ഞായര്‍ പ്രസംഗം 2 ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍ യോഹ. 14:7-14 പിതൃ-പുത്രബന്ധം

മകനുവേണ്ടി ഏറെയൊന്നും സമ്പാദിച്ചുവയ്ക്കാന്‍ കഴിയാതിരുന്ന ഒരു പിതാവ്, തന്റെ മരണസമയത്ത് മകന്റെ മടിയില്‍ തല വച്ച് പറഞ്ഞു: ‘മോനേ, നിനക്കുവേണ്ടി ഈ അപ്പന്‍ ഒന്നും സമ്പാദിച്ചില്ലല്ലോ!’ മകന്റെ മറുപടി അപ്പന്റെ ഹൃദയത്തിന് ആശ്വാസം പകരുന്നതായിരുന്നു. ‘ഒന്നും തന്നില്ലെന്നോ! എന്റെ അച്ഛനായി എന്നെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇത്രകാലവും നടന്നില്ലേ… അതിനപ്പുറം എനിക്ക് യാതൊന്നും ലഭിക്കാനില്ല.’

ജോര്‍ദ്ദാനിലെ മാമ്മോദീസാ വേളയിലും താബോറിലെ മഹത്വീകരണത്തിലും പിതൃത്വം ഏറ്റുപറഞ്ഞ് തന്നെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പിതാവിനോടുള്ള പുത്രന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സ്‌നേഹത്തിന്റെ വാക്കുകളിലൂടെയുള്ള പ്രകടനമാണ് ഇന്നത്തെ സുവിശേഷവായനയിലൂടെ നാം കാണുന്നത്.
പിതൃ-പുത്രബന്ധം ദൈവശാസ്ത്രപരമായി ശാരീരിക പാരമ്പര്യത്തിലധിഷ്ഠിതമാണ്. മക്കളോ അപ്പനോ ആര് നിഷേധിച്ചു പറഞ്ഞാലും ഈ പിതൃ-പുത്രബന്ധം മായാതെ നില്‍ക്കപ്പെടും. ഈ ശാരീരിക പാരമ്പര്യബന്ധത്തിന്റെ അളവ് വളര്‍ന്ന് ആത്മീയതയുടെ ദൈവികഭാവത്തിലെത്തണം. ഇങ്ങനെ അത് ദൈവികബന്ധത്തിലെത്തിക്കഴിയുമ്പോള്‍ അപ്പനില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും പിതൃസ്വത്തവകാശങ്ങളെക്കാളുമുപരിയായി ‘അപ്പന്‍’ തന്നെ പ്രധാനപ്പെട്ടതായി തീരും.

ഈശോ, തന്റെ ജനനം മുതല്‍ നമുക്ക് മാതൃകയാവുന്നു. ലൂക്കാ 2:49-ല്‍ കാണുന്നില്ലേ, ബാലനായ യേശു, പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനായിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷം ഇതിന് വിശദീകരണം നല്‍കുന്നു. ‘അവിടുന്ന് പിതാവിന്റെ മടിയില്‍ മറഞ്ഞിരിക്കുന്ന ഏകജാതനാണ്’ (യോഹ. 1:18). അങ്ങനെയെങ്കില്‍ ഈശോയും പിതാവുമായുള്ള ബന്ധം തികച്ചും സമ്പൂര്‍ണ്ണ സ്‌നേഹത്തിന്റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ഉദാത്തമാതൃകയായി നമുക്ക് കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ഈശോ ഇന്നത്തെ തിരുവചനത്തിലൂടെ നമ്മോട് പറഞ്ഞുതരുന്നത്, ‘എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു’ (14:9). ‘ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവര്‍ത്തികള്‍ മൂലം വിശ്വസിക്കുവിന്‍’ (14:11).

വളരെ കാര്യങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും കാട്ടിക്കൊടുത്തും കടന്നുപോയ യേശു, തന്റെ ഈ ലോകജീവിതത്തിന്റെ അവസാനം ഇനിയും ശിഷ്യര്‍ക്കായി പകര്‍ന്നുനല്‍കാനുള്ള കാര്യങ്ങളെ വ്യക്തമായി പഠിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് തോമസിന്റെ ചോദ്യം ഇന്നത്തെ വചനഭാഗത്തിന് പശ്ചാത്തലമാകുന്നത്. ഗുരു പറയുന്നു: ‘പിതാവിനെക്കുറിച്ച് എന്നാല്‍, ഗുരുവിന്റെ പിതാവ് ആരെന്നോ എവിടെയെന്നോ അറിയില്ല. യേശു പോകുന്നത് എങ്ങോട്ടെന്നും അറിയില്ല.’ ശരിക്കും ഇരുട്ടില്‍ തപ്പുന്ന ശിഷ്യഗണത്തോട് ഈശോ തന്നെത്തന്നെ കാണിച്ചുകൊടുത്തു കൊണ്ട് തന്റെ പിതാവിനെ വെളിപ്പെടുത്തുകയാണ്.

സ്‌നേഹമുള്ളവരെ, ഇന്നത്തെ സുവിശേഷം ഈശോ പിതാവിനെ കാണാന്‍ തന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞുവയ്ക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലേയ്ക്കും പ്രാവര്‍ത്തികമാക്കേണ്ട ഒരു നല്ല സുവിശേഷത്തിന്റെ ചൂണ്ടുപലകയായിട്ട് തരുന്നുണ്ട്. കാരണം, ഈ കാലഘട്ടത്തിലെ മാതൃ-പിതൃ-പുത്രബന്ധങ്ങളെല്ലാം ജന്മസിദ്ധിയുടെ ശാരീരികതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് വിലയില്ലാത്തവരാവുകയും കഴിവില്ലാത്ത മക്കള്‍ മാതാപിതാക്കള്‍ക്ക് ഭാരമാവുകയും ചെയ്യുമ്പോള്‍ സ്‌നേഹമുള്ളവരെ, യേശുവിലേയ്ക്ക് നമുക്ക് ദൃഷ്ടികളുയര്‍ത്താം. ‘എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു’ എന്നുപറഞ്ഞ ഈശോ തന്നെയാണ് പിതാവായ ദൈവത്തിന്റെ കരുണ നിറഞ്ഞ സ്‌നേഹം ഈ ലോകത്തിന്-നമുക്ക് വെളിപ്പെടുത്തി തരുന്നത്.

‘രക്തത്തിന് വെള്ളത്തെക്കാള്‍ കട്ടിയുണ്ട്’ (Blood is thicker than Water) എന്ന ഇംഗീഷ് പഴമൊഴി ഇന്ന് നമ്മുടെ നാട്ടിലും അര്‍ത്ഥപൂര്‍ണ്ണമാകുന്നു. വെള്ളത്തെക്കാളും നിസ്സാരമായി ചോരയൊഴുക്കാന്‍ കഴിവുള്ളവര്‍ വളര്‍ന്നുതുടങ്ങി. പിതൃസ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും, സ്വന്തം അമ്മമാര്‍ക്കു പോലും വേണ്ടാതാവുന്ന കുഞ്ഞുങ്ങളുടെയും, സ്വത്ത് തര്‍ക്കത്തിലൂടെയും അല്ലാതെയും പരസ്പരം തമ്മില്‍ത്തല്ലുകയും പിണങ്ങിക്കഴിയുകയും ചെയ്യുന്ന സഹോദരങ്ങളുടെയും കഥകള്‍ ഇന്ന് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന് മുഖ്യ ചര്‍ച്ചാവിഷയമാകുമ്പോള്‍, ലോകത്തിന് പ്രകാശമായി മണ്ണിലിറങ്ങിയ യേശുനാഥന്‍ വചനത്തിലൂടെയും സ്വജീവിതത്തിലൂടെയും യഥാര്‍ത്ഥ പിതൃ -പുത്രബന്ധത്തിന്റെ ജീവിതശൈലി കാട്ടിത്തരുന്നു. പിതാവ് ചെയ്ത അതേ പ്രവൃത്തികള്‍ പുത്രനും ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്റെ വാക്കുകളും പ്രവൃത്തികളും തന്റെ ജീവിതത്തിന്റെ ലക്ഷ്യവും എല്ലാം തന്റെ പിതാവിനോടും അവിടുത്തെ ഇഷ്ടങ്ങളോടും ബന്ധപ്പെടുത്തുന്ന ഈശോ നമുക്ക് പറഞ്ഞതരുന്ന പാഠവും ഇതുതന്നെ.

ഇന്ന് നമ്മുടെ കുടുംബ ബന്ധങ്ങളില്‍ സ്‌നേഹവും ഐക്യവും കുറഞ്ഞു പോകുന്നുണ്ടെങ്കില്‍, അവിടെ ഭിന്നതയും തര്‍ക്കങ്ങളും ഉടലെടുക്കുന്നുണ്ടെങ്കില്‍ നമ്മള്‍ മനസ്സിലാക്കണം. ഈശോയുടെയും പിതാവായ ദൈവത്തിന്റെയും ദൈവികസ്‌നേഹത്തിലേയ്ക്ക് നാം വളരേണ്ടിയിരിക്കുന്നു.
പരസ്പരം ക്ഷമിക്കാനും അംഗീകരിക്കാനും മനസ്സിലാക്കാനും ഒരാള്‍ മറ്റേയാളുടെ താല്‍പര്യത്തിന് അനുസരിച്ച് സ്വന്തം ആഗ്രഹങ്ങളെ ബലി ചെയ്യാനും തയ്യാറാകുമ്പോള്‍ അവിടെ ത്രിത്വൈകദൈവത്തിന്റെ സ്‌നേഹം നിറയും. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് കൊല്ലംപറമ്പില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ