ഞായര്‍ പ്രസംഗം ശ്ലീഹാക്കാലം ഒന്നാം ഞായര്‍ ജൂണ്‍ 09 പെന്തക്കുസ്താ തിരുനാള്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുടങ്ങുന്നതിനു മുമ്പ് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ 23-ാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്: ‘പരിശുദ്ധാത്മാവേ, ഒരു പുതിയ പെന്തക്കുസ്തായിലെന്ന പോലെ തിരുസഭയെ നവീകരിക്കണമെ.’ പെന്തക്കുസ്താ നാളില്‍ മുന്മഴ പെയ്യിച്ച പരിശുദ്ധാത്മാവ് ഇന്നും വാടിപ്പോയതിനെ നനച്ചും ആറിപ്പോയതിന് ചൂട് നല്‍കിയും മന്ദീഭവിച്ചതിന് തീക്ഷ്ണത നല്‍കിയും അനേകരെ സാക്ഷ്യജീവിതത്തില്‍ നിലനിര്‍ത്തുന്നു.

പെന്തക്കുസ്താ എന്ന വാക്കിന്റെ അര്‍ത്ഥം ‘അമ്പത്, അമ്പതാമത്തേത്’ എന്നൊക്കെയാണ്. പെസഹാ തിരുനാള്‍ കഴിഞ്ഞുവരുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് പെന്തക്കുസ്താ. പെസഹാ തിരുനാള്‍ കഴിഞ്ഞ് ഏഴാമത്തെ ആഴ്ചയിലെ സാബത്തില്‍ ആഘോഷിച്ചിരുന്ന ഈ തിരുനാളിനെ ഒരു കൊയ്ത്തുകാല ഉത്സവമായും (പുറ. 23:16) ആഴ്ചകളുടെ തിരുനാളായും (പുറ. 34:22) ആദ്യഫലങ്ങളുടെ തിരുനാളായും (സംഖ്യ 28:26) പഴയനിയമത്തില്‍ കരുതിയിരുന്നു. പുതിയനിയമത്തില്‍ പരിശുദ്ധാത്മ നിറവിന്റെയും തത്ഫലമായുള്ള ശക്തീകരണത്തിന്റെയും തിരുനാളാണ് പെന്തക്കുസ്താ. യഹൂദര്‍ നൂറ്റാണ്ടുകളായി പെന്തക്കുസ്താ തിരുനാള്‍ ആചരിക്കുന്നവരായിരുന്നു. എന്നാല്‍, പെന്തക്കുസ്താനുഭവം നേടിയത് ആത്മാവിന്റെ വരവോടെയാണ്. നമുക്ക് തിരുസഭയുടെ ഉദ്ഘാടന ദിവസമാണ് പെന്തക്കുസ്താ തിരുനാള്‍.

ഇന്ന് ആരാധനാക്രമവത്സരത്തില്‍ ശ്ലീഹാക്കാലം ആരംഭിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ ആഗമനവും ശ്ലീഹന്മാരുടെ സുവിശേഷവേലയുടെ ഉദ്ഘാടനവും നടന്ന പെന്തക്കുസ്താ തിരുനാളും ചേര്‍ന്ന് ഏഴ് ആഴ്ചകള്‍ നീളുന്ന കാലമാണ് ശ്ലീഹാക്കാലം. അരൂപിയാല്‍ നിറഞ്ഞ അപ്പസ്‌തോലന്മാര്‍ ഒരു സമൂഹമാവുകയും വിവിധങ്ങളായ വരങ്ങളാലും ദാനങ്ങളാലും നിറഞ്ഞ് സുവിശേഷം പ്രഘോഷിക്കുന്നതിനെ ഈ കാലഘട്ടത്തില്‍ അനുസ്മരിക്കുന്നു. ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനമാണ് ഈ കാലഘട്ടത്തിലെ വായനകളില്‍ മുഴങ്ങുന്ന സന്ദേശം.

ഇന്ന് തിരുസഭ നമുക്ക് ധ്യാനവിഷമായി തന്നിരിക്കുന്ന വായനകളുടെ പ്രമേയം പരിശുദ്ധാത്മാവിന്റെ വരവും സഭയിലും നമ്മിലുമുള്ള അവിടുത്തെ പ്രവര്‍ത്തനങ്ങളുമാണ്. ഈ ലോകം വിട്ട് പിതാവിന്റെ പക്കലേയ്ക്ക് പോകുന്നതിനു മുമ്പ് ഈശോ പലതവണ തന്റെ ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നതായി നാം സുവിേശഷത്തില്‍ വായിക്കുന്നു. ‘ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ ഞാന്‍ നിങ്ങള്‍ക്ക് നല്‍കും.’ അവന്‍ സത്യാത്മാവാണ്. ഈശോ തന്റെ വാഗ്ദാനം പൂര്‍ത്തിയാക്കിയ ദിവസമാണ് പെന്തക്കുസ്താ.

എന്തുകൊണ്ടാണ് ഈശോ തന്റെ ആത്മാവിനെ അപ്പസ്‌തോലന്മാരുടെമേല്‍ അയച്ചത്? ക്രിസ്തുശിഷ്യരെ ശക്തിപ്പെടുത്താന്‍ വേണ്ടിത്തന്നെ. അപ്പ. 1: 18-ല്‍ നാം വായിക്കുന്നു: ‘പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും.’ യേശുവിന് സാക്ഷ്യം വഹിക്കാന്‍ ശക്തി നല്‍കുന്നവനാണ് പരിശുദ്ധാത്മാവ്. യേശു, കര്‍ത്താവാണെന്ന് ഏറ്റുപറയാന്‍ അവിടുന്ന് നമ്മെ ശക്തരാക്കുന്നു. യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാര്‍ ആത്മാവ് വന്നപ്പോള്‍ ധൈര്യശാലികളായി മാറി. യേശുവിന്റെ സുവിശേഷം ധൈര്യപൂര്‍വ്വം പ്രസംഗിച്ച ശേഷം കല്ലേറു കൊള്ളുന്ന സ്‌തെഫാനോസിനെക്കുറിച്ച് ബൈബിള്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ‘അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായിരുന്നു.’ നമ്മുടെ വിശ്വാസം ഏറ്റുപറയാന്‍ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘എല്ലാ ക്രിസ്തീയ പ്രാര്‍ത്ഥനകളുടെയും മുഖ്യവക്താവ് പരിശുദ്ധാത്മാവാണ്. നമുക്ക് ആത്മാവിനെക്കൂടാതെ പ്രാര്‍ത്ഥിക്കാന്‍ പറ്റില്ല. അവന്‍ നമ്മുടെ ഹൃദയത്തില്‍ നിമന്ത്രണങ്ങള്‍ നല്‍കുന്നു. നമ്മില്‍ പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്.’

പുതിയ കാര്യങ്ങള്‍ നമ്മെ പഠിപ്പിച്ചുതരുന്ന പ്രൊഫസറല്ല പരിശുദ്ധാത്മാവ്. പ്രത്യുത, യേശുവിനെക്കുറിച്ചും അവനിലൂടെ വെളിവാക്കപ്പെട്ട ദൈവികരഹസ്യങ്ങളെക്കുറിച്ചും അവന്‍ നമ്മെ പഠിപ്പിക്കുന്നു. യേശു ശിഷ്യന്മാരോട് പറഞ്ഞു: ‘ഉന്നതങ്ങളില്‍ നിന്ന് ശക്തി ലഭിക്കുന്നതു വരെ നിങ്ങള്‍ നഗരത്തില്‍ തന്നെ വസിക്കുവിന്‍’ (ലൂക്ക 24:49). ‘എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സത്യാത്മാവ് നിങ്ങളെ പല കാര്യങ്ങളും പഠിപ്പിക്കും. ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും’ (യോഹ. 14: 26).

Dominum et vivificatem എന്ന ചാക്രികലേഖനത്തില്‍ ജോണ്‍പോള്‍ രണ്ടാന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇങ്ങനെയാണ്: ആത്മാവ്, യേശു പഠിപ്പിച്ച കാര്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക് വെളിപ്പെടുത്തി തരുന്നു. അതുകൊണ്ട് സുവിശേഷം മനസ്സിലാക്കാന്‍, അത് ജീവിക്കാന്‍ നാം ആത്മാവിനെ വിളിച്ചപേക്ഷിക്കണം. അതുകൊണ്ടാണ് സഭയുടെ എല്ലാ പ്രാര്‍ത്ഥനകളിലും പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുന്നത്.

നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും പരിശുദ്ധാത്മാവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിയണം. വിശ്വാസത്തില്‍ വളരാന്‍ സ്‌നേഹത്തിലാഴപ്പെടാന്‍ പരിശുദ്ധാത്മാവാണ് നമ്മെ സഹായിക്കുന്നത്. അനുദിനം വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും നാം ആഴപ്പെടുന്നില്ലെങ്കില്‍ അതിനു കാരണം, ആത്മാവിന്റെ പ്രവര്‍ത്തനത്തിനായി നമ്മെത്തന്നെ തുറന്നു കൊടുക്കാത്തതാണ്.

നാം ചെയ്യുന്ന പ്രവൃത്തികള്‍ തെറ്റാണ് അല്ലെങ്കില്‍ തെറ്റിലേയ്ക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ് എന്ന ബോധ്യം നമ്മില്‍ നിറയ്ക്കുന്നത് പരിശുദ്ധാത്മാവാണ്. യോഹ. 16:8-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ‘അവന്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നമുക്ക് ബോധ്യം നല്‍കും.’ തങ്ങള്‍ ചെയ്തത് ഉറച്ചു വിശ്വസിച്ച് യേശുവിനെ കുരിശിലേറ്റിയ ദൈവജനം, ആത്മാവിനാല്‍ നിറഞ്ഞ പത്രോസിന്റെ ഒറ്റ പ്രസംഗത്താല്‍ പശ്ചാത്താപവിവശരായി. മൂവായിരത്തിലധികം ആളുകളുടെ ഹൃദയത്തില്‍ അനുതാപത്തിന്റെ ചൈതന്യം നിറഞ്ഞു. പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ നമ്മിലും അനുതാപം നിറയും. തെറ്റിനെക്കുറിച്ചുള്ള ആഴമായ ബോധ്യം നമുക്ക് ലഭിക്കും. അതു വഴിയായി പാപത്തില്‍ നിന്നും ലോകത്തിന്റെ ആസക്തികളില്‍ നിന്നും വിമുക്തമായ ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കും.

ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകരിലൊരാളും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി എന്ന് അറിയപ്പെട്ടിരുന്ന ബഹു. മാത്യു ആലക്കളത്തിലച്ചന്‍ പറയുന്നതിങ്ങനെയാണ്: ‘പരിശുദ്ധാത്മാവിനോട് എത്രമാത്രം യോജിച്ചിരിക്കുന്നുവോ, അതനുസരിച്ചേ ഭൂമിമേല്‍ ഒരു മനുഷ്യന്‍ സൗഭഗ്യവാനായിരിക്കുകയുള്ളൂ. ഭൂമിയില്‍ സമ്പത്തും സംതൃപ്തിയും ഒന്നിച്ചനുഭവിക്കുവാന്‍ ആത്മാവ് നയിക്കുന്ന വഴിയേ നാം പോകണം. ആ വഴി സത്യത്തിന്റെ, സ്‌നഹത്തിന്റെ, നീതിയുടേതാണ്.’

‘ആത്മാവേ, സത്യം മാത്രം എന്റെ നാവിലുദിക്കട്ടെ. ആത്മാവേ, സ്‌നേഹിക്കാന്‍ മാത്രം എന്നെ പഠിപ്പിക്കേണമേ. ആത്മാവേ, അര്‍ഹതയില്ലാത്തതൊന്നും എന്നിലേയ്ക്ക് എന്റെ കുടുംബത്തിലേയ്ക്ക് കടന്നുവരാന്‍ അനുവദിക്കരുതേ…’ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

റവ. ഡോ. തോമസ് പ്ലാത്തോട്ടത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ