ഞായര്‍ പ്രസംഗം, ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ഞായര്‍ ഒക്ടോബര്‍ 04 തകരാത്ത വിശ്വാസം

ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,

പലവിധ രോഗങ്ങളാലും വേദനകളാലും അസ്വസ്ഥരായി തന്റെ പക്കലേയ്ക്ക് വന്നവരോട് അനുകമ്പ തോന്നി അവര്‍ക്ക് സൗഖ്യവും ആശ്വാസവും നല്‍കുന്ന ക്രിസ്തുവിന്റെ ചിത്രം മനസ്സില്‍ പേറിനടക്കുന്ന വിശ്വാസികളായ നമ്മെ അല്‍പമെങ്കിലും നിരാശപ്പെടുത്തുന്ന ഒരു തിരുവചന ഭാഗമാണ് ഏലിയാ-സ്ലീവാ- മൂശാക്കാലം 5-ാം ഞായറാഴ്ചയായ ഇന്ന് നാം വായിച്ചുകേട്ട വചനഭാഗം – കാനാന്‍കാരിയായ ഒരു സ്ത്രീയുടെ വിശ്വാസം. നമ്മുടെ ജീവിതത്തില്‍ വേദനകളുണ്ടാകുമ്പോള്‍, നാം ഒറ്റയ്ക്കാകുമ്പോള്‍ നമ്മുടെ ഏക ആശ്രയം ദൈവമാണ്. ഇതുപോലെ തന്റെ മകളെ ക്രിസ്തുവിനല്ലാതെ മറ്റാര്‍ക്കും സുഖപ്പെടുത്താന്‍ സാധിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കാനാന്‍കാരി സ്ത്രീ ക്രിസ്തുവിനെ സമീപിക്കുക. എന്നാല്‍, വചനത്തില്‍ നാം കാണുന്നു, ക്രിസ്തു ഇവിടെ ആ സ്ത്രീയെ പരിഗണിക്കുന്നില്ല എന്നു മാത്രമല്ല, അവളെ താഴ്ത്തിക്കെട്ടുകയും അധിക്ഷേപിക്കുകയുമാണ്.

ഉല്‍. 32:22-30 വരെയുള്ള വാക്യങ്ങളില്‍ പൂര്‍വ്വപിതാവായ യാക്കോബ്, രാത്രി മുഴുവനും ഒരു അപരിചിതവ്യക്തിയുമായി മല്‍പ്പിടുത്തം നടത്തുകയും ഒടുവില്‍ ആ വ്യക്തി ഒരു ദിവ്യനാണെന്ന് തിരിച്ചറിയുമ്പോള്‍ യാക്കോബ് ആ വ്യക്തിയെ വട്ടംപിടിച്ച് അനുഗ്രഹം ചോദിച്ചുവാങ്ങുകയും ചെയ്യുന്നതായി നാം കാണുന്നുണ്ട്. ദൈവകൃപയുടെ പിന്നാമ്പുറങ്ങളില്‍ ഒരു മല്‍പ്പിടുത്ത ചരിത്രമുണ്ട്. ദൈവവുമായി ഒരു മല്‍പ്പിടുത്തം നടത്തുന്നവരിലേയ്ക്ക് ദൈവം കൃപയുടെ നീര്‍ച്ചാല്‍ ഒഴുക്കും. അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമെന്നുള്ളതിന് വ്യക്തമായ ഉദാഹരണങ്ങളാണ് പഴയനിയമത്തിലെ യാക്കോബും പുതിയനിയമത്തിലെ കാനാന്‍കാരി സ്ത്രീയും. നാം ഇന്ന് വായിച്ചുകേട്ട വചനത്തിലൂടെ ക്രിസ്തു പറയുക, അവഗണനയുടെ കഥയല്ല. മറിച്ച്, അനുഗ്രഹത്തിനായി നീ നിന്റെ ദൈവവുമായി ഒരു മല്‍പ്പിടുത്തം നടത്തണമെന്ന്. അതിലുപരി ആഴമായ വിശ്വാസവും ക്ഷമയും നിന്റെ ജീവിതത്തില്‍ ഉണ്ടാകണമെന്ന്.

നമ്മളൊക്കെ നമ്മുടെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി ദൈവവുമായി മല്‍പ്പിടുത്തം നടത്താറുണ്ട്. മുടങ്ങാതെ വിശുദ്ധ ബലിയില്‍ പങ്കെടുത്തിട്ടും ദൈവത്തോടും സഭയോടും ചേര്‍ന്നുനിന്നിട്ടും കുടുംബപ്രാര്‍ത്ഥനകള്‍ മുടങ്ങാതെ ചൊല്ലിയിട്ടും ജീവിതത്തില്‍ എപ്പോഴും ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം ദൈവത്തോട് പരാതിപ്പെടാറുണ്ട്, എന്തേ ദൈവമേ, നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും നീ എനിക്ക് ദുരിതങ്ങള്‍ മാത്രം തരുന്നു? ഇതിനുള്ള ഉത്തരം ഉല്‍പത്തി പുസ്തകത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്.

ഉല്‍പത്തി പുസ്തകത്തില്‍ അബ്രാഹം എന്ന വ്യക്തിയെ അവതരിപ്പിക്കുന്നുണ്ട്. ദൈവത്തിനു വിധേയപ്പെട്ട് പ്രാര്‍ത്ഥനയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് മക്കളെ നല്‍കിയിരുന്നില്ല. സ്വന്തമായി ഒരു മകന്‍ പോലുമില്ലാതിരുന്ന അബ്രാഹത്തെ വിളിച്ച് ദൈവം അരുള്‍ചെയ്തു: “അബ്രാം, ഞാന്‍ കാണിച്ചുതരുന്ന ദേശത്തേയ്ക്ക് പോവുക. ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും.” മനുഷ്യദൃഷ്ടിയില്‍ അസാധ്യമായ കാര്യം. പിന്നീട് അബ്രാഹാമിന്റെ നൂറാം വയസ്സില്‍ ദൈവം അവനോട് പറയുകയാണ്: “ഞാന്‍ നിനക്ക് ഒരു മകനെ നല്‍കും” അബ്രാഹം ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചു. അവന്റെ വിശ്വാസത്തിന് ദൈവം പ്രതിഫലം നല്‍കി – ഒരു മകന്‍.

പ്രാര്‍ത്ഥിച്ചു കിട്ടിയ മകനെ സ്‌നേഹിച്ചുതീരുന്നതിനു മുമ്പ് ദൈവം അബ്രാഹത്തോട് ആ വശ്യപ്പെട്ടു; “നിന്റെ ഏകമകനെ എനിക്ക് ബലിയര്‍പ്പിക്കുക.” എന്നാല്‍, ദൈവത്തോട് തെല്ലും മറുതലിക്കാതെ അബ്രാഹം തന്റെ ഏകമകനെ ബലികഴിക്കാന്‍ മോറിയാ മലയിലേയ്ക്ക് പോകുന്നു. അബ്രഹാം ‘വിശ്വാസികളുടെ പിതാവ്’ എന്നാണ് അറിയപ്പെടുന്നത്. വെറും വിശ്വാസി ആയിരുന്നതുകൊണ്ടല്ല മറിച്ച്, അവന്റെ വിശ്വാസം പരീക്ഷിക്കപ്പെട്ടിട്ടും അബ്രാഹം ദൈവത്തെ തെല്ലും അവിശ്വസിച്ചില്ല എന്നതിനാലാണ് അബ്രഹാം വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്നത്.

പ്രിയമുള്ളവരേ, ഇതുപോലെ വിശ്വാസികളായ നമ്മുടെ ജീവിതങ്ങളില്‍ പ്രതിസന്ധികളുണ്ടാകും, ദൈവം നമ്മെയും പരീക്ഷിക്കും. സമ്പത്തും സന്താനങ്ങളും നഷ്ടപ്പെട്ടപ്പോഴും, ശരീരങ്ങള്‍ വ്രണങ്ങളാല്‍ നിറഞ്ഞപ്പോഴും, സ്വന്തം ഭാര്യ പോലും തന്നെ പഴിച്ചപ്പോഴും ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ച ജോബ് പ്രതീക്ഷ കൈവിടാതെയുള്ള വിശ്വാസത്തിന് ഉത്തമോദാഹരണമാണ്. വേദനയുടെ നിമിഷങ്ങളിലും അബ്രാഹത്തിനെപ്പോലെ, ജോബിനെപ്പോലെ ആഴത്തില്‍ വിശ്വസിക്കാന്‍ നമുക്കാവണം. അബ്രാഹത്തിന്റെ വിശ്വാസത്തെപ്പറ്റി പൗലോ സ് ശ്ലീഹാ ഇങ്ങനെയാണ് പറഞ്ഞുവയ്ക്കുക (റോമ 4:18): “പ്രതീക്ഷയ്ക്ക് വകയില്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.”

പ്രിയമുള്ളവരേ, മാനുഷികമായ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോഴും ദൈവത്തില്‍ വിശ്വസിക്കാന്‍ സാധിച്ചാല്‍ അവിടുന്ന് നിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളും. മാനുഷികയുക്തിയില്‍ നിര്‍വചിക്കുവാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ദൈവം നിന്റെ ജീവിതത്തില്‍ പ്ര വര്‍ത്തിക്കും. വി. അഗസ്തീനോസ് ഇങ്ങനെ പറയുന്നു: “അല്‍പം വിശ്വാസം നിങ്ങളുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കും. എന്നാല്‍, സ്ഥിരതയാര്‍ന്ന വിശ്വാസം സ്വര്‍ഗ്ഗത്തെ നിങ്ങളുടെ ആത്മാവില്‍ എത്തിക്കും.”

പരീക്ഷണങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലും സ്വര്‍ഗ്ഗത്തെ നമ്മുടെ ആത്മാവിലെത്തിക്കുന്ന വിശ്വാസത്തോടെ നമുക്ക് നിലകൊള്ളാം. വിശുദ്ധ ബലിയുടെ നിമിഷങ്ങളില്‍ നമുക്ക് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം. വി. ഹെന്റി ന്യൂമാന്‍ ഇങ്ങനെ പറയുന്നു: “വി. ബലിയില്‍ എന്നപോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന മറ്റൊരു സ്ഥലമില്ല.” നമുക്ക് യാക്കോബിന്റെ മല്‍പ്പിടുത്ത ശൈലിയോടെ, അബ്രാഹത്തിന്റെയും, കാനാന്‍കാരിയുടെയും വിശ്വാസത്തോടെ എല്ലാ നിയോഗങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.

ഈ വിശുദ്ധ ബലിയില്‍ നാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ഉറ്റവരുടെ രോഗങ്ങള്‍ സൗഖ്യമാക്കപ്പെടും, കുടുംബങ്ങളില്‍ ശാന്തിയുണ്ടാകും, സുഹൃത്തുക്കളുടെ വേദനകള്‍ മാറ്റപ്പെടും, ബന്ധനങ്ങള്‍ തകര്‍ക്കപ്പെടും, മനുഷ്യന് വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ നമ്മില്‍ നടക്കും.

ബ്ര. ജെറിന്‍ കുര്യളാനിക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.