ഞായർ പ്രസംഗം 2, കൈത്താക്കാലം ഏഴാം ഞായർ ആഗസ്റ്റ് 22 പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം

ബ്ര. ജിജോ വെള്ളക്കിഴങ്ങിൽ MSJ

“ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്ക് തുറന്നുകിട്ടും.”

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വൈദികരേ, പ്രിയസഹോദരങ്ങളേ,

ഇന്ന് കൈത്താക്കാലം ഏഴാം ഞായര്‍. ശ്ലീഹന്മാരുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ കൊണ്ട് അടിസ്ഥാനമിട്ട സഭയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിനും തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ സഭയുടെ വ ളര്‍ച്ചയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും സഭയിലും സഭാമക്കളിലും കൂടുതല്‍ ഉണ്ടാകുന്നതിനും വേണ്ടി ദൈവജനം ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന കാലം. അതുകൊണ്ടായിരിക്കണം, ഭഗ്നാശരാകാതെ നിരന്തരം പ്രാര്‍ത്ഥിക്കണം എന്ന സന്ദേശവുമായി, ഒരു വിധവയുടെ ശല്യം സഹിക്കവയ്യാതെ അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്ന നീതിരഹിതനായ ഒരു ന്യായാധിപന്റെയും വിധവയുടെയും ഉപമ ഇന്ന് നമ്മുടെ മുമ്പിലെത്തിയിരിക്കുന്നത്.

പഴയനിയമത്തില്‍ അല്ലെങ്കില്‍ യഹൂദസംസ്‌കാരത്തില്‍, വിധവ നിസ്സഹായതയുടെ പ്രതീകമാണ്. ആ പട്ടണത്തില്‍ ന്യായത്തിനും നീതിക്കും വേണ്ടി കൊതിക്കുന്ന ഒരുപാട് പേരുടെ പ്രതിനിധിയാണ് അവള്‍. എതിരാളിക്കെതിരെ തനിക്ക് നീതി നടത്തിത്തരണമേ എന്ന് അവള്‍ നിരന്തരം അപേക്ഷിച്ചിരുന്നു. ഇത് കുറേ തവണ സംഭവിച്ചിരിക്കണം; കാരണം, വചനം പറയുന്നത് ഇപ്രകാരമാണ്: “കുറേ നാളത്തേക്ക് അവന്‍ അവളെ ഗൗനിച്ചില്ല” (ലൂക്കാ 18:4). മറ്റുള്ളവരുടെ ഔദാര്യമല്ല തനിക്ക് അര്‍ഹതപ്പെട്ട നീതിയാണ് അവള്‍ ചോദിക്കുന്നത്. അവളുടെ സ്ഥിരോത്സാഹത്തിനു മുന്നില്‍ ന്യായാധിപന്‍ തന്റെ മനസ്സു മാറ്റി അവള്‍ക്ക് നീതി നടത്തിക്കൊടുക്കുന്നു. നിരാശരാകാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് ക്രിസ്തു ഈ ഉപമയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്നത്തെ ലേഖനത്തില്‍, സഹനത്തിലൂടെയും നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ആത്മീയതയില്‍ ഉയരുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ ആനന്ദമാണ് നാം വായിച്ചുകേട്ടത്.

ഹെര്‍മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ജ്ഞാനസഞ്ചാരിയായ സിദ്ധാര്‍ത്ഥയോട് ഒരു കച്ചവടക്കാരന്‍ ചോദിക്കുന്നുണ്ട്: “ഈ യാത്രയില്‍ എന്താണ് നിന്റെ മൂലധനം?” സിദ്ധാര്‍ത്ഥയുടെ മറുപടി ഇതായിരുന്നു: “I can think, I can wait, I can Fast – എനിക്ക് ചിന്തിക്കാന്‍ കഴിയും, എനിക്ക് കാത്തിരിക്കാന്‍ കഴിയും, എനിക്ക് ഉപവസിക്കാന്‍ കഴിയും.” പ്രാര്‍ത്ഥനാജീവിതത്തില്‍ നമുക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂലധനങ്ങളിലൊന്നാണ് കാത്തിരിപ്പിനുള്ള കൃപ. വിശ്വാസവും സ്ഥിരോത്സാഹവും കാത്തിരിപ്പും ചേരുമ്പോഴാണ് ആ പ്രാര്‍ത്ഥനയ്ക്ക് ദൈവസന്നിധിയില്‍ വിലയുണ്ടാവുന്നത്.

നിരന്തരമായ പ്രാര്‍ത്ഥന, കാത്തിരിപ്പ്, ക്ഷമ എന്നിവയ്ക്ക് നമ്മുടെ ആത്മീയജീവിതത്തിലുള്ള വില വളരെ വലുതാണ്. കാരണം വി. ലൂക്കായുടെ സുവിശേഷത്തിന്റെ 11-ാം അദ്ധ്യായത്തില്‍, അര്‍ദ്ധരാത്രിയില്‍ യാത്രാമദ്ധ്യേ തന്റെ അടുക്കല്‍ വരുന്ന സുഹൃത്തിനു വേണ്ടി തന്റെ മറ്റൊരു സ്നേഹിതനെ സമീപിച്ച് മൂന്ന് അപ്പം കടം ചോദിക്കുന്ന ഒരുവന്റെ ചിത്രം ക്രിസ്തു പറഞ്ഞുവയ്ക്കുന്നുണ്ട്. “എന്നെ ഉപദ്രവിക്കരുത്. ഞാനും എന്റെ മക്കളും കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കില്ല” എന്ന് പറയുമ്പോഴും തന്റെ സുഹൃത്തിനു വേണ്ടി മറ്റൊരുവന്റെ വാതില്‍ക്കല്‍ ശുഭപ്രതീക്ഷയുമായി കാത്തുനില്‍ക്കുന്ന ഒരുവന്‍. തുടര്‍ന്ന്, ക്രിസ്തു പറയുന്നു: “അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും.” ഇവിടെയാണ് ഇന്നത്തെ പഴയനിയമവായനയില്‍ ലേവ്യരുടെ പുസ്തകം 19-ാം അ ദ്ധ്യായം 18-ാം വാക്യത്തിന്റെ പ്രസക്തിയേറുന്നത്. “നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.”

തന്റെ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ തന്നെ ശ്രവിക്കുന്നവരോടായി ക്രിസ്തു പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്ക് തുറന്നുകിട്ടും.” എന്തു തന്നെ സംഭവിച്ചാലും തന്റെ സുഹൃത്ത് തന്നെ സഹായിക്കുമെന്നുള്ള ഉറച്ച ബോദ്ധ്യമാണ് ക്ഷമയോടെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഏകവ്യക്തി ന്യായാധിപനാണെന്ന വിശ്വാസമാണ് സ്ഥിരോത്സാഹത്തോടെ വീണ്ടും വീണ്ടും ആ ന്യായാധിപനെ സമീപിക്കാന്‍ ആ വിധവയെ പ്രേരിപ്പിക്കുന്നതും.

വളരെ കാലത്തെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായിരുന്നു സഖറിയ – എലിസബത്ത് ദമ്പതികളുടെ യോഹന്നാന്‍ എന്ന പുത്രന്‍. നീണ്ട 33 വര്‍ഷത്തെ മോണിക്ക പുണ്യവതിയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് വി. അഗസ്റ്റിന്‍. സ്‌നേഹമുള്ള സഹോദരരേ, സ്ഥിരോത്സാഹത്തോടെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നതിനു വേണ്ടിയാണ് ഈശോ ന്യായാധിപന്റെയും വിധവയുടെയും ഉപമ പറയുന്നത്. നിരാശരാകാതെ, ക്ഷമയോടെ, കാത്തിരിപ്പോടെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് ഇന്നത്തെ സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുമ്പോള്‍ എന്താണ് നാം പ്രാര്‍ത്ഥിക്കുന്നതെന്നും എന്തിനു വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നതെന്നും വിചിന്തനം ചെയ്യുന്നത് ഉത്തമമായിരിക്കും.

തികച്ചും ന്യായമായ കാര്യത്തിനാണ് വിധവ ന്യായാധിപനെ സമീപിക്കുന്നത്. എന്നാല്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും സ്വാര്‍ത്ഥത നിറഞ്ഞതായി മാറുന്നുണ്ട്. അതാണ് ദൈവതിരുമുമ്പില്‍ നാം സമര്‍പ്പിക്കുന്നതും. തന്റെ ഇഷ്ടത്തേക്കാളും പിതാവിന്റെ ഹിതം നിറവേറട്ടെ എന്നായിരുന്നു ക്രിസ്തു പോലും പ്രാര്‍ത്ഥിച്ചത് എന്ന് നമുക്കോര്‍ക്കാം. ഓരോ യാമവും വിശുദ്ധീകരിച്ചുകൊണ്ട് നമ്മള്‍ പ്രാര്‍ത്ഥിക്കണമെന്ന് സഭ അനുശാസിക്കുന്ന നമ്മുടെ യാമപ്രാര്‍ത്ഥനകള്‍, ദൈവത്തോടും സഭയോടും ചേര്‍ന്നുനിന്നു കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നമ്മെ സഹായിക്കുന്നവയാണ്. ഈയൊരു ബോദ്ധ്യത്തോടു കൂടി യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുവാനും പ്രാര്‍ത്ഥിക്കുവാനും നമുക്ക് പരിശ്രമിക്കാം. അതിന് നമുക്ക് സാധിക്കട്ടെ.

തീര്‍ച്ചയായും നിരന്തരമായ പ്രാര്‍ത്ഥന നമുക്ക് ആവശ്യമാണ്. പക്ഷേ, നമ്മുടെ ഭൗതികമായ സുഖസൗകര്യങ്ങളും സ്വപ്നങ്ങളും നിറഞ്ഞ പ്രാര്‍ത്ഥനകള്‍ മാറ്റിനിര്‍ത്തി ദൈവഹിതത്തോട് ചേര്‍ന്നുനിന്നുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നമുക്ക് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കാം.

സ്വന്തം ജീവന്‍ പോലും നമുക്കായി നല്‍കിയ നല്ല ദൈവത്തിന്റെ ഈ ദിവ്യബലിയില്‍ നാം പങ്കുചേരുമ്പോള്‍ സ്വാര്‍ത്ഥത വെടിഞ്ഞ് തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി നമുക്ക് പ്രാര്‍ത്ഥിക്കാം. അപ്പോള്‍ നാം ചോദിക്കുന്നത് നമുക്ക് ലഭിക്കും, അന്വേഷിക്കുന്നത് കണ്ടെത്തും, മുട്ടുന്നത് തുറന്നുകിട്ടുകയും ചെയ്യും. സര്‍വ്വശക്തനായ ദൈവം അതിന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിജോ വെള്ളക്കിഴങ്ങിൽ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.