ഞായര്‍ പ്രസംഗം 2, നോമ്പുകാലം മൂന്നാം ഞായര്‍ ഫെബ്രുവരി 28 ചെറുതാകലിന്റെ സുവിശേഷം

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയ സഹോദരരേ,

ബ്ര. ജെയ്ന്‍ പുത്തന്‍പുരയ്ക്കല്‍ MCBS

നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയായ ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന തിരുവചന ഭാഗം, വി. മത്തായിയുടെ സുവിശേഷം 20-ാം അദ്ധ്യായം 17 മുതല്‍ 28 വരെയുള്ള ഭാഗങ്ങളാണ്. രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്; 17 മുതല്‍ 19 വരെയുള്ള ഭാഗങ്ങളില്‍ ഈശോയുടെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നാം പ്രവചനവും, 20 മുതല്‍ 28 വരെയുള്ള തിരുവചനഭാഗത്ത് സെബദീപുത്രന്മാര്‍ തങ്ങളുടെ അമ്മയുമായി വന്ന് ഈശോയോട് അഭ്യര്‍ത്ഥിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. സമാന്തരസുവിശേഷങ്ങളില്‍ വലിയ ഭേദഗതികളില്ലാതെ അവതരിപ്പിക്കുന്ന/ വിവരിക്കുന്ന ഒന്നാണ് ഈശോയുടെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള പ്രവചനം. ഈ വചനഭാഗത്തു നിന്നും നാം മനസ്സിലാക്കിയെടുക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഈശോയുടെ പീഡാനുഭവവും മരണവുമെല്ലാം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല, മറിച്ച് ഒരു ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണമായിരുന്നു എന്ന വലിയ സത്യം.

പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് പറഞ്ഞയുടനെ അതിന് കടകവിരുദ്ധമായ മനോഭാവത്തോടെ തങ്ങളുടെ സ്ഥാനമോഹം പ്രകടിപ്പിക്കുന്ന സെബദീപുത്രന്മാരെയാണ് നാം അടുത്ത ഭാഗത്ത് കാണുന്നത്. യേശു പറഞ്ഞതിന്റെ അര്‍ത്ഥം, സേവനത്തിലൂടെയും സ്വയംപരിത്യാഗത്തിലൂടെയും മാത്രമാണ് സ്വര്‍ഗ്ഗരാജ്യത്തിലെ മഹത്വത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂ എന്ന സത്യം തിരിച്ചറിയാന്‍ കഴിയാതെ പോയതുകൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള ഒരു അഭ്യര്‍ത്ഥനയുമായി ഈശോയുടെ പക്കലെത്തുന്നത്. സെബദീപുത്രന്മാര്‍ തങ്ങളുടെ ആവശ്യവുമായി ഈശോയുടെ പക്കലെത്തിയ സമയം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.

യേശു, താന്‍ കടന്നുപോകേണ്ടിയിരുന്ന അതിദാരുണമായ സഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് പറഞ്ഞ ഉടനെയാണ് അവര്‍ തങ്ങളുടെ കസേരമോഹം പ്രകടിപ്പിക്കുന്നത്. അധികാരത്തോടും കസേരയോടുമുള്ള മോഹം എന്നും എപ്പോഴും മനുഷ്യന്റെ ഉള്ളിലുള്ള ഒരു യാഥാര്‍ത്ഥ്യമാണ്.

ലൂസിഫര്‍ എന്ന ചലച്ചിത്രം ചിലപ്പോള്‍ നമ്മില്‍ മിക്ക ആള്‍ക്കാരും കണ്ടിട്ടുണ്ടാകും. അതിലെ ഒരു സംഭാഷണം ഇപ്രകാരമാണ്: ‘പി.കെ. രാംദാസ് എന്ന വന്മരം വീണു. ഇനി ആര്?’ ഒരു അധികാരി മരിച്ചാല്‍ ആദ്യം നമ്മള്‍ ചിന്തിക്കുന്നതുപോലും ഇനി ആ കസേരയില്‍ ആര് ഇരിക്കും എന്നതാണ്. ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ശിഷ്യര്‍ക്ക് ഇത്തരം അധികാരമോഹം പാടില്ലായെന്നും, യോഗ്യതയാണ് അല്ലാതെ സ്വാധീനമല്ല സ്വര്‍ഗ്ഗത്തില്‍ ഇടം നേടിത്തരുന്നത് എന്നും യേശു പഠിപ്പിക്കുന്നു.

വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നും അല്‍പം വ്യത്യാസം വരുത്തിയാണ് വി. മത്തായി സുവിശേഷകന്‍ ഈ സംഭവം സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ സെബദീപുത്രന്മാര്‍ തനിച്ച് ഈശോയുടെ പക്കല്‍ വന്ന് തങ്ങളുടെ ആവശ്യം അഭ്യര്‍ത്ഥിക്കുമ്പോള്‍ മത്തായി സുവിശേഷകന്‍ അവരുടെ അമ്മയെയും അവരുടെ കൂടെ കൂട്ടുന്നു. എന്നിട്ട് അമ്മയാണ് ആവശ്യം ഈശോയോട് അഭ്യര്‍ത്ഥിക്കുന്നത്. ആദിമസഭയില്‍ യാക്കോബും യോഹന്നാനും അറിയപ്പെട്ടിരുന്ന രണ്ട് ശിഷ്യന്മാരായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ പേരിന് ഹാനി വരാതിരിക്കാന്‍ കൂടിയാണ് മത്തായി സുവിശേഷകന്‍ ഈ സംഭവത്തില്‍ അവരുടെ അമ്മയെയും കൂട്ടുന്നത്.

ഇവിടെ ഈശോ അവരോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. “ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?” എന്താണ് ഈശോ പറഞ്ഞ ഈ പാനപാത്രം? ഇത് മനസ്സിലാക്കണമെങ്കില്‍ നാം പഴയനിയമ പശ്ചാത്തലത്തിലേയ്ക്ക് ഒന്ന് കടന്നുചെല്ലണം. പഴയനിയമത്തില്‍ കാസ/ പാനപാത്രം എന്നത്, തിന്മ ചെയ്തവര്‍ക്ക് എതിരെയുള്ള ദൈവത്തിന്റെ കോപത്തെയും അവിടുന്ന് നടത്തുന്ന വിധിയെയുമാണ് സൂചിപ്പിക്കുക. അതുകൊണ്ടു തന്നെ നാം മനസ്സിലാക്കേണ്ടത് പാപികള്‍ക്കെതിരെയുള്ള ദൈവത്തിന്റെ കോപത്തെയും വിധിയുടെയും പാനപാത്രം എല്ലാ പാപികള്‍ക്കുമായി ഈശോ കുടിക്കാന്‍ പോവുകയാണ് എന്നതാണ്. അങ്ങ് കുടിക്കാന്‍ പോകുന്ന പാനപാത്രം ഞങ്ങള്‍ കുടിക്കാന്‍ തയ്യാറാണ് എന്ന് ശിഷ്യന്മാര്‍ മറുപടി പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കുന്നില്ലായെങ്കിലും ഈശോ അത് അംഗീകരിക്കുന്നുണ്ട്. ഇത് ഈശോ, അവര്‍ കടന്നുപോകാനിരിക്കുന്ന സഹനങ്ങളെയും മരണത്തെയും കുറിച്ച് പ്രവചിക്കുകയായിരുന്നു. യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വവും യോഹന്നാന്‍ ശ്ലീഹാ കടന്നുപോയ സഹനങ്ങളും നാടുകടത്തലും ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം മനസ്സിലാക്കാന്‍.

രണ്ടാം വായനയില്‍ നാം കേട്ടതുപോലെ, ദൈ വരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പലതും പരിത്യജിക്കുന്നവര്‍ക്കേ അത് സ്വന്തമാക്കാന്‍ സാധിക്കൂ. മത്തായിയുടെ സു വിശേഷം 16:24-ല്‍ പറയുന്നതുപോലെ, എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന തിരുവചനഭാഗം ഇതുമായി ഒരുമിച്ചു പോകുന്നതാണ്.

ഈശോ ഈ ലോകത്തിലേയ്ക്കു വന്നതു തന്നെ ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ടാണ്. അവന്‍ ശുശ്രൂഷകനായി, മോചനദ്രവ്യമായി സ്വജീവന്‍ തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ചു. ശിഷ്യന്മാര്‍ക്കുപോലും ഇത് മനസ്സിലായത് ഈശോയുടെ ഉത്ഥാനത്തിനു ശേഷമാണ്. പക്ഷേ, ഇത് മനസ്സിലാക്കിക്കഴിഞ്ഞ് ശിഷ്യരുടെ ജീവിതത്തില്‍ വന്ന മാറ്റം വളരെ വലുതാണ്. ഈശോ ശുശ്രൂഷകനും മോചനദ്രവ്യവുമായതുപോലെ ഈശോയോടുള്ള സ്‌നേഹം നിമിത്തം അനേകര്‍ക്ക് ശുശ്രൂഷകരാകാനും ജീവിതം ഹോമിക്കാന്‍ പോലും അവര്‍ക്കു സാധിച്ചു. അധികാരത്തിനും വലിയവനും അന്നേവരെ ഉണ്ടായിരുന്ന അര്‍ത്ഥതലങ്ങള്‍ പൊളിച്ചുകൊണ്ട് പുതിയ ഒരു മാനം ഈശോ നല്‍കി; ശുശ്രൂഷയുടെയും സേവനത്തിന്റേതുമായ മാനം.

ദൈവരാജ്യത്തിന്റെ മഹത്വവും വലിപ്പവും തിരിച്ചറിയാന്‍ കഴിയാത്തതാണ് നമ്മുടെ പരാജയം. ദൈവരാജ്യമാകുന്ന ലക്ഷ്യത്തിലേയ്ക്ക് കണ്ണുംനട്ട് വിശ്വസ്തതയോടെ യാത്ര ചെയ്യുന്നവര്‍ക്കേ അത് സ്വന്തമാക്കാന്‍ സാധിക്കൂ. ഈ തീക്ഷ്ണത ക്രിസ്തുശിഷ്യരായ നമ്മുടെയുള്ളിലുണ്ടെങ്കില്‍ ലോകത്തിലുള്ള ഒന്നിനും അധികാരമാകട്ടെ, സമ്പത്താകട്ടെ, പ്രശ്നങ്ങളാകട്ടെ നമ്മെ കീഴടക്കാന്‍ സാധിക്കില്ല. വി. പൗലോസ് ശ്ലീഹായെപ്പോലെ പിന്നിലുള്ളവ വിസ്മരിച്ച് മുന്നിലുള്ളവ ലക്ഷ്യമാക്കി നമുക്ക് യാത്ര ചെയ്യാം. ഈ വിശുദ്ധ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, നല്ല തമ്പുരാനേ, യഥാര്‍ത്ഥ ക്രിസ്തുശിഷ്യനായിത്തീര്‍ന്ന് സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ വേണ്ട കൃപ അങ്ങ് നല്‍കി അനുഗ്രഹിക്കണമേ. നല്ലവനായ ദൈവം നമ്മളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ജെയ്ന്‍ പുത്തന്‍പുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.