ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം ഒന്നാം ഞായര്‍ മെയ്‌ 23 സഭയില്‍ പറന്നിറങ്ങിയ പരിശുദ്ധാത്മാവ്

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ബ്ര. ഫ്രാന്‍സിസ് കല്ലുംപുറത്ത് MSJ

സീറോ മലബാര്‍ സഭയുടെ ആരാധനാവത്സരക്രമമനുസരിച്ച് സഭ ഇന്ന് പുതിയ ഒരു കാലത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ച ചരിത്രയാഥാര്‍ത്ഥ്യമായ പെന്തക്കുസ്തായെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടും അനുസ്മരിപ്പിച്ചുകൊണ്ടുമാണ് തിരുസഭ ഇന്ന് ശ്ലീഹാക്കാലം ആരംഭിക്കുന്നത്. ഉത്ഥിതനായ ക്രിസ്തു പിതാവിന്റെ സന്നിധിയിലേയ്ക്ക് യാത്രയാകുന്നതും തന്റെ വേര്‍പാടില്‍ വിഷമിച്ചിരിക്കുന്ന ശ്ലീഹന്മാര്‍ക്ക് പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രത്യാശ നല്‍കി ആശ്വസിപ്പിക്കുന്നതും തുടര്‍ന്ന് പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശ്ലീഹന്മാര്‍ ധൈര്യത്തോടും വിശ്വാസത്തോടും കൂടെ ക്രിസ്തുവിനെ പ്രഘോഷിച്ച് സഭയുടെ വളര്‍ച്ചയില്‍ പങ്കുകാരാകുന്നതിനെയുമാണ് ശ്ലീഹാക്കാലത്തില്‍ പ്രത്യേകമായി നാം ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നത്.

പെന്തക്കുസ്താ അനുഗ്രഹങ്ങളുടെ തിരുനാളാണ്. കാരണം, പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെമേല്‍ ഇറങ്ങിവന്ന് അവരെ ധൈര്യപ്പെടുത്തി അവരിലെ ആജ്ഞയെയും അവിശ്വാസത്തെയും ജ്ഞാനം കൊണ്ടും വിശ്വാസം കൊണ്ടും നിറച്ച് സഭയ്ക്ക് ജന്മം നല്‍കിയ സുന്ദരദിനമാണ് പെന്തക്കുസ്താ ദിനം. അഗ്നി ശുദ്ധീകരിക്കുന്നതാണ്. അത് ദൈവസാന്നിദ്ധ്യത്തെ അനുസ്മരിപ്പിക്കുന്നതുമാണ്. തീനാവുകളുടെ രൂപത്തില്‍ പറന്നിറങ്ങിയ പരിശുദ്ധാരൂപിയാണ് ഭയം മൂലം മരവിച്ചുപോയിരുന്ന അപ്പസ്‌തോലന്മാരെ ശക്തിപ്പെടുത്തുകയും ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്തത്. വിജ്ഞാനത്തില്‍ വളരാനും ജീവിക്കുവാനും ആത്മാവ് നമ്മില്‍ പറന്നിറങ്ങേണ്ട ആവശ്യകതയെപ്പറ്റിയാണ് പെന്തക്കുസ്താ തിരുനാളില്‍ തിരുസഭ നമ്മോട് ആവശ്യപ്പെടുന്നത്.

വി. യോഹന്നാന്റെ സുവിശേഷം 16-ാം അദ്ധ്യായം 5 മുതല്‍ 15 വരെയുള്ള വാക്യങ്ങളാണ് തിരുസഭ ഇന്ന് വിചിന്തനവിഷയമാക്കുക. സകലത്തെയും ശക്തിപ്പെടുത്തുകയും ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുക്രിസ്തുവാണ് വചനത്തിന്റെ കേന്ദ്രം. ക്രിസ്തു വിരല്‍ചൂണ്ടുന്നത് സഹായകനായ പരിശുദ്ധാത്മാവിലേയ്ക്കാണ്. ആത്മാവില്‍ നിറഞ്ഞ് വിശുദ്ധിയോടെ ജീവിക്കാനാണ് നമ്മളോരോരുത്തരും പിതാവിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പുണ്യപ്പെട്ട ജീവിതം നയിച്ച അപ്പസ്‌തോലന്മാര്‍ അതിന് ഉത്തമ ഉദാഹരണങ്ങളാണ്. സകലത്തിന്റെയും സഹായകനും ശക്തിപ്പെടുത്തുന്നവനുമായ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട വലിയ കടമ നമ്മിലാണ് മിശിഹാ ഭരമേല്‍പിച്ചിരിക്കുന്നത്. ലേഖനഭാഗത്ത് വായിച്ചുകേട്ടതുപോലെ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ നിറഞ്ഞ് നന്മയിലൂടെ സഭയെ നമുക്ക് പടുത്തുയര്‍ത്താം.

പരിശുദ്ധ കന്യകാമറിയവും ശ്ലീഹന്മാരും ഒറ്റയ്ക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴല്ല പരിശുദ്ധാത്മാവിനെ സ്വീകരിച്ചത്. മറിച്ച് സെഹിയോന്‍ മാളികയില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ്. ചുരുക്കത്തില്‍ ആത്മാവ് പറന്നിറങ്ങുന്നത് കൂട്ടായ്മയിലാണ്. ഐക്യവും സ്‌നേഹവും സമാധാനവും നിലനില്‍ക്കുന്ന കൂട്ടായ്മകളിലാണ് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുക. നമ്മുടെ കുടുംബത്തിലും മറ്റു കൂട്ടായ്മകളിലും ഐക്യത്തോടെ വര്‍ത്തിക്കണമെന്നാണ് തിരുവചനഭാഗം നമ്മെ പഠിപ്പിക്കുന്നത്.

പഴയനിയമത്തിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ ദൈവത്തെപ്പോലെയാകാന്‍ ആഗ്രഹിച്ച ഒരു ജനതയുടെ വിവരണം വചനം നമുക്ക് സമ്മാനിക്കുന്നുണ്ട്. ഉല്‍പത്തി പുസ്തകത്തിന്റെ 11-ാം അദ്ധ്യായത്തിലാണ് നാം അത് കാണുക. ഒരു സംസ്‌കാരവും ഒരു ഭാഷയും മാത്രമുണ്ടായിരുന്ന ഭൂമിയില്‍ കിഴക്ക് നിന്നു വന്നവര്‍ ഷീനാറില്‍ താമസമുറപ്പിച്ച് ആകാശം മുട്ടുന്ന ഗോപുരമുണ്ടാക്കി. ബാബേല്‍ ഗോപുരം എന്നാണ് അവര്‍ അതിനെ വിളിച്ചത്. സ്രഷ്ടാവായ ദൈവത്തെ മറന്ന് അവര്‍ തങ്ങളുടെ പേരും പ്രശസ്തിയും മാത്രം നിലനിര്‍ത്താന്‍ ആഗ്രഹിച്ചപ്പോള്‍ ദൈവം അവരെ ചിതറിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭിന്നമായി തങ്ങള്‍ മാത്രമാണ് ഭൂമിയിലെന്നും തങ്ങളുടെ പേരും പ്രശസ്തിയും മാത്രം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തണമെന്നും ആഗ്രഹിച്ച ജനതയോട് ദൈവം അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നു. കൂട്ടായ്മയില്‍ നിന്ന് അകന്നു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ദൈവം ചിതറിക്കുന്നു.
എന്നാല്‍ പെന്തക്കുസ്തായില്‍ നടന്നത് ഇതിനു വിപരീതമായ സംഭവമാണ്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, വിവിധ സംസ്‌കാരങ്ങളില്‍ നിന്ന്, വിവിധ വേഷങ്ങള്‍ ധരിക്കുന്നവരെയും ഭാഷകള്‍ സംസാരിക്കുന്നവരെയും ദൈവം ഒന്നിപ്പിക്കുന്നു. പരിശുദ്ധാത്മാവ് അഗ്നിനാളങ്ങളുടെ രൂപത്തില്‍ ശ്ലീഹന്മാരില്‍ പറന്നിറങ്ങിയപ്പോള്‍ ജനം കൂട്ടായ്മയുടെ സമൂഹമായ സഭയിലേയ്ക്ക് ഒരുമിച്ചുകൂടിയെന്ന് അപ്പ. 6:2-ല്‍ നാം വായിക്കുന്നു. പരിശുദ്ധാത്മാവ് ഐക്യപ്പെടുത്തുന്ന ശക്തിയാണ്. അത് കൂട്ടായ്മയുടെ വലിയ അടയാളമാണ്. ഈ പരിശുദ്ധാത്മാവിന്റെ ആവാസം കുറയുന്നതനുസരിച്ച് കൂട്ടായ്മയും ഐക്യവും അന്യം നില്‍ക്കും.

ആദിമസഭയെക്കുറിച്ചുള്ള വളരെ മനോഹരമായ ഒരു വിവരണം അപ്പ. 4:32 സമ്മാനിക്കുന്നുണ്ട്. ‘വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമായിരുന്നു’ എന്നാണ് നാം അവിടെ വായിക്കുക. ഒരു ഹൃദയവും ആത്മാവും എന്ന മനോഭാവത്തിലേയ്ക്ക് ആദിമ സഭാസമൂഹത്തെ നയിച്ചത് സകലത്തെയും ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവാണ്. ബോദ്ധ്യങ്ങള്‍ സമ്മാനിക്കുകയും നേര്‍വഴിയിലൂടെ നടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് സാവൂളിനെ മാനസാന്തരപ്പെടുത്തി വി. പൗലോസാക്കിയതും പാപിയായിരുന്ന അഗസ്റ്റിനെ വി. അഗസ്റ്റിന്‍ ആക്കിത്തീര്‍ത്തതും.

പ്രാര്‍ത്ഥനാമുറിയില്‍ ഉപ്പുകല്ലുകള്‍ വിതറി അതിന്മേല്‍ മുട്ടുകുത്തി നിന്ന് കൈകള്‍ വിരിച്ച് പ്രാര്‍ത്ഥിച്ചിരുന്ന ഒരു അപ്പച്ചനെക്കുറിച്ച് വായിച്ചത് ഓര്‍ക്കുന്നു. രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ മൂളക്കവും ഞരക്കവും കേട്ട് മകള്‍ വാതില്‍ തുറന്നുവരുമ്പോള്‍ കാണുന്നത് അപ്പന്‍ പ്രാര്‍ത്ഥനാമുറിയില്‍ ഉപ്പുകല്ലിന്മേല്‍ മുട്ടുകുത്തി നിന്ന് തുകല്‍ച്ചാട്ട കൊണ്ട് സ്വയം വേദനിപ്പിക്കുന്നതാണ്. ‘എന്തിനാണപ്പാ ഇങ്ങനെ സ്വയം വേദനിപ്പിക്കുന്നത്’ എന്നുള്ള മകളുടെ സങ്കടം നിറഞ്ഞ ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിലാണ് അപ്പന്‍ മറുപടി പറയുക: ‘തിന്മ നിറഞ്ഞ ഈ ലോകത്തില്‍ എന്റെ മകള്‍ ഇടറിവീഴാതിരിക്കാന്‍ വേണ്ടിയിട്ടാണ് അപ്പന്‍ വേദനയോടെ പ്രാര്‍ത്ഥിക്കുന്നത്.’ അങ്ങനെയുള്ള ഒരു അപ്പന്റെ ആത്മീയതയില്‍ വളര്‍ന്നുവന്ന ഒരു മകളാണ് വി. അല്‍ഫോന്‍സ. ആത്മാവിന്റെ പ്രേരണയ്ക്കനുസരിച്ച് സഹനങ്ങള്‍ ഏറ്റെടുക്കുകയും വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറിയവളുമാണ് അല്‍ഫോന്‍സയെങ്കില്‍ അവളെ സഹായിച്ചതും ശക്തിപ്പെടുത്തിയതും ഇതേ ആത്മാവ് തന്നെയാണ്. വി. യോഹന്നാന്റെ സുവിശേഷം 10:8 ‘പരിശുദ്ധാത്മാവ് വന്ന് സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും നിങ്ങളെ ബോദ്ധ്യപ്പെടുത്തും.’ ഈയൊരു ബോദ്ധ്യത്തില്‍ ഉറച്ചുനിന്നു കൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ ക്രമപ്പെടുത്തണമെന്നാണ് പെന്തക്കുസ്താ ദിനത്തില്‍ തിരുസഭാ മാതാവ് നമ്മോട് ആഹ്വാനം ചെയ്യുന്നത്.

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ, ദൈവാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദൈവികപദ്ധതികള്‍ നമ്മിലും നിറവേറുക. നമ്മുടേതായ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ആത്മാവിന്റെ ചൈതന്യത്തില്‍ സ്വര്‍ഗ്ഗീയപിതാവിന്റെ ഹിതം നിറവേറ്റുന്നവരായി നമ്മള്‍ വളരാനാണ് ഓരോ പെന്തക്കുസ്താ തിരുനാളും അര്‍ത്ഥം വയ്ക്കുന്നത്. അതിനായി ലേഖനഭാഗത്ത് വായിച്ചുകേട്ടതുപോലെ ആത്മാവിന്റെ വരദാനഫലങ്ങള്‍ നമ്മിലും നിറഞ്ഞുകവിയണം. അപ്പോഴാണ് നമ്മുടെ ജീവിതവും അനുഗ്രഹമായി മാറുക. പരിശുദ്ധമായ ഈ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന പരിപാവനമായ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, സകലത്തെയും വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, വിശുദ്ധിയില്‍ വളരുവാന്‍ എന്നെ സഹായിക്കേണമേ. പാപബോധം നല്‍കുന്ന പരിശുദ്ധാത്മാവേ, പശ്ചാത്താപത്താല്‍ വളരാന്‍ എന്നെ അനുഗ്രഹിക്കണമേ. നീതിബോധം നല്‍കുന്ന പരിശുദ്ധാത്മാവേ, നന്മ ചെയ്ത് വളരാന്‍ എന്നെ പ്രാപ്തനാക്കണമേ. സര്‍വ്വേശ്വരന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഫ്രാന്‍സിസ് കല്ലുംപുറത്ത് MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.