ഞായര്‍ പ്രസംഗം 2, ദനഹാക്കാലം അഞ്ചാം ഞായര്‍ ജനുവരി 31 നിത്യജീവന്റെ വഴിയേ

ബ്ര. ഷെബിന്‍ കുമ്പിളുവേലില്‍ MCBS

ദനഹാക്കാലം അഞ്ചാം ഞായറാഴ്ചയില്‍, നിത്യജീവന്‍ നല്‍കുവാനായി ലോകത്തിലേയ്ക്കു വന്ന മിശിഹാ, താന്‍ ആരാണെന്നും ഈ ലോകത്തിലേയ്ക്കു വന്നതിന്റെ ലക്ഷ്യമെന്താണെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സുവിശേഷഭാഗത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാനും ധ്യാനിക്കുവാനുമാണ് തിരുസഭാ മാതാവ് നമ്മെ ഓര്‍മ്മപ്പെടുത്തുക. വേദപുസ്തകത്തില്‍ നിക്കൊദേമൂസുമായുള്ള സംഭാഷണത്തില്‍, നിത്യജീവന്‍ പ്രാപിക്കുവാനായി നാം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുക. അതുപോലെ തന്നെ ഈ ലോകത്തെ മുഴുവന്‍ രക്ഷയിലേയ്ക്ക് നയിക്കാനുള്ള ഈശോയുടെ വരവിനെക്കുറിച്ചും, വിശ്വാസികളായ നമ്മുടെ മുമ്പില്‍ ‘ഇതാ, ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് തന്നെത്തന്നെ വെളിപ്പെടുത്തിയ ഈശോയെ എന്റെയും നിങ്ങളുടെയുമൊക്കെ ജീവിതത്തില്‍ മാതൃകയാക്കേണ്ട, ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചനഭാഗത്തിന്റെ കാതലായി നില്‍ക്കുന്നത്.

ഇന്നത്തെ വചനഭാഗത്തിനു പിന്നില്‍ വളരെ അര്‍ത്ഥവത്തായ രണ്ട് ചിന്തകളാണുള്ളത്. ഒന്നാമതായി, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിത്യജീവനുണ്ട് എന്ന് തിരുവചനം അടിവരയിട്ടു പറയുന്നു. യോഹന്നാന്റെ സുവിശേഷം 3-ാം അദ്ധ്യായം 16-ാം തിരുവചനം “എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.” ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമുക്ക് നിത്യജീവന്‍ നല്‍കിക്കൊണ്ട് തന്റെ ഏകജാതനെപ്പോലും ലോകത്തിലേയ്ക്ക് അയച്ചുകൊണ്ട് ഈ ലോകത്തിന് നിത്യരക്ഷ നല്‍കുവാന്‍ കടന്നുവന്ന ദൈവത്തിന്റെ ഒരു വാഗ്മയചിത്രമാണ് യോഹന്നാന്‍ ശ്ലീഹാ വരച്ചുകാട്ടുക.

നിത്യജീവന്‍ പ്രാപിക്കുവാന്‍ നാം എന്തുചെയ്യണമെന്നത് ഒരുപക്ഷേ, നമ്മുടെയുള്ളില്‍ പലപ്പോഴും ഒരു ചോദ്യഛിഹ്നമായി നിലനില്‍ക്കുന്നുണ്ടാകും. നടപടി പുസ്തകത്തില്‍ 16-ാം അദ്ധ്യായം 30-ാം തിരുവചനത്തില്‍ ഇതേ ചോദ്യം തന്നെ ഉന്നയിക്കുന്നുണ്ട്. കാരാഗൃഹത്തില്‍ കഴിയുന്ന പൗലോസിന്റെയും സീലാസിന്റെയും കാല്‍ക്കല്‍ വീണ് കാവല്‍ക്കാരന്‍ ചോദിക്കുകയാണ് “യജമാനന്മാരേ, രക്ഷ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?” വചനം തന്നെ അതിന്റെ ഉത്തരം നമുക്കു മുമ്പില്‍ വച്ചുനീട്ടുന്നു. “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.” യോഹന്നാന്റെ സുവിശേഷം 10-ാം അദ്ധ്യായം 10-ാം തിരുവചനം “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്.” വീണ്ടും അപ്പസ്‌തോല പ്രവര്‍ത്തനം 4-ാം അദ്ധ്യായം 12-ാം തിരുവചനം പറയുന്നു: “മറ്റൊരുവനിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.”

ദൈവസ്‌നേഹത്തിന്റെ ഒരു പ്രത്യേകത എന്നത്, അത് നിത്യരക്ഷ പകര്‍ന്നുനല്‍കുന്നു അല്ലെങ്കില്‍ നിത്യജീവന്‍ പകര്‍ന്നുനല്‍കുന്നു എന്നതാണ്. അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹം. തന്റെ ഏകജാതനെ ഈ ലോകത്തിന് നല്‍കിക്കൊണ്ട് ദൈവം യാതൊരു പരിധിയുമില്ലാതെ, ഒരു വ്യവസ്ഥയുമില്ലാതെ ഈ ലോകത്തെ ഇത്രയധികം സ്‌നേഹിച്ചത് നിത്യജീവന്‍ പകര്‍ന്നുനല്‍കുന്നതിനു വേണ്ടിയാണ്.

നിത്യജീവന്‍ എന്ന പദം തന്നെ യോഹന്നാന്റെ സുവിശേഷത്തില്‍ വളരെയേറെ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കപ്പെടുന്നത്. നിത്യജീവന്‍ എന്നത് ജീവന്റെ ഉറവിടമായ ദൈവത്തിലുള്ള ഒരു പങ്കുചേരലാണ്. അവിടുത്തെ പുത്രസ്വീകാര്യതയുടെയും ദൈവമക്കളായിത്തീരലിന്റെയും അര്‍ത്ഥവും ഇതു തന്നെയാണ്. പറുദീസായില്‍ ആദിപാപം മൂലം നിത്യജീവന്‍ നഷ്ടപ്പെടുത്തിയ മനുഷ്യകുലം യേശുക്രിസ്തുവിലൂടെ നിത്യജീവനിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ടാണ് നമുക്ക് നിത്യമായ ജീവന്‍ പ്രദാനം ചെയ്യുന്നതിനായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമായി ക്രിസ്തുവിനെ വിശേഷിപ്പിക്കുക.

ക്രിസ്തുവാണ് നിത്യജീവന്റെ ഉറവിടവും മദ്ധ്യസ്ഥനും. ക്രിസ്തു തന്നെയാണ് നിത്യജീവന്റെ കര്‍ത്താവ്. “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന ക്രിസ്തുമൊഴി ഈ സങ്കല്‍പത്തോട് ചേര്‍ത്തുവച്ച് വായിക്കുവാന്‍ കഴിയണം. നാം നിത്യജീവന്‍ പ്രാപിക്കേണ്ടതിനാണ് ക്രിസ്തു തന്റെ ശരീരത്തില്‍ നമുക്കുവേണ്ടി പീഡകള്‍ സഹിച്ചതും നമ്മോടുള്ള സ്‌നേഹത്തെപ്രതി അവിടുന്ന് കുരിശില്‍ ഉയര്‍ത്തപ്പെട്ടതും.

പ്രിയമുള്ളവരേ, ഇതു തന്നെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ വച്ചുനീട്ടുന്ന രണ്ടാമത്തെ ചിന്ത. നിത്യജീവന്‍ പ്രാപിക്കുവാനായി നമ്മുടെ കണ്ണുകളെ, ഉയര്‍ത്തപ്പെട്ട കുരിശിലെ ക്രിസ്തുവിലേയ്ക്ക് തിരിക്കണം. ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ നമുക്ക് നിത്യജീവന്‍ നേടിത്തന്നു. ആയതിനാല്‍, അവിടുന്നാണ് ജീവന്റെ ദാതാവ്. കാട്ടിലെ മുളങ്കൊമ്പുകള്‍ക്ക് അവയുടെ മുറിവുകളിലൂടെ വളരെ മനോഹരമായ സംഗീതം പുറപ്പെടുവിക്കാനാകുമെങ്കില്‍, നാം തിരിച്ചറിയണം, ക്രിസ്തുവിന് തന്റെ കുരിശുമരണത്തിലൂടെ നമുക്ക് നിത്യജീവന്‍ നല്‍കുവാന്‍ കഴിയും. കടലിനടിയിലെ മുത്തുച്ചിപ്പികള്‍ക്ക് തന്റെ മാംസളഭാഗത്ത് തുളഞ്ഞുകയറുന്ന മണല്‍ത്തരികളെ മുത്തുകളാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ നാം മനസ്സിലാക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്, ക്രിസ്തുവിന് തന്റെ കുരിശുമരണത്തിലൂടെ അവിടുത്തെ തിരുവിലാവില്‍ നിന്ന് ഒഴുകിയെത്തുന്ന തിരുച്ചോരത്തുള്ളികളാല്‍ നമുക്ക് നിത്യജീവന്‍ നല്‍കുവാന്‍ കഴിയും.

നിത്യജീവന്‍ പ്രാപിക്കുവാനായി നാം ചെയ്യേണ്ടത് ഒന്നുമാത്രം, കര്‍ത്താവായ യേശുവില്‍ വിശ്വസിച്ച് പ്രത്യാശയോടെ അവിടുത്തെ കുരിശില്‍ നോക്കുക. അനുദിനജീവിതത്തിലെ നമ്മുടെ കാഴ്ച്ചപ്പാടുകള്‍, ദുഃഖങ്ങള്‍, ദുരിതങ്ങള്‍, വേദനകള്‍ എല്ലാം നമുക്ക് കുരിശോട് ചേര്‍ത്തുവയ്ക്കാം. കുരിശിലെ ക്രിസ്തുവിന്റെ വഴികള്‍ പിഞ്ചെന്ന് ക്രിസ്തുവിന് പ്രിയപ്പെട്ട ഒരു ശിഷ്യനായി മാറാം. അങ്ങനെ മറ്റൊരു ക്രിസ്തുവായിത്തീരുവാന്‍ നമുക്ക് പരിശ്രമിക്കാം, പ്രയത്‌നിക്കാം. അതിനായി നമുക്ക് വഴികാട്ടിയായി മുന്നേ നടക്കുന്ന നിത്യപ്രകാശമായ ക്രിസ്തുവിനെ നോക്കി യാത്ര ചെയ്യാം.

കുരിശിലെ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാം. അതുവഴി മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന മാര്‍ഗ്ഗദീപമായിത്തീരുവാന്‍ നമുക്ക് കഴിയട്ടെ. അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യരക്ഷ സ്വന്തമാക്കുവാന്‍ കുരിശിന്റെ വഴിയിലൂടെ നടന്നുനീങ്ങുവാനുള്ള ശക്തി തരേണമേ എന്ന് ആത്മാര്‍ത്ഥമായി ഈ വിശുദ്ധ കുര്‍ബാനയുടെ വേളയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. അനുദിനം ഉള്‍ക്കൊള്ളുന്ന വിശുദ്ധ കുര്‍ബാനയില്‍ നിന്നും ശക്തി സ്വീകരിച്ചുകൊണ്ട് കുരിശിലെ ക്രിസ്തുവിന്റെ വഴിയിലൂടെ നമുക്കും സഞ്ചരിക്കാം.

സര്‍വ്വശക്തനായ ദൈവം നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ഷെബിന്‍ കുമ്പിളുവേലില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.