ഞായർ പ്രസംഗം 2, കൈത്താക്കാലം ആറാം ഞായർ ആഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക്

ബ്ര. റിജോ ജോസഫ് MCBS

ഭാരതീയരായ നാം ഇന്ന് രണ്ട് അമ്മമാരെ അനുസ്മരിക്കുന്നു. സ്വര്‍ഗീയ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയര്‍ന്ന പരിശുദ്ധ കന്യകാമറിയത്തെയും വിദേശ അടിമത്വത്തില്‍ നിന്ന് മോചിതയായ ഭാരതാംബയെയും. ഏവര്‍ക്കും സ്വര്‍ഗാരോപണത്തിരുനാളിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ആശംസകള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു.

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേശ് ശര്‍മ്മയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ചോദിച്ചു: “ആകാശത്തു നിന്നു നോക്കുമ്പോള്‍ നമ്മുടെ ഇന്ത്യ എങ്ങനെയിരിക്കുന്നു?” അദ്ദേഹം പറഞ്ഞു: “സാരേ ജഹാംസെ അച്ഛാ ഹമാരാ ഭാരത് – ലോകത്തില്‍ വച്ച് ഏറ്റവും സുന്ദരമാണ് നമ്മുടെ ഭാരതം.” തന്റെ തിരുക്കുമാരന് ജന്മം നല്‍കാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കു നോക്കിയ ദൈവം മറിയത്തെ നോക്കി ഇപ്രകാരം പറഞ്ഞിട്ടുണ്ടാവും “ലോകത്തില്‍ വച്ച് ഏറ്റവും ശ്രേഷ്ഠയായ സ്ത്രീ.” ഒരു ആയുസ്സ് മുഴുവന്‍ ദൈവത്തോടു ചേര്‍ന്നു ജീവിച്ച അവളുടെ മനസിനെയും ആത്മാവിനെയും വഹിച്ച ആ ശരീരം അഴുകാനുള്ളതല്ല, എടുക്കപ്പെടാനുള്ളതാണ് – നിത്യതയുടെ സ്വര്‍ഗത്തിലേക്ക്.

രണ്ടാം ലോകമഹായുദ്ധം വിനാശം വിതച്ച ലോകത്തില്‍ യുദ്ധത്തിന്റെ ക്രൂരതകള്‍ അവശേഷിപ്പിച്ച മരണത്തിന്റെയും പട്ടിണിയുടെയും സാമ്പത്തിക ക്ലേശത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ ധാര്‍മ്മികതയും പ്രതീക്ഷയും ജീവിതത്തിന്റെയും ശരീരത്തിന്റെയും മഹത്വവും നഷ്ടപ്പെട്ട ലോകത്തിനു മുമ്പില്‍ ‘അത്യുദാരനായ ദൈവം’ (munificentissimus deus) എന്ന പ്രമാണരേഖയിലൂടെ 1950 നവംബര്‍ ഒന്നിന് 12 -ാം പീയൂസ് പാപ്പ, പരിശുദ്ധ അമ്മ സ്വര്‍ഗാരോപിതയാണ് എന്ന വിശ്വാസസത്യം പ്രഖ്യാപിക്കുമ്പോള്‍ ആശയറ്റുപോയ മനുഷ്യമനസ്സുകള്‍ക്ക് സ്വര്‍ഗീയസ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനുള്ള പ്രത്യാശയുടെ ചിറകുകള്‍ നല്‍കുകയായിരുന്നു. ജീവന് മൂല്യമുണ്ടെന്നും മനുഷ്യശരീരത്തിന് ഒരു സ്വര്‍ഗീയമാനമുണ്ടെന്നും ശരീരത്തെ മലിനമാക്കുന്ന സകല പ്രവര്‍ത്തികളില്‍ നിന്നും നാം വിട്ടുനില്‍ക്കണമെന്നും സ്വര്‍ഗാരോപണത്തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ജനതകളുടെ പ്രകാശം (LG) എന്ന പ്രമാണരേഖയിലൂടെ സഭ പഠിപ്പിക്കുന്നത് “ജന്മപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും സ്വതന്ത്രയായ നിര്‍മ്മലകന്യക ഈ ലോകവാസത്തിന്റെ അവസാനത്തില്‍ ആത്മശരീരങ്ങളോടു കൂടി സ്വര്‍ഗീയമഹത്വത്തിലേക്ക് ആരോപിതയായി” (LG 59) എന്നാണ്. ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ അമ്മ നമുക്ക് നല്‍കുന്ന സന്ദേശം, ഈ ലോകജീവിതത്തിനു ശേഷം സ്വര്‍ഗരാജ്യം സ്വന്തമാക്കണമെന്നും മരണസമയത്ത് നമ്മെ സ്വര്‍ഗത്തിലേക്ക് നയിക്കാന്‍ പരിശുദ്ധ അമ്മ മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യും എന്നതാണ്. ദൈവമാതാവ് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണ്. ഈ ഗോവണി വഴി ദൈവം ഇറങ്ങിവന്നത് മനുഷ്യര്‍ മറിയം വഴി സ്വര്‍ഗത്തിലേക്ക് കയറിപ്പോകാനാണ് എന്ന വി. അംബ്രോസിന്റെ വാക്കുകള്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥശക്തി ഉദ്‌ബോധിപ്പിക്കുന്നു.

മനുഷ്യചരിത്രത്തില്‍ എല്ലായിടത്തും തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 430 വര്‍ഷങ്ങളോളം ഈജിപ്തിന്റെ അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത ദൈവപരിപാലനയാല്‍ ചെങ്കടല്‍ കടന്ന് സ്വാതന്ത്ര്യത്തിന്റെ നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചപ്പോള്‍ തങ്ങളെ അടിമത്വത്തില്‍ നിന്ന് വിമോചിപ്പിച്ച ദൈവത്തിനു മോശ സ്‌തോത്രഗീതം ആലപിക്കുന്നത് 1-ാം വായനയില്‍ നാം ശ്രവിച്ചു. കര്‍ത്താവ് എന്നേക്കും രാജാവായി വാഴുമെന്ന വചനത്തില്‍ ദൈവം ഒരു ജനതയ്ക്ക് നല്‍കാന്‍ പോകുന്ന സ്വാതന്ത്ര്യത്തിന്റെ നന്ദിപ്രകടനമാണ് ദൈവം രാജാവായി വാഴുന്ന ഭൂമിയിലെ സ്വര്‍ഗം. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള രണ്ടാം വായനയില്‍, എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ ശിഷ്യഗണത്തെ പ്രത്യാശയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഏകമനസ്സോടെ അവരെ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിച്ചുനിര്‍ത്തിയ പരിശുദ്ധ അമ്മയെ നാം കണ്ടു.

ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന സമയത്തിനായി പ്രത്യാശയോടെ കാത്തിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ് പരിശുദ്ധ അമ്മ നമുക്ക് നല്‍കുന്നത്. നമ്മെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണ് ദൈവം എന്ന് റോമാ ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ നമ്മുടെ ബലഹീനതകളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും നമ്മെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു സാധിക്കുമെന്ന് ശ്ലീഹാ പഠിപ്പിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗമായ കാനായിലെ വിവാഹവിരുന്നില്‍ ക്ഷണിക്കപ്പെട്ടവള്‍ എന്നു ധരിച്ച് മാറിനില്‍ക്കാതെ മറ്റുള്ളവരുടെ അപമാനത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നുചെല്ലുന്ന ആത്മീയസ്വാതന്ത്ര്യം പരിശുദ്ധ അമ്മയില്‍ നാം കാണുന്നു. ഈശോയില്‍ പരിശുദ്ധ അമ്മ അനുഭവിച്ച സ്വാതന്ത്ര്യത്തിന്റെ ഫലമാണ് കാനായിലെ അത്ഭുതം. അവര്‍ക്ക് വീഞ്ഞില്ല എന്ന ആശങ്ക അറിയിക്കുന്ന അമ്മയ്ക്ക് ഈശോ നല്‍കുന്ന മറുപടി, “സ്ത്രീയേ, എന്റെ സമയം ഇനിയും ആയിട്ടില്ല” എന്നാണ്. എന്നിട്ടും മറുചോദ്യങ്ങള്‍ ഒന്നുമില്ലാതെ “അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്ന് ധൈര്യപൂര്‍വ്വം പറയാനുള്ള സ്വാതന്ത്ര്യം അമ്മയ്ക്കുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം സമര്‍പ്പണത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യമാണ്. വിവാഹനിശ്ചയം ക ഴിഞ്ഞിരുന്ന യുവതിയുടെ അടുത്ത് തന്റെ തിരുക്കുമാരന് ജനിക്കാന്‍ ഒരിടം തരുമോ എന്നു ചോദിച്ച ദൈവത്തോട് വേണമെങ്കില്‍ പരിശുദ്ധ അമ്മയ്ക്കും പറയാമായിരുന്നു എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന്. ദൈവപുത്രന് ജന്മം കൊടുത്തതു വഴി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അമ്മയുടെ അഭ്യര്‍ത്ഥനക്കു മുമ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കാതെ തരമില്ല. എവിടെ സമ്പൂര്‍ണ്ണ സമര്‍പ്പണമുണ്ടോ അവിടെയൊക്കെ അത്ഭുതങ്ങള്‍ അരങ്ങേറും. നമുക്കും അമ്മയെപ്പോലെ ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാം.

നമുക്കു ചുറ്റുമുള്ളവരുടെയൊക്കെ ജീവിതം സ്വര്‍ഗോന്മുഖമാക്കുക എന്ന വലിയ ദൗത്യം കൂടി അമ്മ നമുക്ക് നല്‍കുന്നുണ്ട്. ലോകം മുഴുവന്‍ ഇന്ന് കോവിഡിന്റെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ശൂന്യമായ കല്‍ഭരണിയുമായി അത്ഭുതത്തിനായി കാത്തിരിക്കുന്ന അനേകം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. പ്രിയപ്പെട്ടവരുടെ വേര്‍പാടും അനാരോഗ്യവും പട്ടിണിയും തൊഴിലില്ലായ്മയും ഏകാന്തതയും ഒക്കെ വേട്ടയാടുന്ന ഈ കാലഘട്ടത്തില്‍ ദൈവം ഇടപെടുന്ന സമയത്തിനായി പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം. നല്ല നാളേക്കായുള്ള ഈ കാത്തിരിപ്പില്‍ നമ്മുടെ ചുറ്റുമുള്ള വേദനിക്കുന്ന സഹോദരങ്ങളെയെല്ലാം അല്‍പം കാരുണ്യത്തോടെ, കരുതലോടെ നമുക്ക് ചേര്‍ത്തുനിര്‍ത്താം. നല്ല വാക്കുകളിലൂടെ, സാന്നിദ്ധ്യത്തിലൂടെ, ചെറിയ സഹായങ്ങളിലൂടെ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തെ സ്വര്‍ഗ്ഗോന്മുഖമാക്കാം. സുവിശേഷത്തില്‍ ചുറ്റുമുള്ളവരുടെയൊക്കെ ജീവിതം സ്വര്‍ഗ്ഗോന്മുഖമാക്കിയ അമ്മയെ നാം കണ്ടുമുട്ടുന്നുണ്ട്. ഉടലിനെ കാല്‍വരിയാക്കുന്ന ഗര്‍ഭകാലത്തിന്റെ വേദനയിലൂടെ കടന്നുപോകുന്ന എലിസബത്തിന്റെ ജീവിതത്തെ ശുശ്രൂഷയിലൂടെ സ്വര്‍ഗ്ഗോന്മുഖമാക്കിയത് പരിശുദ്ധ അമ്മയാണ്. നിരാശ തളം കെട്ടി നില്‍ക്കേണ്ടിയിരുന്ന കാനായിലെ വിവാഹമുറ്റത്ത് അത്ഭുതകരമായ ഇടപെടലിലൂടെ അവരുടെ ജീവിതത്തെ സ്വര്‍ഗ്ഗോന്മുഖമാക്കിയത് അമ്മയാണ്. ഗുരുവിന്റെ മരണശേഷം കതകടച്ചിരുന്ന ശിഷ്യന്മര്‍ക്ക് ധൈര്യം പകര്‍ന്നുകൊടുത്ത് അവരുടെ ജീവിതത്തെ സ്വര്‍ഗ്ഗോന്മുഖമാക്കിയത് പരിശുദ്ധ അമ്മയാണ്. നമുക്കും ചുറ്റുമുള്ളവരുടെ ജീവിതത്തെ സ്വര്‍ഗ്ഗോന്മുഖമാക്കാന്‍ സാധിക്കട്ടെ.

കാനായിലെ അത്ഭുതത്തേക്കാള്‍ വലിയ അത്ഭുതത്തിന് നാം സാക്ഷ്യം വഹിക്കുന്നത് വിശുദ്ധ കുര്‍ബാനയിലാണ്. “കാനായില്‍ വെള്ളം വീഞ്ഞായി മാറിയെങ്കില്‍ വിശുദ്ധ ബലിയില്‍ വീഞ്ഞിനെ ഈശോ തന്റെ തിരുരക്തമാക്കി മാറ്റുന്നു” എന്ന ജറുസലേമിലെ വി. സിറിലിന്റെ വാക്കുകള്‍ വിശുദ്ധ കുര്‍ബാനയാകുന്ന അത്ഭുതത്തിലേക്കുള്ള ക്ഷണമാണ്. സ്‌നേഹത്തിന്റെ ഈ വിരുന്നില്‍ നിന്ന് ദൈവത്തെ സ്വന്തമാക്കി സ്വാതന്ത്ര്യത്തിന്റെ ചിറകു വിരിച്ച് പരിശുദ്ധ അമ്മയോടൊപ്പം സ്വര്‍ഗത്തിലേക്ക് നമുക്ക് പറന്നുയരാം. അവന്‍ പറയുന്നതുപോലെ ചെയ്യാനും ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ഈശോയില്‍ നിന്ന് സ്വാതന്ത്ര്യത്തോടെ അനുഗ്രഹങ്ങള്‍ ചോദിച്ചുവാങ്ങാനും സഹോദരങ്ങളുടെ ജീവിതത്തെ സ്വര്‍ഗ്ഗോന്മുഖമാക്കാനും ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തെ പരിശുദ്ധമായി കാത്തുസൂക്ഷിച്ച് സ്വര്‍ഗരാജ്യം ലക്ഷ്യമാക്കിയുള്ള ജീവിതം നയിക്കാനും ഈ ബലി നമുക്ക് ശക്തി പകരട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. റിജോ ജോസഫ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.