ഞായര്‍ പ്രസംഗം 2, എലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായര്‍ സെപ്റ്റംബര്‍ 27 അല്‍പവിശ്വാസവും മലയെ മാറ്റുന്ന വിശ്വാസവും

മലമുകളില്‍ തേജോമയനായ മോശ താഴ്‌വരയിലേയ്ക്ക് ഇറങ്ങിവരുമ്പോള്‍ വിശ്വാസം നഷ്ടപ്പെട്ട് വിഗ്രഹത്തെ ആരാധിക്കുന്ന ഇസ്രായേല്‍ ജനതയെ കാണുന്നതുപോലെ, പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായ മിശിഹാ താബോര്‍ മലയില്‍ തന്റെ രൂപാന്തരീകരണത്തിനും മഹത്വീകരണത്തിനും ശേഷം താഴ്‌വരയിലേയ്ക്ക് ഇറങ്ങിവരുമ്പോള്‍ കാണുന്ന ദൃശ്യങ്ങളാണ് ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായറാഴ്ചയിലെ വിചിന്തനഭാഗം. സമാന്തരസുവിശേഷങ്ങളില്‍ കാതലായ വ്യത്യാസങ്ങളില്ലാതെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണ് ഈശോ അപസ്മാരരോഗിയെ സുഖപ്പെടുത്തുന്ന അത്ഭുതം. മറ്റ് സുവിശേഷകന്മാരില്‍ നിന്നും വ്യത്യസ്തമായി രോഗവിമുക്തിയുടെ വിവരണത്തിന് വലിയ പ്രാധാന്യം നല്‍കാതെ, മലയെ മാറ്റുവാന്‍ പര്യാപ്തമായ വിശ്വാസത്തിന്റെ ആവശ്യകത പഠിപ്പിക്കുവാനാണ് മത്തായി ശ്ലീഹാ പരിശ്രമിക്കുന്നത്.

ഇന്നത്തെ സുവിശേഷഭാഗത്തിനു സമാനമായ സംഭവം 2 രാജാ. 4-ല്‍ കാണുവാന്‍ സാധിക്കും, ഷൂനേംകാരിയുടെ മകനെ ഉയിര്‍പ്പിക്കുവാന്‍ വേണ്ടി ഏലിഷാ പ്രവാചകന്‍ തന്റെ ശിഷ്യനെ പറഞ്ഞുവിടുന്നു. ഏലിഷാ പ്രവാചകന്റെ വടി ശിഷ്യനായ ഗഹസി, കുട്ടിയുടെ മുഖത്ത് വച്ചെങ്കിലും കുട്ടി ജീവനിലേയ്ക്ക് തിരിച്ചുവന്നില്ല. എന്നാല്‍, പിന്നീട് ഏലിഷാ പ്രവാചകന്‍ തന്നെ കുട്ടിയെ ജീവിപ്പിച്ചു. ഏലിഷാ പ്രവാചകന്റെ വാക്കുകള്‍ക്ക് സമ്പൂര്‍ണ്ണവിശ്വാസം പ്രകടിപ്പിക്കാത്ത ഗഹസിയുടെ നിരയിലാണ് സുവിശേഷത്തിലെ ശിഷ്യന്മാരുടെ സ്ഥാനം. ദൈവത്തിലും ദൈവികശക്തിയിലും വിശ്വസിച്ച ഷൂനേംകാരിയുടെ നിരയിലാണ് തന്റെ പുത്രസൗഖ്യത്തിനായി യാചിക്കുന്ന പിതാവിന്റെ സ്ഥാനം.

ഇന്നത്തെ പഴയനിയമ-പുതിയനിയമ വായനകളിലും ഇതിനു സമാനമായ ദൃശ്യങ്ങളാണ് പ്രതിപാദിക്കുന്നത്. നിയമഗ്രന്ഥത്തില്‍, വിജയം കര്‍ത്താവിന്റെ ദാനമാണെന്നും വിജയം നല്‍കുന്ന കര്‍ത്താവിനോട് കൂടെ നില്‍ക്കണമെന്നും പഠിപ്പിക്കുന്നു. ഇത് തിരിച്ചറിഞ്ഞിട്ടും അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജിതരായ ശിഷ്യന്മാരെയാണല്ലോ സുവിശേഷത്തില്‍ കാണുവാന്‍ സാധിക്കുന്നത്. പ്രവാചകഗ്രന്ഥത്തില്‍ പാവപ്പെട്ടവര്‍ക്ക് കോട്ടയും, ദരിദ്രന്റെ കഷ്ടതയില്‍ അവന് ഉറപ്പുള്ളവനുമായ തമ്പുരാനെ ജീവിതത്തില്‍ മുറുകെപ്പിടിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്തു ഉറപ്പുള്ള കോട്ടയാണെന്നു വിശ്വസിച്ച പിതാവ് തന്റെ പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്തുന്നുണ്ട്. സുവിശേഷത്തിലെ പിതാവിന്റെ വിശ്വാസത്തോട് ചേര്‍ന്ന് വാ. ജോണ്‍ ഹെന്റി ന്യൂമാന്റെ വാക്കുകള്‍ ചേര്‍ത്തുവയ്ക്കാം – ‘മാനുഷികയുക്തിക്ക് അതീതമാണ് വിശ്വാസം.’

ഇന്നത്തെ സുവിശേഷഭാഗത്ത് രണ്ട് ദൃശ്യങ്ങളാണ് കാണുവാന്‍ സാധിക്കുന്നത്.
1) പരാജിതരാകുന്ന ശിഷ്യന്മാര്‍; 2) പുത്രസൗഖ്യത്തിനായി യാചിക്കുന്ന പിതാവ്.

സുവിശേഷത്തിലെ ശിഷ്യപരാജയത്തിന്റെ കാരണം അല്‍പവിശ്വാസമാണ്. അല്‍പവിശ്വാസമെന്നത് വിശ്വാസം ഒട്ടുമില്ലാത്ത അവസ്ഥയല്ല. അല്‍പവിശ്വാസി ദൈവത്തെയും ദൈവികശക്തിയെയും സംശയിക്കുന്നവനാണ്. അല്‍പവിശ്വാസി മുറിവൈദ്യനു സമനാണ്. മുറിവൈദ്യന്‍ ആളെ കൊല്ലുമെന്ന് പറഞ്ഞുകേട്ടിട്ടുള്ളതു പോലെ മുറിവൈദ്യന്മാരായ അല്‍പവിശ്വാസികള്‍ ജീവിതത്തില്‍ പരാജയം നേരിടേണ്ടിവരുമെന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു.

അല്‍പവിശ്വാസികളായ ശിഷ്യന്മാരെ നോക്കി ക്രിസ്തു ആവശ്യപ്പെടുന്നത്, കടുകുമണിയോളം വിശ്വാസം ഉണ്ടാകണമെന്നാണ്. കടുകുമണി വിത്തുകളില്‍ വളരെ ചെറുതാണ്. എന്നാല്‍, അത് വളര്‍ന്നുകഴിയുമ്പോള്‍ വലിയ ഒരു മരമായിത്തീരുന്നു. ദൈവത്തിലാശ്രയിക്കുന്ന ഒരുവന് വിശ്വാസത്തിലൂടെ ലഭിക്കുന്ന പരിധിയില്ലാത്ത ശക്തിയെയും അതിന്റെ സാധ്യതകളെയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ക്രിസ്തുവിശ്വാസികള്‍ അല്‍പവിശ്വാസികളാവാതെ അനേകര്‍ക്ക് വെളിച്ചം പകരുന്ന വഴിവിളക്കുകളാകേണ്ടവരാണ്. എന്നാല്‍ വിളക്ക് കരിന്തിരി കത്തിയാല്‍ അനേകര്‍ ഇരുട്ടില്‍ തപ്പിത്തടയാനും തട്ടിവീഴുവാനും ഇടയാകുമെന്ന് ഇന്നത്തെ സുവിശേഷഭാഗം ഓര്‍മ്മപ്പെടുത്തുന്നു. ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍ കാള്‍ റാനര്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “ദൈവത്തിന്റെ ആഗ്രഹത്തോട് ജീവിതത്തെ ചേര്‍ത്തുനിര്‍ത്തുന്നതാണ് വിശ്വാസം.” ദൈവത്തിന്റെ ആഗ്രഹത്തോട് നമ്മുടെ ജീവിതത്തെ ചേര്‍ത്തുവയ്ക്കുമ്പോള്‍ ജീവിതം കരിന്തിരി കത്തില്ല, പരാജിതന്റെ ഭവനമാകില്ല, അള്‍ത്താരയില്‍ നിന്നും ആരംഭിക്കുന്ന നമ്മുടെ ജീവിതം അപരന്റെ ജീവിതത്തില്‍ അല്‍പം മിന്നാമിനുങ്ങ് വെട്ടമെങ്കിലും പകരുന്നതാകട്ടെ.

രണ്ടാമതായി, സുവിശേഷത്തില്‍ പുത്രസൗഖ്യത്തിനായി യാചിക്കുന്ന പിതാവിനെ കാണുവാന്‍ സാധിക്കും. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ‘സ്‌പേ സാല്‍വേ’ എന്ന ചാക്രികലേഖനതത്തില്‍ വിശ്വാസത്തെ പ്രത്യാശയുടെ സത്ത എന്നാണ് വിശേഷിപ്പിക്കുന്നത്. സുവിശേഷത്തിലെ പിതാവിന്റെ ജീവിതം പ്രത്യാശ നിറഞ്ഞതായിരുന്നു. അതുകൊണ്ടാണ് മലകളെ മാറ്റുവാന്‍ പോന്ന വിശ്വാസം ആ പിതാവില്‍ കാണുവാന്‍ കഴിയുന്നത്. മലകളെ മാറ്റുക എന്നത് ഹീബ്രു ഭാഷയിലെ ഒരു പ്രയോഗശൈലിയാണ്. വലിയ ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും തരണം ചെയ്യുക എന്നതാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം.

ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ സുവിശേഷത്തിലെ പിതാവ്, വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ദൈവത്തെയാണ് അന്വേഷിക്കുന്നത്. കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത്, വിശ്വാസം ദൈവത്തിന്റെ സൗജന്യദാനമാണെന്നാണ്. ദൈവത്തിന്റെ സൗജന്യദാനമായ വിശ്വാസം ജീവിതത്തിലുണ്ടെങ്കില്‍ മക്കള്‍ പ്രശ്നങ്ങളുടെ നടുക്കടലില്‍ കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരെ അള്‍ത്താരയുടെ തണലിലേയ്ക്ക് നയിക്കുവാന്‍ കഴിയും. മീവല്‍പക്ഷി അതിന്റെ കുഞ്ഞുങ്ങളെ അള്‍ത്താരയുടെ തണലില്‍ വളര്‍ത്തുന്നുവെന്ന സങ്കീര്‍ത്തനവചനം ‘സെക്കുലര്‍ മാതാപിതാക്കള്‍ക്ക്’ ഒരു മാതൃകയാവണം.

ഒരു കുഞ്ഞിന്റെ വിശ്വാസപരിശീലനത്തിന്റെ ആദ്യകളരി കുടുംബമാണ്. കുടുംബത്തില്‍ നിന്നാണ് കടുകുമണിയോളം പോന്ന വിശ്വാസവിത്തുകള്‍ വിതയ്‌ക്കേണ്ടത്. കുടുംബത്തിലെ നല്ല മാതൃകകള്‍ കണ്ട് കുട്ടികള്‍ വളര്‍ന്നുവന്നാല്‍ വിശ്വാസം മന്ദീഭവിച്ച ഒരു യുവജനതയെ കാണേണ്ടിവരില്ല. കൊറോണ എന്ന മഹാമാരിയെ അതിജീവിക്കുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ നിന്നും വിശ്വാസജീവിതത്തില്‍ നിന്നും കുട്ടികള്‍ അകന്നുപോകുന്നുവെങ്കില്‍ ബലിപീഠത്തിന്റെ തണലില്‍ മക്കളെ വളര്‍ത്തുവാനും വിശ്വാസത്തിന്റെ കണ്ണിലൂടെ ജീവിക്കുവാന്‍ പഠിപ്പിക്കുവാനും മാതാപിതാക്കള്‍ക്ക് കടമയുണ്ട്.

വിശ്വാസത്തിന്റെ ആഘോഷമാണ് വിശുദ്ധ കുര്‍ബാന. മാമ്മോദീസായിലൂടെ ആരംഭിക്കുന്ന വിശ്വാസജീവിതം പരിപോഷിപ്പിക്കപ്പെടുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണെന്നാണ് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ മാത്രം ദൈവത്തെ അലറിവിളിക്കുന്നവരാകാതെ എപ്പോഴും ദൈവത്തില്‍ ആശ്രയിക്കുന്നവരാകുവാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മുടെ വിശ്വാസജീവിതത്തിന്റെ കുറവുകളെ വിശുദ്ധിയുടെ ബലിപീഠത്തിനോട് ചേര്‍ത്തു സമര്‍പ്പിക്കാം. തമ്പുരാന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് ജെ. ആര്യപ്പള്ളില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.