
നമ്മുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴമായി ധ്യാനിക്കുന്ന ശ്ലീഹാക്കാലത്തിലെ മൂന്നാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഒരുപാടു തവണ കണ്ടും കേട്ടും ദൃശ്യാവിഷ്‌കാരങ്ങള്‍ നടത്തിയും മനസ്സില്‍ ഒളിമങ്ങാതെ നില്‍ക്കുന്ന നല്ല സമരിയാക്കാരന്റെ ഉപമയാണ് ഇന്ന് വിചിന്തനത്തിനായി തിരുസഭ നമുക്കു നല്‍കുന്നത്.
വചനവിചിന്തനം ആരംഭിക്കുമ്പോള്‍, ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന ചോദ്യം ഉന്നയിക്കുന്ന ഈ ചോദ്യകര്‍ത്താവ് ആരെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. ഈ ചോദ്യം ഉന്നയിക്കുന്നത് നിയമജ്ഞനാണ്. ആരാണ് നിയമജ്ഞന്‍? നിയമങ്ങള്‍ വ്യക്തതയോടെ അറിയുന്നവനും കൃത്യതയോടെ വ്യാഖ്യാനിക്കുന്നവനുമാണ് നിയമജ്ഞന്‍. ആരാണ് അയല്‍ക്കാരന്‍ എന്നതിന്, സ്വന്തം സമുദായത്തില്‍പ്പെട്ടവനാണ് എന്ന സ്വാഭാവിക ഉത്തരം അവനറിയാം. അതിനുപുറമേ, ഇസ്രായേല്‍ ജനം ഈജിപ്തില്‍ പരദേശികളായി ജീവിതം ചെലവഴിച്ചതിനാല്‍ തങ്ങളുടെ ഇടയില്‍ കഴിയുന്ന പരദേശികളെ പ്രത്യേകം പരിഗണിക്കണമെന്നതും ഈ നിയമജ്ഞനു വ്യക്തമായി അറിയാം.
സ്വന്തം മതത്തെ ഒറ്റിക്കൊടുക്കുന്നവരും വിള്ളല്‍ വീഴ്ത്തുന്നവരുമായ വ്യക്തികളും വിശ്വാസം ഉപേക്ഷിച്ച മതത്യാഗികളും അയല്‍ക്കാരന്‍ എന്ന പദത്തിനു വെളിയില്‍ നില്‍ക്കുന്നവരാണെന്ന് ഓരോ നിയമജ്ഞനും വിശ്വസിച്ചിരുന്നു. അതുപോലെ, ജെറുസലേം ദൈവാലയപരിസരം അസ്ഥിക്കഷണങ്ങള്‍ വിതറി പരിശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയ സമരിയാക്കാര്‍ ഒരുവിധത്തിലും അയല്‍ക്കാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയില്ലായെന്നു സ്പഷ്ടം.
യഹൂദ നിയമജ്ഞര്‍ക്ക് സമരിയാക്കാരോടുള്ള അവജ്ഞ മനസ്സിലാക്കിക്കൊണ്ട് അവരെ തിരുത്തുവാനാണ് തന്റെ ഉപമയില്‍ സമരിയാക്കാരനെ സദ്ഗുണസമ്പന്നനായി ഈശോ അവതരിപ്പിക്കുന്നത്. ഈ ഉപമയിലൂടെ ദൈവപുത്രന്‍ എന്നെയും നിങ്ങളെയും പഠിപ്പിക്കുകയാണ്, നാം അവജ്ഞയോടും പുച്ഛത്തോടും കൂടി കാണുന്ന പലരിലും അനേകം നന്മകളുണ്ട് എന്ന്. അപരന്റെ ജീവിതത്തിലെ തിന്മകള്‍ മാത്രം കണ്ട് അവനെ വിധിച്ചുതള്ളുന്നത് എന്റെ ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണെന്നു തിരിച്ചറിയാന്‍ നാം ഇനിയും വൈകിക്കൂടാ…
പുതിയനിയമത്തില്‍ ദൈവസ്‌നേഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തി പരസ്‌നേഹത്തെയോ, പരസ്‌നേഹത്തില്‍ നിന്നു മാറ്റിനിര്‍ത്തി ദൈവസ്‌നേഹത്തെയോ കുറിച്ച് ചിന്തിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. ദൈവസ്‌നേഹത്തില്‍ നിന്നാണ് പരസ്‌നേഹം ഉത്ഭവിക്കുന്നത്. പരസ്‌നേഹത്തിനുള്ള ശക്തി ലഭിക്കുന്നത് ദൈവസ്‌നേഹത്തില്‍ നിന്നാണ്. ദൈവസ്‌നേഹത്തിന്റെ പ്രകടനഭാവമാണ് പരസ്നേഹം.
വി. പക്കോമിയൂസ്, തന്റെ ആശ്രമത്തില്‍ കയറിയ കള്ളന് ധാന്യവും അവശ്യസാധനങ്ങളും എടുത്തുകൊടുത്തു. ഇതിനു സമാനമാണ് വി. വിന്‍സെന്റ് ഡി പോളിന്റെ ജീവിതത്തില്‍ സംഭവിച്ചതും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ കയറിയ കള്ളനെ ആശ്രമവാസികള്‍ വഴക്കിട്ട് ഓടിച്ചു. വിന്‍സെന്റ് ഡി പോള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഒരു ദൈവീകഭവനത്തില്‍ ഒരു കള്ളന്‍ വന്നപ്പോള്‍ അവന് സ്‌നേഹാനുഭവം കിട്ടിയില്ലെങ്കില്‍ ലോകത്തില്‍ എവിടെച്ചെന്നാല്‍ അയാള്‍ക്ക് സ്‌നേഹാനുഭവം കിട്ടും?’ സ്‌നേഹം അതിര്‍വരമ്പുകളെ ഭേദിച്ചിരിക്കുന്നു. കരുണയുടെ വറ്റാത്ത സാക്ഷ്യജീവിതങ്ങള്‍ കൊണ്ടുമാത്രമേ ക്രിസ്തുവിനെ നമുക്ക് ലോകത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കൂ.
സമറായന്‍ യഹൂദനോട് ഒന്നും സംസാരിക്കുന്നില്ല; പ്രവര്‍ത്തിക്കുന്നതേ ഉള്ളൂ. വാക്ക് കൊണ്ടല്ല പ്രവര്‍ത്തികള്‍ കൊണ്ടാണ് നിസ്സഹായര്‍ക്ക് ആശ്രയമാകേണ്ടതെന്ന് സുവിശേഷകന്‍ പറഞ്ഞുവയ്ക്കുന്നു. സമറായന്‍ ഏഴു പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. മനസ്സലിഞ്ഞു, അടുത്തുചെന്നു, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവ് വച്ചുകെട്ടി, കഴുതയുടെ പുറത്തു കയറ്റി, സത്രത്തില്‍ കൊണ്ടുചെന്നു, പരിചരിച്ചു. സ്വന്തം യാത്രയ്ക്കു കരുതിയ എണ്ണയും വീഞ്ഞും പണവുമാണ് അയാള്‍ ചെലവഴിച്ചത്. സ്വന്തം സുഖവും സന്തോഷവും വെടിയാതെ ചെയ്യുന്ന സഹായങ്ങളൊന്നും ജീവകാരുണ്യ പ്രവര്‍ത്തിയല്ല.
കാരുണ്യത്തിന്റെ മാനുഷികവികാരം പൂണ്ട സമറായന് ക്രിസ്തുവിന്റെ മുഖവും മനസ്സുമുണ്ട്. അയല്‍ക്കാരന്‍ ആരെന്നു കണ്ടെത്തണമെങ്കില്‍ ക്രിസ്തുവിനോളം വിശാലമായ മനസ്സും അവിടുത്തെപ്പോലെ ആഴമായ കരുണയും വേണം. അപരന്റെ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കുവാന്‍ സാധിക്കാത്ത നമുക്ക് ക്രിസ്തുവിന്റെ ഈ മാനുഷികവികാരത്തിലേയ്ക്ക് എത്തിച്ചേരുവാന്‍ ദൂരം ഏറെയാണ്. നാം അര്‍പ്പിക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തിന്റെ ആമുഖശുശ്രൂഷയില്‍ കര്‍ത്താവ് നല്‍കിയിട്ടുള്ള കല്‍പനകള്‍ അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ ആദ്ധ്യാത്മികമായി ഒരുക്കുന്നുണ്ട് (അന്നാപ്പെസഹാ). നമുക്കു ലഭിച്ചിരിക്കുന്ന കല്‍പനയനുസരിച്ച് ഈ കുര്‍ബാന ആരംഭിക്കാം.
നമുക്കു ലഭിച്ചിരിക്കുന്ന കല്‍പന പരസ്പരം സ്‌നേഹിക്കുക, പരസ്പരം ക്ഷമിക്കുക, പരസ്പരം കരുണ കാണിക്കുക തുടങ്ങിയവയാണ്. ജീവിതയാത്രയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യേശുവേ, കരുണ തോന്നണമേ… എന്ന് പ്രാര്‍ത്ഥിക്കാം. ആരോടെങ്കിലും ക്ഷമിക്കാനുണ്ടെങ്കില്‍ നമുക്ക് ക്ഷമിക്കാം. ചുറ്റുമുള്ളവരോട് കരുണ കാണിച്ച് സ്‌നേഹിക്കുവാനുള്ള ക്രിസ്തുവിന്റെ മാനുഷികവികാരം നമ്മുടെ ജീവിതത്തിലുമുണ്ടാകട്ടെ. നീതിന്യായപ്രമാണങ്ങള്‍ക്കപ്പുറം അപരന്‍ നമുക്ക് നല്ലൊരു അയല്‍ക്കാരനായിരിക്കട്ടെ. അയല്‍ക്കാരന്റെ നിര്‍വചനത്തെ മത-ഗോത്രബന്ധങ്ങളിലൊതുക്കിയ നിയമജ്ഞന്റെ നിലപാടിനെ തിരുത്തിയ ക്രിസ്തു, നമ്മളോരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.
ബ്ര. ജൂഡ് കോയിപ്പറമ്പില്‍ MCBS