ഞായര്‍ പ്രസംഗം 2 ഏലിയാ ശ്ലീവാ മൂശാക്കാലം നാലാം ഞായര്‍ സെപ്റ്റംബര്‍ 29 മത്തായി 15: 21-28 കാനാന്‍കാരിയുടെ വിശ്വാസം

റൊമാനിയായില്‍ കമ്മ്യൂണിസ്റ്റ് ഭരണം കൊടികുത്തി വാഴുന്ന കാലം. മതപരമായതെല്ലാം അടിച്ചമര്‍ത്തപ്പെടുന്നു. അതിനിടയില്‍ സുവിശേഷകയായ ഒരു പെണ്‍കുട്ടി രഹസ്യമായി ദേവാലയത്തില്‍ വചനം പഠിപ്പിക്കുന്ന കാര്യം ‘ചാരപ്പോലീസ്’ അറിഞ്ഞു. സുവിശേഷത്തിനായി ജീവിക്കുന്ന എല്ലാവരേയും പീഡിപ്പിക്കാന്‍ തുടങ്ങി. പക്ഷെ, അവള്‍ പിന്മാറിയില്ല. അങ്ങനെയിരിക്കെയാണ് അവളുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അവള്‍ ഒരുപാട് സന്തോഷത്തോടെ വിവാഹപന്തലിലേയ്ക്ക് പ്രവേശിച്ചു. ഉടനെ പോലീസ് അവരെ വളഞ്ഞു. വരന്‍ ഏറെ ഭയന്നിരുന്നു. എന്നാല്‍, അവള്‍ വളരെ ശാന്തയായിരുന്നു. പ്രതിശ്രുത വരനെ നോക്കി അവള്‍ പറഞ്ഞു: ‘ഞാനെന്റെ യഥാര്‍ത്ഥ പ്രാണപ്രിയന്റെ അടുത്തേയ്ക്ക് പോകുന്നു. സാധിക്കുമെങ്കില്‍ കാത്തിരിക്കുക; അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുക.’ അവള്‍ ജയിലിലാകുന്നത് 23-ാമത്തെ വയസ്സിലാണ്. ശേഷം അഞ്ചു വര്‍ഷം ഈശോയെപ്രതി ജയിലിലെ ഇരുട്ടുമുറിയില്‍. അഞ്ചു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ അവളെ വിസ്മയിപ്പിച്ചുകൊണ്ട് അവളുടെ പ്രതിശ്രുത വരന്‍ അവളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഈശോയോടുള്ള അവളുടെ വലിയ സ്‌നേഹം അവനെ ഈശോയിലേയ്ക്ക് അടുപ്പിച്ചു. അവര്‍ തങ്ങളുടെ ജീവിതം ഈശോയ്ക്കായി മാറ്റിവച്ചു.

ഇന്ന് ഏലിയാ സ്ലീവാ മൂശാക്കാലത്തിലെ നാലാമത്തെ ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. മിശിഹായുടെ പുനരാഗമനത്തെയും അവസാന വിധിയെയും ധ്യാനിച്ചുകൊണ്ട്, ജീവിതങ്ങളെ വേണ്ടവിധത്തില്‍ പാകപ്പെടുത്തുവാന്‍ സഭാമാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ഇന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനുമായി തിരുസഭ നിശ്ചയിച്ചിരിക്കുന്ന വചനഭാഗം മത്തായി 15:21-28 വരെയാണ്. കാനാന്‍കാരി സ്ത്രീയുടെ ഈശോയിലുള്ള വിശ്വാസമാണ് ഇവിടെ കാണുക. ഈശോയോടുള്ള സ്‌നേഹത്തെപ്രതി തന്റെ പ്രതിശ്രുതവരനെപ്പോലും മറക്കാന്‍ തയ്യാറായി, കഷ്ടതയിലും യാതനയിലും ചെലവഴിച്ച ആ പെണ്‍കുട്ടിയില്‍ പ്രകടമാകുന്നതും ഇതേ ആഴമായ വിശ്വാസമാണ്.

‘സുവിശേഷകന്മാരിലെ പണ്ഡിതന്‍’ എന്നറിയപ്പെടുന്ന മത്തായി ശ്ലീഹായാണ് ഈ ഭാഗം വിവരിക്കുന്നത്. യഹൂദ സമൂഹത്തില്‍ നിന്നും വിശ്വാസം സ്വീകരിച്ചവര്‍ ഉള്‍പ്പെടുന്ന പാലസ്തീനിയന്‍ യഹൂദ സമൂഹമായിരുന്നു മത്തായി ശ്ലീഹായുടെ ആദ്യ ഗോത്രക്കാര്‍. യഹൂദരുമായി ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം ഇതേ വിജാതീയരുടെ സ്ഥലങ്ങളിലേയ്ക്ക് ഈശോ കടന്നുചെല്ലുന്നു. വിജാതീയരുമായുള്ള സമ്പര്‍ക്കം അശുദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിച്ചവരായിരുന്നു യഹൂദര്‍. ഈ സാഹചര്യത്തിലാണ് ഈശോ കടന്നുവരുന്നതും കാനാന്‍കാരി സ്ത്രീയെ കാണുന്നതും. ഈശോ യഹൂദരുടെ മാത്രം രക്ഷകനല്ലെന്നും സര്‍വ്വ ജനപദങ്ങളെയും രക്ഷിക്കാന്‍ വന്ന ദൈവപുത്രനാണെന്നും ഏറ്റുപറയുകയാണിവിടെ.

അവളൊരു കാനാന്‍കാരി സ്ത്രീ ആയിരുന്നു, ഒരു അമ്മയായിരുന്നു. സ്വന്തം മകള്‍ക്കു വേണ്ടിയാണ് അവള്‍ ഈശോയെ സമീപിക്കുന്നത്. ‘ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ’ (15:22). ആ കരച്ചിലില്‍ അവളുടെ നിസ്സഹായത പ്രകടമായിരുന്നു. ഇനി പോകാനൊരിടമില്ല, ജീവിതത്തില്‍ ആശ്രയിക്കാനാരുമില്ല, ഒരു ജാതിയുടെയും മതത്തിന്റെയും പിന്‍ബലമില്ല. ഈശോയ്ക്കു മാത്രമേ തന്റെ മകളെ രക്ഷിക്കാന്‍ കഴിയൂ എന്നവള്‍ അറിഞ്ഞിരിക്കണം. അതുവരെ ഈശോ വഴി നടന്ന സൗഖ്യങ്ങള്‍ അവള്‍ അറിഞ്ഞിരുന്നു.

ഇന്നത്തെ വചനഭാഗം നല്‍കുന്നത് പ്രധാനമായും രണ്ട് ആശയങ്ങളാണ്; ഒന്നാമതായി, ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞവളായിരുന്നു അവള്‍. കാനാന്‍കാരി സ്ത്രീയെ ‘സീറോഫിനീഷ്യന്‍ സ്ത്രീ’ എന്നാണ് മര്‍ക്കോസ് സുവിശേഷകന്‍ വിളിക്കുക. നോഹയുടെ പുത്രനായ ഹാമിന്റെ മകന്‍, കാനാന്റെ സന്തതിപരമ്പരകളാണ് കാനാന്‍കാര്‍. പിതൃശാപമേറ്റവനാണ് കാനാന്‍ എന്നാണ് ഉല്‍പത്തി പുസ്തകം പറയുക (9:24,26). പഴയ നിയമജനതയുടെ വലിയ ശത്രുക്കളായിരുന്നു കാനാന്‍കാര്‍. എന്നാലിവിടെ, അവരിലൊരാളാണ് ഈശോയുടെ അടുത്ത് കരഞ്ഞു നിലവിളിച്ചു വന്നത്. പഴയ നിയമത്തിലെ എസ്‌തേറിന്റെ പ്രാര്‍ത്ഥനയെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവളുടെ യാചന. ‘കര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കേണമേ’ (എസ്‌തേര്‍ 14:14). ഇവിടെ അവള്‍ യേശുവിനെ ‘കര്‍ത്താവ്’ എന്ന് വിളിക്കുന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ പേരാണ് ‘കര്‍ത്താവ്.’ പുറജാതിക്കാരിയായ ആ സ്ത്രീ അവളുടെ നൂറുകണക്കിന് ദേവന്മാരെ ഉപേക്ഷിച്ചെന്നും ഇസ്രായേലിന്റെ ദൈവത്തെ കര്‍ത്താവായി സ്വീകരിച്ചു എന്നും ഇത് വ്യക്തമാക്കുന്നു.

ഇന്നത്തെ ഒന്നാമത്തെ വായനയില്‍ നാം ദൈവജനമായ ഇസ്രയേലിനെ കാണുന്നു. ദൈവം അവരെ എത്രമാത്രം സ്‌നേഹിച്ചു, അവര്‍ക്കൊരു നേതാവിനെ നല്‍കി. എന്നിട്ടും തന്റെ ജനം ആ ദൈവത്തില്‍ നിന്നും ഏറെ അകലെയായിരുന്നു. ദൈവത്തെ ഏകസത്യദൈവമായി ഏറ്റുപറയുവാന്‍ സാധിക്കാത്തതുകൊണ്ട് അവര്‍ മറ്റു ദൈവങ്ങളുടെ പിറകേ പോയി. നിയമാ. 9:16-ല്‍ നാം കാണുന്നു: ‘കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്തിരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. കര്‍ത്താവ് നിങ്ങളോട് കല്‍പിച്ച വഴിയില്‍ നിന്നും നിങ്ങള്‍ ക്ഷണത്തില്‍ അകന്നു കഴിഞ്ഞിരുന്നു.’ അന്നത്തെ ഇസ്രായേലാണ് ഇന്നത്തെ തിരുസഭയും സഭയിലെ ദൈവജനവും. എന്നിട്ട് പറയുന്നു, അന്നത്തേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇന്നത്തെ ഇസ്രായേല്‍ ജനവും. അതുകൊണ്ട്, പലപ്പോഴും വിജാതീയര്‍ രക്ഷിക്കപ്പെടുന്നു.

നാം ‘മാര്‍തോമാ നസ്രാണികള്‍’ എന്ന് വമ്പ് പറയുന്നുണ്ടെങ്കിലും ദൈവത്തെ ഏകരക്ഷകനായി ഏറ്റുപറയുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? അതോ സമ്പത്തിനും സല്‍കീര്‍ത്തിക്കും വേണ്ടി നാം പരക്കം പായുകയാണോ? എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോകുവാനും, ഇടദിവസങ്ങളില്‍ സഭയ്‌ക്കെതിരായി സംസാരിക്കാന്‍ ചാനലുകളില്‍ പോകാനും നാം പഠിച്ചിരിക്കുന്നു. ഈ അവസരത്തില്‍ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നമുക്കു മുമ്പേ ചുങ്കക്കാരും, വേശ്യകള്‍ എന്ന് മുദ്ര കുത്തപ്പെട്ടവരും, ഈ കാനാന്‍കാരി സ്ത്രീയും രക്ഷ പ്രാപിച്ചിരിക്കും. ഇസ്രായേല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. ഇന്നും അങ്ങനെ തന്നെ.
അതുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതലുള്ള സഭയുടെ നിലപാട് ബെനഡിക്ട് പാപ്പാ ഇങ്ങനെ വിശദീകരിക്കുന്നത്: ‘തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആര്‍ക്കും പകരം വയ്ക്കാനോ മാറ്റിനിര്‍ത്താനോ ആവില്ല.’ ഇതുപോലെ നാമും ദൈവത്തിന്റെ സ്വന്തമാകണമെന്ന ബോധ്യത്തില്‍ ഇനിയെങ്കിലും ജീവിക്കാന്‍ സാധിക്കട്ടെ. ഈശോ വന്നത് നമുക്കു വേണ്ടിയാണ്. ‘ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ് ക്ക് മാത്രമാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്’ (15:24).

രണ്ടാമതായി, കാനാന്‍കാരി സ്ത്രീ നമ്മെ പഠിപ്പിക്കുന്നു: പിടി വിടാതെ കര്‍ത്താവില്‍ ആശ്രയിക്കുവാന്‍ നമുക്ക് കഴിയണം. ഒന്നാമതായി സത്യദൈവത്തെ ഏറ്റുപറഞ്ഞു. ഇനി വേണ്ടത്, ആ ദൈവത്തെ എപ്പോഴും, ജീവിതത്തിലെ എത് സാഹചര്യത്തിലും മുറുകെ പിടിക്കാനുള്ള വിശ്വാസമാണ്. ‘ദാവീദിന്റെ പുത്രാ…’ എന്ന് യേശുവിനെ സംബോധന ചെയ്യുമ്പോള്‍ അവളറിഞ്ഞിരുന്നു – യുഗാന്ത്യ കാലയളവില്‍ മിശിഹാ വരുമെന്നും, അവന്‍ ദാവീദിന്റെ വംശത്തില്‍ നിന്നായിരിക്കുമെന്നും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം യേശുവിന് നല്‍കുമെന്ന് ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിച്ച വിവരവും ഇവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് എത്രമാത്രം അവഗണിക്കപ്പെട്ടപ്പോഴും പരിഹസിക്കപ്പെട്ടപ്പോഴും അവള്‍ സങ്കടപ്പെട്ടില്ല. പകരം, കൂടുതല്‍ തീവ്രമായ വിശ്വാസം പ്രകടിപ്പിച്ചു. ഇവിടെ ഈശോ മൗനം പാലിക്കുന്നുണ്ട്. ഇവിടെ ഈശോ പങ്കുവയ്ക്കുന്ന മറ്റൊരു ആത്മീയചിന്ത കൂടിയുണ്ട്. ചിലപ്പോഴെങ്കിലും സ്വര്‍ഗ്ഗം നാം പ്രതീക്ഷിക്കുന്ന വിധം പ്രതികരണം നല്‍കാതെ നിശബ്ദത പാലിക്കുന്നതായി തോന്നാം. എന്നാല്‍ അത്, നമ്മെ വിശ്വാസത്തിലും വിനയത്തിലും വളര്‍ത്താനുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് എന്ന് തിരിച്ചറിയണം. രണ്ടാമത്തെ വായനയില്‍, ഏശയ്യാ പ്രവാചകന്‍ അരുള്‍ചെയ്യുന്നു: ‘അങ്ങില്‍ ഹൃദയം ഉറപ്പിച്ചിരിക്കുന്നവരെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു’ (26:3). ആ വിശ്വാസം അവള്‍ക്ക് അനുഗ്രഹമായി മാറി. അവളുടെ മകള്‍ സൗഖ്യമാക്കപ്പെട്ടു.

ഈ വചനഭാഗം വായിക്കുമ്പോള്‍, ഈശോ എന്തൊരു കഠിനഹൃദയനായിരുന്നെന്ന് ആദ്യം തോന്നും എന്നാല്‍, അങ്ങനെയല്ല. അവള്‍ തന്റെ പ്രതികരണങ്ങളിലൂടെ തന്റെ വിനയവും വര്‍ദ്ധിച്ച വിശ്വാസവും പ്രകടമാക്കുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. ഇത് അനേകം വിജാതീയര്‍ക്കും പ്രത്യേകിച്ച്, യഹൂദര്‍ക്കു പോലും ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കി. നമുക്കു വേണ്ടതും അങ്ങനെയൊരു വിശ്വാസമാണ്. ആ വിശ്വാസത്തില്‍ അല്‍പം കൂടി കടുംപിടുത്തങ്ങളൊക്കയാവാം. അല്‍പം പിടിവാശികളും. കാരണം, ഈശോ നമ്മെ അറിയുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ‘ദൈവത്തിന്റെ സമാധാനം നമ്മില്‍ കുടികൊള്ളും’ (ഫിലി. 4:7). അതിന് ഈ കാനാന്‍കാരി സ്ത്രീ നമുക്ക് പ്രചോദനമാകട്ടെ.

“Whenever I fall at your feet
You let your tears rain down on me” (fall at your feet)

ബ്ര. സ്റ്റെബിന്‍ വിതയത്തില്‍ MCBS