ഞായര്‍ പ്രസംഗം 2 ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ഞായര്‍ ഒക്ടോബര്‍ 06 മാനുഷികനീതിയെ അതിലംഘിക്കുന്ന ദൈവനീതി

ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ അവസാന ഞായറാഴ്ചകളിലേയ്ക്കാണ് നാം പ്രവേശിക്കുന്നത്. ഈ ഞായറാഴ്ചകളില്‍ ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തെയും ഇസ്രയേലിന്റെ തെരഞ്ഞെടുപ്പിനെയും കുറിച്ചുള്ള ചിന്തകള്‍ക്ക് സഭ പ്രാധാന്യം കൊടുക്കുന്നു.

ഇന്നത്തെ പഴയനിയമ – പുതിയനിയമ വായനകള്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തെയും ദൈവരാജ്യപ്രവേശനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. പഴയനിയമ വായനകള്‍, ഇസ്രയേലിനോടു ദൈവം കാണിച്ച അതുല്യസ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്നു. നിയമഗ്രന്ഥത്തില്‍, ദൈവം തന്റെ ശക്തമായ കരങ്ങളാല്‍ അടിമത്തത്തില്‍ നിന്ന് ഇസ്രയേലിനെ വിമോചിപ്പിച്ച്, സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേയ്ക്ക് നയിക്കുന്ന ഒരു ചിത്രമാണ് കാണുവാന്‍ സാധിക്കുന്നത്. പ്രവാചകഗ്രന്ഥത്തില്‍ കാനാന്‍ദേശം നഷ്ടപ്പെട്ട് ബാബിലോണ്‍ അടിമത്വത്തില്‍ കഴിഞ്ഞവര്‍ക്കുള്ള വിമോചനത്തിന്റെയും ദൈവകാരുണ്യത്താല്‍ പുനഃരുദ്ധരിക്കപ്പെട്ട ദൈവത്തിന്റെ ഉടമ്പടി ബന്ധത്തിന്റെയും സന്തോഷ സദ്വാര്‍ത്തയാണ് ദൃശ്യമാകുന്നത്. ഇതിനു സമാനമായ ഒരു ചിത്രം തന്നെയാണ് പൗലോസ് ശ്ലീഹായും ലേഖനത്തിലൂടെ വരച്ചുകാണിക്കുന്നത്. താന്‍ തിരഞ്ഞെടുത്ത ജനത്തോട് കരുണ കാണിക്കുന്ന ദൈവത്തിന്റെ ചിത്രം.

സുവിശേഷത്തിലേയ്ക്ക് കടന്നുവരുമ്പോള്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലൂടെ ഈശോ പഠിപ്പിക്കുകയാണ് ‘ദൈവരാജ്യപ്രവേശനം ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹം നിറഞ്ഞ സമ്മാനമാണ്.’ Jean Anouith എന്ന ഫ്രഞ്ച് ചലച്ചിത്രകാരന്‍ തന്റെ ‘The Honour of God’ എന്ന സിനിമയില്‍, ദൈവരാജ്യ പ്രവേശനത്തെക്കുറിച്ച് ഇപ്രകാരമാണ് ചിത്രീകരിച്ചിരിക്കുന്നത്: സ്വര്‍ഗപ്രവേശനത്തിനായി സീറ്റ് റിസര്‍വ്വ് ചെയ്ത് പ്രവേശനകവാടം തുറക്കുവാന്‍ കാത്തിരിക്കുന്ന നീതിമാന്മാര്‍. തൊട്ടുപിറകില്‍ ‘ദൈവമേ, കരുണയുണ്ടാകേണമെ’ എന്ന് പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന പാപികള്‍. പെട്ടെന്ന് ഒരു ദൂതന്‍ സദ്വാര്‍ത്തയുമായി കടന്നുവന്നു. ദൈവം നീതിമാന്മാരോടും പാപികളോടും കരുണ കാണിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. അല്‍പസമയത്തെ നിശബ്ദതയ്ക്കു ശേഷം നീതിമാന്മാര്‍ ദൈവസന്നിധിയില്‍ അരിശപ്പെട്ടു. പാപികള്‍ ദൈവത്തിന്റെ കരുണയെ പുകഴ്ത്തി. ദൈവത്തിന്റെ സന്നിധിയില്‍ മറുതലിച്ചവരെ പുറത്താക്കിയതിനു ശേഷം ദൈവത്തെ പുകഴ്ത്തിയവരെയും ചേര്‍ത്ത് ദൈവദൂതന്‍ സ്വര്‍ഗകവാടത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നു.

പിമ്പന്മാരാകുന്ന മുമ്പന്മാരെക്കുറിച്ചും മുമ്പന്മാരാകുന്ന പിമ്പന്മാരെക്കുറിച്ചുമുള്ള ചിത്രമാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും പറഞ്ഞുവയ്ക്കുന്നത്. ഈ ഉപമ മനസ്സിലാക്കുവാന്‍ പാലസ്തീനിയന്‍ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. മത്തായി സുവിശേഷകന്‍ വചനം പ്രസംഗിച്ച, സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന പ്രതിസന്ധികള്‍ക്കുള്ള ഉത്തരമാണ് ഈ ഉപമ. യഹൂദ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുണ്ടായിരുന്ന മത്തായിയുടെ സമൂഹത്തില്‍, വിശ്വാസം സ്വീകരിച്ച വിജാതീയരോട് പുച്ഛമനോഭാവം പുലര്‍ത്തിയിരുന്നു. മുന്തിരിത്തോട്ടത്തില്‍ ദീര്‍ഘകാലം പണിയെടുത്ത അവകാശവുമായി നില്‍ക്കുന്ന ഇരുത്തന്മാരും അടുത്ത കാലത്ത് വിശ്വാസത്തിലേയ്ക്ക് കടന്നുവന്ന വരുത്തന്മാരും തമ്മിലുള്ള സംഘര്‍ഷമാണിത്. ഇരുത്തന്റെ പഴമയും വരുത്തന്റെ പുതുമയും സ്വര്‍ഗരാജ്യം സ്വന്തമാക്കുവാനുള്ള മാനദണ്ഡമല്ലെന്നും ഇരുവരും ഒരുപോലെ ദൈവത്തിന്റെ കാരുണ്യത്തിനും സ്വര്‍ഗരാജ്യപ്രവേശനത്തിനും അര്‍ഹരാണെന്നും ഈശോ പഠിപ്പിക്കുന്നു.

ഉപമയിലെ കൃഷിക്കാരന്‍ രണ്ടു കാര്യങ്ങളാണ് പഠിപ്പിക്കുന്നത്; ഒന്ന്, ഉത്തരവാദിത്വബോധമുള്ളവരായിരിക്കണം. രണ്ട്, എല്ലാവരോടും കരുണയുള്ളവരായിരിക്കണം. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ച് ഉത്തരവാദിത്വബോധമുള്ളവനാണ് തോട്ടത്തിന്റെ ഉടമസ്ഥന്‍. മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന യജമാനന്‍ മുന്തിരിത്തോട്ടത്തിന്റെ അടിയന്തരാവസ്ഥ അറിയുന്നവനാണ്. ഒരു മണിക്കൂര്‍ കൂടുതല്‍ അദ്ധ്വാനിച്ചാല്‍ അത്രയും മുന്തിരി നഷ്ടമാവുകയില്ലല്ലോ.

രണ്ടാമതായി തന്റെ ജോലിക്കാരോട് കരുണയും നീതിയുമുള്ളവനാണ് ഉപമയിലെ യജമാനന്‍. അവരുടെ അവസ്ഥകളെ അറിയുന്നവനാണ് ഉപമയിലെ യജമാനന്‍. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നീളുന്ന, 12 മണിക്കൂര്‍ മുന്തിരിത്തോട്ടത്തിലെ ജോലി ചെയ്താല്‍ കൃഷിക്കാരനു കിട്ടുന്ന കൂലി ഒരു ദനാറയാണ്. ഒരു സാധാരണക്കാരന്റെ നിത്യച്ചെലവിന്റെ ആകെത്തുകയാണ് ഒരു ദനാറ. മാനുഷീകനീതിയോടെ ദിവസക്കൂലിയായ ഒരു ദനാറ കൊടുത്തില്ലെങ്കില്‍ അവന്റെ ഭാര്യയും മക്കളും പട്ടിണി കിടക്കുമെന്ന് അറിയാവുന്നതിനാലാവണം അവസാന മണിക്കൂര്‍ വന്നവനും ഒരു ദനാറ യജമാനന്‍ കൊടുക്കുന്നത്.
ഒരമ്മ തന്റെ മക്കള്‍ക്ക് ആഹാരം നല്‍കുന്നത് ഓരോ ദിവസവും മക്കള്‍ ചെയ്യുന്ന ജോലിയുടെ തോതനുസരിച്ചല്ല. മറിച്ച്, അവരുടെ ആവശ്യമനുസരിച്ചാണ്. ജോലിയുടെ ഭാരമനുസരിച്ച് കൂലി കൊടുക്കുന്നതാണ് നീതി. സാമൂഹികശാസ്ത്രം അതിനെ ‘ജീവനകൂലിയുടെ തത്വം’ എന്നു വിളിക്കും -The Principle of Living Wages. എന്നാല്‍, ഇതിലും വലുതാണ് വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കണമെന്ന മനുഷ്യത്വത്തിന്റെ നീതി. ഇതു തന്നെയാണ് ഉപമയിലെ യജമാനന്‍ ചെയ്തതും.

പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരുന്ന ഉപമയിലെ കൃഷിക്കാരന്‍ അവസാന നിമിഷം വരെ പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കണമെന്ന് പഠിപ്പിക്കുന്നു. ഹെറോദോസ് പുതുക്കുപ്പണിത ദൈവാലയത്തിന്റെ പണികള്‍ക്കായി ജറുസലേമില്‍ വന്ന തൊഴിലാളികള്‍ക്ക് ദൈവാലയപണി പൂര്‍ത്തിയായതോടെ തൊഴില്‍ നഷ്ടമായി. കഠിനദാരിദ്ര്യത്തിലായ അവര്‍ കുടുംബം പോറ്റാന്‍ എന്തു ജോലിയും ചെയ്യുവാന്‍ തയ്യാറായി. ഉടമയുടെ ക്ഷണവും കാത്ത് പ്രഭാതത്തില്‍ തന്നെ അവര്‍ ചന്തയിലെത്തിച്ചേരും. അവസാന മണിക്കൂര്‍ വരെ കാത്തിരുന്ന ജോലിക്കാര്‍ ഭഗ്നാശരായില്ല. തിരികെപ്പോകുവാന്‍ കൂട്ടാക്കുന്നുമില്ല. ദൈവം പലപ്പോഴും മനുഷ്യനെ സന്ദര്‍ശിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്. എല്ലാം നഷ്ടമായി എന്നു കരുതിയിരിക്കുന്ന സമയങ്ങളില്‍ അദൃശ്യനായി, അജയ്യനായി ദൈവം കടന്നുവരും. 99-ാം വയസ്സു വരെ പുത്രഭാഗ്യത്തിനായി കാത്തിരുന്ന അബ്രാഹവും നീണ്ട വര്‍ഷം തടവറയില്‍ കഴിഞ്ഞ പൂര്‍വ്വ യൗസേപ്പും പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരുന്ന് ദൈവത്തെ കണ്ടെത്തിയവരാണ്. കാത്തിരുന്നവരും കാത്തിരിക്കുന്നവരുമാണ് ദൈവത്തിന്റെ കാരുണ്യം അനുഭവിച്ചറിയുന്നത്.

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലൂടെ, മനുഷ്യന്റെ അര്‍ഹത കൊണ്ട് നേടിയെടുക്കുന്ന ഒന്നല്ല ദൈവത്തിന്റെ കാരുണ്യം എന്നാണ് പറഞ്ഞുവയ്ക്കുന്നത്. ‘ദൈവത്തിന്റെ ദാനമാണ് ദൈവത്തിന്റെ കാരുണ്യം’ എന്നാണ് ബെനഡിക്ട് 16-ാമന്‍ പാപ്പ പഠിപ്പിക്കുന്നത്. ‘ദൈവം, കണക്കുകൂട്ടി കൂലി കൊടുക്കുന്നവനല്ല’ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നത്.

നമ്മുടെ അനുദിന ജീവിതത്തില്‍ കരുണയുടെയും സ്‌നേഹത്തിന്റെയും ദനാറകള്‍ പങ്കുവച്ച് ഉത്തരവാദിത്വബോധവും പ്രതീക്ഷയുമുള്ളവരായിരിക്കാം. കരുണയുള്ള പിതാവിന്റെ കരുണയുള്ള മക്കളാകുവാന്‍ നമുക്ക് കടമയുണ്ടെന്ന് വി. പാദ്രെ പിയോ പറഞ്ഞുതരുന്നു. ‘വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ കരുണ ദൃശ്യമാകുന്ന കൂദാശയാണ്’ എന്ന് പത്താം പീയൂസ് പാപ്പ പഠിപ്പിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാന നമ്മള്‍ നുകരുമ്പോള്‍, ദൈവത്തിന്റെ കരുണ അനുദിനം അനുഭവിച്ചറിയുമ്പോള്‍ നമുക്ക് തിരിച്ചറിയാം, സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നമ്മളും കരുണയുള്ളവരായിരിക്കണമെന്ന്.
കരുണയുടെ അള്‍ത്താരയില്‍ കണ്ണുനീരൊഴുക്കുന്ന മെഴുകുതിരികളോടു ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. ദൈവമേ, എന്നോട് കരുണയായിരിക്കേണമേ… അപരനോട് കരുണയോടെ പ്രവര്‍ത്തിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമെ…

ബ്ര. ജോസഫ് ജെ. ആര്യപ്പള്ളില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.