ഞായര്‍ പ്രസംഗം 2, ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായര്‍ സെപ്റ്റംബര്‍ 13 വേര്‍തിരിവുകളില്ലാത്ത സ്‌നേഹം

ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ഞായറാഴ്ചയിലേയ്ക്കാണ് നാം ഇന്ന് പ്രവേശിക്കുന്നത്. രക്ഷാകരചരിത്രം പൂര്‍ത്തീകരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെയാണ് ഈ കാലഘട്ടത്തിലൂടെ നാം ധ്യാനിക്കുന്നത്.

ഇന്ന് തിരുസഭാമാതാവ് പ്രത്യേകമായി, ദൈവത്തിന്റെ വേര്‍തിരിവുകളില്ലാത്ത സ്‌നേഹത്തെപ്പറ്റിയാണ് വിതക്കാരന്റെ ഉപമയിലൂടെ സംസാരിക്കുക. ‘വിതക്കാരന്റെ ഉപമ’ നാമൊക്കെ നമ്മുടെ ചെറുപ്പകാലം മുതലേ കേട്ടുവളര്‍ന്ന ഒന്നാണ്. ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെടുന്നു. വിതച്ച വിത്ത് പല സ്ഥലങ്ങളിലായി വീഴുന്നു. നമ്മോടൊക്കെ പലരും പറഞ്ഞുതന്നിട്ടുണ്ട്, വിതക്കാരന്‍ ഈശോയും അവിടുന്ന് വിതയ്ക്കുന്നത് ദൈവവചനവുമാണെന്ന്. എന്തുകൊണ്ടാണ് ക്രിസ്തു എല്ലായിടത്തും വിത്തുകള്‍ വിതയ്ക്കുന്നത്? ഒരു സ്ഥലവും വിടാതെ എല്ലായിടത്തേയ്ക്കും വിത്തുകള്‍ വാരിയെറിയുന്നത്?

സഭാപിതാവായ വി. ക്രിസോസ്‌തോം തിരിച്ചുവ്യത്യാസമില്ലാതെ വിതയ്ക്കുന്ന ഒരു വിതക്കാരനെപ്പറ്റി പറഞ്ഞുവയ്ക്കുന്നുണ്ട് – ക്രിസ്തുവിനെപ്പറ്റി. ക്രിസ്തു എന്ന വിതക്കാരന്‍ തന്റെ ദാനങ്ങള്‍ ദരിദ്രനെന്നോ, ജ്ഞാനിയെന്നോ, മൂഢനെന്നോ, അലസനെന്നോ, പരിശ്രമശാലിയെന്നോ, ഭീരുവെന്നോ, ധീരനെന്നോ വ്യത്യസമില്ലാതെ എല്ലാവരിലേയ്ക്കും വര്‍ഷിക്കുന്നു.

അവിടുന്ന് കൈതുറന്ന് വ്യത്യാസമില്ലാതെ വിത്തെറിഞ്ഞിട്ടും കുറേ വിത്തുകള്‍ നിഷ്ഫലമായി. ഇത് നിലത്തിന്റെ പ്രത്യേകതയാണ്. പച്ചപിടിച്ചവയേക്കാള്‍ കൂടുതല്‍ വിത്തുകള്‍ പാഴായിപ്പോകുന്നതായാണ് നാം കാണുക. ചില വിത്തുകള്‍ പാഴായിപ്പോകും. എങ്കിലും ഇടമുറിയാതെ വിതച്ചുകൊണ്ടിരിക്കുക എന്നത് കര്‍ത്താവിന്റെ രീതിയാണ്. ഇതാണ് പാഴ്ഭൂമിയിലും വിത്തെറിയുന്ന, വേര്‍തിരിവുകളില്ലാത്ത കര്‍ത്താവിന്റെ സ്‌നേഹം. വിതയ്ക്കപ്പെട്ട സ്ഥലങ്ങളെല്ലാം ദൈവത്തിന് ഒരുപോലെ പ്രിയപ്പെട്ടതാണ്. ആരെയും അവിടുന്ന് മാറ്റിനിര്‍ത്തുന്നില്ലായെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് അറിഞ്ഞിട്ടാവണം, പത്രോസ് ശ്ലീഹാ അപ്പ. പ്രവ. 10:34-ല്‍ ഇപ്രകാരം പറഞ്ഞുവച്ചത്: “സത്യമായും ദൈവത്തിന് പക്ഷപാതം ഇല്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏത് ജനതയില്‍ പ്പെട്ടവനായാലും ദൈവത്തിന് സ്വീകാര്യനാണെന്നും ഞാന്‍ അറിയുന്നു” എന്ന്.

ഇതാണ് പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ തിരിച്ചുവ്യത്യാസമില്ലാത്ത സ്‌നേഹം. ‘ഈ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് അവിടുന്ന് എല്ലാവരിലേയ്ക്കും ആരെയും മാറ്റിനിര്‍ത്താതെ’ വിത്തെറിയുന്നത്. ഇന്നത്തെ ഒന്നാം വായനയായ നിയമാവര്‍ത്തന പുസ്തകത്തില്‍ നാം കാണുന്നത്, ദൈവത്തിന്റെ അഗാധമായ സ്‌നേഹത്തെപ്പറ്റി തന്നെയാണ്. തലമുറകളോളം സ്‌നേഹം കാണിക്കുന്ന വിശ്വസ്തനായ ഒരു ദൈവത്തെപ്പറ്റി.

നമ്മുടെയൊക്കെ നന്മകളോ, ഗുണങ്ങളോ, മേന്മയോ ഒന്നും നോക്കിയല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത് എന്ന് നിയമാവര്‍ത്തന പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് രണ്ടാം വായനയിലേയ്ക്കു വരുമ്പോള്‍ ഏശയ്യാ പ്രവാചകന്‍ നമ്മോടിന്ന് പറയുക കരുണയുള്ള ഒരു ദൈവത്തിന്റെ മുഖത്തെപ്പറ്റിയാണ്. നിനക്ക് എത്രയെത്ര ബുദ്ധിമുട്ടുകളുണ്ടെങ്കിലും നിന്നില്‍ നിന്ന് മറയാത്ത ഒരു ദൈവത്തെപ്പറ്റി.

പ്രിയപ്പെട്ടവരേ, ഈ രണ്ടു വായനകളും ഒന്ന് ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത് തന്റെ ജനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ മുഖമാണ്. ഇന്നത്തെ സുവിശേഷത്തിലേയ്ക്ക് നാം കടന്നുവരുമ്പോള്‍ കാണുന്നതും ലാഭം പ്രതീക്ഷിക്കാതെ സ്‌നേഹത്തിന്റെ നിക്ഷേപത്തില്‍ നിന്നു വിതയ്ക്കുന്ന വിതക്കാരന്റെ മുഖം തന്നെയാണ്.

ഇന്ന് സഭ നമ്മോട് ആവശ്യപ്പെടുന്നത് ഈ നല്ല വിതക്കാരന്റെ മൂല്യങ്ങളിലേയ്ക്ക് വളരുവാനാണ്. അതായത്, ആരെയും മാറ്റിനിര്‍ത്താതെ സ്‌നേഹിക്കുവാന്‍. വി. ക്രിസോസ്‌തോം പറയുന്നത്, ‘വിതക്കക്കാരന്റെ ഉത്തരവാദിത്വം ഫലം നോക്കാതെ കൈതുറന്ന് വിതയ്ക്കുക’ എന്നുള്ളതാണ് – അതിപ്പോള്‍ ഏത് സ്ഥലമായാലും. ഇന്ന് നാമോരോരുത്തരും വളരേണ്ടതും ഈ ബോദ്ധ്യത്തിലേയ്ക്കാണ്. നമ്മുടെയൊക്കെ ഉത്തരവാദിത്വം എന്നത് ആരെയും മാറ്റിനിര്‍ത്താതെ സ്‌നേഹിക്കുക എന്നതാണ്. അതായത്, യാതൊന്നും പ്രതീക്ഷിക്കാതെ, അളവുകളില്ലാതെ സ്‌നേഹിക്കുക എന്നത്. ക്രിസ്തുവിന് വേണമെങ്കില്‍ നല്ല നിലത്തു മാത്രം വിതച്ചാല്‍ മതിയായിരുന്നു. പക്ഷേ, എന്തേ അവന്‍ അങ്ങനെ ചെയ്തില്ല? കാരണം, ക്രിസ്തുവിന് എല്ലാവരെയും വേണമായിരുന്നു. അതുകൊണ്ടാണ് തന്റെ ജീവിതത്തില്‍ ആരെയും മാറ്റിനിര്‍ത്താതെ അവന്‍ എല്ലാവരെയും സ്‌നേഹിക്കുന്നത്.

മിര്‍ദാദിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്: ‘നമ്മുടെ കാഴ്ച സ്‌നേഹം കൊണ്ട് ശുദ്ധീകരിക്കപ്പെടണം’ എന്ന്. ക്രിസ്തുവിന്റെ ജീവിതത്തിലേയ്ക്ക് ഒന്നു നോക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാകും, അവന്റെ കാഴ്ച സ്‌നേഹം കൊണ്ട് ശുദ്ധീകരിക്കപ്പെട്ടതായിരുന്നെന്ന്. അതുകൊണ്ടാണ് വിതയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ അവന്‍ ആരെയും മാറ്റിനിര്‍ത്താതെ വിതച്ചത്. ഇന്ന് ഈശോ ആവശ്യപ്പെടുന്നത് നമ്മുടെയൊക്കെ കാഴ്ചയും സ്‌നേഹം കൊണ്ട് ശുദ്ധീകരിക്കപ്പെട്ടതായി രിക്കണം എന്നാണ്.

സ്‌നേഹം അന്ധമാണ് എന്നൊക്കെ നാം പറയാറില്ലേ? ചില സമയത്ത് അത് അന്ധമായിരിക്കണം. എങ്കിലേ ക്രിസ്തു സ്‌നേഹിച്ചതു പോലെ എല്ലാവരെയും സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കൂ. അതിനായി സ്‌നേഹത്തിന്റെ ഈ ബലിയില്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അഖില്‍ ചാരംതൊട്ടിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.