ഞായര്‍ പ്രസംഗം 2, ശ്ലീഹാക്കാലം ആറാം ഞായര്‍ ജൂലൈ 05 ലൂക്കാ 12:57-13:5 മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍

ഈശോമിശിഹായില്‍ പ്രിയപ്പെട്ടവരേ, ശ്ലീഹന്മാരുടെ പ്രേഷിതഫലമായി മുടിചൂടി നില്‍ക്കുന്ന സഭയെ ധ്യാനിക്കുന്ന കാലമാണല്ലോ ശ്ലീഹാക്കാലം. ഇതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ്-19 മൂലം ക്ലേശങ്ങളനുഭവിക്കുന്നവരെ നമുക്കോര്‍ക്കാം. അവര്‍ക്കുവേണ്ടി യാചനകളും പ്രാര്‍ത്ഥനകളും ദൈവതിരുമുമ്പില്‍ നമുക്കു സമര്‍പ്പിക്കാം. ഈ പശ്ചാത്തലത്തില്‍ വി. ലൂക്കാ 12:57 മുതല്‍ 13:5 വരെയുള്ള വചനഭാഗങ്ങളാണ് ഈ ആഴ്ചയില്‍ നമ്മുടെ ധ്യാനവിഷയം.

ഗലീലിയില്‍ നിന്നും ജറുസലേമിലേയ്ക്കുള്ള യാത്രാവേളയില്‍ ഈശോ പറയുന്ന വചനഭാഗമാണിത്. ചരിത്രത്തില്‍ സംഭവിച്ച രണ്ട് സംഭവങ്ങളെ ആധാരമാക്കി രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ ഈശോ അരുള്‍ച്ചെയ്യുന്നു. “നീ ദൈവത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവോ?” അതിനുള്ള രണ്ടു കുറുക്കുവഴികളാണ് ഇവിടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. ദൈവത്തോട് അനുതാപവും സഹോദരങ്ങളോടുള്ള അനുരഞ്ജനവും.

ആദ്യത്തെ വചനഭാഗത്തിലേയ്ക്ക് കടന്നുവരുമ്പോള്‍, വാദിയും പ്രതിയും വിധിയാളന്റെ അടുത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നതാണ് പശ്ചാത്തലം. വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍ പിന്നെ രമ്യതയ്ക്കുള്ള സാധ്യതയില്ല. അതുകൊണ്ട് വിധിക്കുമുമ്പേ രണ്ടുപേരും രമ്യതയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുക. വിശുദ്ധ ഗ്രന്ഥം മുഴുവന്‍ ദൈവ-മനുഷ്യ രമ്യതപ്പെടലിന്റെ ചില കാര്യങ്ങള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

മനുഷ്യനെ സൃഷ്ടിച്ച് അവനോടൊപ്പം നടക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദൈവം, മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ ഏദനില്‍ നിന്നു പുറത്താക്കിയെങ്കിലും രമ്യതയില്‍ കാര്യങ്ങള്‍ പരിഹരിക്കുവാന്‍ ഒരു രക്ഷകനെ വാദ്ഗാനം ചെയ്തു. ഫറവോയുടെ അടിമത്വത്തില്‍ നിന്ന് രക്ഷിച്ച് തന്റെ അവകാശമാക്കിയ ജനം വാഗ്ദത്തദേശത്തേയ്ക്കുള്ള യാത്രയില്‍ ദൈവത്തെ മറന്ന് പാപത്തില്‍ മുഴുകിയപ്പോള്‍ തന്റെ ദാസനായ മോശയിലൂടെയും പിന്നീട് പ്രവാചകരിലൂടെയും സംസാരിച്ച് മനുഷ്യനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന ദൈവം. പിന്നീട് സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ തന്റെ പുത്രനെ അയച്ചുകൊണ്ട് മനുഷ്യനോട് രമ്യതപ്പെടാന്‍ കൊതിക്കുന്ന ദൈവം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മനുഷ്യന്‍ ഇന്ന് എവിടെ നില്‍ക്കുന്നു? ദൈവത്തോടുള്ള ബന്ധത്തില്‍ അതിര് നിശ്ചയിച്ച മനുഷ്യന്‍ പിന്നീട് തമ്മില്‍ത്തമ്മിലും അതിരുകള്‍ നിശ്ചയിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് പഴയ സുഹൃത്തുക്കളെല്ലാം കൂടി ‘നാട്ടിലെ കൂട്ടുകാര്‍’ എന്ന വാട്‌സ് ആപ്പ് തുടങ്ങി. വിദേശത്തും സ്വദേശത്തുമായിരിക്കുന്ന എല്ലാവര്‍ക്കും പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെ കഴിഞ്ഞു. മൂന്നു-നാലു വര്‍ഷങ്ങളായി പരസ്പരം സംസാരിക്കാതെയിരിക്കുന്ന 2 പേര്‍ ഞങ്ങളുടെ ഗ്രൂപ്പിലുണ്ട്.

കൂട്ടത്തിലൊരാള്‍ മുന്‍കൈയ്യെടുത്ത് ഒരാളുടെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു: “എടാ, ഇത്രയും കാലമായില്ലേ? നിങ്ങള്‍ പരസ്പരം സംസാരിക്കണം. കാര്യങ്ങളൊക്കെ നമുക്ക് പറഞ്ഞുതീര്‍ക്കാം.”

അപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: “അങ്ങനെയൊരു പ്രശ്‌നമേ ഉദിക്കുന്നില്ല. ഇനിയും മരണം വരെ ഇങ്ങനെയാ.”

കാര്യം ചെറുതാണ്. ഇവന്റെ കല്യാണത്തിന് അവന്‍ വന്നില്ല. ബാംഗ്ലൂരില്‍ നഴ്‌സാണവന്‍; ലീവ് കിട്ടിയില്ല. കൂടാതെ, ഭാര്യ ആ സമയം ഗര്‍ഭിണിയുമായിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീരുന്ന കാര്യമേയുളളൂ. രമ്യതയിലാകാന്‍ മനുഷ്യന് മടിയാണ്.

ഇവിടെയാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകം 1-ാം അധ്യായം 18-ാം വാക്യത്തിന്റെ പ്രസക്തി. തന്നില്‍ നിന്ന് അകന്നുപോകുന്ന ജനത്തോട് പ്രവാചകന്‍ വഴി ദൈവമായ കര്‍ത്താവ് വിളിച്ചുപറയുന്നു: “വരുവിന്‍, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും.” മനുഷ്യന്‍ എങ്ങനെയായാലും അപരനോട് രമ്യതപ്പെടാന്‍ വെമ്പല്‍ കൊള്ളുന്ന ദൈവത്തിന്റെ ചിത്രം. “വരുവിന്‍, നമുക്ക് രമ്യതപ്പെടാം.” എന്ന കര്‍ത്താവിന്റെ വചനം നമ്മുടെ ഹൃദയത്തില്‍ മന്ത്രിക്കട്ടെ. ഒരു ശിശുവായി ഈ ഭൂമിയിലേയ്ക്ക് കടന്നുവന്നപ്പോള്‍ ആരോടെങ്കിലും ശത്രുതയുമായിട്ടാണോ നാം വന്നത്? അല്ലായെങ്കില്‍ ഈ ലോകം വിട്ടുപോകുമ്പോഴും അങ്ങനെ തന്നെ ആയിരിക്കട്ടെ.

രണ്ടു ചരിത്രസംഭവങ്ങള്‍ പറയുന്നുണ്ടെങ്കിലും പശ്ചാത്തലത്തിലേയ്ക്കുള്ള ക്ഷണമാണ് 2-ാം ഭാഗത്തിന്റെ കാതല്‍. യഹൂദപാരമ്പര്യത്തിന്റെ ന്യൂനതകളിലൊന്നിനെ എടുത്ത് അവരെ സത്യം പഠിപ്പിക്കുന്ന ഈശോയെയാണ് ഇവിടെ കാണുക. പ്രായമാകുന്നതിനു മുമ്പ് അപകടമരണം സംഭവിച്ചാല്‍ അത് പാപത്തിനുള്ള ദൈവശിക്ഷയായി യഹൂദസമൂഹം കണക്കാക്കിയിരുന്നു. അതായത്, 9 വയസ്സുള്ള കുട്ടി മരിച്ചാല്‍ 90 വയസ്സുള്ള വല്യപ്പനേക്കാള്‍ പാപി. പശ്ചാത്തപിക്കാതെ മരിച്ചാല്‍ അതാണ് നാശം, അതാണ് മരണം എന്ന് ഈശോ പഠിപ്പിക്കുന്നു.

വി. മര്‍ക്കോസിന്റെ സുവിശേ ഷം 1-ാം അധ്യായം 15-ാം തിരുവചനത്തില്‍ പറയുന്നു: “സമയം പൂര്‍ത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.” യോഹന്നാന്റെ സുവിശേഷം 1:1-ല്‍ പറയുന്നു: “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവമായിരുന്നു.” വചനം മാംസം ധരിച്ച ക്രിസ്തുവിനെ സ്വന്തമാക്കിയ ജീവിതങ്ങളാണ് പശ്ചാത്താപത്തിലേയ്ക്ക് കടന്നുവന്നവര്‍. പിന്നീട് പഴയ വഴി ഒരിക്കലും അവര്‍ പിന്തുടരുകയില്ല.

Northern Ireland -കാരിയായ ക്ലെയറിനെക്കുറിച്ച് ലൈഫ് ഡേ-യില്‍ വായിച്ചതോര്‍ക്കുന്നു. പാരമ്പര്യ ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന അവള്‍ നേടിയത് യുവാക്കളെ യായിരുന്നു. ശരീരത്തിന്റെ താല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പാപവഴിയെ സഞ്ചരിച്ച ഒരു പെണ്‍കുട്ടി. ഒരു ഫിലിം സ്റ്റാര്‍ ആകണമെന്നായിരുന്നു അവളുടെ താല്‍പര്യം. അങ്ങനെ 17-ാം വയസ്സില്‍ ഇംഗ്ലണ്ടിലെ യുവജനങ്ങള്‍ക്കായുള്ള ഒരു വലിയ ചാനല്‍ ഷോയില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു അവള്‍.

ആ ദിനങ്ങള്‍ വിശുദ്ധവാരത്തിന്റെ ദിനങ്ങളായിരുന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ പുകവലി, മദ്യപാനം, സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ട് എന്നിവയില്‍ മാത്രമായിരുന്നു. അങ്ങനെ ദുഃഖവെള്ളി എത്തിയപ്പോള്‍ ആരോ അവളോടു പറഞ്ഞു: “ഇന്ന് ദുഃഖവെള്ളിയല്ലേ? നീ ദൈവാലയത്തില്‍ പോകണം.” അങ്ങനെ അവള്‍ ദൈവാലയത്തിലെത്തി. തിരുക്കര്‍മ്മങ്ങളുടെ അവസാനം ക്രൂശിതരൂപം ചുംബിക്കുന്ന ചടങ്ങില്‍ ഏറ്റവും അവസാനമായി അവളും പങ്കെടുത്തു. പെട്ടെന്ന് എന്തോ ഒരു മാറ്റം, ഒരു പ്രത്യേക അനുഭവം ആ നിമിഷം അവള്‍ക്കുണ്ടായി. അവള്‍ ദൈവാലയത്തിലിരുന്ന് കരയാന്‍ തുടങ്ങി. ഉടനെ ഒരു സിസ്റ്റര്‍ അടുത്തുവന്ന് കാര്യങ്ങള്‍ തിരക്കി. അവള്‍ പറഞ്ഞു: “അവന്‍ എന്നെ സ്‌നേഹിക്കുന്നു. എന്തേ ഈ കാര്യം നേരത്തെ എന്നോടാരും പറഞ്ഞില്ല.” അവളില്‍ ഒരു മാറ്റം സംഭവിക്കുകയായിരുന്നു. ഈശോ തന്നില്‍ നിന്ന് കൂടുതലെന്തോ ആഗ്രഹിക്കുന്നെന്ന് അവള്‍ക്കു തോന്നി.

മാനസാന്തരത്തിനുശേഷം അവള്‍ ഇപ്രകാരം പറയുകയാണ്: “ഞാന്‍ വളരെ മോശമായി ജീവിച്ചു. മദ്യപിച്ചു, പുകവലിച്ചു, ലഹരിവസ്തുക്കള്‍ ധാരാളം ഉപയോഗിച്ചു. മുഴുവന്‍ സമയവും സുഹൃത്തുക്കളോടാപ്പം കറങ്ങിനടന്നു. എല്ലാം ഉപേക്ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം രാത്രി മദ്യപിച്ചു ഛര്‍ദ്ദിക്കവെ ഇശോ വന്ന് അവളോട്, പൗലോസിനോടു ചോദിച്ച അതേ ചോദ്യം ചോദിച്ചു: ‘നീ എന്തിന് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു?’ ദൈവത്തിന്റെ ശക്തമായ സാന്നിധ്യത്താല്‍ അവള്‍ നിറഞ്ഞു.” അവള്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു കാര്യമുണ്ട്. “യേശു എന്നെ നിരന്തരം പിന്തുടരുകയായിരുന്നു. അവന് എന്നെ വേണമെന്ന് നിരന്തരം എന്നോട് പറയുകയായിരുന്നു.”

അങ്ങനെ അവള്‍ ശക്തമായ ഒരു തീരുമാനമെടുത്തു. യേശുവിനായി തന്റെ ജീവിതം കൊടുക്കുക. പലരും അവളെ തടഞ്ഞു. സ്വന്തം അമ്മ പോലും Please, don’t go എന്നുപറഞ്ഞ് അവളുടെ മുമ്പില്‍ നിലവിളിച്ചു. പക്ഷേ, തന്റെ തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു. അങ്ങനെ 2001 ആഗസ്റ്റ് 11-ന് അവള്‍ മഠത്തില്‍ ചേര്‍ന്നു. ക്ലെയര്‍ ക്രോക്കറ്റ് എന്ന അവള്‍ സി. ക്ലെയര്‍ മരിയ എന്ന പേര് സ്വീകരിച്ചു.

ഇന്ന് അവള്‍ ഈ ലോകത്തിലില്ല. ഇക്വഡോറിലേക്ക് മിഷനറിയായി അയയ്ക്കപ്പെട്ട അവള്‍ 2016 ഏപ്രില്‍ 16-നുണ്ടായ ഒരു ഭൂചലനത്തില്‍ മറ്റു നാല് സിസ്റ്റേഴ്സിനോടൊപ്പം ഈ ലോകത്തുനിന്ന് യാത്രയായി. മരണത്തിനു മുമ്പേ ക്രിസ്തുനാഥന്‍ അവളുടെ ആത്മാവിനെ നേടിയെടുത്തിരുന്നു.

നീ ആരാണെന്ന് ക്രിസ്തു നോക്കുന്നില്ല, വിധിക്കുന്നുമില്ല. പക്ഷേ, പശ്ചാത്തപിക്കാന്‍ നീ സന്നദ്ധനായാല്‍ അവന്‍ നിന്റെ ജീവിതം ഏറ്റെടുക്കും. ദൈവത്തോട് അനുതാപവും സഹോദരങ്ങളോട് അനുരഞ്ജനവുമുള്ള വ്യക്തികളായിത്തീരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡീ. ജോബി തെക്കേടത്ത് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.