

ക്രിസ്തുവില്‍ ഏറെ സ്നേഹിക്കപ്പെടുന്നവരേ,
ദൈവത്തിന്റെ, ഭൂമിയിലുള്ള പ്രത്യക്ഷീകരണത്തെക്കുറിച്ച് ധ്യാനിക്കുന്ന ദനഹാക്കാലത്തില്‍ ഈ ഞായറാഴ്ച തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വചനമായ ദൈവം മാംസമായി അവതരിച്ചതിനെ പറ്റിയാണ്. യോഹന്നാന് ശ്ലീഹാ സുവിശേഷം ആരംഭിക്കുന്നത് “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു” എന്ന് പറഞ്ഞുകൊണ്ടാണ്. ഇതു തന്നെയാണ് ആദിയില്‍ വചനമുണ്ടായിരുന്നു എന്ന ഗാനത്തിലൂടെ അര്ത്ഥമാക്കാറുള്ളതും.
യോഹ. 1:14-ല്‍ നാം കാണുക, “വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു” എന്നാണ്. വചനം എന്ന് പറഞ്ഞുകൊണ്ടുള്ള വിശേഷണം യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രം കാണുന്ന സവിശേഷപദമാണ്. ഉല്പത്തി പുസ്തകത്തില്‍ സൃഷ്ടിവിവരണത്തെപ്പറ്റി നാം കാണുന്നുണ്ട്. അവിടെ, ദൈവം ‘ഉണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ട് സൃഷ്ടിക്കുന്നതായി കാണാം. ആദിയില്‍ ദൈവത്തോടു കൂടെയായിരുന്ന വചനം തന്നെയാണ് ഈശോ എന്നാണ് യോഹന്നാന് ശ്ലീഹാ പറയാന്‍ ഉദ്ദേശിക്കുക. ആദിയില്‍ പിതാവായ ദൈവത്തോടു കൂടെയായിരുന്ന വചനമാണ് മനുഷ്യനായി അവതരിച്ചത്. ഗബ്രിയേല്‍ മാലാഖ മറിയത്തോട് ദൈവത്തിന്റെ വചനം അറിയിച്ചു. അത് അവള് ഫിയാത്ത് പറഞ്ഞ് സ്വീകരിച്ചു. വചനം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മറിയത്തിന്റെ ഉദരത്തില്‍ മാംസമായി, മനുഷ്യനായി അവതരിച്ചു. ഇതാണ് യോഹന്നാന് പറഞ്ഞുവയ്ക്കുന്നത്. വചനം മാംസമായി – അതായത്, ഈശോ പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമായിരുന്നു.
“വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു” എന്നാണ് പറയുന്നത്. പഴയനിയമത്തില്‍ അഗ്നിയിലും മേഘസ്തംഭത്തിലും ആയിരുന്ന ദൈവസാന്നിധ്യം ‘god with us’ അല്ലെങ്കില്‍ ‘ദൈവം നമ്മോടു കൂടെ’ എന്ന് അര്‍ത്ഥമുള്ള ഇമ്മാനുവേല്‍ ആയി മാറി. പഴയനിയമത്തില്‍ ദൈവജനം ദൈവസാന്നിദ്ധ്യത്തിനടുത്ത് കൂടാരമടിച്ചു. ഇപ്പോള്‍ ദൈവം തന്റെ സര്‍വ്വമഹത്വവും ഉപേക്ഷിച്ച് നമ്മുടെ ഇടയിലേയ്ക്ക് വന്നിരിക്കുന്നു എന്നാണ് സുവിശേഷകന് പറയുക.
നമ്മുടെ ജീവിതങ്ങളില്‍ പലപ്പോഴും നാം മറന്നുപോകുന്ന സത്യമാണ് ദൈവം ഈ ഭൂമിയില്‍ നമ്മോടൊപ്പം വസിച്ചു, നമ്മിലൊരുവനായി വസിച്ചു എന്നത്. ജീവിതത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നത് തിരിച്ചറിയാനാകാത്തിടത്താണ് ഇങ്ങനെ സംഭവിക്കുന്നത്. ദൈവം ഒരിക്കലും മാറിനില്‍ക്കുന്നില്ല. നമ്മളാണ് മാറിനില്‍ക്കുന്നത്. പിതാവായ ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത സ്നേഹം ലോകത്തിനു കാണിച്ചുകൊടുക്കാനാണ് പുത്രനായ ദൈവം മണ്ണിലേയ്ക്കു വന്നത്. ആ സ്നേഹം മനുഷ്യര്‍ക്ക് വെളിപ്പെടുത്താന്‍ പിതാവിനോടു കൂടെ വസിച്ചിരുന്ന വചനമായ, പുത്രനായ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നതുകൊണ്ടാണ് പുത്രനായ ദൈവം മണ്ണില്‍ വന്നുപിറന്നത്. ദൈവം വന്നു. താന്‍ തന്നെ സൃഷ്ടിച്ച ഈ ലോകത്തില്‍ നമ്മോടൊപ്പം ജീവിച്ചു. നമുക്കുവേണ്ടി മരിച്ചു.
ദൈവം ആരാണെന്നും ദൈവസ്വഭാവം എന്താണെന്നും ഈശോ നമുക്ക് കാണിച്ചുതന്നു. മനുഷ്യനെ കാണാനും കേള്‍ക്കാനും അവനോടൊത്തായിരിക്കാനും അവന്റെ ജീവിതാനുഭവങ്ങളില്‍ പങ്കുചേരാനും വന്ന ദൈവത്തിന് നമ്മെയും നമ്മുടെ ജീവിതസാഹചര്യങ്ങളെയും മനസ്സിലാകും. കൂടെ വസിക്കുന്നവരെ സ്നേഹിച്ചാല്‍ മാത്രമേ നമുക്ക് അവരോട് പങ്കുവയ്ക്കാനാകൂ. ദൈവത്തെ സ്നേഹിച്ചാല്‍ മാത്രമേ നമുക്ക് നമ്മുടെ കാര്യങ്ങള്‍ ദൈവവുമായി പങ്കുവയ്ക്കാനാകൂ. പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ടെങ്കിലും ദൈവം സക്രാരിയിലായിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി മാത്രം അവശേഷിക്കുകയാണെങ്കില്‍ ദൈവം തന്റെ പുത്രനെ നല്കാന് തക്കവിധം ലോകത്തെ സ്നേഹിച്ചതിന്റെ (യോഹ. 3:16) ഒരംശം പോലും നമുക്ക് തിരിച്ചില്ല എന്നാണ് ഇതിനര്‍ത്ഥം. ഒരുപക്ഷേ, നമ്മെ ആകര്ഷിക്കുന്നുണ്ടാവില്ല. നമ്മുടെ കണ്ണുകള്‍ക്ക് വിസ്മയം തരുന്നുണ്ടാവുകയില്ല. പക്ഷേ, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ ഒരിക്കല്‍ ഗത്സമെനില്‍ ഒറ്റപ്പെട്ടു പോയവന് നമ്മോടു കൂടെയുണ്ടാകും. നമ്മെ സ്നേഹിച്ചിട്ട് പലപ്പോഴും നമുക്ക് വേണ്ടതെല്ലാം തന്നിട്ട് മാറിനില്‍ക്കുകയാണ് ദൈവം. നാം ദൈവത്തെ സ്നേഹിക്കുന്നുണ്ടോ എന്നറിയാന്‍, ദൈവത്തെ നോക്കുന്നുണ്ടോ എന്നറിയാന്‍.
ഒരിക്കല്‍ ഒരു മകന് തന്റെ പിതാവിനെ കൂട്ടിക്കൊണ്ട് വൈകുന്നേരത്തെ ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റില്‍ എത്തി. അവിടെ അവര്‍ ഇരുന്നു. ഭക്ഷണം വന്നു. പിതാവ് ഭക്ഷിക്കുമ്പോള്‍ താടിയില്‍ കൂടി വീഴുകയും ഷര്‍ട്ടിലും മറ്റും ഭക്ഷണം വീഴുകയും ചെയ്തു. അടുത്ത സീറ്റുകളിലുള്ളവര് ഇതു കണ്ട് അറപ്പും ദേഷ്യവും കാണിച്ചു. പക്ഷേ, ആ മകന് ശാന്തമായി അപ്പനെ ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞ് ഒട്ടും ദേഷ്യപ്പെടാതെ ആ മകന് പിതാവിനെ വാഷ് റൂമിേലയ്ക്ക് കൊണ്ടുപോയി അദ്ദേഹത്തിന്റെ കൈ കഴുകിക്കുകയും ഷര്‍ട്ടിലും മറ്റുമുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ വൃത്തിയായി തുടച്ചു വെടിപ്പാക്കുകയും ചെയ്തു. തലയും മുടിയും ചീകി സുമുഖനാക്കി തിരിച്ചു കൊണ്ടുവന്നു. ഭക്ഷണത്തിന്റെ ബില്‍ അടച്ച് പുറത്തേയ്ക്കിറങ്ങി. അപ്പോള്‍ അവിടെ ഭക്ഷണത്തിനിരുന്നവരില്‍ മുതിര്‍ന്ന പ്രായമുള്ള ഒരാള്‍ അവരുടെ പിന്നാലെ ചെന്ന് മകനോടു ചോദിച്ചു: “താങ്കള്‍ എന്തെങ്കിലും അവിടെ വച്ചിട്ടാണോ പോന്നത്?” മകന് പറഞ്ഞു: “ഇല്ല; ഞാനൊന്നും മറന്നിട്ടില്ല.” പിന്നാലെ വന്ന ആളിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അല്ല, നിങ്ങള്‍ ഇവിടെ അവശേഷിപ്പിച്ചിട്ടു പോന്നത് ഇന്നത്തെ ഒരോ മകനുമുള്ള ഗുണപാഠവും ഓരോ പിതാവിനുമുള്ള പ്രത്യാശയുമാണ്.”
നാം നമ്മോടു കൂടെ നമ്മിലൊരുവനായി വസിച്ച ദൈവത്തെ സ്നേഹിക്കുന്നത് കൂടെയുള്ളവരെ സ്നേഹിച്ചുകൊണ്ടാണ്. ദൈവസ്നേഹം ഉള്ളിലുള്ളപ്പോള്‍ കഥയില്‍ കണ്ടതുപോലെ ശാന്തരായി ആയിരിക്കാനും സ്നേഹിക്കുവാനും നമുക്കു സാധിക്കും. ആഴമുള്ള കടലിനെ നോക്കി, എത്രയോ ഭയാനകം, അഗാധം എന്ന് പറയുന്നതുപോലെ അങ്ങ് മുകളിലിരിക്കുന്നവനാണ് ദൈവം, ശിക്ഷിക്കുന്നവനാണ് ദൈവം എന്ന ചിന്ത സൂക്ഷിക്കാതെ കൂടെ വസിക്കുന്ന ദൈവം, എന്റെ ദൈവം എ ന്നുപറയാന്‍ നമുക്ക് ഇടയാകട്ടെ. അതിനായി നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം. എല്ലാം അറിയുന്ന നല്ലവനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.
ബ്ര. റോബിന് കോലഞ്ചേരി MCBS