ഞായർ പ്രസംഗം 2: ഉയിർപ്പുകാലം രണ്ടാം ഞായർ ഏപ്രിൽ 11, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ

ബ്ര. എഡ്വിന്‍ ചെറുപറമ്പില്‍

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ പ്രിയ സഹോദരങ്ങളേ,

ഇന്ന് ഈസ്റ്റര്‍ കഴിഞ്ഞുള്ള ആദ്യ ഞായര്‍. പുതുഞായര്‍ എന്ന് സഭയുടെ പാരമ്പര്യത്തില്‍ ഉരുവാക്കപ്പെട്ട ദിനം. നമ്മുടെ പിതാവായ തോമാശ്ലീഹാ ഉത്ഥിതനായ കര്‍ത്താവിലുള്ള വിശ്വാസം പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മ സഭ പുതുക്കുന്നു. ആദിമ സഭാസമൂഹങ്ങളില്‍ ദീര്‍ഘകാലത്തെ ഒരുക്കത്തിനു ശേഷം മാമ്മോദീസാ സ്വീകരിച്ചിരുന്നത് ഈസ്റ്റര്‍ ദിനത്തോടെയായിരുന്നു. തുടര്‍ന്ന് പുതുതായി മാമ്മോദീസാ സ്വീകരിച്ച വ്യക്തികള്‍ ആദ്യമായി ഒരു ഞായറാഴ്ച വി. കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നതുകൊണ്ടാണ് ഈസ്റ്ററിനു ശേഷമുള്ള ഞായര്‍ ‘പുതുഞായര്‍’ ആയി അറിയപ്പെട്ടത്.

ഈ പുതുഞായറാഴ്ച തിരുസഭാമാതാവ് നമ്മുടെ വചനവിചിന്തനത്തിനായി നല്‍കുന്നത് വി. യോഹന്നാന്റെ സുവിശേഷം 20:19-29 വരെയുള്ള വാക്യങ്ങളാണ്. തോമാശ്ലീഹായുടെ ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന വിശ്വാസപ്രഖ്യാപനം. ഇതരസുവിശേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവും കരുത്തുറ്റ കഥാപാത്രവുമായിട്ടാണ് തോമാശ്ലീഹായെ യോഹന്നാന്റെ സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈശോ ഉത്ഥാനാനന്തരം ആദ്യമായി ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ധീരനായ തോമസ് അവിടെ ഉണ്ടായിരുന്നില്ല. തോമാശ്ലീഹാ യഹൂദരുടെ ഭീഷണി വകവയ്ക്കാതെ പുറത്തുപോയി എന്നൊരു വ്യാഖ്യാനം സഭാപാരമ്പര്യത്തിലുണ്ട്. എന്നാല്‍, അതിലുപരി നമ്മുടെ ജീവിതത്തിലെ ചില നഷ്ടങ്ങളും പരാജയങ്ങളും കൂടുതല്‍ മഹനീയമായവ നല്‍കാന്‍ വേണ്ടി ബോധപൂര്‍വ്വം ദൈവം അനുവദിക്കുന്നതാണെന്ന തിരിച്ചറിവിലേയ്ക്കാണ് സുവിശേഷകന്‍ നമ്മെ ക്ഷണിക്കുന്നത്.

സമാനമായ നഷ്ടങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കാം. നന്നായി എഴുതിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടും വിജയിക്കാതെ പോയതുമൊക്കെ കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി ദൈവം ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രഹിക്കാം.

ഉത്ഥിതനായ തന്റെ ദര്‍ശനം തോമസിനു നല്‍കിയ ശേഷം ഈശോ പറഞ്ഞു: “നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.” കാണാതെ വിശ്വസിക്കുന്നതാണ് കൗദാശിക വിശ്വാസം. ഗോതമ്പിന്റെ ഓസ്തിയില്‍ ഈശോയെ ദര്‍ശിക്കുന്നതും മൂറോന്‍ തൈലത്തിലും വിശുദ്ധ ജലത്തിലും പരിശുദ്ധാത്മാവിനെ ദര്‍ശിക്കുന്നതും കാണാതെയുള്ള വിശ്വാസമാണ്. ഈ വിശ്വാസത്തിനാണ് ഈശോ അനുഗ്രഹം നല്‍കിയിരിക്കുന്നത്. അടയാളങ്ങളും അത്ഭുതങ്ങളും കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന പിടിവാശിയെ ഈശോ തിരുത്തുന്നത് നമുക്ക് സ്വീകാര്യമാകണം.

വിശ്വാസം ദൈവദാനമാണെങ്കിലും ദാനമായി ലഭിച്ച വിശ്വാസത്തെ വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കാത്തവര്‍ക്ക് വിശ്വാസനഷ്ടം സംഭവിക്കും. തനിക്ക് ലഭിച്ച വിശ്വാസത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന തോമാശ്ലീഹായെയാണ് സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്നത്. വിശ്വാസത്തെ ഗൗരവമായി കാണാന്‍ മടിക്കുന്ന തലമുറയ്ക്ക് തോമാശ്ലീഹാ മാതൃകയാണ്.

മതബോധന ക്ലാസ്സുകള്‍ മതിയാക്കി എന്‍ട്രന്‍സ് പരിശീലനത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും ഞായറാഴ്ച കുര്‍ബാന മുടക്കി മറ്റു ലക്ഷ്യങ്ങള്‍ക്കായി പായുമ്പോഴും വിശ്വാസമാണ് ശോഷിച്ചുപോകുന്നത്. ദൈവം തന്ന ഏറ്റവും അമൂല്യദാനമായ വിശ്വാസത്തെ നഷ്ടപ്പെടുത്തുന്നതാണ് ജീവിതത്തിലെ നഷ്ടം. വിശ്വാസത്തില്‍ ജീവിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. അത് വളര്‍ത്തിയെടുക്കണമെങ്കില്‍ നാം ഒന്നാമതായി ചെയ്യേണ്ടത് നമ്മുടെ കഴിവുകളെയും എല്ലാ അവസ്ഥകളെയും പൂര്‍ണ്ണമായി ദൈവത്തില്‍ സമര്‍പ്പിക്കുക. രണ്ടാമതായി, അവിടുത്തോടൊത്ത് സമയം ചെലവഴിക്കുക. അത് അദ്ധ്വാനത്തിലൂടെയും നിശബ്ദതയിലൂടെയുമാണ് കൈവരിക്കാന്‍ സാധിക്കുക.

ഉത്ഥിതനെ കണ്ട മാത്രയില്‍ തോമാശ്ലീഹാ പറഞ്ഞു, എന്റെ കര്‍ത്താവേ, എന്റെ ദൈവമേ. ഉത്ഥിതനിലുള്ള തോമാശ്ലീഹായുടെ വിശ്വാസം അതിന്റെ ഉന്നതശ്രേണിയില്‍ എത്തിയപ്പോള്‍ ആ വിശ്വാസം അവന്‍ ഏറ്റുപറയുകയായിരുന്നു ആ വാക്കുകളിലൂടെ. നടപടി പുസ്തകം 4:53-ല്‍ നാം വായിച്ചുകേട്ടു: “അപ്പസ്തോലന്മാര്‍ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി.” കൂടാതെ, ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മെ ഓര്‍മ്മിപ്പിച്ചു: “കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍.”

ഗോതമ്പ് അപ്പത്തിലൂടെ ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയാനുള്ള ഏറ്റവും നല്ല അവസരമാണ് വിശുദ്ധ കുര്‍ബാന. ഈ വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കാം. അതുകൊണ്ട് പ്രിയമുള്ളവരേ, ക്രൈസ്തവരായ എന്റെയും നിങ്ങളുടെയും കടമയാണ് തോമാശ്ലീഹായെയും മറ്റ് അപ്പസ്‌തോലന്മാരെയും പോലെ ഉത്ഥിതനിലുള്ള വിശ്വാസം പ്രഘോഷിക്കുക എന്നത്.

ഉത്ഥിതനിലുള്ള വിശ്വാസം പ്രഘോഷിക്കാനായിട്ടാണ് ആഴ്ചയുടെ ആദ്യദിനമായ ഈ ഞായറാഴ്ച ഉത്ഥിതനെ ഈ വിശുദ്ധ കുര്‍ബാനയില്‍ കാണാനായി എത്തിയിരിക്കുന്നത്. ഈ ഒരു ആഹ്വാനം സ്വീകരിച്ചുകൊണ്ട് നമുക്കോരോരുത്തര്‍ക്കും വലിയ നന്മ ദൈവം കൊണ്ടുവരുമെന്ന വിശ്വാസത്തോടെ ആയിരിക്കാം. അതിനുള്ള കൃപാവരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. എഡ്വിന്‍ ചെറുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.