്‍ഗ്ഗങ്ങളാണ് പരിശുദ്ധ കുര്‍ബാനയും കുമ്പസാരവും ആത്മശോധനയും പ്രത്യേക ആത്മശോധനയും. പരിശുദ്ധ കുര്‍ബാനയിലെ അനുതാപശുശ്രൂഷയില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഭിന്നതയും കലഹവും ശത്രുതയും വിദ്വേഷവും വെടിഞ്ഞ് യോജിപ്പോടും ഐക്യത്തോടും കൂടി ജീവിക്കാന്‍ ഈ കുര്‍ബാന കാരണമാകട്ടെ. മാനസാന്തരത്തിലൂടെ ഒന്ന് പിന്തിരിയുവാനും തിരിഞ്ഞുനടക്കുവാനും നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. നമ്മുടെ ജീവിതമാനസാന്തരത്തിലേക്കുള്ള മാര്‍ഗ്ഗമായി ഓരോ വിശുദ്ധ കുര്‍ബാനയും മാറട്ടെ. സര്‍വ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. മാത്യു കുരിശുമ്മൂട്ടില്‍ MCBS 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.