ഞായര്‍ പ്രസംഗം 2, പിറവി ഒന്നാം ഞായര്‍ ഡിസംബര്‍ 27 മത്തായി 2: 1-12 വഴികാട്ടിയായ നക്ഷത്രം

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

ഉദയസൂര്യന്റെ നാട്ടില്‍ നിന്നും നീതിസൂര്യനായി ജനിച്ച രാജാവിനെ തേടിയിറങ്ങിയ മൂന്ന് ജ്ഞാനികളെയാണ് സുവിശേഷം ഇന്ന് നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. പുരാതന പാരമ്പര്യങ്ങളില്‍ മഹാന്മാരായ രാജാക്കന്മാര്‍ ജനിക്കുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്രങ്ങള്‍ ഉദിക്കു മെന്ന വിശ്വാസം നിലനിന്നിരുന്നു. ഈ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് പൗരസ്ത്യനാടുകളില്‍ നിന്നും ഈ മൂന്ന് ജ്ഞാനികള്‍ രക്ഷകനായ രാജാവിനെ തേടി ഇറങ്ങിയത്. പാരമ്പര്യങ്ങള്‍ ഇവരെ പൂജരാജാക്കന്മാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഈ മൂന്നു പേര്‍ക്കും പേരുകളും ലഭിച്ചു. പക്ഷേ, രാജാക്കന്മാര്‍ എന്നതിനേക്കാള്‍ വി. മത്തായി സുവിശേഷകന്‍ നല്‍കുന്ന ‘ജ്ഞാനികള്‍’ എന്ന വിശേഷണം തന്നെയാണ് ഇവര്‍ക്ക് കൂടുതല്‍ യോജിക്കുന്നത്. കാരണം, യഥാര്‍ത്ഥ ജ്ഞാനി ദൈവത്തെ തേടുന്നവനാണ്.

നക്ഷത്രത്തെ അനുധാവനം ചെയ്ത് ജറുസലേമിലെത്തിയ ജ്ഞാനികള്‍, രാജാവായി ജനിച്ചവന്‍ രാജകൊട്ടാരത്തിലാവാം ജനിച്ചത് എന്ന മാനുഷിക നിഗമനത്തില്‍ ഹേറോദേസിന്റെ കൊട്ടാരാങ്കണത്തില്‍ എത്തിച്ചേരുന്നു. ജ്ഞാനികളുടെ വാക്കു കേട്ട് ഏദോംകാരനായ ഹേറോദേസ് രാജാവ് അസ്വസ്ഥനായി. കാരണം ഒരുപക്ഷേ, ബാലാമിന്റെ മിശിഹാപ്രവചനമാകാം. “യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും. ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും. ഏദോം അന്യാധീനമാകും” (സംഖ്യ 24:17-18). ഹേറോദേസ് യഹൂദജ്ഞാനികളെ വിളിച്ച്, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്ന് അന്വേഷിക്കുമ്പോള്‍, യൂദയായിലെ ബേത്‌ലഹെമില്‍ എന്ന് അവര്‍ വിശുദ്ധ ഗ്രന്ഥം അപഗ്രഥിച്ച് കൃത്യമായി മറുപടി പറയുന്നു.

ജനിച്ചിരിക്കുന്നവന്‍ ക്രിസ്തുവാണെന്നും അവന്‍ യഹൂദരുടെ രാജാവാകാനുള്ളവനാണെന്നും കൃത്യമായി അറിഞ്ഞിട്ടും കിഴക്കു നിന്നെത്തിയ ജ്ഞാനികള്‍ക്കൊപ്പം ക്രിസ്തുദര്‍ശനം നേടാന്‍ ആ യഹൂദജ്ഞാനികള്‍ ശ്രമിക്കുന്നില്ല. യഹൂദജനതയുടെ മുഴുവന്‍ പ്രതീക്ഷകളും, വരാനിരിക്കുന്ന രക്ഷകനായിരുന്നു. ‘കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കേണമേ’ എന്ന പ്രാര്‍ത്ഥനയോടെ നൂറ്റാണ്ടുകളായി ഓരോ യഹൂദനും കാത്തിരുന്നത് രക്ഷകനായി ജനിക്കാനിരിക്കുന്ന ക്രിസ്തുവിനു വേണ്ടിയായിരുന്നു. പക്ഷേ, ജീവിതത്തിന്റെ നിയോഗം മറന്നുപോയ ഹതഭാഗ്യരായ യഹൂദജ്ഞാനികളെ സുവിശേഷം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നു.

ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ശക്തിസ്രോതസ്സും കേന്ദ്രവും ലക്ഷ്യവുമെല്ലാം ക്രിസ്തുവാണ്. ഈ സത്യം മറന്നുജീവിക്കുന്ന ഓരോ ക്രൈസ്തവനും നഷ്ടപ്പെടുന്നത് തന്റെ ജീവിതത്തിന്റെ നിയോഗമാണ്. വിശുദ്ധ കുര്‍ബാന ഈശോയുടെ ശരീരവും രക്തവും ദൈവത്തിന്റെ അവര്‍ണ്ണനീയമായ സ്‌നേഹത്തിന്റെ പ്രകടനവും ആണെന്നൊക്കെയുള്ള അറിവുകള്‍ ഉള്ളില്‍ സൂക്ഷിക്കുമ്പോഴും വി. കുര്‍ബാനയിലേയ്ക്ക് ജീവിതം നയിക്കപ്പെടാതിരിക്കുമ്പോള്‍ നമ്മളും ഈ ജീവിതത്തില്‍ പരാജയപ്പെടുന്നു. സുവിശേഷം നമുക്കു മുമ്പില്‍ വയ്ക്കുന്ന ധാര്‍മ്മികതയെപ്പറ്റി അറിവും ബോധ്യവും ഉണ്ടായിരിക്കുകയും എന്നാല്‍ ആ ധാര്‍മ്മികതയെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കാന്‍ പരാജയപ്പെടുകയും ചെയ്യുമ്പോഴും നമുക്കും സുവിശേഷാത്മകജീവിതത്തിന്റെ അര്‍ത്ഥം നഷ്ടമാകുന്നു. തീര്‍ച്ചയായും ഈ കൊറോണക്കാലം കൂദാശജീവിതത്തെ ഒരുപാട് പരിമിതപ്പെടുത്തുന്നുണ്ട്. പക്ഷേ, സുവിശേഷാത്മകജീവിതം നയിക്കുവാന്‍, സുവിശേഷം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികതയിലേയ്ക്കും സ്‌നേഹത്തിലേയ്ക്കും വളരാന്‍ നമുക്ക് പരിശ്രമിക്കാം. അറിവുകള്‍ ആത്മീയതയിലേയ്ക്ക് നമ്മെ കൂടുതലായി നയിക്കട്ടെ. രക്ഷകനെക്കുറിച്ചുള്ള അറിവ് രക്ഷയിലേയ്ക്കു നയിക്കുവാന്‍ ഉതകുന്നതാകട്ടെ.

സ്വപ്നത്തില്‍ ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് ജ്ഞാനികള്‍ മറ്റൊരു വഴിയേ സ്വദേശത്തേയ്ക്കു മടങ്ങി. പഴയനിയമത്തിലുടനീളം സ്വപ്നത്തിലൂടെ ദൈവം തന്റെ പദ്ധതികള്‍ രാജാക്കന്മാര്‍ക്ക് വെളിപ്പെടുത്തുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വി. മത്തായിയുടെ സുവിശേഷത്തിലും സ്വപ്നങ്ങളെ ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലുകളായിട്ടാണ് അവതരിപ്പിക്കുന്നത്. ഇവയെല്ലാം ക്രിസ്തുജീവിതത്തോട് ബന്ധപ്പെട്ടവയുമാണ്.

മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ജോസഫിന് നിര്‍ദ്ദേശം ലഭിക്കുന്നത് സ്വപ്നത്തിലൂടെയാണ്. ജോസഫ് ദൈവികവെളിപാടിന് ജീവിതത്തെ സമര്‍പ്പിച്ചപ്പോള്‍ അവിടെ ക്രിസ്തു ജനിച്ചു. വീണ്ടും ജ്ഞാനികള്‍ സ്വപ്നത്തിലെ നിര്‍ദ്ദേശമനുസരിച്ച് മറ്റൊരു വഴിയേ മടങ്ങിയപ്പോള്‍ ഹേറോദേസിന്റെ വാളില്‍ നിന്നും ക്രിസ്തു രക്ഷപെട്ടു. കുഞ്ഞിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേയ്ക്ക് ഒളിച്ചോടാനുള്ള സ്വപ്നവെളിപാടിന് ജോസഫ് വീണ്ടും പ്രത്യുത്തരിച്ചപ്പോള്‍ റാമായിലെ റാഹേലിന്റെ നിലവിളിക്കൊപ്പം പരിശുദ്ധ മറിയത്തിന്റെ നിലവിളിയും കലര്‍ന്നില്ല. ഒടുവില്‍ മത്തായി സുവിശേഷം 27-ാം അദ്ധ്യായം 19-ാം തിരുവചനത്തില്‍ മറ്റൊരു സ്വപ്നം വിവരിക്കുന്നു. പീലാത്തോസിന്റെ ഭാര്യയായ ക്ലോദിയ, “ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്; അവനെപ്പറ്റി ഞാന്‍ സ്വപ്നത്തില്‍ വളരെയേറെ ക്ലേശിച്ചു” എന്നുപറയുമ്പോള്‍ ആ വെളിപാടിനു നേരെ പീലാത്തോസ് തന്റെ കാതുകള്‍ അടയ്ക്കുന്നു. ദൈവിക വെളിപാടിനു നേരെ കാത് കൊട്ടിയടച്ച പീലാത്തോസ് ഇപ്രകാരം ശതാധിപനോടു ചോദിക്കുന്നു: “അവന്‍ (ക്രിസ്തു) ഇത്രവേഗം മരിച്ചുവോ?”

ജീവിതത്തിലെ ദൈവികസ്വരങ്ങള്‍ക്കു നേരെ കാത് കൊട്ടിയടയ്ക്കുന്ന ക്രൈസ്തവന്റെ ജീവിതത്തിലും ഇതു തന്നെയാണ് സംഭവിക്കുക. “വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ ഇതാണ് വഴി, ഇതിലെ പോവുക” (ഏശ. 30:21) എന്ന് ഉള്ളിലിരുന്നു മന്ത്രിക്കുന്ന ദൈവികസ്വരത്തിന് കാതു കൊടുക്കാതെ മനസ്സിനിണങ്ങിയ വഴികളിലൂടെ പാപത്തില്‍ ചരിക്കുമ്പോള്‍ ഉള്ളിലെ ദൈവസാന്നിധ്യം പൂര്‍ണ്ണമായി അസ്തമിക്കും. പിന്നീട് പീലാത്തോസിനെപ്പോലെ ഹൃദയത്തിലേയ്ക്ക് നോക്കി നെടുവീര്‍പ്പെടേണ്ടി വരും. ക്രിസ്തു ഇത്രവേഗം മരിച്ചുവോ? പക്ഷേ, മരണത്തില്‍ അസ്തമിക്കുന്നതല്ല ക്രൈസ്തവന്റെ പ്രതീക്ഷ. നഷ്ടപ്പെട്ട ദൈവസാന്നിധ്യത്തെ വീണ്ടെടുക്കാന്‍ അനുതാപത്തോടെ ഇടര്‍ച്ചകളെ ഏറ്റുപറഞ്ഞാല്‍ മാത്രം മതി.
ഈ ക്രിസ്തുമസ് കാലത്ത് ഉള്ളിലെ ദൈവസാന്നിധ്യത്തെ നഷ്ടപ്പെടുത്താതെ നമുക്ക് കാക്കാം. ആത്മാവിന്റെനിമന്ത്രണങ്ങള്‍ക്ക് കാതോര്‍ക്കാം. നഷ്ടപ്പെട്ട ദൈവസാന്നിധ്യത്തെ വീണ്ടെടുക്കാം. ഒപ്പം ഉള്ളിലും പരിസരങ്ങളിലും മുഴങ്ങുന്ന ദൈവികസ്വരങ്ങള്‍ക്ക് നിരന്തരം കാതോര്‍ക്കാം. പലപ്പോഴും ദൈവം മാതാപിതാക്കളിലൂടെയും, ഗുരുഭൂതരിലൂടെയും, സഭാനേതൃത്വങ്ങളിലൂടെയും, ചിലപ്പോഴെങ്കിലും മക്കളിലൂടെയും, ജീവിതപങ്കാളിയിലൂടെയും, അധീനരിലൂടെയും, അപരിചിതരിലൂടെയും നമ്മോട് സംസാരിക്കാറുണ്ട്. പ്രാര്‍ത്ഥനയോടെ നമുക്കു ചുറ്റും മുഴങ്ങുന്ന സ്വരങ്ങളില്‍ ദൈവികസ്വരം ഏതെന്ന് വിവേചിച്ചറിയാനും അത് അനുവര്‍ത്തിക്കാനും നമുക്ക് പരിശ്രമിക്കാം.

അവര്‍ മറ്റൊരു വഴിയേ മടങ്ങിപ്പോയി. ക്രിസ്തുവിന്റെ മുഖദര്‍ശനം യഥാര്‍ത്ഥത്തില്‍ സിദ്ധിച്ച എല്ലാവരുടെയും ജീവിതത്തില്‍ ഈ പുതിയ വഴി നിഴലിക്കുന്നുണ്ട്. സുവിശേഷം അനേകായിരം ദൃഷ്ടാന്തങ്ങളെ നമുക്കു മുമ്പില്‍ വച്ചുനീട്ടുന്നുണ്ട്. സക്കേവൂസും, പാപിനിയും, സമരിയാക്കാരിയും, ലേവിയും, പിശാചുബാധിതനുമൊക്കെ ഇങ്ങനെ പുതിയ വഴി തിരഞ്ഞെടുത്തവരാണ്. ഇന്നലെ വരെ ചുവടുവച്ച പാപത്തിന്റെ വഴികളെ ഉപേക്ഷിച്ചവരാണ്. ദൈവം മാനവചരിത്രത്തിലേയ്ക്ക് വന്നിറങ്ങയപ്പോള്‍ ചരിത്രം തന്നെ രണ്ടായി മാറി. ക്രിസ്തുവിനു മുമ്പും (ബി.സി.) ക്രിസ്തു വര്‍ഷവും (എ.ഡി.) ക്രിസ്തുവിനെ ദര്‍ശിക്കുന്ന വ്യക്തിയുടെ ജീവിതവും ഇതുപോലെ രണ്ട് എപ്പിസോഡുകളായി മാറണം – അഗസ്തീനോസിന്റെയും, ഫ്രാന്‍സിസ് അസ്സീസിയുടെയും, പൗലോസ് ശ്ലീഹായുടെയുമൊക്കെ ജീവിതം പോലെ.

കുമ്പസാരക്കൂടിനെ സമീപിക്കുന്ന ഒരു ക്രൈസ്തവന്റെ ജീവിതത്തിലും ഇതു തന്നെയാണ് സംഭവിക്കേണ്ടത്. ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും തിരിച്ചറിയുമ്പോള്‍ പുതിയ വഴിയില്‍ നടക്കാനുള്ള തീരുമാനവും തിരഞ്ഞെടുപ്പുമാണ് സുവിശേഷം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. പാപം ജനിപ്പിക്കുന്ന വസ്തുക്കള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍ ഇവയില്‍ നിന്നും മാറിനടക്കാനുള്ള ആര്‍ജ്ജവത്വം ഉണ്ടാകട്ടെ. ഒപ്പം ഇടപെടലുകളില്‍, പെരുമാറ്റത്തില്‍, നിലപാടുകളില്‍, ചിന്തകളില്‍ അല്‍പം കൂടി കരുണയും സ്‌നേഹവുമുള്ളവരാകാന്‍ നമുക്ക് കൂടുതലായി പരിശ്രമിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.