ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍ യോഹ. 21: 1-14 കൂടെ നടക്കാന്‍ കൊതിക്കുന്ന ക്രിസ്തു

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

ബ്ര. ജസ്റ്റിന്‍ തട്ടാമ്പറമ്പില്‍ MCBS

ഉയിര്‍പ്പുകാലം അഞ്ചാം ഞായറായ ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി തന്നിരിക്കുന്ന വചനഭാഗം യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം 21-ാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളാണ്. മനുഷ്യദുഃഖങ്ങളുടെ യഥാര്‍ത്ഥ കാരണം, അവന്‍ ദൈവത്തെ നഷ്ടപ്പെടുത്തിയതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് എന്നുള്ള സത്യം ബോദ്ധ്യപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ യോഹന്നാന്‍ ശ്ലീഹാ ചെയ്യുന്നത്. ഉത്ഥാനം ചെയ്ത ഈശോയെ കണ്ടിട്ടും അപ്പസ്‌തോലന്മാര്‍ക്ക് തങ്ങളുടെ ദുഃഖകാരണം കണ്ടെത്താന്‍ കഴിയാത്തതാണ് അവര്‍ക്ക് പഴയ വഴിയും തൊഴിലും ചെയ്യാന്‍ പ്രേരണ കൊടുത്തത്. സുവിശേഷകന്‍ വചനഭാഗത്തിന്റെ അവസാനത്തില്‍ ഇത് സ്പഷ്ടമാക്കുന്നുണ്ട്. ഉയിര്‍പ്പിക്കപ്പെട്ട ശേഷം ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ശിഷ്യരെ തേടിയെത്തിയ ഈശോ, തങ്ങളുടെ പ്രശ്നം മീനില്ലാത്തതോ, തൊഴിലില്ലാത്തതോ അല്ല മറിച്ച് ക്രിസ്തു കൂടെയില്ലാത്തതാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യപ്രമേയം.

ശിഷ്യന്മാരുടെ ദൈന്യതയെ അവലംബമാക്കിയാണ് ഈ സുവിശേഷഭാഗം മുന്നോട്ടു നീങ്ങുന്നത്. പകലന്തിയോളം പണിയെടുത്തിട്ടും യാതൊന്നും ലഭിക്കാത്തതിന്റെ ദൈന്യത ശിഷ്യരുടെ വദനങ്ങളെ മ്ലാനമാക്കിയിരുന്നു. ഈ ഫലശൂന്യതയുടെ യഥാര്‍ത്ഥ കാരണം തങ്ങള്‍ ഗുരുവില്‍ നിന്ന് അകന്നതാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നതാണ്. അവര്‍ സകല മാര്‍ഗ്ഗങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. മീന്‍ പിടിക്കാനുള്ള വള്ളം പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. വലയും അവര്‍ സൂക്ഷ്മമായി പരിശോധിച്ചു. അതിനും കുഴപ്പമൊന്നും കണ്ടില്ല. മീന്‍ പിടിക്കാനുള്ള പത്രോസിന്റെ പാടവത്തെക്കുറിച്ചും ആര്‍ക്കും തര്‍ക്കമില്ല. മുക്കുവരെ ഒരിക്കലും നിരാശപ്പെടുത്താത്ത തിബേരിയാസ് കടല്‍ എത്രയോ നൂറ്റാണ്ടുകളായി അവരുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു. മീന്‍പിടുത്തത്തിനായി തിരഞ്ഞെടുത്ത സമയവും കുറ്റമറ്റതായിരുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബാഹ്യമായ സാഹചര്യങ്ങളെല്ലാം കുറ്റമറ്റതായിരുന്നിട്ടും അവര്‍ പരാജിതരായിപ്പോയി. മനുഷ്യരായ നാമെല്ലാം ഇതേപോലെ ബാഹ്യമായതെല്ലാം ശരിയാക്കാന്‍ എപ്പോഴും ബദ്ധശ്രദ്ധരാണ്. എന്നാല്‍ ബാഹ്യമായവ മാത്രം ക്രമീകരിച്ചാല്‍ ശരിയാകാത്തതാണ് മനുഷ്യന്‍ എന്നുള്ള സത്യം ഇന്നത്തെ വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

എല്ലാവിധ ഭൗതികസൗകര്യങ്ങളും സംലഭ്യമായിരുന്നിട്ടും നിരാശരായി ആത്മഹത്യ ചെയ്യുന്നവര്‍ എത്രയോ പേര്‍ ഈ ലോകത്തിലുണ്ടെന്നുള്ള വസ്തുത നാം കാണുന്നതാണ്; കേട്ടറിയുന്നവയുമാണ്. മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നം അവന്‍ ദൈവത്തോടു കൂടിയല്ല എന്നുള്ളതാണ്. വി. അഗസ്തീനോസ് പുണ്യവാന്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ, “ദൈവമേ, അങ്ങ് എന്നെ അങ്ങേയ്ക്കായി സൃഷ്ടിച്ചു. അങ്ങയില്‍ എത്തിച്ചേരും വരെ എന്റെ ആത്മാവ് അസ്വസ്ഥമാണ്.” ജീവിതപരാജയങ്ങളില്‍ നിരാശരാകുന്നവര്‍ നിശ്ചയമായും നടത്തേണ്ട ആത്മശോധന നാം ദൈവത്തോടൊപ്പമാണോ ദൈവം നമ്മോടൊത്തുണ്ടോ എന്നീ വിഷയങ്ങളെക്കുറിച്ചുള്ളതാണ്. സങ്കീ. 127:1-2 ല്‍ പറയുന്നതുപോലെ, “കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്.” പരസ്യജീവിതകാലത്ത് ഈ സത്യം ഈശോ ശിഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത് നാം കാണുന്നുണ്ട്, “എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല.” ഈ സത്യം മറക്കുന്നത് ക്രൈസ്തവശിഷ്യത്വത്തിന്റെ പരാജയമാണ്.

സഭ അഭിമുഖീകരിക്കുന്ന പ്രശ്നവും മറ്റൊന്നല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നെല്ലാം നാഥനില്‍ നിന്ന് അകലാന്‍ ഇടവന്നുവോ അന്നെല്ലാം സഭയുടെ അദ്ധ്വാനം വൃഥാവിലാവുകയും സഭയുടെ ആത്മാര്‍ത്ഥത തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരുണ്ട യുഗങ്ങളുടെ സങ്കടകഥകള്‍ സഭയ്ക്കു നല്‍കുന്ന പൊള്ളുന്ന സത്യമാണിത്. വള്ളവും വലയും കടലും മുക്കുവരും മീന്‍പിടിക്കുന്ന സമയവും മാറ്റേണ്ടതില്ല. അവയ്‌ക്കൊന്നിനും സഭയില്‍ യാതൊരു കുറവുമില്ല. എന്നാല്‍ ക്രിസ്തുവിനോടൊത്താണോ നാം എന്ന് നിരന്തര-ആത്മശോധനയ്ക്ക് കുറവ് വരുന്നുണ്ട്. സഭയുടെ നവീകരണം നടക്കുന്നതിന് ചെയ്യേണ്ടത് ഉടച്ചുവാര്‍ക്കലല്ല മറിച്ച് ആത്മശോധനാപരമായ ഈ തിരുത്തലാണ് എന്ന് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വള്ളത്തിന്റെ വലതുവശത്ത് വല വീശാനുള്ള ഈശോയുടെ നിര്‍ദ്ദേശം ഏറെ പ്രസക്തമാണ്. ഈശോ കാണുമ്പോള്‍ ശിഷ്യന്മാര്‍ വള്ളത്തിന്റെ ഇടതുവശത്ത് വലവീശുകയായിരുന്നു എന്ന് അനുമാനിക്കാം. ഇടതുവശം തന്നിഷ്ടങ്ങളുടെ വശമെന്നും വലതുവശം ദൈവ-വശമെന്നുമുള്ള സങ്കല്‍പങ്ങള്‍ യഹൂദര്‍ക്കുണ്ടായിരുന്നു. തന്നിഷ്ടം വെടിഞ്ഞ് ദൈവഹിതം തേടാനാണ് ക്രിസ്തു ആവശ്യപ്പെട്ടത്. മാനസാന്തരമെന്നതും ഇതു തന്നെയാണ്. തന്നിഷ്ടത്തില്‍ നിന്നും ദൈവേഷ്ടത്തിലേയ്ക്കുള്ള ചുവടുമാറ്റമാണ് മാനസാന്തരം. കടലില്‍ നിന്നും കരയിലേയ്ക്കുള്ള പത്രോസിന്റെ നീന്തല്‍ ഈ ചുവടുമാറ്റത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായിട്ട് നമുക്ക് കാണാന്‍ സാധിക്കും.

വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള യോഗ്യത അടങ്ങിയിരിക്കുന്നത് പത്രോസിനെപ്പോലെ അനുതപിക്കുന്ന മനസ്സുണ്ടാകുമ്പോഴാണ് എന്ന യാഥാര്‍ത്ഥ്യം ഈശോ ഇവിടെ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. സഭയെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളായ രണ്ടു കൂദാശകള്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരവുമാണെന്നത് സത്യമാണ്. സുവിശേഷകന്‍ ഈ വചനഭാഗത്ത് വിശദമാക്കുന്നത്. ഈ കൂദാശകളില്‍ മനുഷ്യന്റെ പങ്കാളിത്തത്തിനും പ്രാധാന്യമുണ്ടെന്ന് സുവിശേഷകന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇപ്പോള്‍ പിടിച്ച മീനില്‍ കുറേ ഭാഗം കൊണ്ടുവരൂ എന്ന കല്‍പന ഈ സത്യമാണ് വ്യക്തമാക്കുന്നത്.

കാനായിലെ കല്യാണവിരുന്നില്‍ വേലക്കാരുടെയും, അഞ്ച് അപ്പവും രണ്ടു മീനും കൊണ്ടുവന്ന ബാലന്റെയും സഹായം തേടിയതുപോലെ ഇവിടെ ശിഷ്യരുടെ സഹകരണം കൂടി ഈശോ തേടുകയാണ്. രക്ഷയും രക്ഷയുടെ അടയാളങ്ങളായ കൂദാശകളും ദൈവദാനമാണെങ്കിലും അതില്‍ മനുഷ്യന്റെ സഹകരണം അനിവാര്യമാണെന്ന സത്യം കൂടി ഈ വചനഭാഗം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ഓരോ ഉഷസ്സിലും പ്രാതലൊരുക്കി കാത്തിരിക്കുന്ന ഈശോയുടെ സാന്നിദ്ധ്യം വിശുദ്ധ കുര്‍ബാനയില്‍ സജീവമാണ്. ശിഷ്യര്‍ തിരിച്ചറിഞ്ഞതുപോലെ കര്‍ത്താവിനെ വിശുദ്ധ കുര്‍ബാനയില്‍ തിരിച്ചറിയുന്ന അനുഭവത്തിലേയ്ക്ക് വളരാന്‍ നമുക്ക് ശ്രമിക്കാം.

ബ്ര. ജസ്റ്റിന്‍ തട്ടാമ്പറമ്പില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.