ഞായര്‍ പ്രസംഗം 2 ശ്ലീഹാക്കാലം ആറാം ഞായര്‍ ജൂലൈ 14 മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍

ദിവ്യകാരുണ്യ ഈശോയില്‍ പ്രിയപ്പെട്ടവരെ,

പ്രകൃതിദുരന്തങ്ങളും അപകടങ്ങളും മനുഷ്യമനസ്സിന് ഉത്തരം കിട്ടാത്ത രഹസ്യങ്ങള്‍ തന്നെയാണ്. ജീവിതദുഃഖങ്ങളുടെ ഏകാന്തനിമിഷങ്ങളില്‍ നാമെല്ലാവരും ഒരിക്കലെങ്കിലും ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ് ‘ദൈവമേ, എന്തുകൊണ്ട് നീ എന്നോട് ഇപ്രകാരം ചെയ്യുന്നു?’ ഓരോ ദിവസവും പത്രമാധ്യമങ്ങളിലൂടെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ കഥകള്‍ നാം വായിച്ചറിയുന്നുണ്ട്. സ്വന്തം മക്കളെപ്പോലെ താന്‍ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ഹോമിച്ച രേവതി എന്ന അധ്യാപിക, അപകടത്തില്‍പെട്ട ബന്ധുവിനെയും കൊണ്ട് ആംബുലന്‍സില്‍ പോകവെ ടാങ്കര്‍ ലോറിയിടിച്ച് ജീവന്‍ നഷ്ടപ്പെട്ട സുഹൃത്തുക്കളും ബന്ധുക്കളും, മത-തീവ്രവാദികളുടെ ബുദ്ധിഹീനതയ്ക്കു മുന്നില്‍ സ്വന്തം ജീവന്‍ അടിയറ വയ്‌ക്കേണ്ടിവന്ന സിറിയയിലെയും ശ്രീലങ്കയിലെയും നിരപരാധികള്‍…

സര്‍വ്വപരിപാലകനായ ദൈവമേ, അങ്ങയുടെ കണ്‍മുമ്പില്‍ എങ്ങനെ ഇത്തരം ദുരന്തങ്ങള്‍ അരങ്ങേറുന്നുവെന്നതാണ് ഓരോ വിശ്വാസിയെയും ചഞ്ചലപ്പെടുത്തുന്ന ഒരു ചോദ്യം. മനുഷ്യന്റെ ഈ സഹനങ്ങളെയും ദുരന്തങ്ങളെയും വ്യാഖ്യാനിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. യഹൂദചിന്തയനുസരിച്ച്, നീതിമാന്‍ ദൈവത്താല്‍ സമ്മാനിതനായി ഈ ലോകത്തില്‍ നീണ്ടതും സമൃദ്ധവുമായ ഒരു ജീവിതം നയിക്കുമെന്നും പാപികളുടെ ജീവിതം അവരുടെ പാപം മൂലം അവിടുന്ന് വെട്ടിക്കുറയ്ക്കുമെന്നും അവര്‍ കരുതിയിരുന്നു. പാപം ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സഹനങ്ങളെ മാതാപിതാക്കളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. ജ്യോതിശാസ്ത്രപ്രകാരം മനുഷ്യദുരന്തങ്ങളുടെ ഉത്തരവാദി ആകാശഗോളങ്ങളാണ്. ശനിയും ശുക്രനും രാഹുവും ഗുളികനുമൊക്കെ സ്ഥാനം തെറ്റി നിന്നാല്‍ അനര്‍ത്ഥങ്ങള്‍ അതിഥികളായെത്തുമെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു.

എന്നാല്‍, ഇന്നത്തെ സുവിശേഷത്തില്‍ ഗലീലിയാക്കാരെ പീലാത്തോസ് വധിച്ച സംഭവത്തിലൂടെയും സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടു പേര്‍ മരിച്ച സംഭവത്തിലൂടെയും ഈശോ നമ്മോട് പറയുന്നു: ദുരന്തവാര്‍ത്തകളെ വ്യാഖ്യാനിക്കുകയല്ല മറിച്ച്, അവയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഓരോ ദുരന്തവാര്‍ത്തകളില്‍ നിന്നും എന്തു പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടതെന്ന് വളരെ വ്യക്തമായി ഈശോ പറഞ്ഞുതരുന്നുണ്ട്. അതും ഒന്നല്ല രണ്ട് പ്രാവശ്യം. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13:3; 13:5). അതായത് ക്രിസ്തുദര്‍ശനത്തില്‍ ഭൗതിക ദുരന്തങ്ങളെക്കാളും ഏറ്റവും വലിയ ദുരന്തം മാനസാന്തരപ്പെടാത്ത അവസ്ഥയാണ്.

എന്താണ് മാനസാന്തരം അഥവാ പശ്ചാത്താപം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? പുതിയ നിയമം വിവര്‍ത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് ഭാഷയില്‍ മാനസാന്തരത്തിന്, സമ്പൂര്‍ണ്ണമായ ആന്തരികനവീകരണം, ഒരു പുതിയ സൃഷ്ടിയായിത്തീരല്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മാനസാന്തരം എന്നുപറഞ്ഞാല്‍, അതൊരു ആന്തരീകനവീകരണമാണ്. പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിക്കലാണ്. പുതിയ സൃഷ്ടിയായി രൂപപ്പെടലാണ്. ഈയൊരു മാനസാന്തരാനുഭവത്തിലേയ്ക്ക് കടന്നുവരാനുള്ള കുറുക്കുവഴി വി. ലൂക്കാ സുവിശേഷകന്‍ തന്റെ സുവിശേഷത്തില്‍ പലയിടങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. സുവിശേഷമാകുന്ന വയലില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആ നിധി നമുക്ക് കണ്ടുപിടിക്കാം.

വി. ലൂക്കായുടെ സുവിശേഷത്തില്‍ ഏകദേശം 10 തവണയോളം മാനസാന്തരത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മാനസാന്തരപ്പെടാനുള്ള സ്‌നാപകയോഹന്നാന്റെ ആഹ്വാനത്തോടെ ആരംഭിക്കുന്ന ലൂക്കാ സുവിശേഷത്തില്‍ പാപിയുടെ മാനസാന്തരമാണ് ഏറ്റവും സന്തോഷം നല്‍കുന്ന സംഗതിയെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍, മാനസാന്തരത്തെപ്പറ്റിയുള്ള രണ്ട് പരാമര്‍ശങ്ങളില്‍ മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കാത്ത നഗരങ്ങളെക്കുറിച്ചും (ലൂക്കാ 10:13) തലമുറയെപ്പറ്റിയും (ലൂക്കാ 11:32) ഈശോ പറയുന്നത് ഒരേ കാര്യം തന്നെയാണ്.

ലൂക്കാ 10:13-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ‘കൊറാസിന്‍ നിനക്ക് ദുരിതം! ബേത്സയ്ദാ നിനക്ക് ദുരിതം. നിങ്ങളില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടുത്തെ ജനം ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു.’ തന്റെ അത്ഭുതങ്ങള്‍ കണ്ടിട്ടും പ്രബോധനങ്ങള്‍ ശ്രവിച്ചിട്ടും മാനസാന്തരപ്പെടാത്ത നഗരങ്ങളെ പറ്റിയുള്ള യേശുവിന്റെ നൊമ്പരമാണിത്. വീണ്ടും 11: 32-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ‘നിനവെ നിവാസികള്‍ വിധിദിവസത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍.’ യോനായുടെ പ്രസംഗം കേട്ടാണ് നിനവെ നിവാസികള്‍ക്ക് പശ്ചാത്താപമുണ്ടായത്. എങ്കില്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവനായ ക്രിസ്തു. എന്നാല്‍, വാക്കുകളും പ്രവര്‍ത്തികളും കണ്ട തലമുറ മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കാത്തതാണ് യേശുവിനെ വിഷമിപ്പിക്കുന്നത്. അതായത് പ്രിയമുള്ളവരെ, കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും മിശിഹായെ തിരിച്ചറിയുകയോ അവിടുന്നില്‍ വിശ്വസിക്കുകയോ ചെയ്യാത്തതു കൊണ്ടാണ് നമുക്ക് പുതിയ സൃഷ്ടിയായിത്തീരാന്‍ – ആന്തരിക നവീകരണം പ്രാപിക്കാന്‍ കഴിയാത്തത്.

പഴയനിയമ ഇസ്രായേലിന്റെ പ്രധാന പ്രശ്‌നവും ഇതു തന്നെയായിരുന്നു. ഈജിപ്തില്‍ നിന്ന് തങ്ങളെ രക്ഷിച്ച ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും അനുഭവിച്ചിട്ടും കൂടെ നടന്ന ദൈവത്തെ തിരിച്ചറിയാതെ വിജാതീയ വിഗ്രഹങ്ങളിലേയ്ക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലമോ.. പ്രവാചകന്മാരിലൂടെ അവിടുന്ന് കൊടുത്ത മുന്നറിയിപ്പുകളെ അവര്‍ അവഗണിച്ചു. മാനസാന്തരപ്പെടാന്‍ മനസ്സു കാട്ടാത്തതിനാല്‍ ദൈവം അവരെ വിദേശിയര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു.

പ്രിയമുള്ളവരെ, നമുക്ക് നമ്മുടെ ജിവിതങ്ങളെ ആത്മപരിശോധനയ്ക്ക് വിധേയമാക്കാം. നമ്മുടെ അനുദിനജീവിതത്തില്‍ എത്രമാത്രം ദൈവസാന്നിധ്യം നാം അനുഭവിച്ചറിയുന്നുവോ അതിനനുസരിച്ചു മാത്രമേ നമുക്ക് മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കൂ. വെറുതെയൊന്ന് ചിന്തിച്ചു നോക്കിയാല്‍ നമുക്ക് മനസിലാവും ഒരു നല്ല കുമ്പസാരം നടത്തിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ഒരു വാര്‍ഷികധ്യാനം കൂടിക്കഴിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആനന്ദം നമുക്ക് അനുഭവിക്കാനാവുന്നത്. കാരണം, നാം ദൈവസാന്നിധ്യാവബോധത്തിലാണ്. അപ്പോള്‍ നമ്മുടെ ഒരു സുഹൃത്ത് നമ്മെ അടിക്കുകയോ കുറ്റം പറയുകയോ ചെയ്താല്‍ നാം ക്ഷമിക്കും സ ഹിക്കും. കാരണം, നമ്മിലെ ദൈവസാന്നിധ്യാവബോധം നമ്മോട് പറയും നിന്റെ സഹോദരനോട് ഏഴല്ല ഏഴുപത് പ്രാവശ്യം നീ ക്ഷമിക്കണം. എന്നാല്‍, ഒന്നു-രണ്ട് ആഴ്ചയൊക്കെ കഴിഞ്ഞാലോ ഈയൊരു ദൈവസാന്നിധ്യാവബോധം നാം മെല്ലെ മറക്കാന്‍ തുടങ്ങും. നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറും. അപ്പോള്‍ അതേ സുഹൃത്ത് നമ്മെ തമാശയ്ക്ക് അടിച്ചാലോ, കളിയാക്കിയാലോ നമ്മുടെ മനസിലേയ്ക്കു വരുന്ന വചനം എന്തായിരിക്കും. പഴയനിയമത്തില്‍ നാം കാണുന്ന ഹമുറാമ്പിയുടെ നീതിവാചകം തന്നെ – ‘പല്ലിനു പകരം പല്ല്, കണ്ണിനു പകരം കണ്ണ്.’

അതിനാല്‍, നമുക്ക് മനസില്‍ കുറച്ചിടാം. മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവസാന്നിധ്യാവബോധത്തില്‍ നാം നിരന്തരം വ്യാപരിക്കണം. അവിടുന്ന് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെപ്പറ്റി ഓര്‍ത്തുകൊണ്ട് അവിടുത്തോട് ചേര്‍ന്നുനില്‍ക്കണം. വിഗ്രഹാരാധനയുടെ പിറകെപോയ ഇസ്രായേല്‍ ജനതയോട് മോശ ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. ‘നിങ്ങളുടെ ദൈവമായ കര്‍ത്താവിനോട് ചേര്‍ന്നുനിന്നാല്‍ നിങ്ങള്‍ എന്നും ജീവിക്കും’ (നിയമാ. 4:4).

പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ദൈവസാന്നിധ്യാവബോധം നിരന്തരം കാത്തുസൂക്ഷിക്കാനാണ്. നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍ (1 കൊറി. 10:31). മരണമെത്തുന്ന വിനാഴികയില്‍ തന്റെ സമീപത്ത് ക്രൂശിക്കപ്പെട്ടിരിക്കുന്നത് ലോകരക്ഷകനായ ക്രിസ്തുവാണെന്ന അവബോധം നല്ല കള്ളന് രക്ഷയിലേയ്ക്കുള്ള വാതില്‍ തുറന്നുവെങ്കില്‍, അതേ ദിവ്യകാരുണ്യം സ്വീകരിക്കുന്ന നാം, എന്റെയുള്ളിലേയ്ക്ക് എഴുന്നള്ളി വന്നത് ഈശോ തന്നെയാണെന്ന അവബോധത്തില്‍ ആഴപ്പെട്ട് ജീവിക്കുകയാണെങ്കില്‍ നമുക്കും ഒരു പുതിയ സൃഷ്ടിയായി മാറാന്‍ സാധിക്കും.

നമുക്ക് പ്രാര്‍ത്ഥിക്കാം ഈശോയെ, മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് ഏറ്റവും ആവശ്യമായി വേണ്ടത് നീ ഞങ്ങളിലുണ്ട് എന്ന ബോധ്യമാണല്ലോ. ഈശോയെ, അനുദിനജീവിതത്തില്‍ നിന്റെ സാന്നിധ്യത്തെപ്പറ്റി ധ്യാനിക്കാന്‍ നീ നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് അങ്ങനെ നിന്റെ പ്രകാശത്തില്‍ വ്യാപരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമെ. ആമ്മേന്‍.

ബ്ര. ജോസഫ് പറഞ്ഞാട്ട് MCBS