ഞായര്‍ പ്രസംഗം 2, നോമ്പുകാലം മൂന്നാം ഞായർ മാർച്ച് 08 ക്രിസ്തുശിഷ്യത്വം – ഒരു ബലിജീവിതം

പ്രാര്‍ത്ഥനയും ഉപവാസവും പ്രായശ്ചിത്തവും വഴി നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയെ വരവേല്‍ക്കുമ്പോള്‍ ജറുസലേമിലേയ്ക്കുള്ള യാത്രയില്‍ തന്റെ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ച് മൂന്നാം പ്രവചനം നടത്തുന്ന ക്രിസ്തുവിനെ ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നു. തുടര്‍ന്നുള്ള വചനഭാഗത്ത് നാം വായിക്കുന്നത് രാജാവായ ക്രിസ്തുവിന്റെ ഇരുവശങ്ങളിലുമായിരിക്കാനുള്ള ആഗ്രഹവുമായി എത്തുന്ന സെബദിപുത്രന്മാരെയാണ്.

വി. ക്രിസോസ്‌തോം ഈ യാചനയെപ്പറ്റി പറയുക, ‘അസമയത്തുള്ള യാചന’ എന്നാണ്. കാരണം, അവര്‍ യാചിക്കുന്നത് എന്തെന്ന് അവര്‍ക്ക് അറിവില്ലായിരുന്നു. എന്തെന്നാല്‍, മത്സരം തുടങ്ങുന്നതിനുമുമ്പേ ആനുകൂല്യങ്ങള്‍ക്കും ബഹുമതികള്‍ക്കും വേണ്ടി അവര്‍ യാചിക്കുന്നു. ‘ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍’ എന്ന് ഗുരുവിനാല്‍ വിശേഷിപ്പിക്കപ്പെട്ട ശിഷ്യന്മാര്‍ മറ്റുള്ളവരേക്കാളധികം പരിശ്രമശാലികളും കഠിനാദ്ധ്വാനികളുമാകേണ്ട അവസരത്തിലാണ് ഇപ്രകാരമൊരു യാചനയുമായി മുന്നോട്ടുവരിക. ക്ലേശങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് സമ്മാനങ്ങള്‍ക്കും കിരീടങ്ങള്‍ക്കും വേണ്ടി യാചിക്കുന്ന രണ്ട് ക്രിസ്തുശിഷ്യരെയാണ് നമുക്കിവിടെ കാണാനാവുക.

മൂന്നുവര്‍ഷം കൂടെ നടത്തി കഥകളിലൂടെയും ഉപമകളിലൂടെയും ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞുകൊടുത്തപ്പോഴും ശിഷ്യരുടെ ആഗ്രഹങ്ങളിലും സ്വപ്നങ്ങളിലും നിറഞ്ഞുനിന്നത് അവന്‍ ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും മഹത്വീകൃതമായ താബോര്‍ അനുഭവങ്ങളുമൊക്കെയാണ്. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ദൈവരാജ്യസങ്കല്‍പങ്ങളെ ഗ്രഹിക്കത്തക്കവിധം മനസ്സു തുറക്കാത്ത ക്രിസ്തുശിഷ്യരെ നാം ഇവിടെ കാണുക.

കുരിശിനെയും പീഡാനുഭവത്തെയും പറ്റി ആദ്യം സംസാരിക്കുമ്പോള്‍ ‘ഇത് നിനക്ക് സംഭവിക്കാതിരിക്കട്ടെ’ എന്നുപറഞ്ഞ് അവനെ തടയുന്ന ശിഷ്യപ്രമുഖനായ പത്രോസിനെ നാം കാണുന്നുണ്ട്. ഗുരുവിനോടുള്ള ഇഷ്ടം കൊണ്ടാണ് അവന്‍ അത് പറയുക. പക്ഷേ, തന്നെ സ്‌നേഹിക്കുകയും തന്റെ കുരിശുമരണത്തെ തള്ളിപ്പറയുകയും ചെയ്യുന്ന ശിഷ്യനെ ക്രിസ്തു അഭിസംബോധന ചെയ്യുന്നത് ‘സാത്താന്‍’ എന്നാണ്. ക്രിസ്തുവിന്റെ മൂന്നാം പ്രവചനസമയത്ത് ആരും അവനെ എതിര്‍ക്കുന്നില്ല. എന്നാല്‍, എല്ലാറ്റിനെയും അതിജീവിക്കുന്ന മഹത്വീകൃതനായ ക്രിസ്തു മാത്രമാണ് അവരുടെ വിഷയം. അതുകൊണ്ടാണ് വി. അഗസ്റ്റിന്‍ പറയുന്നതുപോലെ, ‘മഹത്വത്തിനുവേണ്ടി യാചിക്കുന്ന’ ക്രിസ്തുശിഷ്യരെ നാം കാണുക. വി. അഗസ്റ്റിന്‌റെ വാക്കുകളില്‍ ‘ഉന്നതിക്കു മുമ്പേ താഴ്മയെ പുല്‍കാനാണ്’ ക്രിസ്തു ആഗ്രഹിച്ചത്. താഴ്‌വരയിലൂടെ ഉന്നതിയിലേയ്ക്ക് വഴിയൊരുക്കുവാനാണ് അവിടുന്ന് തയ്യാറായത്’

ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ ലിസ്റ്റുമായി ദൈവസന്നിധിയിലെത്തുന്ന ഭക്തന്മാരുടെ ചിത്രം സെബദീപുത്രന്മാരില്‍ കാണാന്‍ സാധിക്കും. ദൈവത്തെ സ്‌നേഹിക്കുന്നതില്‍ പോലും ഒരു സ്വാര്‍ത്ഥത, നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിയാക്കാനുള്ള തൃഷ്ണ കടന്നുകൂടിയിട്ടില്ലേയെന്ന് വിചിന്തനം ചെയ്യാനുള്ള അവസരം കൂടിയാണിത്. എന്നാല്‍, ആഗ്രഹങ്ങളും ആവശ്യങ്ങളും അവസാനിക്കാത്തിടത്തോളം മനുഷ്യജീവിതം എന്നും ദുഃഖപൂര്‍ണ്ണമായിരിക്കുമെന്നതാണ് വാസ്തവം.

“നിയമം ആത്മീയമാണെന്നു ഞാന്‍ അറിയുന്നു. എന്നാ ല്‍, ഞാന്‍ പാപത്തിന് അടിമയായി വില്‍ക്കപ്പെട്ട ജഡികനാണ്. അതുകൊണ്ടാണ് ഇച്ഛിക്കുന്ന നന്മ പ്രവര്‍ത്തിക്കാനാകാതെ ഇച്ഛിക്കാത്ത തിന്മ ഞാന്‍ ചെയ്തുപോകുന്നത്” – പൗലോസ് ശ്ലീഹായുടെ ഈ വാക്കുകളില്‍ ഒരു മനുഷ്യന്‍ അറിഞ്ഞും അറിയാതെയും ജീവിതാവസാനം വരെ അയാളെ ബന്ധിച്ചിരിക്കുന്ന തിന്മയുടെ പ്രവണതകളും ജഡികാസക്തികളും വ്യക്തമാണ്. തിന്മ കൊണ്ടു നിറഞ്ഞ ഒരു ലോകം വെള്ളപ്പൊക്കത്തില്‍ സമൂലം നശിപ്പിക്കപ്പെടുന്ന അവസരത്തില്‍, നവീകൃതമായ ഒരു ലോകം പണിതുയര്‍ത്താന്‍ ദൈവം തിരഞ്ഞെടുത്തത് വിശ്വസ്തനും നീതിമാനുമായ നോഹയെയാണ്. തിന്മയോട് കൂട്ടുചേരാതെ ദൈവത്തിന്റെ ദാസനായി ജീവിച്ച നോഹ നിര്‍മ്മിച്ച പേടകത്തിലൂടെ ഒരു തലമുറ രക്ഷപ്രാപിച്ചു.

ഇപ്രകാരം ദാസന്മാരാകാനുള്ള ഒരു വിളി ഇന്നത്തെ സുവിശേഷം നമുക്ക് നല്‍കുന്നുണ്ട്. ഉന്നതസിംഹാസനങ്ങളും ഒന്നാം സ്ഥാനവുമാഗ്രഹിച്ച ശിഷ്യരോട് ക്രിസ്തു പറയുക, വലിയവനും ഒന്നാമനുമാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ശുശ്രൂഷകനും ദാസനുമാകുക എന്നാണ്. ഇവിടെയെല്ലാം ക്രിസ്തുശിഷ്യന്‍ തന്റെ തന്നെ ആഗ്രഹങ്ങളെയാണ് കീഴ്‌പ്പെടുത്തുക. ക്രിസ്തുശിഷ്യത്വം യുദ്ധം ചെയ്യാനുള്ള വിളിയാണ്. ഈ ലോകത്തിന്റെ ദുരാശകളോടും നമ്മോടു തന്നെയും യുദ്ധം ചെയ്യാനുള്ള വിളി. ബലഹീനനായ മനുഷ്യന്റെ മുമ്പില്‍ ബലമായി ദൈവം അയയ്ക്കുന്ന കര്‍ത്താവിന്റെ സൈന്യാധിപനെപ്പറ്റി ജോഷ്വായുടെ പുസ്തകത്തില്‍ നാം വായിച്ചുകേട്ടു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ജോഷ്വായുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന സൈന്യാധിപന്‍ അവനോട് ആവശ്യപ്പെടുക ‘ചെരുപ്പുകള്‍ അഴിച്ചുമാറ്റുക’ എന്നാണ്. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത സകലതും പരിത്യജിക്കുന്നവര്‍ക്കേ ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ സാധിക്കൂ എന്ന് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.

ദാസനും വിനീതനുമാകാന്‍ ക്രിസ്തു പറയുന്നിടത്ത് അവന്‍ ആഗ്രഹിക്കുക നമ്മുടെ ജീവിതത്തിനു പിന്നില്‍ ഒരു ബലി ഉണ്ടാകണമെന്നതാണ്. കുരിശാകുന്ന കാസ പാനം ചെയ്യാനും രക്തസാക്ഷിത്വമാകുന്ന സ്‌നാനം സ്വീകരിക്കാനും തന്റെ വത്സലശിഷ്യരെ ക്ഷണിക്കുന്ന ക്രിസ്തു ജറുസലേമിലേയ്ക്ക് നടന്നത് അജ്ഞതയോടെയല്ല. മറിച്ച്, കുരിശിലേയ്ക്കാണ് നടന്നുനീങ്ങുന്നതെന്ന ഉത്തമബോധ്യം അവനുണ്ടയിരുന്നു.

ക്രിസ്തു നമ്മെ സ്‌നേഹിച്ചില്ലായിരുന്നെങ്കില്‍ കുരിശാകുന്ന നഷ്ടവും ആകുലതകളും അവന് ഉണ്ടാകുമായിരുന്നില്ല. പക്ഷേ, സ്‌നേഹം ക്രൂശിക്കപ്പെട്ടപ്പോള്‍ അത് നമ്മുടെ രക്ഷയ്ക്കു കാരണമായി. ഒന്നിന്റെയും കുറവില്ലാത്ത ദൈവത്തിന് ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍, അവന്‍ തന്നെത്തന്നെ ശൂന്യവത്കരിച്ചപ്പോള്‍ അവിടുത്തെ രാജ്യം വിസ്തൃതമായി. അങ്ങനെയെങ്കില്‍ നമ്മെത്തന്നെ ശൂന്യവത്കരിക്കാന്‍ നാം എന്തിന് ഭയപ്പെടുന്നുവെന്ന ചോദ്യം ഇന്നേദിവസം തിരുസഭ നമ്മുടെ മുമ്പില്‍ വയ്ക്കുന്നുണ്ട്.

2015 ഫെബ്രുവരി 15-ാം തീയതി, 21 കോപ്റ്റിക് ക്രിസ്ത്യാനികള്‍ ലിബിയായിലെ ഭീകരരാല്‍ വധിക്കപ്പെടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ലോകം നടുങ്ങി. ‘നിങ്ങളെ കൊല്ലുന്ന ഏവനും ദൈവത്തിന് ബലിയര്‍പ്പിക്കുന്നുവെന്ന് കരുതുന്ന സമയം വരുന്നു’ എന്ന ക്രിസ്തുവചനം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കപ്പെടുമ്പോഴും ഈ കാലഘട്ടത്തില്‍ ആശങ്കകളില്ലാതെ ക്രിസ്തുവിന്റെ അനുയായി എന്ന് വിളിക്കപ്പെടാന്‍ ഇപ്പോഴുള്ള നമ്മുടെ വീര്യം മതിയോ എന്ന് ഈ സംഭവം നമ്മോടു ചോദിക്കുന്നു. ശൂന്യമാക്കിയവന്റെ ബലിയില്‍ നിന്ന് അവന്റെ ശരീരവും രക്തവും സ്വീകരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കായി മുറിയപ്പെടാന്‍ നമുക്ക് പരിശ്രമിക്കാം.

വിശുദ്ധിയുടെയും സഹനത്തിന്റെയും ഭാഷ അന്യമാകുന്ന ബാബേല്‍ ഗോപുരങ്ങളായി അഭിരമിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ ക്രിസ്തുവിന്റെ മുഖം കണ്ട് ജീവിക്കാനും വിശ്വസ്തതയോടെ രക്തസാക്ഷിത്വത്തോളം എത്തിനില്‍ക്കുന്ന മാറ്റേറിയ വിശ്വാസം സ്വന്തമാക്കാനും സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
യുദ്ധം ചെയ്യുക, വിജയം നല്‍കുന്നത് കര്‍ത്താവാണ്. നല്ല ക്രിസ്തുശിഷ്യരാകാനുള്ള കൃപയ്ക്കായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം.

ബ്ര. ജിയോ പുത്തന്‍പുരയ്ക്കല്‍ MCBS