ഞായര്‍ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം ഒന്‍പതാം ഞായര്‍ ഒക്ടോബര്‍ 24, സ്വയം അശുദ്ധനാകാതെ ശുദ്ധനാക്കുന്നവന്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന പ്രിയ വൈദികരേ, സഹോദരങ്ങളേ,

ചില കണ്ടുമുട്ടലുകള്‍ നമ്മുടെ ജീവിതത്തെ ആകെ മാറ്റിമറിക്കും. ചിലര്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. 1950 -കളുടെ ആരംഭത്തില്‍ നടന്ന ഒരു സംഭവം ഇങ്ങനെയാണ്: മദ്യപാനത്തിന് അടിമയായിരുന്ന ഒരു വൈദികന്‍ റോമില്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായ ശാസനകളും താക്കീതുകളും ഒരു ഫലവും ഉണ്ടാക്കാതിരുന്നപ്പോള്‍ സഭ ആ മനുഷ്യനെ പൗരോഹിത്യശുശ്രൂഷകളില്‍ നിന്നും കുറച്ചുകാലത്തേക്ക് അകറ്റിനിര്‍ത്തി. ശിക്ഷാനടപടികള്‍ നേരിട്ട ശേഷവും തന്റെ ജീവിതത്തിന് ഒരു മാറ്റവും വരുത്താതിരുന്ന അയാള്‍ പതിവുപോലെ ഒരു ദിവസം ബാറില്‍ മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു, ടൂറിലെ പുതിയ ബിഷപ്പ് അച്ചനെ കാണാന്‍ പുറത്തുനില്‍ക്കുന്നുണ്ട്. തന്റെ പശ്ചാത്തലവും താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശിക്ഷാനടപടികളും അറിയാവുന്ന ആരൊക്കെയോ തന്നെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്ന് തോന്നിയതുകൊണ്ട് അയാള്‍ അത് ശ്രദ്ധിച്ചില്ല. പിന്നീട് പലരും അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് ഇതു തന്നെ പറഞ്ഞു, പുതിയ ബിഷപ്പ് കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ അവരും തന്നെ പറ്റിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. അപ്പോള്‍ ഒരു കൈ അദ്ദേഹത്തിന്റെ തോളത്തു തട്ടി; ടൂറിലെ പുതിയ മെത്രാന്‍. പുറത്തേക്ക് വരൂ എന്നു പറഞ്ഞ് മെത്രാന്‍ ആ വൈദികനെയും കൂട്ടി കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് നടന്നു. ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ഒരു ഊറാറ ആ വൈദികന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് മെത്രാന്‍ പറഞ്ഞു: “താങ്കള്‍ എന്റെ കുമ്പസാരം കേള്‍ക്കണം.” കുമ്പസാരക്കൂട്ടില്‍ കണ്ണുനീരിന്റെ ഉറവ പൊട്ടി, അനുതാപിയില്‍ നിന്നല്ല, വൈദികനില്‍ നിന്ന്. ആ വൈദികന്‍ മാനസാന്തരപ്പെട്ടു. ഈ സംഭവത്തിലെ ബിഷപ്പിന്റെ പേര് ആഞ്ചലോ റൊന്‍കാളി എന്നായിരുന്നു. അദ്ദേഹമാണ് പിന്നീട് ജോണ്‍ 23-ാമന്‍ എന്ന പേര് സ്വീകരിച്ച് മാര്‍പാപ്പായി തിരുസഭയെ നയിച്ചത്. പാപിയെ അവന്റെ ജീവിതസാഹചര്യ ങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ റൊന്‍കാളി എന്ന മെത്രാനെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ മാതൃക തന്നെയായിരിക്കണം.

ക്രിസ്തുവിന്റെ കൂട്ട് എന്നും പാപികളോടും സമൂഹം പാപികളെന്ന് മുദ്ര കുത്തിയവരോടുമായിരുന്നു. സക്കേവൂസിന്റെ ഭവനത്തിലേക്ക് അവന്‍ നടന്നുകയറിയപ്പോഴും ചുങ്കക്കാരനായ ലേവിയെ തന്റെ ശിഷ്യനായി തിരഞ്ഞെടുത്തപ്പോഴും പാപികളോടൊപ്പം ചുറ്റിസഞ്ചരിച്ചപ്പോഴും സമൂഹത്തിലെ പ്രമുഖര്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ട് അവന്റെ ശിഷ്യന്മാരോട് ചോദിച്ചു, എന്തേ നിങ്ങളുടെ ഗുരു പാപികളോടൊപ്പം നടന്ന് സ്വയം അശുദ്ധനാകുന്നു.

പഴയനിയമത്തിലൂടെ ഒന്ന് കണ്ണോടിക്കുമ്പോള്‍ ശുദ്ധിയുമായി ബന്ധപ്പെട്ട ഒരുപാട് നിയമങ്ങള്‍ നാം കാണുന്നുണ്ട്. കാരണം ദൈവം പരിശുദ്ധനാണ്. പരിശുദ്ധി തന്നെയായ ദൈവത്തിനു മുമ്പില്‍ വ്യാപരിക്കണമെങ്കില്‍ ജനവും പരിശുദ്ധരായിരിക്കണം. ലേവ്യരുടെ പുസ്തകത്തിലുടനീളം ദൈവീകപരിശുദ്ധിയോട് ചേര്‍ന്നുനില്‍ക്കാന്‍ ഇസ്രായേലിനുണ്ടായിരിക്കേണ്ട വിശുദ്ധിയെപ്പറ്റിയാണ് പറഞ്ഞുവയ്ക്കുക. ദേവാലയത്തില്‍ മ്ലേഛത നിറയുമ്പോള്‍ ദേവാലയം വിട്ടുപോകുന്ന ദൈവമഹത്വത്തെപ്പറ്റി എസെക്കിയേല്‍ പ്രവാചകന്‍ പറയുമ്പോള്‍, അശുദ്ധിയോട് അസഹിഷ്ണുവായ ദൈവത്തിന്റെ ചിത്രമാണ് അത് നമുക്ക് പകര്‍ന്നു നല്‍കുക. അങ്ങനെയെങ്കില്‍, നിയമജ്ഞരുടെയും ഫരിസേയരുടെയും യഹൂദപ്രമാണികളുടെയും ചോദ്യം വളരെ പ്രസക്തമാണ്. എന്തേ ക്രിസ്തു പാപികളോടൊപ്പം നടന്ന് സ്വയം അശുദ്ധനാകുന്നു. ദൈവം അശുദ്ധിയോട് അസഹിഷ്ണുവെങ്കില്‍ ദൈവം തന്നെയായ പുത്രന്‍, ക്രിസ്തു എന്തേ പാപികളോടൊപ്പം നടന്ന് സ്വയം അശുദ്ധനാകുന്നു. അതിനുള്ള ഉത്തരം ഇത്ര മാത്രം, പാപത്തെ അവന്‍ വെറുത്തു; പാപിയെയാകട്ടെ അവന്‍ സ്‌നേഹിച്ചു.

യഹൂദപാരമ്പര്യമനുസരിച്ച് കടല്‍ തിന്മയുടെയും അശുദ്ധിയുടെയും ഇടമാണ്. ശവകുടീരവും പന്നിയുമെല്ലാം അശുദ്ധിയുടെ പ്രതീകങ്ങളാണ്. വിജാതീയരുടെ നാട് അശുദ്ധമായ നാടാണ്. ഇന്നത്തെ വചനത്തില്‍ നാം കണ്ടുമുട്ടുന്ന പിശാചുബാധിതര്‍ ഇവയ്‌ക്കെല്ലാം മദ്ധ്യേയാണ് ജീവിക്കുന്നത്. വിജാതീയരുടെ നാടും, കടലും, പന്നിയും, ശവകുടീരവുമൊക്കെ അവര്‍ക്കു ചുറ്റും നിറഞ്ഞുനില്‍ക്കുന്ന അശുദ്ധിയുടെ ആധിക്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നിറഞ്ഞുനില്‍ക്കുന്ന അശുദ്ധിയുടെ മദ്ധ്യത്തിലേക്കും അല്‍പം പോലും മടിക്കാതെ ക്രിസ്തു ഇറങ്ങിച്ചെല്ലുന്നു. അവര്‍ക്ക് സൗഖ്യം പകരുന്നു. ശുദ്ധത പകരുന്നു.

സമൂഹം കല്‍പിച്ചുകൊടുത്ത അശുദ്ധിയുടെ അതിര്‍വരമ്പുകളില്‍ ഒതുങ്ങിക്കൂടിയ പിശാചുബാധിതരെ, അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ തേടിച്ചെന്ന് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ക്രിസ്തുവിന്റെ മനോഭാവം ഉള്ളിന്റെയുള്ളില്‍ സ്വാംശീകരിക്കാന്‍ ഒരു ക്രിസ്തുശിഷ്യനെന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. നാം ആയിരിക്കുന്ന സമൂഹത്തിലുള്ളവര്‍ എത്രയേറെ കുറവുകളും പോരായ്മകളും ഉള്ളവര്‍ ആയിക്കൊള്ളട്ടെ, അവരെയെല്ലാം സ്‌നേഹിക്കാനും ചേര്‍ത്തുപിടിക്കാനും നമുക്ക് കഴിയണം. എന്നാല്‍, അതുകൊണ്ടു മാത്രം ഒരു ക്രിസ്തുശിഷ്യന്റെ ദൗത്യം അവസാനിക്കുന്നില്ല. ക്രിസ്തുവിനേപ്പോലെ സൗഖ്യദായകനായി മാറാനും അവന് കഴിയണം. അതിന് കഴിയണമെങ്കില്‍ നമ്മുടെ ജീവിതത്തെ പരിപാലിക്കുന്ന ദൈവികസാന്നിധ്യത്തെപ്പറ്റി നാം ബോധവാന്മാരാകണം.

ഗദറായ ദേശത്തേക്കുള്ള യേശുവിന്റെയും ശിഷ്യരുടെയും യാത്ര കടലിലൂടെയാണ്. ആ സമയത്ത് ഉണ്ടാകുന്ന കടല്‍ക്ഷോഭത്തെ ദൈവപുത്രനെതിരായ തിന്മയുടെ ഭീഷണിപ്പെടുത്തലായിട്ടാണ് ബൈബിള്‍ പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നത്. സ്‌നേഹമുള്ളവരെ ഇതുപോലെ നന്മ ചെയ്യാന്‍ വേണ്ടിയുള്ള നമ്മുടെ യാത്രകളില്‍ എല്ലാ പ്രതിസന്ധികളും പ്രലോഭനങ്ങളും നമുക്ക് അകമ്പടിയായി ഉണ്ടായിരിക്കും അപ്പോള്‍ നമുക്ക് ഉണ്ടാകുന്ന പ്രതികരണവും ഈ ശിഷ്യന്മാരുടെ പ്രതികരണം പോലെ തന്നെയല്ലേ. ദൈവികസാന്നിധ്യത്തെപ്പറ്റി ബോധവാന്മാരാകാതെ നാം മുറുമുറുത്തു കൊണ്ടിരിക്കും, ക്രിസ്തുവിന് എന്റെ കാര്യത്തില്‍ ശ്രദ്ധയില്ല എന്ന്. കോവിഡിന്റെ സാഹചര്യമാണെങ്കില്‍ പോലും നമ്മള്‍ പള്ളിയില്‍ വരുന്നു അല്ലെങ്കില്‍ ഓണ്‍ലൈനില്‍ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നു, വചനപ്രഘോഷണങ്ങള്‍ കേള്‍ക്കുന്നു, അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുന്നു എന്നാല്‍ ജീവിതത്തില്‍ പ്രതിസന്ധികളും രോഗങ്ങളും ഒറ്റപ്പെടലുകളും ഒക്കെ വലിയ കൊടുങ്കാറ്റായി ആഞ്ഞുവീശുമ്പോള്‍ നമ്മുടെ ജീവിതത്തോണി ആടിയുലയുമ്പോള്‍ നമ്മുടെ കൂടെയുള്ള ക്രിസ്തുസാന്നിധ്യത്തെ നാം തിരിച്ചറിയുന്നുണ്ടോ? ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വചനഭാഗത്ത് നല്‍കുന്ന വ്യാഖ്യാനം വളരെ ശ്രദ്ധാര്‍ഹമാണ്. കാറ്റിലും തിരമാലകളിലുമാടിയുലഞ്ഞ ശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തുന്നത് ‘കര്‍ത്താവേ, രക്ഷിക്കണേ ഇതാ ഞങ്ങള്‍ നശിക്കുന്നു’ എന്നുപറഞ്ഞാണ് ക്രിസ്തുവിന് തങ്ങളെ രക്ഷിക്കാന്‍ സാധിക്കുമെന്ന അവരുടെ വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലും തങ്ങളുടെ കാര്യത്തില്‍ യേശു ശ്രദ്ധാലുവാണോ എന്നതാണ് അവരുടെ ഭയത്തിനു കാരണം. പിശാചുബാധിതരായ ഗദറായകരുടെ ജീവിതത്തില്‍ അവര്‍ പോലും ആവശ്യപ്പെടാതെ യേശു ഇടപെട്ടതുപോലെ നമ്മുടെ ആവശ്യങ്ങള്‍ നാം പറയാതെ തന്നെ അറിയുന്നവനാണ് നമ്മു ടെ ദൈവം. സങ്കീര്‍ത്തനം 3:5 -ല്‍ പറയുന്നു: “ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു; ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നു. എന്തെന്നാല്‍ ഞാന്‍ കര്‍ത്താവിന്റെ കൈകളിലാണ്.” ഓരോ ക്രിസ്തുശിഷ്യനും തങ്ങളുടെ ജീവിതത്തിലെ വിവിധങ്ങളായ സാഹചര്യങ്ങളില്‍ കാത്തുസൂക്ഷിക്കേണ്ട വലിയ ദൈവികസാന്നിധ്യവബോധത്തിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുക.

അശുദ്ധി നിറഞ്ഞുനിന്ന സാഹചര്യങ്ങളിലും സ്വയം അശുദ്ധനാകാതെ പിശാചുബാധിതരെ ശുദ്ധരാക്കാന്‍ തക്ക ശക്തി ക്രിസ്തുസാന്നിധ്യത്തിനും അവന്റെ വചനത്തിനും ഉണ്ടായിരുന്നു. വിജാതിയരുടെ നാടും കടലും പന്നിയും ശവകുടീരവുമൊക്കെ ഇന്നത്തെ സുവിശേഷത്തില്‍ അശുദ്ധിയുടെ പ്രതീകങ്ങളാണെങ്കില്‍ നാം ആയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന തിന്മയുടെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായ മുഖങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. അത് ഒരുപക്ഷേ, മാധ്യമങ്ങളുടെ രൂപത്തിലായിരിക്കാം, സമ്പത്തിന്റെ രൂപത്തിലായിരിക്കാം, അതുമല്ലെങ്കില്‍ ഈ ലോകത്തില്‍ തിങ്ങിനില്‍ക്കുന്ന കപടതയുടെ രൂപത്തിലായിരിക്കാം. ഈ സാഹചര്യങ്ങളിലും ക്രിസ്തുവിനെപ്പോലെ ഇറങ്ങിച്ചെല്ലാന്‍ നമുക്ക് കഴിയണം. ഈ സാഹചര്യങ്ങള്‍ക്കുള്ളില്‍ ജീവിക്കുമ്പോഴും സ്വയം അശുദ്ധനാകാതെ ആത്മാക്കളെ വിശുദ്ധീകരിക്കുവാനുള്ള നമ്മുടെ ദൗത്യം വിജയപ്രദമാകണമെങ്കില്‍ നമ്മുടെ ഉള്ളില്‍ ക്രിസ്തുസാന്നിധ്യാവബോധവും നമ്മുടെ അധരങ്ങളില്‍ അവന്റെ വചനവും അനിവാര്യമാണ്. അനുദിനം ദിവ്യകാരുണ്യത്തില്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്തുസാന്നിധ്യത്തെ ദിവസം മുഴുവനും കെടാതെ കാക്കുന്നതിനും വചനവായനയിലൂടെ അതിനെ ഉജ്ജ്വലിപ്പിക്കാനും നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ. അപ്പോള്‍ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. അതിനുള്ള നമ്മുടെ പരിശ്രമങ്ങളില്‍ നല്ല ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ, അനുഗ്രഹിക്കട്ടെ.
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ഡീ. ജോയിസ് ചേലച്ചുവട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.