ഞായര്‍ പ്രസംഗം 2 ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍ മെയ് 19 ഉത്ഥിതനായ മിശിഹാ

ഉത്ഥിതനായ മിശിഹാ, തന്റെ ശിഷ്യന്മാര്‍ക്ക് മൂന്നാം പ്രാവശ്യം സ്വയം വെളിപ്പെടുത്തിയ ഒരു സംഭവമാണ് വി. യോഹന്നാന്‍ ഈ സുവിശേഷഭാഗത്തില്‍ അവതരിപ്പിക്കുന്നത്. സുവിശേഷങ്ങളിലെ പല ഉപമകളില്‍ കാണുവാന്‍ സാധിക്കുന്നത് മനുഷ്യനെ അന്വേഷിച്ചിറങ്ങുന്ന ദൈവത്തെയാണ്. കൂട്ടംതെറ്റിയ ആടിനെ തേടുന്ന നല്ലിടയന്‍, നഷ്ടപ്പെട്ട നാണയം അന്വേഷിക്കുന്നവന്‍, ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന പിതാവ്. എന്നാല്‍, തന്റെ ശിഷ്യര്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അവര്‍ക്ക് ഒരു തിരിച്ചറിവ് നല്‍കുന്ന കാരുണ്യവാനായ ഈശോയെയാണ് ഈ ആഴ്ച തിരുസഭ നമ്മുടെ മുമ്പില്‍ വരച്ചുകാട്ടുന്നത്. അവരുടെ ബലഹീനതയില്‍ അവരോടൊത്ത് സഹതപിക്കാന്‍ കഴിയുന്ന ഒരു ഗുരു.

ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍; അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍; അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1 പത്രോ. 5:6) എന്ന തിരിച്ചറിവ് പത്രോസ് ശ്ലീഹായ്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ തിബേരിയാസ് തീരത്തു വച്ചുണ്ടായ അനുഭവത്തില്‍ നിന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല.

യേശുവിന്റെ ഉത്തമസാക്ഷികളാകുന്നതിനു മുമ്പ് ഉത്ഥിതനെ അനുഭവിക്കണം എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ വചനഭാഗം നല്‍കുന്നുണ്ട്. ഇന്ന് നമുക്ക്, ഉത്ഥിതനെ അനുഭവിക്കുവാനുള്ള അവസരങ്ങളാണ് ജീവിതത്തിലെ വേദനകളും ദുരിതങ്ങളുമെന്ന് ശ്ലീഹന്മാരുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാം. George Herbert എന്ന കവി തന്റെ, ‘The Polley’ എന്ന കവിതയില്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യന് നല്‍കുവാനുള്ള അനുഗ്രഹങ്ങളെ, ഒരു ചില്ലുപാത്രത്തിലാക്കി വച്ചിരിക്കുന്ന ദൈവത്തെക്കുറിച്ചാണ് പറയുന്നത്. മനുഷ്യന് അനുഗ്രഹങ്ങള്‍ ഒന്നൊന്നായി കൊടുത്ത് അവസാനം ‘വിശ്രമം’ എന്ന അനുഗ്രഹം മാത്രം നല്‍കുന്നില്ല. കാരണം, “If goodness lead him not, yet weariness/ May toss him to my breast.” അവനിലെ നന്മ അവനെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിച്ചില്ലെങ്കിലും, ആശ്വാസം തേടിയെങ്കിലും അവന്‍ ദൈവത്തിങ്കലേയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുകയാണ്.

ജീവിതത്തിലെ തുടര്‍ച്ചയായ വിഷമസന്ധികളില്‍ ശരീരവും മനസ്സും ആത്മാവും ഒരുപോലെ തകര്‍ന്ന മനുഷ്യരുടെ പ്രതിനിധിയാണ് തിബേരിയാസിലെ ശിഷ്യഗണം. സകല പരാജിതരുടെയും ജീവിതത്തിന്റെ കരയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ക്രിസ്തുവിന്റെ തിരുമുഖം കാണാം. അവനരുളുന്ന വിജയമന്ത്രം കേട്ട് പ്രവര്‍ത്തിച്ചാല്‍ സമൃദ്ധിയുടെ ഉത്ഭവം തുടങ്ങും. വിജയഭൂമികളെക്കാള്‍ പരാജയത്തിന്റെ തീരങ്ങള്‍ ദൈവത്തെ കണ്ടുമുട്ടാനുള്ള വേദികളാണ്. വിജയിയെക്കാള്‍ പരാജിതനാണ് ദൈവത്തെ ആവശ്യമുള്ളത്. വിജയി, സ്വന്തം കഴിവില്‍ ആശ്രയിക്കുമ്പോള്‍ പരാജിതന്‍ സ്വന്തം കഴിവിന്റെ ശക്തിയില്ലായ്മ മനസ്സിലാക്കും.

ഒരു ചൈനീസ് പഴമൊഴിയില്‍ പറയുന്നു: ‘പോകാന്‍ ഒരിടം, കാത്തിരിക്കാന്‍ ഒരാള്‍. ഇത്രയുമുണ്ടെങ്കില്‍ ജീവിതം സഫലമായി.’ ആ സാന്നിധ്യം വിളിച്ചോതുന്ന ഇടം പരിശുദ്ധ അള്‍ത്താരയാണ്. ‘യേശു അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു. അതുപോലെ തന്നെ മത്സ്യവും’ (യോഹ. 21: 13) ഈ സംഭവം തീര്‍ച്ചയായും അവരില്‍ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മ ഉണര്‍ത്തിയിരിക്കും. ഇനിമുതല്‍ ഉത്ഥിതനായ കര്‍ത്താവിനെ അനുഭവിക്കാന്‍ സാധിക്കുക വി. കുര്‍ബാനയിലാണ് എന്നതും ഈ വാക്കുകളില്‍ പറയുന്നുണ്ട്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം 10:20-ല്‍ നാം വായിച്ചുകേട്ടു: ‘എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു.’ തിബേരിയാസിലെ പ്രാതല്‍ വേളയില്‍ സ്വയം വെളിപ്പെടുത്തിയ കര്‍ത്താവ് ഈ അള്‍ത്താരയില്‍ വിഭജിക്കപ്പെടുന്ന അപ്പത്തിലുണ്ട് എന്ന് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് നമുക്കും അവനെ സമീപിക്കാം. ഇങ്ങനെ ദൈവത്തെ തിരിച്ചറിഞ്ഞവരൊക്കെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി നാം കാണുന്നുണ്ട്. ഇന്നത്തെ ഒന്നാം വായന, അങ്ങനെ മാറ്റം വരുത്തിയ സാവൂളിനെക്കുറിച്ചായിരുന്നു. പത്രോസിന്റെ പ്രവൃത്തി നമുക്ക് പുതിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്.

ദൈവസന്നിധിയിലാണ് മനുഷ്യന് തന്റെ കുറവുകളെക്കുറിച്ച് ബോധ്യമാവുക. ഉത്ഥിതന്റെ സാന്നിധ്യം പത്രോസിന്, തന്റെ ഇല്ലായ്മകളെക്കുറിച്ചുള്ള ബോധ്യം നല്‍കി. ഈ ബോധ്യം നമുക്കുമുണ്ടായാല്‍ മനുഷ്യരുടെ മുമ്പില്‍, നമ്മള്‍ എന്തോ ആണെന്ന ഭാവം ഇല്ലാതാക്കാന്‍ സഹായിക്കും.

തിരിച്ചറിയുക എന്നത് സ്‌നേഹത്തിന് എളുപ്പം സാധ്യമാകുന്ന പ്രവര്‍ത്തിയാണ്. അനുദിന ജീവിതത്തിലെ ഓരോ തലത്തിലും ദൈവം സന്നിഹിതനാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ അടയാളങ്ങളുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന യേശുവിനെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അത്, നമ്മള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് എന്നതും ഓര്‍ക്കാം. അതിനുള്ള കൃപയ്ക്കായി ഉത്ഥിതനായ തമ്പുരാനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ആമ്മേന്‍.

ബ്ര. ജോസഫ് ചിലമ്പിക്കുന്നേല്‍, MCBS