ഞായര്‍ പ്രസംഗം 2 – ഏലിയാ സ്ലീവാ മൂശാക്കാലം 7-ാം ഞായര്‍ ഒക്ടോബര്‍ 20 ജീവിതം ഒരു സുവിശേഷപ്രഘോഷണം

ഏലിയാ സ്ലീവാ മൂശാക്കാലത്തിന്റെ ഏഴാമത്തെ ഞായറാഴ്ചയായ ഇന്ന് സഭ, മിഷന്‍ ഞായറായി ആചരിക്കുകയാണ്. ലോകമാസകലമുള്ള പ്രേഷിതരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് മിഷന്‍ ഞായര്‍. നാമോരോരുത്തരും പ്രേഷിതരാണെന്ന് തിരിച്ചറിയാനുള്ള ദിനം, വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന സകല വിശ്വാസികളെയും ഓര്‍മ്മിക്കാനും സഹായിക്കാനുമുള്ള ദിനം. വി. മത്തായിയുടെ സുവിശേഷം 28:19-20 ല്‍ ഇ പ്രകാരം നാം വായിക്കുന്നു: ‘നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുവിന്‍; ഞാന്‍ നിങ്ങളോട് കല്‍പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും.’

സുവിശേഷപ്രഘോഷണവും പ്രേഷിതപ്രവര്‍ത്തനങ്ങളുമെല്ലാം പുരോഹിതരുടെയും സന്യസ്തരുടെയും മാത്രം കടമയല്ലായെന്ന് ഈ വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സഭയുടെ സന്താനങ്ങളെന്ന നിലയില്‍ ക്രിസ്തു സഭയെ ഏല്‍പ്പിച്ച ദൗത്യം തുടരുവാന്‍ സഭാമക്കളായ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഈ ഒരു ദൗത്യവും കടമയുമാണ് ഓരോ ക്രൈസ്തവനെയും അടിസ്ഥാനപരമായി മിഷനറിയാക്കുന്നതും തിരുസഭയെ സ്വഭാവത്താലേ പ്രേഷിതയാക്കുന്നതും. അതുപോലെ തന്നെ, മിഷന്‍ ഞായര്‍ എന്നുപറഞ്ഞാല്‍, കേരളത്തിനു പുറത്തുള്ള ഒരു മിഷന്‍ പ്രദേശത്തിന് സാമ്പത്തികസഹായം നല്‍കുക എന്ന ആശയം മാത്രമായി നാം ചുരുക്കരുത്. ഓരോ മിഷന്‍ ഞായറും നമ്മെ ഓര്‍മ്മിപ്പിക്കുക പ്രേഷിതപ്രവര്‍ത്തനം നാമോരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമാണ് എന്ന വലിയ സത്യമാണ്.

എങ്ങനെയാണ് ഈ പ്രേഷിതപ്രവര്‍ത്തനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുവാന്‍ നമുക്ക് സാധിക്കുക? അതിനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമുക്ക് പറഞ്ഞുതരുന്നത്. വി. മത്തായിയുടെ സുവിശേഷം 10:7 മുതലുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും, മരിച്ചവരെ ഉയിര്‍പ്പിക്കുകയും, കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും, പിശാചുക്കളെ ബഹിഷ്‌ക്കരിക്കുകയും ചെയ്യുവിന്‍.’ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ കാര്യങ്ങളൊക്കെയാണ് ഈശോ തന്റെ മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനിടയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍. അങ്ങനെയെങ്കില്‍ അവന്റെ അനുഗാമികളായ നാം വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഭൂമിയില്‍ തുടരാനാണ്; മറ്റൊരു ക്രിസ്തുവായി മാറാനാണ്.

പ്രേഷിതപ്രവര്‍ത്തനത്തിനായുള്ള ആദ്യപടി സുവിശേഷപ്രഘോഷണമാണെന്ന് യേശു പറയുന്നു. നമുക്ക് ഇഷ്ടമുള്ള കാര്യമല്ല പ്രസംഗിക്കേണ്ടത്. മറിച്ച്, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കാനാണ് യേശുവിന്റെ ആഹ്വാനം (മത്തായി 10:7). യേശുവിന്റെ ജീവിതത്തിലുടനീളം അവിടുന്ന് പ്രസംഗിച്ചതും ജീവിച്ചതും ദൈവരാജ്യത്തിന്റെ സന്ദേശമായിരുന്നു. ‘എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു’ എന്ന് ചങ്കുറപ്പോടെ അവിടുന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത്, സുവിശേഷ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവര്‍ക്കു മാത്രമേ അത് പ്രഘോഷിക്കാനാവൂ. ആദ്യം നാം സുവിശേഷം പ്രസംഗിക്കേണ്ടത് വാക്ക് കൊണ്ടല്ല മറിച്ച്, നമ്മുടെ ജീവിതസാക്ഷ്യം കൊണ്ടാണ്. വി. ഫ്രാന്‍സിസ് അസ്സീസി തന്റെ ശിഷ്യന്മാരെ സുവിശേഷപ്രഘോഷണത്തിന് അയച്ചുകൊണ്ട് അവരോടു പറഞ്ഞു: ‘നിങ്ങള്‍ ഗ്രാമത്തിലേയ്ക്ക് പോവുക… സുവിശേഷം പ്രസംഗിക്കുക… ആവശ്യമുണ്ടെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.’ പ്രിയമുള്ളവരെ, മറ്റുള്ളവര്‍ ഒരുപക്ഷെ, വായിക്കുന്ന ഏകസുവിശേഷം നമ്മുടെ ജീവിതങ്ങളായിരിക്കാം എന്ന് തിരിച്ചറിഞ്ഞ് നമ്മുടെ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം വഴി, സൗഹൃദം വഴി, സുഖാന്വേഷണങ്ങള്‍ വഴി ദൈവരാജ്യത്തിന്റെ ആഗമനത്തെപ്പറ്റി നാം പ്രഘോഷിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍ വി. മദര്‍ തെരേസയെപ്പറ്റി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ BBC-യില്‍ നിന്നും നിരീശ്വരവാദിയായ ഒരു പത്രപ്രവര്‍ത്തകന്‍ മദറിന്റെ അടുത്തെത്തി. പഴുത്തൊലിക്കുന്ന വ്രണബാധിതരെയെല്ലാം സ്‌നേഹത്തോടെ ശുശ്രൂഷി ച്ച് ആശ്വസിപ്പിക്കുന്ന മദറിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ആരാണ് അമ്മയുടെ പ്രചോദനം?’ മദര്‍ പറഞ്ഞു: ‘എന്നെ സ്‌നേഹിക്കുന്ന എന്റെ ക്രിസ്തു.’ അതുകേട്ട് നാസ്തികനായ ആ മനുഷ്യന്‍ പറഞ്ഞു: ‘ആ ദൈവത്തില്‍ ഞാനും വിശ്വസിക്കുന്നു.’ പ്രിയമുള്ളവരെ, ഇതാണ് ജീവിതസാക്ഷ്യം കൊണ്ടുള്ള വചനപ്രഘോഷണം. കേരളത്തിലെ ദളിത് ക്രൈസ്തവര്‍ എന്നു കേള്‍ക്കുമ്പോള്‍ വാ. തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ മുഖവും, ഉത്തരേന്ത്യയിലെ ഇന്‍ഡോര്‍ എന്നു കേള്‍ക്കുമ്പോള്‍ വാ. റാണി മരിയയുടെ മുഖവും, കോട്ടയം നവജീവന്‍ എന്നു കേള്‍ക്കുമ്പോള്‍ പി.യു. തോമസ് ചേട്ടന്റെ മുഖവും നമ്മുടെ മനസ്സില്‍ തെളിയുന്നതിന്റെ കാരണവും ഇതു തന്നെയാണ് – അവരുടെ ജീവിതസാക്ഷ്യം വഴിയായുള്ള സുവിശേഷപ്രഘോഷണം.

പ്രേഷിതപ്രവര്‍ത്തനത്തിന്റെ രണ്ടാമത്തെ പടി രോഗികളെ സുഖപ്പെടുത്തലും, പിശാചുക്കളെ പുറത്താക്കലുമാണ് (മത്തായി 10:8). ലോകത്തിലുള്ള അധികംപേരും പലതരത്തില്‍ ഇന്ന് രോഗികളാണ്. ചിലര്‍ ആദ്ധ്യാത്മികതലത്തില്‍, മറ്റു ചിലര്‍ ശാരീരികതലത്തില്‍, വേറെ ചിലര്‍ മാനസികതലത്തില്‍ രോഗികളാണ്. ദൈവീകചൈതന്യത്തിനു വിരുദ്ധമായ ശക്തികളെയാണ് പിശാച് പ്രതിനിധീകരിക്കുക. അത് ഒരുപക്ഷെ, ശരീരത്തെ വിശുദ്ധിയില്‍ കാത്തുസൂക്ഷിക്കാത്തതാവാം, മദ്യത്തിലും മയക്കുമരുന്നിലുമുള്ള അടിമത്തമാകാം… ഇങ്ങനെ പലതരത്തില്‍ രോഗങ്ങളനുഭവിക്കുന്നവരുടെയുള്ളില്‍, അടിമത്വത്തില്‍ കഴിയുന്നവരുടെയുള്ളില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും വെളിച്ചം പകരാന്‍ നമ്മുടെ സാന്നിധ്യത്തിനും പ്രാര്‍ത്ഥനയ്ക്കും സാധിക്കുമ്പോള്‍ പ്രേഷിതപ്രവര്‍ത്തനത്തിന്റെ രണ്ടാം പടി നാം കടക്കുന്നു. അതുകൊണ്ട് പ്രിയമുള്ളവരെ, ജീവിക്കാത്ത സുവിശേഷം നല്ല വിശേഷമാകുന്നില്ലായെന്നും, ജീവിതത്തിലൂടെ പ്രഘോഷിക്കപ്പെടാത്ത സുവിശേഷം മറ്റുള്ളവര്‍ക്ക് സദ്വാര്‍ത്തയാകുന്നില്ലെന്നും നാം തിരിച്ചറിഞ്ഞ് ഒരു നവ സുവിശേഷവത്ക്കരണത്തിലേയ്ക്ക് കടക്കുവാന്‍ ഈ മിഷന്‍ ഞായര്‍ നമ്മെ സഹായിക്കട്ടെ.

നമുക്ക് വിശ്വാസത്തില്‍ ജന്മം തന്ന മാതാപിതാക്കളെയും, വിശ്വാസവളര്‍ച്ചയ്ക്ക് സഹായിച്ച വികാരിയച്ചന്മാരെയും, മതാധ്യാപകരെയും കൃതജ്ഞതയോടെ നമുക്കിന്ന് ഓര്‍ക്കാം, പ്രാര്‍ത്ഥിക്കാം. വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം: ‘ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം. ഞാന്‍ സ്വമനസ്സാ ഇത് ചെയ്യുന്നെങ്കില്‍ എനിക്ക് പ്രതിഫലമുണ്ട്’ (1 കൊറി. 9:16). മിശിഹാ നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് പറഞ്ഞാട്ട് MCBS