ഞായര്‍ പ്രസംഗം 2 ശ്ലീഹാക്കാലം ഏഴാം ഞായര്‍ ജൂലൈ 21 ജീവന്റെ വാതില്‍

ക്രിസ്തുവില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരെ,

ശ്ലീഹാക്കാലം ഏഴാം ഞായറാഴ്ചയില്‍ എത്തിനില്‍ക്കുന്ന സഭാമക്കളായ നമ്മോട് ലൂക്കായുടെ സുവിശേഷം 13-ാം അധ്യായത്തിലെ ഇടുങ്ങിയ വാതില്‍, വിശാലമായ വാതില്‍, അടഞ്ഞ വാതില്‍ എന്നിങ്ങനെ വാതിലുകളെപ്പറ്റി പറഞ്ഞുകൊണ്ട് രക്ഷയെക്കുറിച്ച് ക്രിസ്തു പഠിപ്പിക്കുകയാണ്.

രക്ഷ പ്രാപിക്കാനായി കല്‍പനകള്‍ നല്‍കപ്പെട്ടതിനെപ്പറ്റി നിയമാവര്‍ത്തന പുസ്തകത്തിലെ വായന ഓര്‍മ്മിപ്പിക്കുമ്പോള്‍, അനീതി നിറഞ്ഞ ജീവിതം കൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുപോയ ഒരു ജനതയെപ്പറ്റി ഏശയ്യായുടെ പുസ്തകം 5-ാം അധ്യായം 8-20 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞുവയ്ക്കുകയാണ്: ‘രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?’ എന്നുള്ള ചോദ്യത്തിന് ഇടുങ്ങിയ വാതിലിനെക്കുറിച്ചും അടഞ്ഞ വാതിലിനെക്കുറിച്ചുമെല്ലാം പറഞ്ഞശേഷം ‘തങ്ങള്‍ എല്ലാം ചെയ്തു’ എന്നു പറയുന്നവരോട് ഇപ്രകാരമാണ് പറയുന്നത്: ‘അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍.’

മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ദൈവം വിലമതിക്കുന്നു. എന്നാല്‍, രക്ഷയിലേയ്ക്കുള്ളത് ഇടുങ്ങിയ വാതിലാണെന്നത് ക്രിസ്തു കൃത്യമായി പറയുന്നുണ്ട്. ‘ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍’ എന്നാണ് അവിടുന്ന് പറയുന്നത്. ഇവിടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ദൈവം ഹനിക്കുന്നില്ല. ‘പരിശ്രമിക്കുവിന്‍’ എന്നാണ് അവിടുന്ന് പറയുന്നത്. വിശുദ്ധ ഗ്രന്ഥം പറയുന്നതു പോലെ, ജീവനും മരണവും മനുഷ്യന്റെ മുമ്പില്‍ വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് അവന് തിരഞ്ഞെടുക്കാം. ജീവിതകാലത്ത് ജീവനോ-മരണമോ, നന്മയോ-തിന്മയോ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. രക്ഷയുടെ വഴി അല്ലെങ്കില്‍ ജീവനിലേയ്ക്കുള്ള വഴി തിരഞ്ഞെടുത്താല്‍ ഇടുങ്ങിയ വാതിലായിരിക്കും മുമ്പിലുള്ളത്. പിന്തിരിഞ്ഞു പോവരുത്. ‘കലപ്പയില്‍ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹനല്ല’ എന്ന് പറഞ്ഞുകൊണ്ട് ഈശോ പഠിപ്പിച്ചതും അതു തന്നെയാണ്. ‘ഇടുങ്ങിയ വാതില്‍’ രക്ഷയുടെ പ്രതീകമായി ഈശോ പറയുമ്പോള്‍, വിശാലമായ വാതിലിനെക്കുറിച്ചും ഒരു സൂചനയുണ്ട്. ഇടുങ്ങിയ വാതില്‍ രക്ഷയിലേയ്ക്ക് (സ്വര്‍ഗ്ഗത്തിലേയ്ക്ക്) നയിക്കുമ്പോള്‍ ‘വിശാലമായ വാതില്‍’ നാശത്തിലേയ്ക്ക് നയിക്കുന്നു.

ഒരു സാധാരണ വാതിലിന്റെ വീതിയും ഉയരവും നമുക്കറിയാവുന്നതാണ്. ഒരാള്‍ക്ക് വളരെ സുഖമായി കടന്നുപോകാനാവും. എന്നാല്‍, ഇടുങ്ങിയ വാതില്‍ ഒരാള്‍ക്ക് കഷ്ടിച്ചു മാത്രം കടന്നുപോകാന്‍ പറ്റുന്നതാണ്. സ്വര്‍ഗ്ഗത്തിലെത്താന്‍ ഒരൊറ്റ വഴിയേയുള്ളൂ-യേശുവിന്റെ വഴി. ഒരൊറ്റ വാതിലേയുള്ളൂ-യേശുവാകുന്ന വാതില്‍. അതുകൊണ്ട് യേശുവിനെ സ്വീകരിക്കുന്നവര്‍ യേശുവിന്റെ മാര്‍ഗ്ഗം സ്വീകരിച്ചേ തീരൂ. ലൂക്കായുടെ സുവിശേഷം 14-ാം അധ്യായം 27-ാം വാക്യത്തില്‍ പറയുന്നതു പോലെ, ‘യേശുവിനെ അനുകരിച്ച് സ്വന്തം കുരിശുമെടുത്തു കൊണ്ട് യേശുവിന്റെ പിന്നാലെ പോകാത്തവന് ഒരിക്കലും അവിടുത്തെ ശിഷ്യനാകുവാന്‍ സാധ്യമല്ല.’
സുവിശേഷപ്രഘോഷകനും പ്രസിദ്ധമായ 14 പു സ്തകങ്ങളുടെ രചയിതാവുമായ ലെസ്ലി ഡിക് സന്‍ വെദര്‍ഹെഡ്, ‘The will of God’ അഥവാ ‘ദൈവഹിതം’ എന്ന തന്റെ പുസ്തകത്തില്‍ ഇ ങ്ങനെ എഴുതി: Life will work only in one way and that is Christ’s Way’ – യേശുവിന്റേതല്ലാത്ത വേറൊരു മാര്‍ഗ്ഗത്തിലൂടെയും ജീവിതം നീങ്ങുകയില്ല. മറ്റെല്ലാ വഴികളും വിനാശത്തിലേയ്ക്കാണ്.

ഇടുങ്ങിയ വാതിലും വിശാലമായ വാതിലും കൂടാതെ അടഞ്ഞ വാതിലിനെക്കുറിച്ചുള്ള സൂചനയും സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. വാതില്‍ അടയുംവരെ പ്രവേശനം അനുവദിച്ചിരിക്കുന്നു. ഇടുങ്ങിയ വാതിലിലൂടെ, തുറന്നുകിടക്കുന്ന കാലത്തോളം പ്രവേശിക്കാം. അതായത്, ത്യാഗപൂര്‍ണ്ണമായ ക്രൈസ്തവജീവിതം നയിച്ച് രക്ഷ നേടാനുള്ള സമയം കഴിഞ്ഞാല്‍ പ്രവേശനമില്ല. ചെയ്യേണ്ട സമയത്ത് രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിക്കാതെ അവസാനം നേടാം എന്നു വിചാരിച്ചാല്‍ രക്ഷ നേടുകയില്ല. അടഞ്ഞ വാതില്‍ ശിക്ഷാവിധിയാണ്. വാതിലിലൂടെ അകത്ത് പ്രവേശിച്ചവര്‍ക്ക് ദൈവത്തോടൊപ്പമുള്ള അവസ്ഥയും (സ്വര്‍ഗ്ഗം) വാതിലിനു പുറത്തുള്ളവര്‍ ക്ക് ദൈവമില്ലാത്ത അവസ്ഥയും അതായത്, നരകവുമായിരിക്കും കിട്ടുക.

ഒരു ദിവസത്തെ പരിശ്രമം കൊണ്ട് ആരും എവറസ്റ്റ് കീഴടക്കിയിട്ടില്ല. സ്വര്‍ഗ്ഗത്തില്‍ വേഗം പ്രവേശിക്കാനാകും എന്ന് കരുതുന്നതും ഇതുപോലെ ഭോഷത്തമാണ്. എല്ലാ ക്രൈസ്തവരുടെയും മുമ്പില്‍ രണ്ട് വാതിലുകളുണ്ട് – ഇടുങ്ങിയ വാതിലും വിശാലമായ വാതിലും. അസീസ്സിയിലെ ഫ്രാന്‍സീസിന്റെ മുന്നിലും, കല്ലെറിഞ്ഞു കൊല്ലപ്പെട്ട സ്‌തെഫാനോസിന്റെ മുന്നിലും, അല്‍ഫോന്‍സാമ്മയുടെ മുന്നിലും എന്തിനേറെ, അടുത്ത കാലങ്ങളില്‍ ഐഎസ് ഭീകരര്‍ വധിച്ചവരുടെ മുന്നിലും രണ്ട് വാതിലുകളുണ്ടായിരുന്നു. എന്നാല്‍, അവരെല്ലാം ഇടുങ്ങിയ വാതിലാണ് തിരഞ്ഞെടുത്തത്. അപ്രകാരം ഇടുങ്ങിയ വാതില്‍ തിരഞ്ഞെടുക്കാന്‍ നമുക്കും ശ്രമിക്കാം.

65-ാമത്തെ വയസ്സില്‍ നടത്തിയ ഓപ്പറേഷനിലൂടെ കാഴ്ച മുഴുവനായും തിരിച്ചുകിട്ടിയപ്പോള്‍ അന്ധന് സന്തോഷമായി. കേവലം നിസ്സാരമായ ഒരു തടസ്സം മൂലമാണ് അദ്ദേഹം അന്ധനായത് എന്ന കാര്യം ഡോക്ടര്‍ പറഞ്ഞപ്പോള്‍ അയാള്‍ സങ്കടത്തോടെ പറഞ്ഞു: ‘ഈ ചികിത്സ ചെറുപ്പത്തിലേ ചെയ്തിരുന്നുവെങ്കില്‍ തന്റെ കാഴ്ച എത്രയോ നേരത്തെ തിരിച്ചുകിട്ടുമായിരുന്നു.’ ജീവിതത്തില്‍ അനുഭവിച്ച കഷ്ടതകളെല്ലാം അനാവശ്യഭാരങ്ങളായിരുന്നല്ലോ എന്നയാള്‍ പരിതപിച്ചു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുന്നതിനെപ്പറ്റി ഈ കൊച്ചുസംഭവം പറഞ്ഞുതരുന്നു.

മൃതസംസ്‌കാര വേളയിലെ പ്രാര്‍ത്ഥനയില്‍, മങ്ങിയൊരന്തി വെളിച്ചത്തില്‍… എന്ന ഗാനത്തിലെ ‘ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല, സമയം തെല്ലും തന്നില്ല’ എന്നീ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെയാണ്. ജീവിച്ചിരിക്കുമ്പോള്‍.. ആരോഗ്യമുള്ളപ്പോള്‍.. സമയമുള്ളപ്പോള്‍.. സുബോധമുള്ളപ്പോള്‍.. ദൈവത്തിനു വേണ്ടി ജീവിക്കുക. അല്ലെങ്കില്‍ മരണമാകുന്ന വാതില്‍ നമ്മെ നിത്യകാലത്തോളം ദൈവരാജ്യത്തില്‍ നിന്നും പുറത്താക്കി കൊട്ടിയടച്ചു കളയും.

വി. തോമസ് അക്വീനാസ് ക്രിസ്താനുകരണത്തില്‍ ഇങ്ങനെയെഴുതി: ‘അവിടുത്തോടൊപ്പം സന്തോഷിക്കുവാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഒപ്പം സഹിക്കുവാന്‍ ആര്‍ക്കും താല്‍പര്യമില്ല. അപ്പം മുറിക്കുന്ന, വെള്ളം വീഞ്ഞാക്കുന്ന ക്രിസ്തുവിനെ അനുഗമിക്കുവാന്‍ അനേകരുണ്ട്. പക്ഷെ, കയ്പ്പുനീരിന്റെ കാസായില്‍ പങ്കുചേരുവാന്‍ അനേകരില്ല.’ ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറയുന്നത് ഇപ്രകാരമാണ്: ‘Most lives are frustrated because they have left out the Cross.’ ഇടുങ്ങിയ വാതിലിലൂടെ സഹനത്തിന്റെ വഴികളിലൂടെ മുന്നേറി രക്ഷ പ്രാപിക്കാം. കൂടെയുള്ള സഹോദരനുവേണ്ടി സഹനം സ്വീകരിച്ചുകൊണ്ട് രക്ഷ സ്വന്തമാക്കാം.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ബ്ര. റോബിന്‍ കോലഞ്ചേരി MCBS