ഞായര്‍ പ്രസംഗം 2, കൈത്താക്കാലം രണ്ടാം ഞായര്‍ ജൂലൈ 18 തിരിച്ചറിവ്

ഒരിക്കല്‍ ചാര്‍ലി ചാപ്ലിനോട് പത്രപ്രവര്‍ത്തകര്‍, ലോകത്തിലെ ഏറ്റവും വലിയ ചെറുകഥ ഏതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി, ലോകത്തിലെ ഏറ്റവും വലിയ ചെറുകഥ ധൂര്‍ത്തപുത്രന്റെ കഥയാണ് എന്നാണ്.

കാണാതായ നാണയത്തിന്റെയും ആടിന്റെയും ഉപമയോട് ചേര്‍ത്തുവച്ചാണ് സുവിശേഷത്തിലെ ഏറ്റവും വലിയ ചെറുകഥയായ ധൂര്‍ത്തപുത്രന്റെ ഉപമയെയും നാം കണ്ടുമുട്ടുന്നത്. വി. ലൂക്കായുടെ സുവിശേഷം 15-ാം അദ്ധ്യായം 1 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍, നഷ്ടപ്പെട്ട ആടിന്റെയും നാണയത്തിന്റെയും ധൂര്‍ത്തപുത്രന്റെയും ഉപമയെപ്പറ്റിയാണ് പറയുന്നത്.

ആദ്യ രണ്ട് ഉപമയില്‍ നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം അന്വേഷിക്കുന്നു. തിരികെ വരുവാന്‍ സ്വയമേ കഴിവില്ലാത്ത നാണയത്തെയും ആടിനെയും കണ്ടുകിട്ടുമ്പോള്‍ ആനന്ദം പങ്കുവയ്ക്കുന്നു. എന്നാല്‍ നഷ്ടപ്പെട്ട പുത്രന്റെ ഉപമയില്‍ നഷ്ടമായവനു വേണ്ടി കാത്തിരിക്കുന്ന, നഷ്ടപ്പെട്ടവന്‍ സ്വയം തെറ്റ് തിരിച്ചറിഞ്ഞ് തിരികെ വരുമ്പോള്‍ ആനന്ദം പങ്കിടുന്ന സ്‌നേഹനിധിയായ ഒരു പിതാവിന്റെ വാത്സല്യത്തെയാണ്, അദ്ദേഹത്തിന്റെ കരുണയെയാണ് നാം കണ്ടുമുട്ടുക.

ഒരിക്കല്‍ ഒരു മകന്‍ തനിക്കുള്ള സ്വത്തുക്കള്‍ തന്റെ അപ്പച്ചനില്‍ നിന്നു വാങ്ങിയശേഷം ആരോടും പറയാതെ സ്വദേശം വിട്ട് അന്യദേശത്ത് ജീവിക്കാന്‍ ആരംഭിച്ചു. കുറേനാള്‍ കഴിഞ്ഞ് ആരൊക്കെയോ ചേര്‍ന്ന് അവനെ പറ്റിക്കുകയും ജീവിക്കാന്‍ വകയില്ലാതാകുകയും ചെയ്തു. ആ മകന്‍, തനിക്ക് സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞ് വീട്ടിലേക്ക് ഒരു കത്തെഴുതി. വീട്ടില്‍ നിന്ന് പറയാതെ ഇറങ്ങിപ്പോന്നതുകൊണ്ട് തന്നോട് സ്‌നേഹമുണ്ടോ എന്ന് അറിയാനായി കത്തിന്റെ അവസാനം ഇങ്ങനെ കൂടി കൂട്ടിച്ചേര്‍ത്തു: “എന്നോടുള്ള സ്‌നേഹത്തിന്റെ തെളിവായി, എന്നെ സ്വീകരിക്കുന്നതിന്റെ തെളിവായി വീടിന്റെ മുമ്പിലുള്ള മരത്തില്‍ ഒരു റിബ്ബണ്‍ കെട്ടണം.” വീട്ടുകാര്‍ മരത്തില്‍ റിബ്ബണ്‍ കെട്ടിയെങ്കില്‍ തന്നെ സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാണെന്നും അപ്രകാരം സംഭവിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളഞ്ഞേക്കാമെന്നു പോലും അവന്‍ ചിന്തിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന്‍ വീടിന്റെ അടുത്തുകൂടി പോയപ്പോള്‍ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി. വീടിന്റെ മുന്നിലെ മരം മുഴുവനും റിബ്ബണ്‍ കെട്ടിയിരിക്കുന്നു. മകന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഒരു റിബ്ബണിനു പകരം ഒരായിരം റിബ്ബണ്‍ കെട്ടി മാതാപിതാക്കള്‍ അവനായി കാത്തിരുന്നു. നഷ്ടപ്പെടാതിരിക്കാനായി കൂടുതല്‍ ഒരുക്കത്തോടെ കാത്തിരുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്.

ഇന്നത്തെ സുവിശേഷവായനയില്‍ നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് കാണുക. ഒന്നാമതായി അനുതപിക്കുന്ന ഇളയ മകന്‍. പശ്ചാത്തപിക്കുന്നവര്‍ ദൈവത്തിന്റെ കാരുണ്യം കാണും. തെറ്റുകള്‍ ഏറ്റുപറഞ്ഞ് അനുതപിക്കുമ്പോള്‍ ദൈവം തന്റെ കാരുണ്യവും കരുതലും സ്‌നേഹവും നല്‍കി നമ്മെ പുതുജീവിതത്തിലേക്ക് നയിക്കും. ഈശോ തന്റെ സുഹൃത്തുക്കളായ ചുങ്കക്കാരോടും പാപികളോടും കാണിച്ച അതേ സ്‌നേഹമാണ്, അതേ കരുതലാണ് ഈ ഉപമയിലെ പിതാവ് തന്റെ മകനോടും കാണിച്ചത്.
തനിക്കു പറ്റിയ തെറ്റുകള്‍ മനസിലാക്കുവാന്‍ ആ ഇളയ മകന്‍ അനേകം വഴികളിലൂടെ കടന്നുപോയെന്ന് നമുക്കറിയാം. അവസാനം അവന് സുബോധം ഉണ്ടാകുമ്പോഴാണ് താന്‍ സ്വയം നഷ്ടപ്പെടുത്തിയവനാണെന്ന ബോധ്യം അവനിലുണ്ടായതും. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് തിരികെ വരുന്നതും യേശുവിനെ അനുകരിക്കുവാന്‍ വിളിക്കപ്പെട്ട ക്രിസ്ത്യാനികളായ നാം അന്ധമായി ലോകത്തെ അനുകരിക്കുമ്പോള്‍ ധൂര്‍ത്തപുത്രനുണ്ടായ അതേ അനുഭവം നമുക്കും ഉണ്ടാകും. ജീവിതം അന്ധകാരവും ശൂന്യവുമാകാതിരിക്കാന്‍ ആ പിതാവിന്റെ സ്‌നേഹം നമുക്ക് ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് അതേ ജീവിതാനുഭവം നമ്മെ കൊണ്ടെത്തിക്കുന്നു.

രണ്ടാമതായി, മകന്‍ തിരികെ വരുമ്പോള്‍ ആനന്ദിക്കുന്ന സ്‌നേഹപിതാവായ ദൈവം. യഹൂദ നിയമപ്രകാരം പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഓഹരി ആവശ്യപ്പെടുന്നത് ലജ്ജാകരവും (പ്രഭാ. 33:23) പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യവുമാണ്. എന്നാല്‍ തന്റെ ഇളയ മകന്‍ സ്വത്തെല്ലാം ധൂര്‍ത്തടിച്ച് തിരികെ വന്നപ്പോള്‍ പിതാവിന്റെ ശാസനയേക്കാളുപരി സ്‌നേഹപൂര്‍വ്വമുള്ള പരിചരണമാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. തിരിച്ചറിവ് വളറെ പ്രധാനപ്പെട്ട ഒന്നാണ്. ഞാന്‍ തെറ്റ് ചെയ്‌തെന്ന തിരിച്ചറിവ്, ദൈവം നല്‍കിയ പുണ്യങ്ങളെ വേണ്ടവിധം ഉപയോഗിച്ചില്ലായെന്ന തിരിച്ചറിവ് നമുക്ക് ആവശ്യമാണ്. ഈ തിരിച്ചറിവിലൂടെ നാം ദൈവസ്‌നേഹത്തിലേക്ക് കൂ ടുതലായി അടുക്കും.

സ്‌നേഹമുളളവരേ, അനുദിനം ദൈവസന്നിധിയില്‍ നിന്ന് പല കാരണങ്ങളാല്‍ അകന്നുപോയവരാണ് നാം ഓരോരുത്തരും. ആ അകല്‍ച്ച പിതാവായ ദൈവത്തിന് വേദനയേകുമെങ്കിലും നമ്മുടെ പശ്ചാത്താപവും അനുരഞ്ജനവുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം തിരിച്ചുവരുമെന്ന് ഏറെ ആഗ്രഹിക്കുന്ന ഒരു പിതാവാണ് നമുക്കുള്ളതും. വി. അഗസ്റ്റിന്‍ പറഞ്ഞതുപോലെ, നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാവില്ലായെന്ന ചിന്ത നമ്മിലും ഉണ്ടാകണം.

സ്‌നേഹത്തിന്റെ ഈ ബലിയില്‍ തീക്ഷ്ണതയോടെ നമുക്കും പ്രാര്‍ത്ഥിക്കാം. സ്‌നേഹനാഥനായ ഈശോയേ, ഞങ്ങളിലേക്ക് എഴുന്നള്ളി വരേണമേ. നീ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കുവാനും നീ മുറിയപ്പെട്ടതുപോലെ മുറിയപ്പെടാനുമുള്ള കൃപ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കണമേ എന്ന്. സര്‍വ്വശക്തന്‍ നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അജോ തോമസ് വടക്കേട്ട് MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.