ഞായര്‍ പ്രസംഗം 2 ഉയിര്‍പ്പുകാലം ആറാം ഞായര്‍ മെയ് 26 യോഹ. 17: 20-26 സ്‌നേഹത്തില്‍ ഒന്നാകാം

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടണ്‍ ചോദിച്ചു: ‘എന്തുകൊണ്ട് ഈ ഭൂഗോളം അനേകം കഷണങ്ങളായി അന്തരീക്ഷത്തില്‍ ചിതറിപ്പോകുന്നില്ല?’ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതുകൊ ണ്ട് അദ്ദേഹം തന്നെ ആ ചോദ്യത്തിന് ഉത്തരവും നല്‍കി. ‘ഭൂഗോളം ഒരിക്കലും ചിന്നിച്ചിതറാതിരിക്കുന്നതിനു കാരണം, ഭൂമി അതിന്റെ കേന്ദ്രത്തിലേയ്ക്ക് അതിലെ ഓരോ വസ്തുവിനെയും ആകര്‍ഷിച്ച് അടുപ്പിക്കുന്നു. ഭൂമിയുടെ ഈ ഗുരുത്വാകര്‍ഷണ ബലമാണ് ഭൂഗോളത്തെ ഒന്നാക്കി ഉറപ്പിച്ചുനിര്‍ത്തുന്നത്. ഏറ്റവും ചെറിയ പരമാണുക്കള്‍ പോലും (Atoms) പരസ്പരം ബന്ധിക്കപ്പെടുന്നതും തങ്ങളില്‍ തന്നെ ബന്ധിക്കപ്പെട്ടിരിക്കുന്നതും ഈ ആകര്‍ഷണം മൂലമാണ്. ഓരോ പരമാണുവിന്റെ ഉള്ളിലും അവര്‍ണ്ണനീയമായ ആകര്‍ഷണവും ഊര്‍ജ്ജവും അടക്കം ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ അതിനും ഈ ലോകത്തിനു തന്നെയും നമുക്ക് ആലോചിക്കാന്‍ സാധിക്കാത്ത പലതും സംഭവിക്കുമായിരുന്നു.’

ആദിയില്‍ ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെക്കുറിച്ച് ദൈവത്തിനുണ്ടായിരുന്ന ഒരേയൊരു സ്വപ്നം, തന്റെ സ്‌നേഹത്തില്‍ മനുഷ്യര്‍ എന്നും ഒന്നായിരിക്കണം എന്നാണ്. എന്നാല്‍, അനുസരണക്കേടിന്റെ ആദ്യപാപത്തിലൂടെ നഷ്ടമായ ഈ സ്‌നേഹബന്ധം തിരിച്ചു കൊണ്ടുവരുവാന്‍ ദൈവം തന്നെ മനുഷ്യനായി അവതരിച്ചു. ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചുകേട്ടത്, പിതാവായ ദൈവത്തോടുള്ള പുത്രന്റെ പ്രാര്‍ത്ഥനയാണ്. ‘അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതു പോലെ അവരും നമ്മിലായിരിക്കേണ്ടതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ (17:21).

പറുദീസായില്‍ നഷ്ടമായ ദൈവ-മനുഷ്യ ഐക്യം വീണ്ടെടുക്കണമെന്നത് ദൈവപിതാവിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. അതിനായുള്ള അവിടുത്തെ ആഗ്രഹങ്ങളും പരിശ്രമങ്ങളും ഫലമണിയിക്കുവാന്‍ വേണ്ടിയായിരുന്നു അവിടുത്തെ പുത്രനായ ഈശോ തന്റെ ദൈവികതയും മഹത്വവും വേണ്ട എന്നുവച്ച് മനുഷ്യരായ നമ്മുടെ രൂപം സ്വീകരിച്ച് ഈ ഭൂമിയില്‍ നമ്മുടെയിടയിലേയ്ക്ക് ഇറങ്ങിവന്ന് നമുക്കുവേണ്ടി കുരിശില്‍ മരിച്ചത്. വീണ്ടും മനുഷ്യരക്ഷയുടെ പൂര്‍ത്തീകരണത്തിനായി ഇന്ന് തിരുസഭയിലൂടെ പരിശുദ്ധാത്മാവ് അവിടുത്തെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

തിരുവചനത്തിലൂടെ നാം കണ്ട ഈശോയുടെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കം ഇതാണ് – ത്രിത്വൈക ദൈവത്തിന്റെ പരസ്പര സമര്‍പ്പണത്തിന്റെയും പരസ്പരം അംഗീകരിക്കുന്നതിന്റെയും പരസ്പരം വിധേയപ്പെടുന്നതിന്റെയും മഹനീയമാതൃക നല്‍കുന്ന സ്‌നേഹബന്ധം. ഈ ദൈവികമായ സ്‌നേഹബന്ധത്തില്‍ അവിടുത്തെ ശിഷ്യരായ നാമോരോരുത്തരും വളരുവാനും, ജീവിതം നയിക്കുവാനും വേണ്ടി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് ഈശോ. കാരണം, താന്‍ അയയ്ക്കുന്ന പരിശുദ്ധാത്മാവ് വഴിയായി തന്റെ ശിഷ്യന്മാരാല്‍ സ്ഥാപിതമാകുന്ന തിരുസഭയില്‍ തന്റെ പിതാവിന്റെ രക്ഷാകരപദ്ധതി ഇനിയും ഈ ലോകത്തില്‍ പൂര്‍ത്തിയാവണമെങ്കില്‍ അവിടെ പരിശുദ്ധ ത്രിത്വൈക ദൈവത്തിന്റെ- പരസ്പരം മനസ്സിലാക്കുന്ന, പരസ്പരം വിധേയപ്പെടുന്ന, വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാവുന്ന, പരസ്പരം അംഗീകരിക്കുന്ന, സ്വാര്‍ത്ഥമോഹങ്ങളെ ബലികഴിക്കുന്ന ദൈവികമായ സ്‌നേഹചൈതന്യം കൂടിയേ തീരൂ. അതുകൊണ്ടു തന്നെയാണ് ഈശോ ഈ പ്രാര്‍ത്ഥനയ്ക്ക് മുമ്പേ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് അവരോട് സ്‌നേഹത്തിന്റെ പുതിയ പ്രമാണം പഠിപ്പിച്ചത്. ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ (യോഹ. 13: 35).

ഇന്ന് ക്രൈസ്തവര്‍ക്കിടയിലെ അനൈക്യം ലോകത്തിനു തന്നെ വലിയൊരു ഉതപ്പിന് കാരണമായിത്തീരുന്നു. വിവിധ സഭകള്‍ തമ്മിലും വിവിധ മതവിഭാഗങ്ങള്‍ തമ്മിലും എന്തിനേറെ പറയുന്നു, സഭയ്ക്കുള്ളില്‍ പോലും സഭാധികാരികളും സഭാസമൂഹങ്ങളും തമ്മിലുള്ള ഭിന്നതകളും കലഹങ്ങളും വര്‍ദ്ധിക്കുമ്പോള്‍, അനശ്വരകാര്യങ്ങള്‍ക്കു വേണ്ടി ഈശോയെ അനുഗമിക്കുവാന്‍ തയ്യാറായവരായ നാം ആ കാര്യങ്ങളില്‍ തന്നെയാകുമ്പോള്‍ (പണം, ആഡംബരം, അധികാരം, ജഡീകസുഖങ്ങള്‍…), ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍…,’ ‘നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ അതുമൂലം നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും…’ (13:35) എന്ന തമ്പുരാന്റെ സ്‌നേഹപൂര്‍വ്വമായ കല്‍പനയും അവസാന ആഗ്രഹവും പ്രാര്‍ത്ഥനയും കാറ്റില്‍പറത്തുന്ന അനുസരണയില്ലാത്ത ശിഷ്യഗണങ്ങളായി മാറുകയാണ്.

2000-മാണ്ടിലെ കേരളസഭാ മഹാജൂബിലി ആഘോഷിച്ച സന്ദര്‍ഭത്തില്‍ നടന്ന മഹാസമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ബഹു. എ.കെ. ആന്റണി സംസാരിച്ചതു മുഴുവന്‍ കേരള ക്രൈസ്തവര്‍ക്കിടയിലെ ഭിന്നതകളെക്കുറിച്ചാണ്. ഇപ്രകാരം നമുക്കിടയിലെ ഭിന്നതകളെ വിമര്‍ശനബുദ്ധിയോടെ ചൂണ്ടിക്കാണിച്ച മുഖ്യമന്തിയെ അന്ന് നമ്മള്‍ അനിഷ്ടത്തോടെ നോക്കി. കേരളസമൂഹത്തിന്റെ സമസ്തമേഖലകളിലും അത്ഭുതകരമായ നന്മകള്‍ ചെയ്ത സഭയെ ഒന്ന് ശ്ലാഹിക്കാന്‍ പോലും ശ്രമിക്കാതെ സഭയ്‌ക്കെതിരെ കുറ്റം പറയുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത് എന്ന് നാം പരിതപിച്ചു. എന്നാല്‍, ഈ സംഭവത്തിലൂടെ അന്ന് നമ്മുടെ യഥാര്‍ത്ഥ കുറവ് കാണിച്ചുതന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കുക മാത്രം ചെയ്ത് സ്വയം ആത്മപരിശോധനയ്ക്ക് നമ്മെത്തന്നെ വിധേയമാക്കിയിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ സഭാസമൂഹം ചുറ്റുമുള്ളവര്‍ക്കിടയില്‍ ഈശോ ആഗ്രഹിച്ച വിധമുള്ള രക്ഷയുടെ സുവിശേഷ സാക്ഷ്യമാകുമായിരുന്നു.

ഇവിടെയാണ് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്: ‘ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വ്വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല’ (1 കോറി. 13: 1-3). അതുകൊണ്ട് ഈശോയുടെ ശരീരത്തിലെ അവയവങ്ങളായ തിരുസഭയുടെ മക്കളായ നാമോരോരുത്തരും പരിശുദ്ധ ത്രിത്വൈക ദൈവം നമുക്ക് കാണിച്ചുതന്ന സ്‌നേഹബന്ധത്തില്‍ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നവരായിത്തീരണം.

സാക്ഷ്യത്തിന്റെ ഈ ജീവിതം ഒന്നാമതായി നമ്മുടെ കുടുംബങ്ങളില്‍ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. മാതാപിതാക്കളും മക്കളും തമ്മിലും, ഭാര്യയും ഭര്‍ത്താവും തമ്മിലും, മക്കള്‍ തമ്മില്‍ത്തമ്മിലും ഇപ്രകാരം സ്വാര്‍ത്ഥമോഹങ്ങളെ ബലി ചെയ്തുകൊണ്ട് ഓരോരുത്തരും മറ്റുള്ളവരുടെ ഉന്നമനത്തിനു വേണ്ടി തങ്ങളെത്തന്നെ സമര്‍പ്പിക്കുവാന്‍ തയ്യാറാവുന്നിടത്ത് തിരുക്കുടുംബം പണിതുയര്‍ത്തപ്പെടുന്നു. നല്ല തിരുക്കുടുംബങ്ങളുടെ വളര്‍ച്ചയിലൂടെ തിരുസഭ പണിയപ്പെടും. അപ്പോള്‍ സ്വര്‍ഗ്ഗവും ഭൂമിയും നമ്മെ നോക്കി സന്തോഷിക്കും.

നമുക്ക് ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. കര്‍ത്താവായ ദൈവമേ, പരിശുദ്ധാത്മാവിന്റെ നിറവില്‍ പരിപൂര്‍ണ്ണതയുടെ ബന്ധമായ സ്‌നേഹത്തിന്റെ ഐക്യം ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും സഭയിലും നിറയ്‌ക്കേണമെ. ആമ്മേന്‍.

ഡീ. ജോസഫ് പട്ടേട്ട്, MCBS