ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പുകാലം ആറാം ഞായര്‍ മെയ്‌ 09 യോഹ. 17: 1-26 സ്‌നേഹത്തില്‍ ഒന്നായിരിക്കുക

ബ്ര. ജോര്‍ജ് വെള്ളക്കിഴങ്ങില്‍ MSJ

“പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ഉയിര്‍പ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് ക്രിസ്തുവിന്റെ പുരോഹിതപ്രാര്‍ത്ഥന എന്നറിയപ്പെടുന്ന വി. യോഹന്നാന്റെ സുവിശേഷത്തിലെ 17-ാം അദ്ധ്യായം ഒന്നു മുതലുള്ള ഭാഗങ്ങളാണ്.

“പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” തന്നില്‍ വിശ്വിസിക്കുന്നവര്‍ സ്‌നേഹത്തിന്റെ ഐക്യത്തില്‍ ഒന്നാകുന്നതിനുവേണ്ടി പിതാവിന്റെ പക്കല്‍ ക്രിസ്തു നടത്തുന്ന അതിമനോഹരവും അനുകരണീയവുമായ ഒരു പ്രാര്‍ത്ഥന.

പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തെ വിട്ടുപിരിയുന്നതിനു മുമ്പ് മോശ അവരെ അടുത്ത് വിളിച്ച് ദൈവകല്‍പനകള്‍ പാലിക്കാന്‍ അവരെ ഓര്‍മ്മപ്പെടുത്തുന്നതും അത് പാലിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുകയും ചെയ്യുന്ന ഒരു രംഗം നിയമാവര്‍ത്തന പുസ്തകത്തില്‍ നാം കാണുന്നുണ്ട്. ഇത്തരുണത്തില്‍ താന്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന ശിഷ്യര്‍ക്ക് ഈശോ നല്‍കുന്ന ഉപദേശങ്ങളാണ് യോഹന്നാന്‍ ശ്ലീഹാ 13 മുതല്‍ 17 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ ഉപദേശങ്ങളും ഉത്തരവാദിത്വങ്ങളും തന്റെ ശിഷ്യരെ ഏല്‍പിക്കുന്ന ക്രിസ്തു മനോഹരമായ ഒരു പ്രാര്‍ത്ഥനയിലൂടെയാണ് ഇതിന് സമാപനം കുറിക്കുന്നത്. ഈ വിടവാങ്ങല്‍ പ്രാര്‍ത്ഥനയാണ് നാം ഇന്ന് വായിച്ചുകേട്ട ഈ വചനഭാഗം.

ഈ പ്രാര്‍ത്ഥനയ്ക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.

ഒന്നാം ഭാഗത്ത്, ക്രിസ്തു തനിക്കു വേണ്ടിത്തന്നെ പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗത്ത് ഈശോ പ്രാര്‍ത്ഥിക്കുന്നത് തന്റെ ശിഷ്യര്‍ക്കു വേണ്ടിയാണ്.
തന്നില്‍ വിശ്വസിക്കാനിരിക്കുന്ന ഭാവിശിഷ്യര്‍ക്കു വേണ്ടിയാണ് മൂന്നാം ഭാഗത്ത് ഈശോ പ്രാര്‍ത്ഥിക്കുന്നത്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ ക്രിസ്തു തന്റെ ശിഷ്യര്‍ക്കും അവനിലേയ്ക്ക് കടന്നുവരാനിരിക്കുന്ന നമുക്കു വേണ്ടിയും പിതാവിനോട് പ്രാര്‍ത്ഥിച്ചു. എന്നാല്‍, നാം സമ്പന്നനോ കോടീശ്വരനോ ആകുന്നതിനുവേണ്ടിയല്ല. മറിച്ച്, അവനില്‍ വിശ്വസിക്കുന്ന ഏവനും ഐക്യത്തില്‍ ഒന്നായിരിക്കുന്നതിനു വേണ്ടിയാണ് അവന്‍ പ്രാര്‍ത്ഥിച്ചത്. വിശ്വാസികളുടെ ഐക്യത്തിലൂടെ യേശുവിനെ അയച്ചത് പിതാവായ ദൈവമാണെന്ന് വെളിപ്പെടുകയും വിശ്വാസികള്‍ ക്രിസ്തുശിഷ്യരാണെന്ന് ലോകം അറിയുകയും ചെയ്യും. പരസ്പര സ്‌നേഹത്തിലുള്ള സഭയുടെ ഐക്യമായിരുന്നു ക്രിസ്തുവിന്റെ പ്രാര്‍ത്ഥന. അതുകൊണ്ടാണ് യോഹന്നാന്‍ ശ്ലീഹാ ക്രിസ്തുവിന്റെ വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്: “ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.”

ഇന്നത്തെ ആദ്യവായനയില്‍ പ്രവാസികളായ ഇസ്രായേല്‍ മക്കള്‍ ജറൂസലേമിലേയ്ക്ക് തിരിച്ചുവരുമെന്നും തന്റെ പരിശുദ്ധരും എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുമെന്നും എല്ലാവരും ദൈവത്തിന്റെ രക്ഷ അനുഭവിക്കും എന്നുമുള്ള സൂചനയാണ് നമുക്ക് നല്‍കുന്നത്.

ആദിമസഭയുടെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിച്ച അപ്പസ്‌തോലനാണ് പൗലോസ്. യഹൂദ ക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളും തമ്മിലുണ്ടായിരുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിച്ച ശ്ലീഹാ ഇന്നും നാം വായിച്ചുകേട്ട എഫേസോസുകാര്‍ക്കെഴുതിയ ലേഖനം 2-ാം അദ്ധ്യാ യം 14-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: “അവന്‍ – ക്രിസ്തു നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു.” പാപിയുടെമേലും നീതിമാന്റെമേലും ഒരുപോലെ കാരുണ്യം കാണിക്കുന്നവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നും ഒരുമയുടെയും ഐക്യത്തിന്റെയും മാതൃകയായിരുന്നു. അതുകൊണ്ടു തന്നെയാവണം തന്നില്‍ വിശ്വസിക്കുന്നവരുടെ ‘ഐക്യം’ അവന്റെ പ്രാര്‍ത്ഥനയുടെ വിഷയമായി മാറിയത്.

മലിനമെന്നും അശുദ്ധമെന്നുമുള്ള മുന്‍വിധികളാല്‍ ദര്‍ശനത്തിലൂടെ ദൈവം തനിക്കു നല്‍കിയ വൈജാത്യങ്ങളുടെ വലിയ പാത്രത്തെ അംഗീകരിക്കാന്‍ കഴിയാതെ പോകുന്ന പത്രോസ് ശ്ലീഹായെ (ഇന്ന് വായിച്ചുകേട്ട) അപ്പ. പ്രവര്‍ത്തനങ്ങളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ ‘ദൈവം വിശുദ്ധീകരിച്ചവയെ മലിനമെന്ന് നീ കണക്കാക്കരുത്’ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ ശ്ലീഹായെ സ്പര്‍ശിച്ചു. തുടര്‍ന്നുവരുന്ന വാക്യത്തില്‍ പത്രോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: “ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു.”

സകല ജനതയുടെയും വിശുദ്ധീകരണവും രക്ഷയുമാണ് ദൈവം അഭിലഷിക്കുന്നത്. യഹൂദനെന്നോ വിജാതീയനെന്നോ വലിയവനെന്നോ താഴ്ന്നവനെന്നോ വേര്‍തിരിവില്ലാതെ ത്രീയേകദൈവത്തിന്റെ കൂട്ടായ്മയിലേയ്ക്കാണ് ഈ വചനഭാഗങ്ങളെല്ലാം നമ്മെ ക്ഷണിക്കുന്നത്.

ലോകം മുഴുവന്‍ ക്രിസ്തുവിനെ മനസ്സിലാക്കി ദൈവവിശ്വാസത്തിലേയ്ക്ക് കടന്നുവരത്തക്കവിധത്തില്‍ ക്രിസ്തുവിന് ജീവിതം കൊണ്ട് സാക്ഷ്യം നല്‍കേണ്ടവരാണ് ക്രിസ്തുശിഷ്യര്‍. അപ്പസ്‌തോലന്മാരും ആദിമക്രൈസ്തവ സമൂഹവും ഈ ദൗത്യം ഭംഗിയായി ചെയ്തുതീര്‍ത്തു. ദൈവം തിരഞ്ഞെടുത്ത ഇസ്രായേലില്‍ നിന്ന് തുടക്കം കുറിച്ച രക്ഷയുടെ ഈ ദൗത്യം/ സന്ദേശം ലോകാതിര്‍ത്തികള്‍ വരെ എത്തിക്കുന്നതിനാണ് ക്രിസ്തു തന്റെ ശിഷ്യരെ തിരഞ്ഞെടുത്തത്. ഇപ്രകാരം ലോകാതിര്‍ത്തികള്‍വരെ രക്ഷ എത്തിക്കുന്നതിന് പരസ്പരസ്‌നേഹത്തിലൂടെ ഐക്യത്തില്‍ ഒന്നായിത്തീരുക എന്നതായിരുന്നു ക്രിസ്തുശിഷ്യര്‍ ചെയ്യേണ്ടിയിരുന്നത്. ക്രിസ്തു തന്റെ പ്രാര്‍ത്ഥനയില്‍ ഊന്നല്‍ നല്‍കുന്നതും ഈ ഐക്യത്തിനു തന്നെയാണ്.

സ്‌നേഹമുള്ള സഹോദരങ്ങളേ, സ്‌നേഹത്തില്‍ ഒന്നായിരിക്കുക എന്നതാണ് ഈശോയുടെ പുരോഹിതപ്രാര്‍ത്ഥനയിലെ സാരാംശങ്ങളിലൊന്ന്. ദൈവത്തോടും ചുറ്റുമുള്ള സഹോദരങ്ങളോടും ഐക്യത്തില്‍ ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമായ ത്രീതൈ്വകദൈവത്തിന്റെ കൂട്ടായ്മ മുതല്‍ പിതാവായ ദൈവത്തെ സ്തുതിച്ചുവാഴ്ത്തുന്ന ഇടമായ സ്വര്‍ഗ്ഗരാജ്യം വരെ കൂട്ടായ്മയുടെ സൗന്ദര്യത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളുമെല്ലാം ത്രീയേകദൈവത്തിന്റെ ഈ കൂട്ടായ്മയിലേയ്ക്ക് വളരേണ്ടവരാണ്. നമ്മുടെ അനുദിന വിശുദ്ധ ബലികളും പ്രാര്‍ത്ഥനാവേളകളുമെല്ലാം ഇതിന് നമ്മെ സഹായിക്കുന്നവയാണ്. പക്ഷേ, ഈ പ്രാര്‍ത്ഥനാവേളകള്‍ ഒരു ആള്‍ക്കൂട്ടത്തിന്റെയോ ജനാവലിയുടെയോ ആവിഷ്‌ക്കാരമായാല്‍ അവിടെ ദൈവസാന്നിദ്ധ്യമുണ്ടാകുകയില്ല.
അപരന്റെ ദുഃഖങ്ങളില്‍ അവനെ ആശ്വസിപ്പിക്കുകയും അവന്റെ ആവശ്യങ്ങളില്‍ അവനെ സഹായിക്കുകയും സഹോദരനോട് അവന്റെ തെറ്റുകള്‍ ക്ഷമിച്ച് അവനെ സ്‌നേഹിക്കുമ്പോഴും മാതാപിതാക്കളും മക്കളുമെല്ലാം പരസ്പരം സ്‌നേഹിച്ചും ക്ഷമിച്ചും വളര്‍ത്തിയും ഐക്യത്തില്‍ മുന്നോട്ടുനീങ്ങുമ്പോഴും ക്രിസ്തു വിഭാവനം ചെയ്ത ഐക്യത്തിലേയ്ക്ക് സ്‌നേഹത്തിന്റെ കൂട്ടായ്മയിലേയ്ക്ക് നാം വളരുകയായിരിക്കും ചെയ്യുക.

‘ഒരുമയോടീ ബലിയര്‍പ്പിക്കാം’ എന്നു പാടി ഈ ബലി നാം അര്‍പ്പിക്കുമ്പോള്‍ മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ, അങ്ങ് പിതാവിനോട് ഒന്നായിരിക്കുന്നതുപോലെ അങ്ങയില്‍ ഒന്നായിരിക്കാന്‍ ഞങ്ങളെയും അനുഗ്രഹിക്കേണമേ. ഉത്ഥിതനായ ക്രിസ്തു നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോര്‍ജ് വെള്ളക്കിഴങ്ങില്‍ MSJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.