ഞായര്‍ പ്രസംഗം 2, കൈത്താക്കാലം ഏഴാം ഞായര്‍ ആഗസ്റ്റ് 30 ലൂക്കാ 18: 1-14 കാത്തിരിപ്പോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസത്തിലെ ദൃഢതയും

കുറേ പ്രാര്‍ത്ഥനകളും പരാതികളും പരിഭവങ്ങളുമായി ദൈവാലയത്തിലേയ്ക്കു വരുമ്പോള്‍ പലപ്പോഴും മനസ്സില്‍ അങ്കുരിക്കപ്പെടാവുന്ന ചില ചോദ്യങ്ങളുണ്ട്. ഇതുകൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ? വല്ലതുമൊക്കെ നടക്കുമോ? പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് പൊലിഞ്ഞുപോകുന്ന മനുഷ്യജീവിതങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അപകടങ്ങളെയുമൊക്കെ സാക്ഷ്യം നിര്‍ത്തി നാം ചോദിച്ചേക്കാം, എന്തുകൊണ്ടാണ് ഈ ദുരിതങ്ങള്‍ അവസാനിക്കാത്തത്? നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ദൈവത്തിന് കാതുകളില്ലേ?

ഫലാഗമന കാലത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് തിരുസഭ നമ്മെ ക്ഷണിക്കുക, പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ചില കാഴ്ചപ്പാടുകളിലേയ്ക്കാണ്. വി. ലൂക്കാ അറിയിച്ച സുവിശേഷം 18:1-ല്‍, “ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു കാണിക്കാന്‍ ഈശോ അവരോട് ഒരു ഉപമ പറഞ്ഞു.” തുടര്‍ന്ന് ന്യായാധിപന്റെ പക്കല്‍ സ്ഥിരമായി ശല്യം ചെയ്തുകൊണ്ട് എതിരാളിക്കെതിരെ തനിക്ക് നീതി നടത്തിത്തരണമെന്ന് അപേക്ഷിക്കുന്ന ഒരു വിധവയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ നമ്മോടു പറയുന്നു: “ഇവളെപ്പോലെ പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരാകുവിന്‍.”

നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും എന്ന് പറഞ്ഞുകൊണ്ട് എന്ത് പ്രാര്‍ത്ഥിക്കണമെന്നും, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനയില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും, മുറിയില്‍ കടന്ന് കതകടച്ച് നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക എന്നു പഠിപ്പിച്ച് എപ്രകാരം പ്രാര്‍ത്ഥിക്കണമെന്നും, ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും എന്ന പ്രത്യാശയില്‍ ആരോട് ചോദിക്കണമെന്നും പഠിപ്പിച്ച ഈശോ ഇന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ നമ്മോട് പറയുക, ‘ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നാണ്.’ പരാതിയും പരിഭവവും പ്രാര്‍ത്ഥനയാകുന്നിടത്ത് കണ്ണീരും കഷ്ടപ്പാടും കാണുന്ന ഒരു ദൈവമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സുവിശേഷം.

ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ന്യായാധിപന്റെ പക്കല്‍ നിരന്തരം ശല്യം ചെയ്തുകൊണ്ട് തനിക്ക് അര്‍ഹമായ നീതി നേടിയെടുക്കുന്ന വിധവ, ദൈവത്തിന്റെ മുഖം കണ്ട് ദൈവസന്നിധിയില്‍ അവിരാമം പ്രാര്‍ത്ഥനാനിരതനാകേണ്ട ദൈവഭക്തന്റെ/ ഭക്തയുടെ ഉദാത്തമാതൃകയാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുക.

‘ലൂമന്‍ ഫിദേയി’ (വിശ്വാസത്തിന്റെ വെളിച്ചം) എന്ന ചാക്രികലേഖനത്തില്‍, ചിന്തകനായ മാര്‍ട്ടിന്‍ ബൂബറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “നാം പ്രാര്‍ത്ഥിക്കുന്നത് മുഖമില്ലാത്ത വിഗ്രഹങ്ങളോടല്ല; മുഖമുള്ള ദൈവത്തോടാണ്.”

നമ്മുടെ വിളി കേള്‍ക്കാനും നമ്മെ അനുഗ്രഹിക്കാനും കൊതിയോടെ കാത്തിരിക്കുന്ന ഒരു ദൈവമുണ്ടെന്ന തിരിച്ചറിവില്‍, ഇന്നത്തെ രണ്ടാമത്തെ വായനയില്‍ (ഏശയ്യാ 33:2) വായിച്ചുകേട്ടതുപോലെ, ‘കര്‍ത്താവാണ് എന്റെ കരം’ എന്ന് നാം വിശ്വാസപൂര്‍വ്വം ഏറ്റുപറയുന്നിടത്ത് വിനാശകാരിയായ സകല ശത്രുക്കളില്‍ നിന്നും അവിടുന്ന് നമ്മെ രക്ഷിക്കുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ മുഖമുള്ള ഒരു ദൈവത്തോടാണെന്ന ബോദ്ധ്യം നമുക്ക് ലഭിക്കുകയും ചെയ്യും.

“വിളിക്കും മുമ്പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും; പ്രാര്‍ത്ഥിച്ചുതീരും മുമ്പേ ഞാന്‍ അതു കേള്‍ക്കും” എന്ന് അരുള്‍ചെയ്ത ദൈവത്തിന്റെ മുമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാനുള്ള അടിസ്ഥാനയോഗ്യത നമ്മുടെ വിശ്വാസവും സ്ഥിരതയുമാണ്. അതുകൊണ്ടാണ് അലക്‌സാണ്ട്രിയായിലെ വി. സിറിള്‍ ഇപ്രകാരം പഠിപ്പിക്കുക: “തീക്ഷ്ണതയോടും നിരന്തരമായും അതുപോലെ തന്നെ അലസതയോ അശ്രദ്ധയോ കൂടാതെ പ്രാര്‍ത്ഥിക്കുന്നവരിലേയ്ക്ക് ദൈവം തന്റെ തല ചായ്ക്കുമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമ ഉറപ്പു നല്‍കുന്നു.” സഭയിലെ ആദ്യകാല എഴുത്തുകാരിലൊരാളായ ഒരിജന്‍ ഇപ്രകാരം ചോദിക്കുന്നുണ്ട്: “ചോദിക്കുന്ന ഏവനും ലഭിക്കുമെന്ന് അവന്‍ പറയുമ്പോള്‍, കര്‍ത്താവ് വ്യാജം പറയുകയില്ലെന്നു വിശ്വസിക്കുന്ന ഒരുവന് എങ്ങനെ നിരന്തരം പ്രാര്‍ത്ഥിക്കാതിരിക്കാന്‍ സാധിക്കും?”

നീതിരഹിതനായ ന്യായാധിപനെക്കുറിച്ച് അവിടുന്ന് പറയുമ്പോള്‍ ഈശോ ആത്യന്തികമായി ആഗ്രഹിക്കുക, നാം കാരുണ്യവാനായ ദൈവത്തിന്റെ മുഖത്തേയ്ക്ക് നോക്കണമെന്നാണ്. വൈരുദ്ധ്യാത്മകമായ രണ്ടു ഭാവങ്ങളെ മനസ്സിലാക്കുന്നിടത്ത്, കാരുണ്യവാനായ ദൈവത്തിന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നമ്മളും കാരുണ്യമുള്ളവരാകണമെന്നും കാരുണ്യവാനായ ദൈവത്തിന്റെ മുമ്പിലാണ് നാം പ്രാര്‍ത്ഥിക്കുന്നതെന്ന ബോദ്ധ്യം നമുക്കുണ്ടാകണമെന്നും ഈശോ ഈ സുവിശേഷത്തിലൂടെ പറയുന്നതായി നിശബ്ദതയോടെ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.

ഈശോയുടെ പ്രസക്തമായ മൂന്നു ചോദ്യങ്ങള്‍ ഈ സുവിശേഷഭാഗത്ത് നാം കണ്ടെത്തുന്നു.

ചോദ്യം 1: രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?

ചോദ്യം 2: “അവിടുന്ന് അതിന് കാലവിളംബം വരുത്തുമോ?”

തെല്ലും സംശയിക്കാതെ ഈശോ തന്നെ തന്റെ രണ്ടു ചോദ്യങ്ങള്‍ക്കും ശക്തമായ ഒരു ഉത്തരം നല്‍കുന്നു; “അവര്‍ക്ക് നീതി നടത്തിക്കൊടുക്കുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.” ആശങ്കകളില്ലാതെ ഏതൊരു കാര്യത്തിലും പ്രാര്‍ത്ഥനയോടെ കാത്തിരിക്കാനുള്ള ഉത്തരമാണ് ഈശോയുടെ ജീവന്‍ തുടിക്കുന്ന ഈ വാക്കുകള്‍.

തനിക്ക് മകനെ വാഗ്ദാനം ചെയ്ത ദൈവത്തിന്റെ മുമ്പില്‍ വിശ്വാസപൂര്‍വ്വം അബ്രാഹം എത്രകാലം കാത്തിരിക്കേണ്ടിവന്നുവെന്ന് ഉല്‍പത്തി പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മോനിക്കായ്ക്ക് ദൈവം ഉത്തരം നല്‍കിയത് അഗസ്തീനോസിന്റെ 33-ാം വയസ്സിലെ മാനസാന്തരത്തിലാണ്. ഇങ്ങനെ കാത്തിരിപ്പോടെയാണെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമുണ്ടെന്ന്, മാംസം ധരിച്ച സുവിശേഷം തന്നെ നമുക്ക് സാക്ഷ്യം നല്‍കുകയാണ്.

ഈശോയുടെ പ്രസക്തമായ മൂന്നാമത്തെ ചോദ്യത്തോടെ സുവിശേഷഭാഗം അവസാനിക്കുകയാണ്. മൂന്നാമത്തെ ചോദ്യം ഇപ്രകാരമാണ്: “മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?” വിശ്വാസവും പ്രാര്‍ത്ഥനയും വ്യാവസായികവത്ക്കരിക്കപ്പെടുകയും സാമൂഹ്യമാധ്യമങ്ങളുടെയും ചാനല്‍ ചര്‍ച്ചകളുടെയുമൊക്കെ വിഷയമായിത്തീരുകയും അന്തിക്രിസ്തുമാര്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ നാളുകളില്‍ വിശ്വാസികള്‍ക്ക് ദൈവാലയത്തില്‍ വന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഏറെ ആനുകാലിക പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. പലപ്പോഴും ക്രിസ്തീയവിശ്വാസത്തെ വളച്ചൊടിക്കുകയും നമ്മുടെ വിശ്വാസത്തിന് മാര്‍ക്ക് ഇടുകയും ചെയ്യുന്ന അധഃപതിച്ച മാധ്യമസംസ്‌കാരത്തിലേയ്ക്കും ക്രിസ്തീയമല്ലാത്ത കാഴ്ച്ചപ്പാടുകളിലേയ്ക്കും വിശ്വാസികളായ നമ്മുടെ ഹൃദയങ്ങള്‍ വീണുപോകുന്നുണ്ടോയെന്നും വിശ്വാസം തണുത്തുപോകുന്നുണ്ടോയെന്നും നാം പരിശോധിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.

ആദ്യനൂറ്റാണ്ടുകളില്‍ തന്നെ യുഗാന്ത്യോന്മുഖമായ ഒരുക്കങ്ങള്‍ നടത്തുകയും വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്യുകയും ചെയ്യുന്ന ആദിമസഭയുടെ ചിത്രങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുതന്നെ കണ്ടെത്താന്‍ നമുക്ക് സാധിക്കും. ലേഖനഭാഗത്ത് വി. പൗലോസ് ശ്ലീഹാ വിശ്വാസസ്ഥിരത കാത്തുസൂക്ഷിച്ച തെസലോനിക്കയിലെ സഭയെ അഭിനന്ദിക്കുന്നതായി നാം വായിക്കുന്നുണ്ട്. തീക്ഷ്ണതയോടെ വിശ്വാസം കാത്തുസൂക്ഷിച്ച് 20 നൂറ്റാണ്ടുകള്‍ പിന്നിട്ട സഭ ഇന്ന് നമ്മോടും ആവശ്യപ്പെടുക വിശ്വാസസ്ഥിരതയില്‍ ദൃഢത പ്രാപിക്കാനാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ആര്‍ട്ടിക്കിള്‍ 675 ഇപ്രകാരം പഠിപ്പിക്കുന്നു: “ക്രിസ്തുവിന്റെ രണ്ടാം വരവിനുമുമ്പ് സഭ ഒരു അന്തിമപരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന മതപരമായ ഒരു വഞ്ചനയുടെ മറവില്‍ പലരും സത്യവിശ്വാസത്തെ പരിത്യജിക്കും. ഈ പരമവഞ്ചന അന്തിക്രിസ്തുവിന്റേതാണ്.” ഈശോ തന്നെ പറയുന്നു: “മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്ത് ലഭിക്കാന്‍ വേണ്ടി സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍.”

പ്രിയമുള്ളവരേ, മിശിഹായിലുള്ള വിശ്വാസത്തില്‍ സ്ഥിരതയോടെ നില്‍ക്കാന്‍ വേണ്ട കൃപയ്ക്കായി യാചിച്ചുകൊണ്ട് വിശുദ്ധ ബലിയില്‍ നമുക്ക് ശ്രദ്ധാപൂര്‍വ്വം പങ്കുചേരാം. സ്വര്‍ഗ്ഗീയാരാധനയുടെ മുന്നാസ്വാദനമായ ബലിയര്‍പ്പണത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളെ നമുക്ക് സമര്‍പ്പിക്കാം. നിരന്തരം പ്രാര്‍ത്ഥിക്കാനായി നമുക്കുള്ള വേദികളാണ് നമ്മുടെ യാമപ്രാര്‍ത്ഥനകള്‍. അവയെ നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവസന്നിധിയില്‍ ഉത്തരമുണ്ടെന്ന് നമുക്ക് പ്രത്യാശിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജിയോ വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.