ഞായര്‍ പ്രസംഗം 2 കൈത്താക്കാലം അഞ്ചാം ഞായര്‍ ആഗസ്റ്റ് 25 ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്

‘ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം നിങ്ങളുടേതാണ്.’ സമ്പത്തും, അധികാരവും, സ്ഥാനമാനങ്ങളും കൈയ്യിലുള്ളവരുടെ ശബ്ദവും ആശയങ്ങളും ഉയര്‍ന്നുകേള്‍ക്കുന്ന, ദരിദ്രന്റെ നിലവിളികള്‍ പലപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്ന ഈ ആധുനിക ലോകത്തില്‍, ധനികന്റെയും ലാസറിന്റെയും ഉപമയുമായിട്ടാണ് വചനത്തിലൂടെ ഈശോ ഇന്ന് നമ്മുടെ പക്കലേയ്ക്ക് വരിക. പഴകുന്തോറും വീര്യം കൂടുന്ന മുന്തിരി വീഞ്ഞിനെപ്പോലെ, ഇന്നും യാതൊരു വീര്യവും കുറയാതെ, നമ്മള്‍ ഒരുപാട് വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരു ഉപമയാണിത്. പാവങ്ങളുടെ സുവിശേഷം എന്നറിയപ്പെടുന്ന ലൂക്കാ സുവിശേഷത്തില്‍ മാത്രം കാണുന്ന ഈ ഉപമയില്‍, സുവിശേഷകന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് പാവപ്പെട്ടവരോടും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടും പ്രത്യേക കരുതലും കാരുണ്യവും കാണിച്ച ഈശോയെയാണ്.

ഒരു അതിധനികനും ഒരു പരമദരിദ്രനും – വൈരുദ്ധ്യത്തിന്റെ പൂര്‍ണ്ണത. തന്റെ കാല്‍ച്ചുവട്ടില്‍ അല്ലെങ്കില്‍, പടിവാതില്‍ക്കല്‍ കിടക്കുന്ന ആ ദരിദ്രനെ ഒന്നു നോക്കുവാന്‍ പോലും തയ്യാറല്ലാത്ത പണക്കാരന്‍. ദരിദ്രന് ഒരു പേരുണ്ട്, ലാസര്‍ – ദൈവം സഹായിക്കുന്നു എന്നര്‍ത്ഥം. ധനികന് പേരുള്ളതായി സുവിശേഷത്തില്‍ പറയുന്നില്ല. ദൈവതിരുമുമ്പില്‍ അയാള്‍ക്ക് ഒരു സ്ഥാനവുമില്ല എന്നാണ് അതിനര്‍ത്ഥം. പണമുണ്ടാക്കുന്നത് ഒരു പാപമാണെന്ന് ഈശോ പറയുന്നില്ല. എന്നാല്‍, പണമുണ്ടായിട്ടും പാവപ്പെട്ടവനെ സഹായിക്കാത്തത് പാപമാണെന്ന് ഈ ഉപമയില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നു.

കഥാപാത്രങ്ങള്‍ രണ്ടുപേരും മരിക്കുന്നു. തീര്‍ച്ചയായും ധനികനും ദരിദ്രനും മരിക്കണം. മാറ്റമില്ലാത്ത ദൈവനീതിയാണത്. മരണത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്. ദരിദ്രനെക്കുറിച്ച് ഈശോ പറയുന്നത്, അയാള്‍ അബ്രഹാമിന്റെ മടിയില്‍ എത്തിച്ചേര്‍ന്നു എന്നാണ്. അതായത്, അയാള്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണ സുരക്ഷിതത്വത്തിലാണ്. പേര് സൂചിപ്പി ച്ചതു പോലെ ദൈവം അയാളെ സഹായിച്ചിരിക്കുന്നു. എന്നാല്‍, ധനികന്‍ നരകത്തിലാണ് പതിച്ചത്. ഭൂമിയിലെ ദാരിദ്ര്യത്തേക്കാള്‍ ഭീരകമാണ് നരകത്തിലെ നിസ്സഹായാവസ്ഥ. ആ നരകത്തില്‍ നിന്ന് രക്ഷ നേടാനുള്ള ആഗ്രഹം അയാള്‍ക്കുണ്ട്.

പ്രാചീന യഹൂദലോകത്ത് പ്രബലമായ വിശ്വാസമായിരുന്നു സമ്പത്തും, ഭൗതീകസമൃദ്ധിയും, സന്താനസൗഭാഗ്യവും, ദീര്‍ഘായുസ്സും ഒരു വ്യക്തിയുടെ നീതിനിഷ്ഠയുടെയും തത്ഫലമായ ദൈവാനുഗ്രഹത്തിന്റെയും ലക്ഷണമാണ് എന്നത്. അക്കാലത്ത് ദരിദ്രനും, രോഗിയും, വന്ധ്യയുമൊക്കെ ദൈവശാപമേറ്റവരായി കരുതി അവഗണിക്കപ്പെട്ടിരുന്നു. ‘റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്’ എന്ന ശിഷ്യരുടെ ചോദ്യത്തിലും ‘മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളഞ്ഞിരിക്കുന്നു’ എന്ന എലിസബത്തിന്റെ ഉദ്‌ഘോഷണത്തിലും തെളിയുന്നത് ഈ മനോഭാവമാണ്. യഹൂദരുടെ ഇത്തരത്തിലുള്ള മനോഭാവങ്ങളുടെ തിരുത്തിയെഴുത്താണ് ഈശോ ഇന്ന് ഈ ഉപമയിലൂടെ നടത്തുക.

ഒന്നാമതായി, പാവപ്പെട്ടവനും ദരിദ്രനും ദൈവസന്നിധിയില്‍ സ്ഥാനമുണ്ടെന്നും പാവപ്പെട്ടവന്റെ കഷ്ടപ്പാടും, ദാരിദ്ര്യവും ദൈവം അറിയുന്നുവെന്നും ഈശോ വ്യക്തമാക്കുന്നു. രണ്ടാമതായി, ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുന്നതെന്തും അത് സമ്പത്തോ, അധികാരമോ, സ്ഥാനമാനങ്ങളോ എന്തു തന്നെയായാലും അത് അവന്റെ നിത്യനാശത്തിന് കാരണമാകുമെന്നും ഈശോ ഓര്‍മ്മിപ്പിക്കുന്നു. നീതിപൂര്‍വ്വകമായി സമ്പാദിക്കുന്ന ധനമാണെങ്കില്‍ കൂടി അത് ബോധപൂര്‍വ്വം പരസ്‌നേഹ ചൈതന്യത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ നാശമാണ് നമ്മെ കാത്തിരിക്കുന്നത്. ഉപമയിലെ ധനികനെപ്പോലെ ഒരുപക്ഷേ, പാവപ്പെട്ട ലാസറുമായി ഒരിക്കലെങ്കിലും ഭക്ഷണമേശയോ, സൗഹൃദമോ പങ്കിട്ടിരുന്നെങ്കില്‍ ധനികന് ഈ അവസ്ഥ വരുമായിരുന്നില്ല.

ധനികന്റെ പടിവാതില്‍ക്കല്‍ ലാസര്‍ കിടന്നിരുന്നു എന്നാണ് വചനത്തില്‍ നാം കാണുക. പടിവാതില്‍ – നമുക്കറിയാം വീടിന്റെ പ്രധാന വാതിലാണ്. വീട്ടുകാര്‍ പുറത്തു പോകുന്നതും യാത്ര കഴിഞ്ഞ് തിരികെ വരുന്നതും ഈ പടിവാതിലിലൂടെയാണ്. അതായത്, എപ്പോഴും ആള്‍സഞ്ചാരമുള്ള വാതില്‍ അല്ലെങ്കില്‍ ഇടം. ഈ വാതില്‍പ്പടിയില്‍ കിടന്നവനെ ബോധപൂര്‍വ്വം അവഗണിക്കുക വഴി ധനവാന്‍ ക്രിസ്തീയ ധാര്‍മ്മികതയ്ക്ക് കളങ്കം വരുത്തുന്നു. പടിവാതില്‍ അടയ്ക്കുന്നതോടെ സഹോദരന്റെ നിലവിളിയും സന്തോഷവും നമുക്ക് അന്യമാവും. അപ്പോള്‍ അവന്റെ നൊമ്പരങ്ങളും സങ്കടങ്ങളും നമ്മുടേതാക്കാന്‍ നമുക്ക് സാധിക്കാതെ വരും. നമ്മുടെ പടിവാതിലില്‍ കിടക്കുന്ന ലാസര്‍മാര്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യം കരസ്ഥമാക്കാന്‍ ദൈവം മുന്‍കൂട്ടി അയച്ചിരിക്കുന്ന വ്യക്തികളായി നാം തിരിച്ചറിയണം.

ഇത് മനസ്സിലാക്കാതെ നാം പെരുമാറുമ്പോള്‍ അത് ഉപേക്ഷയുടെ കുറ്റമായിട്ട് മാറുന്നു. അപരന്റെ ജീവനാവശ്യമായത്, ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ എനിക്കുണ്ടായിട്ട് ഞാന്‍ അത് കൊടുക്കാത്തത് തെറ്റാകുന്നു. സുഭാഷിതങ്ങളുടെ പുസ്തകം 3-ാം അധ്യായം 27,28 വാക്യങ്ങള്‍ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു: ‘നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്. അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു നിന്റെ കയ്യിലുണ്ടായിരിക്കെ, പോയി വീണ്ടും വരിക; നാളെ തരാം എന്നു നീ പറയരുത്.’ അയല്‍പക്കത്ത് പട്ടിണി കിടക്കുന്നവരെ കാണാതെ വിരുന്നാഘോഷിക്കുന്നവരുടെ എണ്ണവും വിരുന്നുകളുടെ ആര്‍ഭാടവും വര്‍ദ്ധിച്ചു വരുമ്പോള്‍ യേശു പറഞ്ഞ ഉപമയ്ക്ക് പ്രസക്തി ഏറിയിട്ടേയുള്ളൂ എന്ന് നമുക്ക് കാണാം. എന്റെ ഉപേക്ഷ കൊണ്ട് ഒരിറ്റു സ്‌നേഹം, പരിഗണന, പ്രോത്സാഹനം, അംഗീകാരം, ആദരവ് ലഭിക്കാതെ സഹോദരന്‍ വിഷമം അനുഭവിച്ചാല്‍ ഓര്‍ക്കുക, ഞാനും ധനികനും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടാകില്ല. ഈ ലോകത്തില്‍ പലരും ദാരിദ്ര്യം അനുഭവിക്കുന്നത് ആവശ്യമായ വസ്തുക്കള്‍ ഇല്ലാത്തതു കൊണ്ടല്ല. മറിച്ച്, പങ്കുവയ്ക്കലിന്റെ അഭാവം കൊണ്ടാണ്. വി. അംബ്രോസ് ഇപ്രകാരം പറയുന്നു: ‘നിന്റെ സമ്പത്ത് സൂക്ഷിക്കുവാന്‍ പറ്റിയ സങ്കേതങ്ങള്‍ വിശക്കുന്നവന്റെ വയറും വിധവയുടെ മടിത്തട്ടുമാണ്.’

ഇന്നത്തെ ആദ്യവായനയില്‍ ലേവ്യരുടെ പുസ്‌കത്തില്‍ യഹൂദരുടെ കൂടാരത്തിരുനാളിനെ കുറിച്ചാണ് നമ്മള്‍ വായിച്ചുകേട്ടത്. നമുക്കിവിടെ സ്ഥിരമായ വാസസ്ഥലം ഇല്ലെന്നും ഭൂമിയില്‍ നാം തീര്‍ത്ഥാടകര്‍ മാത്രമാണെന്നുമാണ് ഈ തിരുനാള്‍ കര്‍മ്മങ്ങള്‍ അവരെ അനുസ്മരിപ്പിച്ചിരുന്നത്. ലേഖനത്തില്‍ പൗലോസ് ശ്ലീഹായും നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്, എളിമപ്പെടേണ്ടതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ചാണ്. അതിനാല്‍ ലോകത്തിലെ ഒരു ധനികനും തന്റെ സമ്പത്ത് പൂര്‍ണ്ണമായി ആസ്വദിക്കാനാവില്ല. പക്ഷേ, അപരനു കൊടുക്കാതെ പിടിച്ചുവയ്ക്കാനും നശിപ്പിക്കാനും സാധിക്കും. ഉപേക്ഷയുടെ പാപം ഗൗരവതരമാകുന്നത് അപരന്റെ സാധ്യതകളെ നാം അവഗണിക്കുന്നതു കൊണ്ടാണ്.

അതിനാല്‍ നമുക്ക് തിരിച്ചറിയാം, നമ്മളാരും ഈ ഭൂമിയിലുള്ള ഒന്നിന്റെയും ഉടയവരല്ല. മറിച്ച്, വെറും സൂക്ഷിപ്പുകാരും കാര്യസ്ഥന്മാരും മാത്രമാണ്. അതിനാല്‍ നമുക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാം. അത് ഒരുപക്ഷേ, നമ്മുടെ സമ്പത്താകാം, സൗകര്യങ്ങളാകാം, സമയമാകാം. ഇതെല്ലാം ആവശ്യമുള്ളവര്‍ എപ്പോഴും ഒരു വിളിപ്പാടകലെ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. വിശുദ്ധ കുര്‍ബാന പങ്കുവയ്ക്കലിന്റെ ആഘോഷമാണ്. തനിക്കുള്ളതെല്ലാം എന്തിന്, സ്വജീവന്‍ പോലും നമ്മോടുള്ള സ്‌നേഹത്തെപ്രതി ബലികഴിച്ച ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ നമ്മെ ക്ഷണിക്കുന്നത് ഈ പങ്കുവയ്ക്കലിന്റെ മനോഭാവത്തിലേയ്ക്കാണ്. അതിനാല്‍, ഈശോയെ മാതൃകയാക്കി നമുക്കും പങ്കുവയ്ക്കലിന്റെ നല്ല മാതൃകകളായി മാറാം. അധികമൊന്നും പങ്കുവയ്ക്കാനില്ലെങ്കിലും നമുക്ക് ആരെയും ഒഴിവാക്കാതെ എല്ലാവരെയും പരിഗണിക്കാനായി ശ്രദ്ധിക്കാം. അതിനുള്ള കൃപാവരം ഈശോ നല്‍കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. സിബിന്‍ ചിലമ്പട്ടശ്ശേരി MCBS