ഞായര്‍ പ്രസംഗം 2 കൈത്താക്കാലം ആറാം ഞായര്‍ സെപ്റ്റംബര്‍ 01 കാഴ്ചകള്‍ അനുഗ്രഹമാകുമ്പോള്‍ …

Thank You… നന്ദി… ജീവിതത്തില്‍ ഒരുപാട് ഉപയോഗിച്ചു പഴകിയ രണ്ട് വാക്കുകളാണിത്. കേവലം എട്ട് അക്ഷരങ്ങളുടെ വെറും കൂട്ടമല്ല ഇത്. മറിച്ച് ഹൃദയത്തിന്റെ പ്രകാശനമാണ്. ഇപ്രകാരം തന്റെ നന്ദിപ്രകാശനത്തിലൂടെ ഈശോയുടെ ഹൃദയത്തില്‍ കയറിപ്പറ്റി അവിടുത്തെ അനുഗ്രഹവും സൗഖ്യവും ജീവിതത്തില്‍ സ്വീകരിച്ച് ആനന്ദത്തോടെ നടന്നകലുന്ന ഒരു വിജാതീയന്റെ മനോഹരമായ അനുഭവമാണ് ഒരു ചിത്രകാരന്റെ വൈദഗ്ദ്യത്തോടെ ലൂക്കാ സുവിശേഷകന്‍ നമ്മുടെ മനസ്സില്‍ കോറിയിടുന്നത്.

കൈത്താക്കാലത്തിലെ ആറാമത്തെയും അവസാനത്തേതുമായ ഈ ആഴ്ചയില്‍ അപ്പസ്‌തോലന്മാരുടെയും രക്തസാക്ഷികളുടെയും വിശുദ്ധരുടെയും പ്രവര്‍ത്തനത്താല്‍ ഫലം ചൂടി നില്‍ക്കുന്ന സഭയെക്കുറിച്ച് ധ്യാനിക്കുവാനും വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനും പ്രത്യേകമായ രീതിയില്‍ വിളിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതത്തെ വിചിന്തനത്തിന് വിധേയമാക്കുന്നതിനും നന്ദിയുടെയും സ്തുതിയുടെയും ജീവിതമാക്കി മാറ്റുന്നതിനുമുള്ള അവസരമാണ് സമരിയാക്കാരനായ കുഷ്ഠരോഗി ഇന്ന് നമുക്ക് നല്‍കുന്നത്.

119-ാം സങ്കീര്‍ത്തനം ഇപ്രകാരം പറയുന്നു: ‘കര്‍ത്താവേ, അങ്ങയുടെ വചനം എന്റെ പാദത്തിന് വിളക്കും പാതയില്‍ പ്രകാശവുമാണ്.’ യഥാര്‍ത്ഥ വഴിയിലൂടെ ചുവടുകള്‍ വയ്ക്കുന്നതിനും യാഥാര്‍ത്ഥ്യബോധത്തോടെ ജീവിതത്തെ കാണുന്നതിനും വചനം നമുക്ക് വഴികാട്ടിയാണ്. ഇന്നത്തെ വചനവും വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ കാണുവാനും സമീപിക്കുവാനുമുള്ള ക്ഷണമാണ് നമുക്ക് നല്‍കുന്നത്.
ശപിക്കപ്പെട്ടവരെന്നു മുദ്രകുത്തി സമൂഹം വേലിക്കു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ഹതഭാഗ്യരായിരുന്നു കുഷ്ഠരോഗികള്‍. അവര്‍ ദൈവാലയത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരുമായിരുന്നു. ലേവ്യരുടെ പുസ്തകം 13:45-ാം വാക്യം ഇപ്രകാരം പറയുന്നു: ‘കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും മുടി ചീകാതിരിക്കുകയും മേല്‍ച്ചുണ്ട് തുണി കൊണ്ട് മറയ്ക്കുകയും അശുദ്ധന്‍, അശുദ്ധന്‍ എന്നു വിളിച്ചുപറയുകയും വേണം.’

ജനങ്ങളുടെ ശാപവാക്കുകള്‍ക്കിടയിലും തങ്ങള്‍ക്ക് സൗഖ്യം നല്‍കാന്‍ കഴിവുള്ളവനെ കുഷ്ഠരോഗികള്‍ കണ്ടെത്തുകയാണ്. വചനത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന മൂന്ന് കാഴ്ചകളില്‍ ഒന്ന് ഇവിടെ സംഭവിക്കുകയാണ്. പത്തുപേരും ഒരുപോലെ ഇവിടെ വിജയിക്കുകയാണ്. ഇന്നുവരെ അവരെ കണ്ടവരെല്ലാം മുഖം തിരിച്ചു കളഞ്ഞപ്പോള്‍ തങ്ങളുടെ ചീഞ്ഞഴുകിയ ശരീരങ്ങള്‍ക്കപ്പുറം ഉള്ളിലുള്ള മനുഷ്യനെ കാണാന്‍ കഴിയുന്നവനെ അവര്‍ തിരിച്ചറിയുകയാണ്. ഈ തിരിച്ചറിവ് അവര്‍ക്ക് പ്രത്യാശയുടെ ആനന്ദം നല്‍കുകയാണ്. പുത്രനിലേയ്ക്കു നോക്കി ശുദ്ധി വീണ്ടെടുക്കാനുള്ള ഒരു ആഹ്വാനം കൂടി ഈ കാഴ്ച നമുക്ക് നല്‍കുന്നുണ്ട്.

രണ്ടാമത്തെ കാഴ്ച ഈശോയുടേതാണ്. കുഷ്ഠരോഗികളെ ഈശോ കാണുകയാണ്. ദൈവം മനുഷ്യനിലേയ്ക്കും മനുഷ്യന്‍ ദൈവത്തിലേയ്ക്കും നോക്കുന്ന സുന്ദരമായ നിമിഷം. ഇവിടെ തുടങ്ങുകയാണ് അത്ഭുതങ്ങള്‍. ഈശോ തന്റെ വചനത്താലോ സ്പര്‍ശനത്താലോ അല്ല സൗഖ്യം നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. മറിച്ച്, തന്റെ കാഴ്ചയാലാണ്. കര്‍ത്താവ് കണ്ടു എന്നുപറഞ്ഞാല്‍ അവിടുന്ന് സൗഖ്യമാക്കി എന്നു തന്നെയാണ് അര്‍ത്ഥം. വചനത്തിലുടനീളം അനുഗ്രഹത്തിന്റെ ഈ നോട്ടം കാണുവാന്‍ കഴിയും. പത്രോസിന് അത് മാനസാന്തരത്തിലേയ്ക്കുള്ള ക്ഷണമായിരുന്നു, ജനക്കൂട്ടത്തിന് അപ്പം നല്‍കാനുള്ള അലിവായിരുന്നു, ധനികനായ യുവാവിന് തിരുത്താനായുള്ള അവസരമായിരുന്നു ആ നോട്ടം. ഇപ്രകാരം ഈശോ നമ്മിലേയ്ക്ക് നോക്കുമ്പോള്‍ ആ നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുവാനും അത് സ്വീകരിക്കുവാനും അതനുസരിച്ച് ജീവിതത്തെ പരിവര്‍ത്തനപ്പെടുത്താനും നമുക്ക് കഴിയണം.

മൂന്നാമത്തെയും അവസാനത്തേതുമായ കാഴ്ച സമരിയാക്കാരനായ കുഷ്ഠരോഗിക്കു മാത്രം സ്വന്തമാണ്. അവന്റെ തിരിച്ചുവരവിന് വഴിവിളക്കായത് ഈ കാഴ്ചയാണ്. എന്താണ് ഈ അവസാനത്തെ കാഴ്ചയുടെ പ്രത്യേകത? വി. അത്തനാസിയൂസ് ഇപ്രകാരം പറയുന്നു: ‘നന്ദി പറയാന്‍ തിരികെ വരാത്ത ഒന്‍പതു പേരും തങ്ങളെ സൗഖ്യപ്പെടുത്തിയവനേക്കാള്‍ തങ്ങള്‍ക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് ചിന്തിച്ചു. അത് അവരുടെ സ്വാര്‍ത്ഥതയുടെ തെളിവ് കൂടിയായിരുന്നു. എന്നാല്‍ തിരിച്ചു വന്നവന്റെ ലക്ഷ്യം വെറും ശാരീരികസൗഖ്യമായിരുന്നില്ല. മറിച്ച്, ക്രിസ്തുവായിരുന്നു. ക്രിസ്തുവിലൂടെ ലഭിക്കുന്ന രക്ഷയായിരുന്നു.’ Minimum കൊണ്ട് തൃപ്തനായിരുന്നില്ല അവന്‍. അകലെ നിന്നും സൗഖ്യത്തിനായി യാചിച്ച അവന്‍ ഇപ്പോള്‍ യേശുവിന്റെ പാദത്തിനരികില്‍ വരെ എത്തി. തനിക്ക് എത്രമാത്രം എത്തിപ്പിടിക്കാനാവുമെന്നും സ്‌നേഹിക്കാനാവുമെന്നും അവന്‍ തെളിയിച്ചു. ക്രിസ്തുവിനോളം വളരാനായി വിളിക്കപ്പെട്ടിരിക്കുന്ന നാം പലപ്പോഴും ക്രിസ്തുവിനേക്കാള്‍ ചെറിയ കാര്യങ്ങള്‍ കൊണ്ട് തൃപ്തിയടയുമ്പോള്‍ അവന്റെ ഈ വാക്കുകള്‍ നമുക്കു നേരെയും തിരിയും. പത്തു പേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പത് പേരെവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും നന്ദി പറയാന്‍ തോന്നിയില്ലേ എന്ന്. കാരണം, ഇന്ന് അവിടുന്ന് ഒന്നിനെ തേടിപ്പോകുന്ന ഇടയനല്ല മറിച്ച്, 99-ഉം നഷ്ടപ്പെട്ട ഇടയനാണ്.

പ്രിയമുള്ളവരേ, ഒരുപാട് കാര്യങ്ങള്‍ അനുദിനം കാണുന്നവരാണ് നമ്മള്‍. എന്നാല്‍, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ നാം പുലര്‍ത്തുമ്പോള്‍ അവയെ സ്വീകരിക്കുന്ന രീതിയും വ്യത്യസ്തങ്ങളായിരിക്കും. ക്രിസ്തുവിനോളം വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നവരുണ്ടാകില്ല. കാരണം, വിശുദ്ധ കുര്‍ബാനയോളം വ്യത്യസ്തമായി ദൈവത്വത്തെ കണ്ടവനാണവന്‍. നമ്മളും അപ്രകാരമാണെങ്കില്‍ എന്നെ ഞാന്‍ നോക്കുന്ന രീതിക്ക് വ്യത്യാസം വരണം. എത്ര വലിയൊരു നിധിയാണ് ഞാനെന്നും എത്രമാത്രം അനുഗ്രഹമായി മാറാന്‍ എനിക്ക് കഴിയുമെന്നും ഞാന്‍ മനസ്സിലാക്കണം. മനസ്സിലാക്കിയാല്‍ മാത്രം പോരാ, തിരിഞ്ഞുനടക്കാനുള്ള ധൈര്യം കൂടി കാണിക്കണം.

രണ്ടാമതായി മറ്റുള്ളവരെ ഞാന്‍ കാണുന്ന രീതിയില്‍ മാറ്റം വരണം. നമ്മുടെ കാഴ്ച അപരന് രക്ഷാകരമായി മാറണം. ഇപ്രകാരം നമ്മുടെ കാഴ്ച തെളിയണമെങ്കില്‍ കാഴ്ചയെ തടയുന്ന ചെറിയ ചെറിയ കുഷ്ഠങ്ങളില്‍ നിന്ന് വിമുക്തി നേടണം. ലേവ്യരുടെ പുസ്തകത്തില്‍ നാം വായിച്ചുകേട്ടതു പോലെ, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്. പരിശുദ്ധി നേടാനാണ് ദൈവവും നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. അപ്പോള്‍ നമ്മുടെ കാഴ്ചയും തെളിയും. സകലതിനെയും നന്ദിയോടെ സ്വീകരിക്കുവാന്‍ നാം പഠിക്കും. ദാനങ്ങളില്‍ അമിതമായി ശ്രദ്ധിച്ച് ദാതാവിനെ മറന്ന് നന്ദിഹീനരായി വര്‍ത്തിക്കാതെ ഒരു ജീവിതകാലം മുഴുവനും നന്ദിയേകിയാലും തീരാത്ത നന്മകളെ കാണാനും ദൈവപരിശുദ്ധിയ്ക്ക് മുമ്പില്‍ അവിടുത്തെ പരിപാലനയെ സ്തുതിച്ചുകൊണ്ട് ജീവിക്കുവാനും നാം പ്രാപ്തരാകും.

കടപ്പാടുകളും നന്ദിയും വാക്കുകളില്‍ മാത്രമാകുന്ന ഇന്ന്, ജന്മം തന്ന മാതാപിതാക്കളെയും അറിവിന്റെ വെളിച്ചം നല്‍കിയ ഗുരുഭൂതരെയും സ്വന്തമായി കരുതി സ്‌നേഹിച്ച സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ നന്ദിയോടെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മള്‍ അര്‍പ്പിക്കുന്ന ഈ വിശുദ്ധ കുര്‍ബാന ഏറ്റവും വലിയ കടപ്പാടിന്റെ ഓര്‍മ്മയാഘോഷമാണ്. എനിക്കായി എന്റെ ദൈവം ബലിയായതിന്റെ ഓര്‍മ്മ. നമ്മുടെ ജീവിതത്തിലേയ്ക്ക് ദൈവം നല്‍കിയ നിരവധിയായ അനുഗ്രഹങ്ങളെയോര്‍ത്ത് നന്ദി പറയാം. മറ്റുള്ളവര്‍ക്ക് ഞാന്‍ ഒരു അനുഗ്രഹമായി മാറുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. ചുറ്റുമുള്ള നന്മകളെ കാണാനുതകുന്ന മിഴിവാര്‍ന്ന കാഴ്ചയും നന്ദി നിറഞ്ഞ ഹൃദയവും നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. എബിന്‍ ജോസഫ് പല്ലാട്ട്, MCBS